സർവ്വ ശക്തനായ ദൈവത്തിനു സ്തുതിയും ആരാധനയും എല്ലായ്പ്പോഴും അർപ്പിച്ചുകൊണ്ട് ഞങ്ങൾ യാത്ര തുടരുന്നു | Global TV
പി.ടി.ജോണി | മേരി ജോണി

ദൈവകൃപയുടെ മഹത്വം വെളിപ്പെടുത്തിക്കൊണ്ട് വീണ്ടും ഒരു വിദേശയാത്ര! അതും ഞങ്ങളുടെ ഏറെക്കാലത്തെ മോഹവും സ്വപ്ന രാജ്യവുമായ അമേരിക്കയിലേക്ക്. ഇന്ന്(10/03/2025) പുലർച്ചെ 4.30ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ദുബായ് വഴി പുറപ്പെട്ട എമിറേറ്റ്സ് ഫ്ലൈറ്റിൽ അമേരിക്കയിലെ ന്യൂയോർക്ക് സിറ്റിയിലുള്ള ജോൺ. എഫ്. കെന്നഡി (J. F. K) ഇന്റർനാഷണൽ എയർപോർട്ടിൽ വിമാനമിറങ്ങിയതോടെ അമേരിക്കൻ ഐക്യനാടുകളുടെ മണ്ണിൽ ദൈവകൃപയാൽ ഞങ്ങൾ പദമൂന്നി. ലോകത്തിലെ എണ്ണപ്പെട്ട 24 വിദേശരാജ്യങ്ങളിലെ യാത്രകൾക്ക് ശേഷമുള്ള ഞങ്ങളുടെ ഈ യാത്ര എന്തുകൊണ്ടും പ്രത്യേകതകൾ നിറഞ്ഞതാണ്.ഞങ്ങൾ കഴിഞ്ഞ കാലങ്ങളിൽ സഞ്ചരിച്ചിട്ടുള്ള രാജ്യങ്ങളുടെ എണ്ണത്തിൽ സിൽവർ ജൂബിലി പൂർത്തീകരിക്കുകയാണ് ഞങ്ങളുടെ ഈ അമേരിക്കൻ യാത്രയിലൂടെ.
ഞങ്ങളുടെ ആദ്യ വിദേശയാത്ര, വിശുദ്ധ നാടുകളിലേക്കായിരുന്നു. സിറിയയിൽ പ്രവേശനം ഉണ്ടായിരുന്ന കാലയളവിൽ സിറിയ, ജോർദ്ദാൻ,പാലസ്തീൻ,ഇസ്രായേൽ, ഈജിപ്ത് എന്നീ രാജ്യങ്ങളിലൂടെയായിരുന്നു ഞങ്ങളുടെ കന്നിയാത്ര.
പിന്നീട് സിംഗപ്പൂർ യാത്ര നടത്തി.തുടർന്ന് വീണ്ടും ഒരിക്കൽ കൂടി വിശുദ്ധ നാടുകളിലെ സിറിയ ഒഴികെയുള്ള മറ്റു നാല് രാജ്യങ്ങളായ ജോർദ്ദാൻ,പാലസ്തീൻഇസ്രയേൽ,ഈജിപ്ത് രാജ്യങ്ങളിലേക്ക് വീണ്ടും ഒരു തീർത്ഥാടനം നടത്തി.

ഞങ്ങളുടെ എക്കാലത്തെയും ഏറ്റവും വലിയ സ്വപ്നമായിരുന്നു റോമിൽ പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പയെ വ്യക്തിഗതമായി സന്ദർശിച്ച് അനുഗ്രഹം തേടണമെന്നത്. ദൈവ പരിപാലനയുടെ ഏറ്റവും വലിയ അനുഗ്രഹമായി ആ ആഗ്രഹവും സഫലീകരിച്ചു.പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പയുടെ ഔദ്യോഗിക ക്ഷണം തന്നെ ഞങ്ങൾക്ക് ലഭിച്ചു.ആ പുണ്യശ്ലോകനായ പരിശുദ്ധ പിതാവിന്റെ പ്രാർത്ഥനയും അനുഗ്രഹവും നേടാനും വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ അദ്ദേഹവുമായി വ്യക്തിഗത കൂടിക്കാഴ്ചക്കും ഞങ്ങൾക്ക് അവസരം ലഭിച്ചു.
