ദൈവങ്ങൾ എല്ലാം നന്മയാണ്. ദൈവങ്ങളുടെ പേരിൽ മനുഷ്യർ വഴക്കിടേണ്ട ആവശ്യമില്ല | ആശുപത്രി കിടക്കയിൽ നിന്ന് ചന്ദ്രശേഖർ
ആശുപത്രി കിടക്കയിൽ തന്നെ സന്ദർശിക്കാനെത്തിയ സന്നദ്ധ പ്രവർത്തകരോട് ജീവിതത്തെക്കുറിച്ചും ദൈവാനുഭവങ്ങളെക്കുറിച്ചും സംസാരിക്കുകയായിരുന്നു ചന്ദ്ര ശേഖർ. ദൈവമാണ് നിങ്ങളെ എൻ്റെയടുക്കൽ അയച്ചത്. ദൈവം എന്നെ കാണാൻ വന്നിരിക്കുകയാണ് എന്നാണ് എനിക്കിപ്പോൾ തോന്നുന്നത്. രാവിലെ ഒരു ചെറുപ്പക്കാരൻ വന്നിരുന്നു. എൻ്റെ പോക്കറ്റിൽ അഞ്ഞൂറ് രൂപ ഇട്ടുതന്നിട്ടാണ് ആ ചെറുപ്പക്കാരൻ പോയത്. അത് ദൈവം അറിയാതെയാണെന്ന് എങ്ങിനെയാണ് നമ്മുക്ക് പറയാൻ കഴിയുക? ചന്ദ്രശേഖർ ചോദിച്ചു.
ഇതേ ആശുപത്രിയിൽ കെയർ ടേക്കറായി സൗജന്യസേവനം ചെയ്യുകയാണ് ചന്ദ്രശേഖർ എന്ന സാമൂഹ്യ പ്രവർത്തകൻ. ഷുഗർ 700 ൽ എത്തിയാണ് ആശുപത്രിയിൽ അഡ്മിറ്റ് ആയത്. രാവിലെ കാലിൽ ഒരു സർജറി കഴിഞ്ഞു. സംസാരിച്ചുകൊണ്ടിരുന്നപ്പോൾ നഴ്സ് എത്തി. ഷുഗർ പരിശോധിച്ചപ്പോൾ 156. നേരിട്ട് കണ്ടാൽ വിശ്വസിക്കാതെ പറ്റുമോ? ചന്ദ്രശേഖർ ചിരിക്കുന്നു.
തന്നെ സന്ദർശിക്കാൻ എത്തിയവർ ക്രിസ്ത്യാനികൾ ആണെന്ന് മനസ്സിലാക്കിയ ചന്ദ്രശേഖർ തൻ്റെ ബാഗ് തുറന്നു. യേശു ക്രിസ്തുവിൻ്റെ ചിത്രമെടുത്തു കാട്ടി. കുറെയധികം സംസാരിച്ചു. എപ്പോൾ വിളിച്ചാലും എൻ്റെ അടുത്തുവരുന്ന യേശുവിനെകുറിച്ച് അദ്ദേഹത്തിന് നൂറു നാക്ക്. രാജകീയ കിരീടങ്ങൾ ഒന്നുമില്ലാത്ത യേശു ക്രിസ്തു ചന്ദ്രശേഖറിന് സുപരിചിതനാണ്.
സംസാരം നീണ്ടുപോയപ്പോൾ സമീപത്തുള്ള ആളുകളും എത്തിനോക്കാനും അടുത്ത് വരാനും തുടങ്ങി. കേട്ടുനിൽക്കുന്നവർക്ക് ഏറെ സന്തോഷം പകരുന്ന സംസാര രീതിയാണ് ചന്ദ്രശേഖറിൻ്റെത്. അദ്ദേഹത്തിൻ്റെ ആത്മവിശ്വാസം എല്ലാവരെയും അത്ഭുതപ്പെടുത്തി. ദൈവങ്ങളുടെ പേരിൽ വഴക്കിടുന്ന ആളുകൾ ചന്ദ്രശേഖറിനെ കാണണം. അദ്ദേഹത്തിൻ്റെയടുത്തിരുന്നു അൽപനേരം സംസാരിക്കണം. ദൈവത്തെക്കുറിച്ചും എങ്ങനെ ദൈവത്തെ അനുഭവിക്കണമെന്നും മനസ്സിലാക്കാൻ ഏറ്റവും നല്ല വഴികളിൽ ഒന്നാണ് ഇത്. ദൈവത്തെ അനുഭവിച്ചറിയണമെന്നാണല്ലോ നമ്മൾ പഠിച്ചിരിക്കുന്നത്?