കാലഘട്ടത്തിൻ്റെ ദൗത്യം ദീർഘവീക്ഷണത്തിൻ്റെ തുലാസിൽ | ധൈഷണികൻ പണ്ഡിതൻ മാന്യതയുടെ മഹാപുരോഹിതൻ | Global TV
എൻ വി പൗലോസ്, ചെയർമാൻ, ഗ്ലോബൽ ടി വി +91 98441 82044
സമ്പത്തും ചൈതന്യവും തമ്മിലുള്ള ഒരു തുറന്ന യുദ്ധത്തിലാണ് നമ്മുടെ ലോകം എന്ന് നമ്മുക്ക് നിസ്സംശയം പറയാൻ സാധിക്കും. ഇതിനുരണ്ടിനുമിടയിലുള്ള കുരിശുയുദ്ധത്തിലാണ് ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി എന്ന് പറഞ്ഞാൽ പെട്ടെന്നത് മനസ്സിലായി എന്ന് വരില്ല. സമ്പത്തിൽ ചൈതന്യം ഇല്ല എന്നും ചൈതന്യത്തിൽ സമ്പത്തില്ല എന്നും നമ്മൾ പറയാതിരിക്കുന്നതോടെ ഈ കൺഫ്യൂഷൻ മാറുകയും ചെയ്യും,
സമ്പത്തിൻ്റെ അതിപ്രസരം ചൈതന്യം ഇല്ലാതാക്കും. സമ്പത്തിനെ നിഷേധിക്കുന്ന ചൈതന്യം വെയിലത്ത് വാടുന്ന പുഷ്പം പോലെയുമാണ്. സമ്പത്തും ചൈതന്യവും ഒത്തുചേർന്ന് ഉള്ള സമൂഹ സൃഷ്ടിയാണ് ഒരു ആത്മീയാചാര്യൻ്റെ ദൗത്യം. അതദ്ദേഹം വളരെ വിനയപൂർവ്വം നിർവഹിക്കുന്നുണ്ട് എന്ന് പറയാം. ഇതാണ് മാർ ജോസഫ് പാംപ്ലാനിയെക്കുറിച്ചുള്ള ഏറ്റവും ലളിതമായ ഒരു വിലയിരുത്തൽ. തൻ്റെ ആശയങ്ങളും തീരുമാനങ്ങളും മറ്റുള്ളവരുടെ മേൽ അടിച്ചേൽപ്പിക്കാൻ അദ്ദേഹം ഒരിക്കലും ശ്രമിക്കുക്കയില്ല. യുക്തിക്ക് നിരക്കാത്ത കാര്യങ്ങളിൽ പിന്തുണക്കുകയുമില്ല.
നിങ്ങൾക്ക് അദ്ദേഹത്തോടൊപ്പം ആശയ വൈവിധ്യത്തോടെ എത്ര ദൂരം വേണമെങ്കിലും പരസ്പരം കാണാതെയും ഉരിയാടാതെയും യാത്ര ചെയ്യാം. ചില ജംക്ഷനുകളിൽ കണ്ടുമുട്ടുകയും സംവദിക്കുകയും ചെയ്യാം. യോജിപ്പുള്ള കാര്യങ്ങളിൽ ഒരുമിച്ച് പ്രവർത്തിക്കുകയും ആകാം. ചിലപ്പോൾ ഒരുമിച്ചും മറ്റു ചിലപ്പോൾ വഴിപിരിഞ്ഞും യാത്ര ചെയ്യാം. പരസ്പര ബഹുമാനത്തിൻ്റെ വലിയൊരു പാഠം മാർ ജോസഫ് പാംപ്ലാനിയിലൂടെ നമ്മുക്ക് പഠിക്കാൻ സാധിക്കും.
ജോർജ്ജ് ബുഷിൻ്റെ വിവാദപരമായ ഒരു പ്രസ്താവനയുണ്ട്. അതിങ്ങനെയാണ്. നിങ്ങൾ അമേരിക്കയോടൊപ്പം അല്ലെങ്കിൽ നിങ്ങൾ അമേരിക്കക്ക് എതിരാണ്. പക്ഷം ചേരാതെ മാറിനിന്നവരെയും എതിർപക്ഷത്ത് എത്തിക്കുന്നതായിരുന്നു ബുഷിൻ്റെ ഈ അധികപ്രസ്സംഗം.
ഇവിടെ പാംപ്ലാനി പിതാവിൻ്റെ നിലപാട് വളരെ പ്രസക്തമാണ്. ഞങ്ങൾക്ക് എതിരല്ലാത്തവരെല്ലാം ഞങ്ങളോടൊപ്പമാണ്. എതിർപ്പില്ലാത്ത എല്ലാ മേഖലകളിലും ഞങ്ങൾ എല്ലാവരുമായി അടുപ്പത്തിലാണ്. എത്ര ചൈതന്യവത്തായ ആശയമാണത്.
ദൂരെ നിന്നും നോക്കിയുള്ള ഈ എഴുത്തിന് അതിൻ്റെതായ പരിമിതിയുമുണ്ടെന്ന് പ്രിയപ്പെട്ട വായനക്കാർ മനസ്സിലാക്കണം.
തുടരും…