പുതുമനയിൽ നിന്നും പുറം ലോകത്തേക്ക് | നിത്യാഭ്യാസി ആനെയെ എടുക്കും | മൂല്യാധിഷ്ഠിത സേവന രംഗം |
കൂട്ടുകാരൻ സൈക്കിളിൽ സ്കൂളിൽ വരുന്നത് നോക്കിനിന്ന ഒരു കാലമുണ്ടായിരുന്നു സജി പുതുമനയ്ക്ക്. ആ സൈക്കിളിൽ ഒന്ന് കയറാനായിരുന്നെങ്കിൽ എന്ന് അവൻ എത്രയോ വട്ടം ആശിച്ചിട്ടുണ്ട്. ഒരിക്കൽ ചോദിച്ചതും ഓർക്കുന്നു. രാവിലെ സ്കൂളിൽ വരാനും ഉച്ചക്ക് ഊണ് കഴിക്കാൻ പോകാനും വൈകീട്ട് വീട്ടിലേക്ക് മടങ്ങിപ്പോകാനും ആവശ്യമുള്ളത്രയും ബ്രെയ്ക്ക് മാത്രമേ സൈക്കിളിൽ ഉള്ളൂ എന്ന് അന്ന് സുഹൃത്ത് പറഞ്ഞത് ഇന്നോർക്കുമ്പോൾ സജി പുതുമനയുടെ മുഖത്ത് അറിയാതെ ചിരി പടരും.
പിന്നീട് സ്വന്തമായി ഒരു ട്രക്ക് വാങ്ങാൻ ഭാഗ്യമുണ്ടായി. അതിനോടകം ബന്ധുവിൻ്റെ സഹായത്തോടെ ഡ്രൈവിങ് പഠിച്ചു. ദീർഘകാലം അദ്ദേഹത്തിൻ്റെ സഹായിയായി തുടർന്ന ശേഷം സ്വന്തമായി ട്രക്ക് കൈകാര്യം ചെയ്യാം എന്ന നില വന്നു. അപ്പോഴാണ് സ്വന്തമായി ട്രക്ക് വാങ്ങിയത്. ആദ്യ മൂലധനം അൻപതിനായിരം രൂപ. ബാക്കി തുക ബാങ്കിൽ നിന്നും വായ്പ്പയെടുത്തു.

ഒരു ട്രക്ക് നിറയെ സ്വപ്നങ്ങളുമായി നിരത്തിലിറങ്ങിയപ്പോഴാണ് സംഗതികളുടെ കാര്യഗൗരവം സജിക്ക് മനസ്സിലാകാൻ തുടങ്ങിയത്. ഇത് അത്ര സുഗമമായ കാര്യമല്ലെന്ന് മനസ്സിലാക്കാൻ അധിക നാൾ വേണ്ടി വന്നില്ല. കയ്യൂക്കുള്ളവൻ കാര്യക്കാരൻ ആകുന്ന ഒരു സംഘർഷ ലോകത്താണ് താൻ എത്തിപ്പെട്ടിരിക്കുന്നത് എന്നറിഞ്ഞപ്പോൾ മനസ്സിൽ വെള്ളിടി വെട്ടി.
നേരെ വാ നേരെ പോ എന്ന രീതി നടക്കുന്ന ലോകത്തല്ല താൻ വന്നുപെട്ടിരിക്കുന്നത് എന്ന തിരിച്ചറിവ് വലിയൊരു ആഘാതമായി കുറേക്കാലം അദ്ദേഹത്തെ വേട്ടയാടി. എങ്ങിനെയും തലയൂരി രക്ഷപ്പെട്ടാൽ മതിയെന്നായി.
തൻ്റെ സ്വപനങ്ങളെല്ലാം നിറച്ച ട്രക്ക് കിട്ടിയവിലക്ക് വിറ്റ് എങ്ങിനെയോ തലയൂരിയപ്പോൾ എന്തൊരാശ്വാസമായിരുന്നു. അങ്ങനെ ആദ്യ റൗണ്ടിൽ മനസ്സ് നിറയെ മുറിവുകളുമായി ട്രാക്ക് വിട്ടിറങ്ങുമ്പോൾ ഇനിയൊരു തിരിച്ചുവരവ് ഒരിക്കലുമില്ല എന്ന് ചിന്തിച്ചുറപ്പിച്ചി രുന്നു. പക്ഷെ ദൈവത്തിൻ്റെ പദ്ധതി എത്രയോ വലുതായിരുന്നു.
