ഏറ്റവും വിഷമം തോന്നിയത് സന്തോഷ് ജോർജ്ജ് കുളങ്ങരയുടെ സ്‌കൂളിൽ വിട്ടതാണ് | ഗ്ലോബൽ ടി വി

Posted on: October 16, 2024

കുട്ടികളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ഒരു ആലോചന.

സജി മർക്കോസ്

എഡ്വിനെ സ്‌കൂളിൽ ചേർത്തത് മൂന്ന് വയസ്സ് ഉള്ളപ്പോളാണ്, LKG യിൽ . ആ ക്ളാസിലെ ഏറ്റവും ചെറിയ കുട്ടി അവനായിരുന്നു. LKG യും UKG യും കഴിഞ്ഞു ഒന്നാം ക്ലാസിൽ എത്തുമ്പോൾ 5 വയസ്സ്, പത്ത് കഴിയുമ്പോൾ 15 ഇതായിരുന്നു കണക്കു കൂട്ടൽ.

ആ പ്രായത്തിൽ മൂന്നു വയസ്സും നാല് വയസ്സും തമ്മിൽ വലിയ അന്തരമുണ്ട്, കാര്യങ്ങൾ മനസിലാക്കാനുള്ള കഴിവിൽ കാര്യമായ വളർച്ച ആ പ്രായത്തിൽ ഉണ്ടാകും എന്നൊന്നും തലച്ചോർ വളർന്ന ഞാൻ ചിന്തിച്ചില്ല. എന്നെ നാല് വയസ് തികയുന്നതിനു മുൻപേ സ്‌കൂളിൽ ചേർക്കുമ്പോൾ പ്രായം തികയാത്തതുകൊണ്ട്, ജൂൺ ഒന്ന് ജനന തീയതി ആക്കിയതിനെപ്പറ്റി അമ്മ പറഞ്ഞു കേട്ടട്ടിട്ടുള്ളത് എനിക്കും പ്രചോദനമായ എന്ന പറഞ്ഞാൽ മതിയല്ലോ.

പഠിക്കാൻ പ്രായമാകുന്നതിനു മുൻപേ ചേർത്തതുകൊണ്ടാവും എഡ്വിൻ ആദ്യം മുതലേ പഠനകാര്യങ്ങളിൽ പിന്നോക്കം ആയിരുന്നു. അന്പതുകുട്ടികൾ ഉള്ള ക്ളാസിയിൽ അവൻ പിന്തള്ളപ്പെട്ടു, ബുള്ളി ചെയ്യപ്പെട്ടു. സ്‌കൂളിന്റെ കുഴപ്പം ആണെന്ന് കരുതി സ്‌കൂൾ മാറ്റി, ഒന്നും രണ്ടും പ്രാവശ്യമള്ള – പ്ലസ് ടു കഴിയുമ്പോഴേയ്ക്കും ഏഴു സ്‌കൂളിൽ പഠിപ്പിച്ചു. അതിൽ രണ്ടു പ്രാവശ്യം കേരളത്തിലായിരുന്നു. മകനെ എങ്ങിനെയും മലയാളിക്കാനുള്ള അപ്പന്റെ ശ്രമം.

ഏറ്റവും വിഷമം തോന്നിയത് സന്തോഷ് ജോർജ്ജ് കുളങ്ങരയുടെ സ്‌കൂളിൽ വിട്ടതാണ്. എട്ടാം ക്ലാസിൽ അവിടെ ചേർത്തു. സന്തോഷിന്റെ അനിയൻ രാജേഷ് ആണ് പ്രിൻസിപ്പൽ. വളരെ മോശം ഹോസ്റ്റൽ. അതിരാവിലെ ഒരു മണിക്കൂർ ഫോൺവിളിച്ചാൽ കിട്ടിയാലായി, ഫോൺ കിട്ടിയാൽ ആദ്യത്തെന്നെ അവൻ ഭക്ഷണത്തെക്കുറിച്ചുള്ള പരാതിയാണ്. ഞാൻ തിരികെ ദേഷ്യപ്പെടും.