കാലം ചെയ്ത ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ ജീവചരിത്രം- ‘ശ്രേഷ്ഠം ഈ ജീവിതം’ എന്ന ഗ്രന്ഥത്തിന്റെ രചയിതാവ് എന്ന നിലയിൽ എനിക്കും എന്റെ ഭാര്യ മേരിക്കും ശ്രേഷ്ഠ കാതോലിക്കാ ബാവ നിരവധി പ്രാവശ്യം കൂടിക്കാഴ്ച്ച നടത്തിയിട്ടുള്ള പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പയ്ക്ക് നേരിട്ട് ഈ ഗ്രന്ഥം സമർപ്പിക്കാനും അദ്ദേഹത്തിന്റെ അനുഗ്രഹം തേടുവാനും അവസരം ലഭിക്കുകയായിരുന്നു.പരിശുദ്ധ മാർപാപ്പയും ശ്രേഷ്ഠബാവയും തമ്മിലുള്ള കൂടിക്കാഴ്ച്ചകളുടെ ചിത്രങ്ങൾ വത്തിക്കാനിൽ നിന്നും ശേഖരിച്ചു ഈ ഗ്രന്ഥത്തിൽ ഉൾപ്പെടുത്തുകയും പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പയുടെ പ്രാത്ഥന-ആശംസയുംഅദ്ദേഹത്തിന്റെ ഫോട്ടോയും ജീവചരിത്രത്തിൽ ആദ്യമേ തന്നെ ചേർക്കുകയും ചെയ്തിരുന്നു.
ആ യാത്രയിലൂടെ വത്തിക്കാൻ(റോം), ഇറ്റലി,ഫ്രാൻസ്, ജർമ്മനി, സ്വിറ്റ്സർലൻഡ്, സ്ലൊവേനിയ,ഹംഗറി, ഓസ്ട്രിയ,ചെക് റിപ്പബ്ലിക്,ബെൽജിയം, പോർച്ചുംഗൽ,ലംപ്സ്റ്റൈൻ എന്നീ രാജ്യങ്ങളും തുടർന്ന് ഖത്തർ, ദുബായ്,അബുദാബി, ഇന്തോനേഷ്യ,യു.കെ എന്നീ രാജ്യങ്ങളും സന്ദർശിക്കുവാൻ ഭാഗ്യം ലഭിച്ചു. ഈ അപൂർവ്വ യാത്രാ ഭാഗ്യത്തിന്റെ ഭാഗമായി ഞങ്ങൾ സഞ്ചരിച്ച രാജ്യങ്ങളുടെ എണ്ണത്തിൽ,സിൽവർ ജൂബിലി രാജ്യമായി ഒടുവിൽ ഞങ്ങളുടെ സ്വപ്ന സാക്ഷാത്കാരമെന്നവണ്ണം അമേരിക്കൻ യാത്ര സഫലമാവുകയാണ്. ഇനിയുള്ള ഏതാനും മാസങ്ങൾ അമേരിക്കൻ ഐക്യനാടുകളിലൂടെയുള്ള ഞങ്ങളുടെ യാത്രയ്ക്ക് ദൈവം തുണയായിരിക്കുകയാണ്. സർവ്വ ശക്തനായ ദൈവത്തിനു സ്തുതിയും ആരാധനയും എല്ലായ്പ്പോഴും അർപ്പിച്ചുകൊണ്ട് ഞങ്ങൾ യാത്ര തുടരുന്നു.