കാച്ചവെള്ളത്തിൽ ചാടിയ പൂച്ച പച്ചവെള്ളം കണ്ടാലും പേടിക്കും എന്ന് നമ്മുക്ക് എല്ലാവർക്കും അറിയാം. ട്രക്കുകളുടെ ലോകം എല്ലാം എല്ലായിടത്തും ഒരുപോലെ തന്നെ എന്ന് വിചാരിച്ചിരുന്ന സജിയുടെ ധാരണ തിരു ത്തുന്നതായിരുന്നു പിന്നീടങ്ങോട്ടുള്ള അദ്ദേഹത്തിൻ്റെ യാത്രകൾ. തന്റെ സേവനമികവും സത്യസന്ധതയുമെല്ലാം എല്ലാ മേഖലകളിലും വിലമതിക്കപ്പെട്ടതായിരുന്നെന്ന് ഏറെ താമസിയാതെ സജി തിരിച്ചറിഞ്ഞു.
കമ്പനികൾക്ക് പെട്രോൾ അടക്കം നിരവധി ഉത്പന്നങ്ങളുടെ വിതരണരംഗത്ത് സേവനം നൽകുന്നതിന് വേണ്ടി ധാരാളം ട്രക്കുകൾ നിരത്തിലിറക്കുന്നു ഇന്ന് സജിയുടെ ത്രീ കിങ്സ്. ചിട്ടയായ പ്രവർത്തനങ്ങളും മാന്യമായ പെരുമാറ്റവും കൃത്യനിഷ്ഠയും പ്രവർത്തന മികവും എല്ലാം വലിയ നേട്ടങ്ങളായി പരിണമിച്ചു.
നിരവധി അവസരങ്ങൾ അദ്ദേഹത്തെ തേടിയെത്തി. സാങ്കേതികരംഗത്തുണ്ടായ കുതിച്ചുചാട്ടവും നിരവധി കോർപറേറ്റ് സ്ഥാപനങ്ങളുടെ അംഗീകാരവും കൂടിച്ചേർന്നപ്പോൾ ഇന്ത്യയിൽ ഉടനീളം എപ്പോഴും സഞ്ചരിച്ചുകൊണ്ടേയി രിക്കുന്ന നിരവധി ട്രക്കുകളുടെ ഒരു ശൃംഖല തന്നെ സൃഷ്ടിക്കുവാൻ സജി പുതുമനക്ക് സാധിച്ചു.
തൻ്റെ സേവനമികവും സത്യസന്ധതയുമെല്ലാം എല്ലാ മേഖലകളിലും വിലമതിക്കപ്പെട്ടതായിരുന്നെന്ന് ഏറെ താമസിയാതെ സജി തിരിച്ചറിഞ്ഞു.
എൺപതിലധികം ട്രക്കുകളാണ് ഇന്ന് ത്രീ കിങ്സിന് സ്വന്തമായിട്ടുള്ളത്. ഇതിനു പുറമെ മറ്റു വ്യക്തികൾ ട്രക്കുകൾ വാങ്ങി ത്രീ കിങ്സിൻ്റെ സഹായത്തോടെ അവ വിജയ കരമായി പ്രവർത്തിപ്പിക്കുന്നു.
സജിയുടെ കയ്യിൽ രണ്ട് ഫോണുകൾ എപ്പോഴും ഉണ്ടാകും. ഫോണുകൾക്ക് ഒരിക്കലും വിശ്രമം ഇല്ല. എങ്കിലും അവയ്ക്ക് സജിയോട് ഒരു പിണക്കവുമില്ല. തങ്ങളിലൂടെ എപ്പോഴും നല്ലവാക്കുകൾ മാത്രം പറയുകയും നല്ല കാര്യങ്ങൾ മാത്രം ചെയ്യുകയും ചെയ്യുന്ന സജിയോട് അവ എങ്ങനെ പിണങ്ങാനാണ്? രാവിലെ സജി ഉണരുന്നതോടെ ഫോണുകളും ഉണരും. കുളിച്ചൊരുങ്ങി പള്ളിയിൽ പോകുന്ന സജിയോടൊപ്പം ഫോണുകളുമുണ്ടാകും കാറിനുള്ളിൽ.