ഏഴുമാസം കഴിഞ്ഞു ആദ്യ അവധിയ്ക്ക് ബഹ്‌റൈനിൽ വരുന്നു. എയർപ്പോർട്ടിൽ ഞങ്ങൾ കാത്തി നിൽക്കുന്ന കാര്യം ഓർക്കുമ്പോൾ ഇന്നും എന്റെ കണ്ണ് നിറയും. ഫ്ളൈറ്ററങ്ങി എല്ലാവരും പോയി, അവസാനം ഒരു പയ്യൻ നടന്നു വരുന്നു, സൊമാലിയയിൽ നിന്നുള്ള ഏതോ കുട്ടി ആയിരിക്കും എന്ന് കരുതി, ഞാൻ ശ്രദ്ധിച്ചില്ല. “ദേ അച്ചാച്ചൻ” എന്ന് ഐറിൻ പറഞ്ഞപ്പോഴാണ് വീണ്ടും ശ്രദ്ധിച്ചത്. കണ്ണ് മാത്രമുണ്ട് പഴയതുപോലെ.

പിന്നെ തിരികെ വിട്ടില്ല- ഞാൻ പോയി ടിസി വാങ്ങിവന്നു.

അധ്യാപന വർഷത്തിന്റെ ഇടയ്ക്ക് പ്രൈവറ്റ് സ്‌കൂളിൽ ഒന്നും ചേർക്കില്ല, അവന്റെ മാർക്കുകൾ ആണെങ്കിൽ കൻസിടന്റായി മോശവും.

കമ്യുണിറ്റി സ്‌കൂൾ ആയ ഇന്ത്യൻ സ്‌കൂളിൽ ചേർത്തു. അധ്യാപകർക്ക് എന്നും പരാതികൾ മാത്രം. PTI യ്ക്ക് ഒരിക്കലും ഞാൻ പോകില്ല.

പ്ലസ് വണ്ണിന് വീണ്ടും നാട്ടിൽ വിട്ടു. മോനെ മലയാളി ആക്കിയേ അടങ്ങൂ. അതും നാല് മാസം കഴിഞ്ഞു തിരികെ വന്നു.

വീണ്ടും ഇന്ത്യൻസ്‌കൂൾ തന്നെ അഭയം.

ആവർഷം സ്‌കൂൾ കമ്മറ്റിയിൽ ഞാൻ സർക്കാർ നോമിനിയായി ചുമതലയേറ്റു . ഏതാണ്ട് പന്ത്രണ്ടായിരം കുട്ടികൾ പഠിക്കുന്ന സ്‌കൂൾ, എഴുന്നൂറിനടുത്ത് അധ്യാപകർ, നൂറോളം സ്‌കൂൾ ബസുകൾ- ഒട്ടനവധി പരാധീനതകൾ ഉള്ള സ്‌കൂൾ, പേരന്റ്സിനിടയിൽ അമിതമായ പൊളിറ്റിക്സ്. സ്‌കൂൾ കമ്മറ്റിയിലേക്കുള്ള തിരഞ്ഞെടുപ്പുകൾക്ക് നമ്മുടെ നിയമസഭാ തിരഞ്ഞെടുപ്പിനേക്കാൾ വീറും വാശിയുമാണ്.

ആ വര്ഷം പ്ലസ് ടു വിനു 100 % വിജയം വേണമെന്ന് ഞങ്ങൾ കമ്മറ്റി തീരുമാനിച്ചു. ആയിരത്തിലധികം കുട്ടികൾ പ്ലസ് റ്റു പരീക്ഷ എഴുതുന്നുണ്ട്, തോൽക്കാൻ സാധ്യതയുള്ള പത്ത് കുട്ടികളുടെ ലിസ്റ്റ് എടുക്കാൻ പ്രിന്സിപ്പലിനോട് പറഞ്ഞു, അതിൽ എഡ്‌വിനുണ്ട്.

