നന്മകളും നല്ലവരും ചേർന്ന് മൂല്യാധിഷ്ഠവും സ്നേഹസൗഹൃദങ്ങളും ചേർത്ത് ഒരു മൂല്യവർദ്ധിത സമൂഹസൃഷ്ടി. വ്യാകരണങ്ങൾക്കപ്പുറം ഒരു ധ്യാനവിഷയം. മാർ ജോസഫ് പെരുന്തോട്ടം | ഗ്ലോബൽ ടി വി
ധൈഷണികൻ, ദാർശനികൻ, സാത്വികൻ. ലാളിത്യം ജീവിത വ്രതമാക്കിയ ആത്മീയ ആചാര്യൻ. മാർ ജോസഫ് പെരുംതോട്ടം പിതാവിനെക്കുറിച്ചൊരു പഠനവും വിചിന്തനവുമാണ് ഈ കുറിപ്പിൻ്റെ ഉദ്ദേശം.
ഗ്ലോബൽ ടി വിയുടെ ഒരു എഡിഷൻ ചങ്ങനാശ്ശേരിയിൽ തുടങ്ങുന്നതിനെക്കുറിച്ചുള്ള ആലോചനയിലാണ് സൗത്തിന്ത്യൻ ബാങ്കിൽ ജോയിന്‍റ് ജനറൽ മാനേജർ ആയിരുന്ന ജോബ് സാറിൽ നിന്നും ഇങ്ങനെയൊരു നിർദ്ദേശം ഉണ്ടാകുന്നത്. ഒരു തലമുറയുടെ ജീവിത വിശുദ്ധിയും ഉദ്ദേശശുദ്ധിയും ഉയർന്ന ചിന്താഗതികളും ലളിത ജീവിതവും അടുത്തറിയാനുള്ള ഒരു എളിയ ശ്രമം കൂടിയാണ് ഇവിടെ കുറിക്കുന്ന ഓരോ വരികളിലും നിറഞ്ഞിരിക്കുന്നത്.
ഇൻ്റർനെറ്റിൽ നിറയെ വിവരങ്ങൾ ലഭ്യമാണ്. നേരിട്ടുള്ള അഭിമുഖവും സാധ്യമാണ്. കാണുന്നത് ഒരനുഗ്രഹവുമാണ്. എന്നിരുന്നാലും ഒന്നാം പടിയിൽ ഒന്ന് മാറിനിന്ന് നോക്കിക്കണ്ടാലോ എന്നൊരു തോന്നൽ. ആദ്യഘട്ടം യൂട്യൂബിലൂടെ ഒരു യാത്ര ആകാമെന്നുവച്ചു. അവിടവിടെ കണ്ടതും കേട്ടതും കൂട്ടിച്ചേർക്കുമ്പോൾ വ്യക്തമായി മനസ്സിലായ കാര്യങ്ങൾ ആദ്യം കുറിക്കാം.
ചെറിയൊരു മുന്നറിയിപ്പോടെ ആരംഭിക്കാം…
കുറിക്ക് കൊള്ളുന്ന ട്രോളുകളുടെ കേരളനാട്ടിൽ ചാട്ടം പിഴച്ച കുരങ്ങിനെ പുറംതള്ളുന്ന കൂട്ടത്തിൽ ഈ എഴുത്തും നിങ്ങൾക്ക് തിരസ്കരിക്കാൻ ആകുമോ എന്നാണ് ആദ്യം അറിയേണ്ടത്. നേരെഴുത്തിന് എത്ര വായനക്കാരുണ്ടെന്നും റീലുകൾക്കപ്പുറമുള്ള റീയൽ ലോകത്ത് നമ്മുടെ ചെറുപ്പക്കാരിൽ എത്ര പേരുണ്ടെന്നും ഒരു കണക്കെടുപ്പ് കൂടിയാണ് ഈ എഴുത്തിലൂടെ ലക്ഷ്യമാക്കുന്നത്.
ഗാന്ധിയെയും നെഹ്രുവിനെയും പട്ടേലിനെയും സുബാഷ് ചന്ദ്ര ബോസിനെയും മറന്നുപോകുന്ന യുവ സമൂഹം തങ്ങളുടെയിടയിൽ ജീവിക്കുന്ന സാത്വികനായ ഒരു ഇടയ ശ്രേഷ്ഠനെ ആദരിക്കാൻ മറന്നുപോയെങ്കിൽ അല്ലെങ്കിൽ കുറഞ്ഞുപോയെങ്കിൽ അവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല. നമ്മുടെ സാമൂഹ്യ സാംസ്‌കാരിക ചര്യകൾക്ക് കാര്യമായ എന്തോ ഒരു വീഴ്ച സംഭവിച്ചിരിക്കുന്നു എന്നത് വലിയൊരു സത്യമാണ്.