സജി പള്ളിയിൽ കയറുമ്പോൾ താഴെ പാർക്കിങ്ങിലായിരിക്കുന്ന കാറിൽ ഫോണുകൾക്കല്പം വിശ്രമം. പക്ഷെ ആരൊക്കെ വിളിച്ചു എന്ന് സജി വരുമ്പോൾ തന്നെ അവ പറഞ്ഞുകൊടുക്കും. സജിയുടെ ഒരു ദിവസം അവിടെ തുടങ്ങുകയായി.
പോക്കറ്റിൽ കരുതിയ ഒരു കഷണം പേപ്പറിൽ ഒരു സ്ഥാപനത്തിൻ്റെ ഹൃദയത്തുടിപ്പുകൾ ഒരു ഇ സി ജി റിപ്പോർട്ട് പോലെ അദ്ദേഹം എഴുതിക്കിച്ചേർക്കും.
ലക്ഷ്യം പൂർത്തിയാക്കി മടങ്ങി വരുന്നവയിൽ പട്ടണത്തോട് അടുത്തുകൊണ്ടിരിക്കുന്ന ട്രക്കുകൾക്ക് അനുയോജ്യമായതും ലാഭകരമായതുമായ അടുത്ത ട്രിപ്പുകൾ ഒന്നൊന്നായി ക്രമീകരിക്കുന്ന കാഴ്ച കണ്ട് നിൽക്കുന്നവർക്ക് അത് വലിയൊരു അത്ഭുത കാഴ്ചയാണ്. തങ്ങളുടെ കണ്ണുകളെയും കാതുകളെയും വിശ്വസിക്കാൻ അവർ നന്നേ വിഷമിക്കും.
നിത്യാഭ്യാസി ആനെയെ എടുക്കും എന്നാണല്ലോ പഴച്ചൊല്ല്. ആവശ്യനേരത്ത് സാങ്കേതിക വിദ്യയും സജിയുടെ സഹായത്തിനെത്തി. ദീർഘയാത്രയിലായിരിക്കുന്ന ഒരോ ട്രക്കും ഓരോ നിമിഷവും സാങ്കേതിക വിദ്യയുടെ നിരീക്ഷണത്തിലാണ്.
പ്രത്യേക പരിശീലനം ലഭിച്ചവരാണ് ട്രക്ക് ഡ്രൈവർമാർ. മൈസൂരിനും മംഗലാപുരത്തിനുമിടയിൽ തീപിടിക്കുന്ന നിലയിലായിരുന്ന മെഴ്സിഡസ് കാറിനെ രക്ഷപ്പെടുത്തിയ സജിയുടെ ട്രക്ക് ഡ്രൈവർ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. കാലത്തിനൊപ്പം സേവനരംഗ ങ്ങളും പുരോഗമിക്കുന്നതിൻ്റെ സൂചനയാണിത്.
ലോകം ഇന്ന് ഉറ്റുനോക്കുന്നത് നിലവാരമുള്ള സേവന ദാതാക്കളെയും അവരുടെ സത്യസന്ധതയുമാണ്. തട്ടിപ്പും വെട്ടിപ്പുമായി പണം സമ്പാദിക്കുന്ന ഇന്നലെകളിൽ നിന്നും മൂല്യാധിഷ്ഠിത സേവനരംഗത്തേക്കൊരു ചുവടുമാറ്റത്തിലാണ് ലോകം എത്തിനിൽക്കുന്നത്.
സജിയെപ്പോലുള്ളവർ വലിയ പാഠപുസ്തകങ്ങളാണ്. അവരുടെ വിജയ കഥകൾ യുവതലമുറയ്ക്ക് മാർഗ്ഗദീപമാണ്. മാറാതുള്ളത് വിദ്യഭ്യാസരംഗമാണ്. അവരിൽ പലരും പേപ്പർ പ്രോജക്ടുകളുടെ സ്വാധീനത്തിലാണ്. പ്രവർത്തന പരിചയമില്ലാത്ത അദ്ധ്യാപകർ സജിയെപ്പോലെ പ്രവർത്തനമികവുള്ളവരുടെ കീഴിൽ പ്രവൃത്തിപരിചയം നേടണം. കുട്ടികളെയും പരിശീലിപ്പിക്കണം.