വലിയ നിരാശയായി, കമ്മറ്റി അംഗത്തിന്റെ മകൻ പോലും തോറ്റിരിക്കുന്നു എന്ന് പത്രത്തിൽ വരെ വന്നേക്കാം. പ്രിൻസിപ്പൽ പളനി സ്വാമിയെ പോയി കണ്ടു, എഡ്വിൻ തോൽക്കരുത്. കമ്മറ്റി അംഗത്തിന്റെ മകൻ എന്ന പരിഗണന അവനു കിട്ടാതിരിക്കാൻ ഒരു അധ്യാപകരെയും കണ്ടിട്ടില്ല. എന്റെ മകൻ ആണെന്ന് ഷേർളി ടീച്ചറിനല്ലാതെ Sherly Kbm ആർക്കും അറിയുകയും ഇല്ലായിരുന്നു

“സാർ ഭയപ്പെടവേണ്ട, അവൻ ജയിക്കും” സാർ ഉറപ്പു നൽകി.

എഡ്വിൻ ജയിച്ചു. പിന്നെ ഇന്നുവരെ ഞാൻ ഒന്നിനും നിര്ബന്ധിട്ടില്ല. തുടർ പഠനത്തിന് അവന്റെ ആഗ്രഹപ്രകാരം കാനഡയ്ക്ക് പോയി. എല്ലാ പരീക്ഷകൾക്കും നല്ല മാർക്ക് വാങ്ങി ജയിച്ചു. നമ്മുടെ വിദ്യാഭ്യാസ രീതിക്കും ഉണ്ടായിരുന്നു പ്രശ്‍നം. കാണാപ്പാഠം പഠിക്കുന്നതും, എല്ലാം ഓർത്തുവച്ച് വർഷാവസാനം മൂല്യനിർണ്ണയം നടത്തുന്നതുമായ CBSE രീതി അവനെപ്പോലെയുള്ള കുട്ടികൾക്ക് ചേർന്നതല്ല.

പിന്നെ അവനു ജോലിയായി , അവിടുത്തെ PR ആയി, 25 ആമത്തെ വയസ്സിൽ അവിടെ വീടുവാങ്ങാൻ നോക്കുന്നു. (ആ പ്രായത്തിൽ എനിക്ക് സിനിമകാണണമെങ്കിൽ അപ്പച്ചന്റെ പോക്കറ്റിൽ നിന്നും മോഷ്ടിക്കണമായിരുന്നു.)

വിദ്യാഭ്യാസ കാലാം മുഴുവൻ മോശം അനുഭവങ്ങൾ ആയിരുന്നെങ്കിലും സ്നേഹത്തിന്റെ ധാര മുറിയാതെ നോക്കിയത് അവനായിരുന്നു, ഇല്ലെങ്കിൽ ഇന്ന് കീരിയും പാമ്പും ആയി കഴയേണ്ടതായിരുന്നു. ഏറ്റവും അടുത്ത കൂട്ടുകാരോട് മിണ്ടുന്നതുപോലെയാണ് എഡ്വിനോട് സംസാരിക്കുമ്പോൾ. ഈ ലോകത്തിലെ എന്ത് കാര്യം പറഞ്ഞാലും അതിനോട് കൂട്ടിച്ചേർക്കാൻ ഒരു വാചകം എങ്കിലും അവനു സ്വന്തമായി ഉണ്ടാകും. അവന്റെ അമ്മയും ഐറിനും UK പോയതിനു ശേഷം ഞാൻ ഒറ്റക്കായി. അവൻ ഒരുമാസം കൂടെ വന്നു നിൽക്കട്ടെ എന്ന് ചോദിച്ചു. ആ നിൽപ്പ് അഞ്ചു മാസം നീണ്ടു നിന്നു. ഒരുമിച്ച് സ്വിമ്മിങ് പൂളിൽ പോകും, ജിമ്മിൽ പോകും. എന്റെ ജീവിതത്തിലെ ഏറ്റവും നല്ല ദിവസങ്ങൾ ആയിരുന്നു അത്.