നമ്മുടെ പഠ്യക്രമത്തിലും ജീവിതചര്യകളിലും ശൈലിയിലും കാര്യമായതും കാതലായതുമായ മാറ്റങ്ങൾ വന്നുഭവിച്ചതിനെ എത്രനാൾ കണ്ടില്ലെന്ന് നടിക്കാൻ നമ്മുക്ക് കഴിയും. ഇനിയിപ്പോൾ ഉന്തിമരംകേറ്റി പ്രതികരണം സംഘടിപ്പിക്കുകയും വേണ്ട. പിതാവ് മുന്നോട്ടുവച്ച ആശയങ്ങൾ വ്യക്തവും ലളിതവുമാണ്. ഇരുട്ടുകൊണ്ട് ഓട്ടയടക്കുന്ന താത്കാലിക രീതികളിൽ നിന്ന് വ്യത്യസ്തമായി വളരെ വ്യക്തവും വ്യതിരക്തവുമായ ഒരു ജീവിത ശൈലിയാണ് പെരുംതോട്ടം പിതാവിന് അന്നും ഇന്നും എന്ന് ചടുലമായ അദ്ദേഹത്തിൻ്റെ സംഭാഷണ രീതിയിൽനിന്നുതന്നെ വ്യക്തമാണ്.
ഏറ്റവും ചുരുങ്ങിയ വാക്കുകളിൽ പെരുംതോട്ടം പിതാവ്…
അജപാലനവും മതബോധനവുമാണ് പിതാവിന് ഏറ്റവും ഇഷ്ട വിഭവങ്ങൾ. മൂല്യാധിഷ്ഠിത ജീവിതവും മൂല്യവർദ്ധിത ഉത്പന്നങ്ങളുമാണ് അദ്ദേഹം മുന്നോട്ട് വയ്ക്കുന്ന ആശയങ്ങൾ. ഒറ്റക്കെട്ടായതും എല്ലാവർക്കും സ്വീകാര്യമായതും മുഴുവൻപേരെയും ബാധിക്കുന്നതുമായ വിഷയങ്ങളിൽ കൂടുതൽ താത്പര്യം.
ഒരു നാടുമുഴുവൻ ഒരു ഹൃദയമായി ദർശിക്കുവാൻ കഴിയുന്നതുകൊണ്ടാണ് പിതാവിനെ ദാർശനികൻ എന്ന് വിവക്ഷിക്കാൻ ഒരു കാരണം. ലോകാരംഭത്തിൽ തന്നെ വിഭാവനം ചെയ്യപ്പെട്ടിരിക്കുന്ന സമതുലന സിദ്ധാന്തം അദ്ദേഹത്തിന് ഹൃദയസ്പർശിയാണ്. പദവികളും സ്ഥാനമാനങ്ങളും ഒരിക്കലും തൻ്റെ അജപാലന ശുശ്രൂഷയ്ക്ക് അതിർവരമ്പുകൾ സൃഷ്ടിക്കരുതെന്ന് പിതാവിന് കർക്കശ്യമുണ്ടായിരുന്നു.
ഹൃദയങ്ങളെ വിവേചിച്ചറിയുന്ന തമ്പുരാൻ്റെ മുൻപിൽ സ്ഥല സമയ പരിമിതികളില്ല. എക്കാലത്തും എല്ലാവരും സ്വർഗ്ഗത്തെ ലക്‌ഷ്യം വച്ച് യാത്രചെയ്യുകതന്നെയാണ്. ചിലർ അറിഞ്ഞുകൊണ്ടത് ചെയ്യുന്നു. മറ്റുള്ളവർ താംതോന്നികളായി താന്താങ്ങളുടെ വഴിക്ക് പോകുന്നു എന്ന് സ്വയം വിലയിരുത്തുന്നു. പക്ഷെ എല്ലാവരും വലിയൊരു ദൈവികപദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുകയാണെന്ന് മനസ്സിലാക്കുകയാണ് നമ്മുക്ക് ഏറ്റവും വലിയ തിരിച്ചറിവ്.
വ്യക്തിജീവിതത്തിൽ ലാളിത്യം സാമൂഹ്യവികസന ചിന്തകളിൽ ഔന്നത്യം…
പെരുംതോട്ടം പിതാവ് എക്കാലത്തും ശാന്തപ്രകൃതനാണ്. സ്ഥാനമാനങ്ങൾക്ക് മുൻപും അതിന് ശേഷവും ആ മുഖത്തെ ചൈതന്യം അങ്ങനെതന്നെ നിലനിൽക്കുന്നു. രണ്ട് കാലഘട്ടങ്ങൾക്ക് നടുവിൽ രണ്ടിനെയും സ്വാംശീകരിക്കുന്ന ക്രൈസ്തവ ചൈതന്യവുമായി അദ്ദേഹം നിലകൊള്ളുന്നു.
പഴമയുടെയും പാരമ്പര്യത്തിൻ്റെയും മാറുന്ന ലോകക്രമങ്ങളുടെയും ഇടയിൽ അങ്ങോട്ടും ഇങ്ങോട്ടും വിരൽ ചൂണ്ടുന്ന പിതാവിൻ്റെ ചിന്തകൾ എല്ലാറ്റിലും നന്മതിന്മകളുടെ സമ്മിശ്രത കാണുന്നെങ്കിലും നന്മകളെ എടുത്തുകാട്ടി അവയെ തമ്മിൽ തമ്മിൽ സംയോജിപ്പിക്കുന്നതിന് ആഹ്വാനം ചെയ്യുന്നു.
ഒരു തുറന്ന പുസ്തകം ആകുമ്പോഴും ലളിതജീവിതം നയിക്കുമ്പോഴും തൻ്റെ ചുറ്റുമുള്ള വലിയ സാധ്യതകളെ തീഷ്ണമതിയായ അദ്ദേഹം വ്യക്തമായി മനസ്സിലാക്കുന്നു. ഒത്തൊരുമയും കൂട്ടായ്മയും നൽകുന്ന ശക്തി പ്രാർത്ഥനകൾക്കും പരിത്യാഗങ്ങൾക്കും അപ്പുറം വലിയൊരു സാമൂഹ്യപരിവർത്തനമായി മാറണം എന്ന് അദ്ദേഹം അന്നും ഇന്നും ആഗ്രഹിക്കുന്നു. താൻ ആയിരിക്കുന്ന പ്രദേശത്തെ കാനാൻ ദേശത്തിൻ്റെ സമ്പൽ സമൃദ്ധിയിൽ ശാന്തപ്രകൃതിയിൽ സൗഹൃദ ഭാവത്തിൽ നയിക്കാൻ പിതാവ് എല്ലാവരുടെയും പങ്കാളിത്തം ആഗ്രഹിക്കുന്നു.
യുവാക്കൾ എന്തേ നാടുവിടുന്നു…
ഇതൊരു ചോദ്യമല്ല. ആശങ്കയുമല്ല. ഇതിന് എങ്ങനെ തടയിടാമെന്ന ചിന്തയുമല്ല. മാറുന്ന ലോകക്രമത്തിലും സാധ്യതകളുടെ കാലവറകൾ തേടുകയാണ് പെരുംതോട്ടം പിതാവ്. മറുനാട്ടിൽ നിന്നും ലഭിച്ച അറിവും അനുഭവങ്ങളുമായി ചെറുപ്പക്കാരും മുതിർന്നവരും നാട്ടിൽ മടങ്ങിയെത്തി നാട്ടിൽ എന്തൊക്കെ പ്രവർത്തിക്കാൻ കഴിയും എന്നദ്ദേഹം ചിന്തിച്ചിരിക്കണം.
ഏകാന്തതയുടെയും ഒറ്റപെടലുകളുടെയും ലോകത്തുനിന്നും കൂട്ടായ്മയുടെയും പരസ്പരസഹകരണത്തിൻ്റെയും ജീവിതശൈലികളിലേക്ക് സമൂഹക്രമം മാറേണ്ടിയിരിക്കുന്നു. നാടിനെ വലിയൊരു ആഗോളസമൂഹമായി കെട്ടിപ്പടുക്കുന്നതിന് നമ്മൾ പരസ്പരം കൈകോർത്ത് പ്രവർത്തിക്കുന്ന ചെറുസംഘങ്ങളായി മാറുന്നതിനൊപ്പം ഇടചേർന്നു വളരുന്ന വൻവൃക്ഷങ്ങളെപ്പോലെ പരസ്പരസഹകരണവും പരസ്പരസഹായവും ശീലമാക്കണം.
വൻവൃക്ഷങ്ങളോടൊപ്പം ചെറുവൃക്ഷങ്ങളും പുൽക്കൊടികൾപോലും സംരക്ഷിക്കപ്പെടണം. എല്ലാവരും ഒത്തുചേർന്ന് ഒറ്റക്കെട്ടായി പ്രവർത്തിക്കുന്ന രീതിയിലേക്ക് നമ്മുടെ കാഴ്ചപ്പാടുകളിലും മാറ്റങ്ങൾ ഉണ്ടാകണം. കുട്ടനാട്ടിലെ നെല്ല് നാട്ടിൽ അരിയായും ലോകം മുഴുവൻ മൂല്യവർദ്ധിത ഉത്പന്നങ്ങളായും വിൽക്കപ്പെടണം. നമ്മുടെ ബൗദ്ധിക സമ്പത്തുകൾ യൗവ്വന തീക്ഷ്ണത എന്നിവയെല്ലാം കാർഷിക ഉൽപ്പന്നങ്ങളുടെയും സാംസ്‌കാരിക സേവനങ്ങളുടെയും മേഖലകളിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കുന്നതിന് ഉപകരിക്കണം.