ലോകോത്തരമായ വിദ്യാഭ്യാസ രീതികളുള്ള ഫിൻലാന്റിൽ കുട്ടികൾ Pre-primary Education നു പോകുന്നത് ആറാമത്തെ വയസിലാണ്, സ്‌കൂൾവിദ്യാഭ്യാസം തുടങ്ങുന്നത് ഏഴാമത്തെ വയസിലും.

നമ്മുടെ വിദ്യാഭ്യാസ രീതികൾക്കുമുണ്ട് പ്രശ്‍നം – പണ്ടൊക്കെ അക്ഷരങ്ങൾ പഠിച്ചു തുടങ്ങുന്നത് “അ ” യിലാണ്. ഇപ്പോൾ മാറിയിട്ടുണ്ടെന് തോന്നുന്നു. ഏറ്റവും അവസാനം പഠിപ്പിക്കേണ്ട അക്ഷരമാണ് അ. അത്രയും കുനിപ്പുകൾ ഉള്ള അക്ഷരം എഴുതുവാൻ ആ പ്രായത്തിൽ പ്രയാസമാണ്.

ഇതിന്റെ എല്ലാം ഗുണം കിട്ടിയത് ഐറിനാണ്. പന്ത്രണ്ടു വര്ഷം ഒരേ സ്‌കൂളിൽ പഠിപ്പിച്ചു. നാലുവയസ്സ് കഴിഞ്ഞപ്പോൾ ആണ് LKG യിൽ ചേർത്തത്. ഇപ്പോൾ UK യിൽ A Level അവസാന വര്ഷം. അത് കഴിഞ്ഞാൽ ഒരു വര്ഷം ബ്രെക് എടുക്കണം എന്നാണു അവളുടെ ആഗ്രഹം – അതൊക്കെ അവരുടെ ഇഷ്ടം, ഒന്നിനും നിര്ബന്ധിക്കാറില്ല.

സ്വന്തമായി കാര്യങ്ങൾ തീരുമാനിക്കാനും തിരഞ്ഞെടുക്കാനും പ്രാപ്തിയാക്കുക എന്നതാണ് എന്റെ ജോലി എന്ന് തിരിച്ചറിഞ്ഞത് ഒരാളെ പഠിപ്പിച്ചു കൊളം ആക്കിയപ്പോഴാണ്. (അല്ലാതെ അവര്ക് വേണ്ടി തീരുമാനം എടുക്കേണ്ടത് എന്റെ ജോലിയല്ല.)

യാത്രാഭ്രമം ഉള്ളതുകൊണ്ട്, ഒരിക്കൽ ഗോപാലകൃഷ്ണൻ സാറും, വിജയ ലക്ഷ്മി ടീച്ചറും നടത്തുന്ന അട്ടപ്പാടിയിലെ സാരംഗിൽ പണ്ട് ഒരു ആഴ്ച പോയി താമസിച്ചിരുന്നു. അവരുടെ രീതികളോട് വിയോജിപ്പ് ഉണ്ട്, പക്ഷെ, അവിടുത്തെ കുട്ടികളുടെ പഠനകാര്യങ്ങൾ കൗതുകം ഉണ്ടാക്കുന്നതാണ്. ആരെയും അക്ഷരം പഠിപ്പിക്കാറില്ല. കഥകൾ വഴി അറിയാതെ അക്ഷരം ഉള്ളിൽ ചെല്ലും, എഴുതി തുടങ്ങിയാൽ ഒരാഴ്ചകൊണ്ട് മുഴുവൻ അക്ഷരങ്ങളും എഴുത്തും, അപ്പോഴേയ്ക്കും എട്ടോ ഒൻപതോ വയസ്സ് ആയിട്ടുണ്ടാകും. അങ്ങിനെ ആകണം അക്ഷരം പഠിപ്പിക്കേണ്ടത്

എഴുത്തിനിരുത്ത് കാലമാണല്ലോ- അത് ഏത് പ്രായത്തിൽ നടത്തിയാലും, കഴിയുമെങ്കിൽ സ്‌കൂളിൽ അല്പം താമസിച്ച് വിടുന്നതാണ് നല്ലത്.

Leave a Reply

Your email address will not be published. Required fields are marked *