ജൂബിലിയിൽ രണ്ടു തവണ ഡോ. എപിജെ അബ്ദുൾ കലാമിനെ ക്ഷണിച്ചുവരുത്തിയ അദ്ദേഹം കലാം സാറിൻ്റെ ആത്മസുഹൃത്തുക്കളിൽ ഒരാളായിത്തീർന്നു എന്നകാര്യം എനിക്ക് സാക്ഷ്യപ്പെടുത്താൻ കഴിയും…
By P V Alby
തൃശൂർ നഗരപ്രാന്തത്തിലെ സമ്പന്നമായൊരു കുടുംബത്തിൽ ഒരു എൻജിനീയറുടെ മകനായി ജനിച്ച കുട്ടി. പഠനത്തിൽ ബഹുമിടുക്കൻ. പ്രീ-ഡിഗ്രി കഴിഞ്ഞപ്പൊഴേ വൈദികനാകാൻ ആഗ്രഹിച്ചു; പക്ഷേ, വീട്ടിൽനിന്ന് സമ്മതം കിട്ടിയില്ല. അങ്ങനെ, ഒരു മുതിർന്ന വ്യക്തിയാകുവോളം പഠനം തുടരാൻ നിശ്ചയിച്ച് ജീവശാസ്ത്രത്തിൽ എം എസ്സിയും പിന്നെ വൈദ്യശാസ്ത്ര ബിരുദവും നേടി. കോഴിക്കോട് MBBS നു പഠിക്കുമ്പോൾ കണ്ട കരളലിയിക്കുന്ന ഒരു കാഴ്ച അദ്ദേഹത്തെ മഹത്തായ രക്തദാനപ്രസ്ഥാനം കേരളത്തിലാദ്യമായി കെട്ടിപ്പടുക്കുന്നതിലേക്കു നയിച്ചു.

അക്കാലത്തുതന്നെ കോഴിക്കോട്ടെ ജസ്യൂട്ട് സഭ (Society of Jesus) ആസ്ഥാനവുമായി ബന്ധപ്പെട്ട് രഹസ്യമായി വൈദികപഠനവും തുടങ്ങി! പിന്നീട്, തൃശൂർ അതിരൂപതയിൽ ചേർന്ന് വീട്ടുകാരുടെ സമ്മതത്തോടെ പഠനം പൂർത്തിയാക്കി വൈദികനായിത്തീർന്നു.
ഇരവിമംഗലം ഇടവകയിൽ വികാരിയായിരിക്കേ, നാനാജാതി മതസ്ഥരുടെ സഹകരണത്തോടെ ഇരവിമംഗലം പഞ്ചായത്തിലെ എല്ലാ അംഗങ്ങളുടെയും രക്തഗ്രൂപ്പ് നിർണയിച്ച്, രക്തദാനത്തിന് സന്നദ്ധരാക്കി ഒരു സമ്പൂർണ ഡയറക്ടറി ഉണ്ടാക്കി. നിരവധിപേരുടെ ജീവൻ രക്ഷിക്കാൻ അത് സഹായിച്ചു.
ഫാ. ഡോ. ആലപ്പാട് കോഴിക്കോട് രക്തദാനപ്രസ്ഥാനം ആരംഭിച്ചതിൻ്റെ രജതജൂബിലി സ്മാരകമായി ഒരു പുസ്തകം തയാറാക്കുന്നതിനാണ് ഞാൻ ആദ്യമായി ബന്ധപ്പെടുന്നത്. പിന്നീട് നിരവധി പദ്ധതികളിൽ ഞങ്ങൾ സഹകരിച്ചു. തൃശൂർ നെഹ്രു നഗർ ഇടവകയിൽ അദ്ദേഹം വികാരിയായിരിക്കേ, വൈദികമന്ദിരത്തിൽ താമസിച്ച് ജോലി ചെയ്ത സന്ദർഭങ്ങളിലെല്ലാം ആ വ്യക്തിത്വത്തിൻ്റെ വൈശിഷ്ട്യം ഞാൻ അനുഭവിച്ചറിഞ്ഞു – മനുഷ്യരെ മനസ്സിലാക്കി, സ്നേഹത്തോടും തികഞ്ഞ അന്തസ്സോടുംകൂടെ ഇടപെടുന്ന വ്യക്തി. സീറോ-മലബാർ സഭയിൽ കുർബാനത്തർക്കം രൂക്ഷമായ കാലമായിരുന്നു അത്. അദ്ദേഹം അതിനെ എങ്ങനെ തൻ്റെ ഇടവകയിൽ ഭംഗിയായി, ആർക്കും ബുദ്ധിമുട്ടുണ്ടാക്കാതെ കൈകാര്യം ചെയ്തു എന്നു കണ്ട് ഞാൻ അൽഭുതപ്പെട്ടു.
ജൂബിലി മെഡിക്കൽ കോളജിൻ്റെയും നഴ്‌സിംഗ് കോളജിൻ്റെയും സ്ഥാപക ഡയറക്ടർ എന്നനിലയിൽ അച്ചൻ്റെ മാനേജ്മെൻ്റ് വൈഭവം കേരളം എന്നല്ല, ഇന്ത്യ മുഴുവൻ അറിഞ്ഞതാണ്. ജൂബിലിയിൽ രണ്ടു തവണ ഡോ. എപിജെ അബ്ദുൾ കലാമിനെ ക്ഷണിച്ചുവരുത്തിയ അദ്ദേഹം കലാം സാറിൻ്റെ ആത്മസുഹൃത്തുക്കളിൽ ഒരാളായിത്തീർന്നു എന്നകാര്യം എനിക്ക് സാക്ഷ്യപ്പെടുത്താൻ കഴിയും…
കോവിഡ് ബാധയാണ് ഫാ. ഡോ. ഫ്രാൻസിസ് ആലപ്പാട്ടിൻ്റെ കർമതീക്ഷ്ണതയുടെ ശോഭ കെടുത്തിയത്. നടക്കാൻ വലിയ പ്രയാസമായി. ഞങ്ങളൊരുമിച്ച് ഒരു പുസ്തകം ചെയ്യുമ്പോഴാണ് അദ്ദേഹം ചില ആരോഗ്യപ്രശ്നങ്ങളുമായി അമല ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. അവിടെയിരുന്നും ഞങ്ങൾ പണി തുടർന്നു. വിടുതൽ വാങ്ങി പോരുംമുൻപ് സുഹൃത്തായ ഒരു ഡോക്ടർ വെറുതെ നടത്തിയ പരിശോധനയിലാണ് അർബുദബാധ വെളിപ്പെട്ടത്. പിന്നീടത് മാറി എന്ന് മനസ്സിലായെങ്കിലും അച്ചൻ പഴയ ജീവിതത്തിലേക്ക് മടങ്ങിവന്നില്ല. ജൂബിലി ആശുപത്രിയോടു ചേർന്നുള്ള വൈദികമന്ദിരത്തിലായിരുന്നു പിന്നീടുള്ള ജീവിതം. അവിടെയിരുന്നും ഞങ്ങളൊരു പുസ്തകം പൂർത്തിയാക്കി.
ഫാ. ഡോ. ഫ്രാൻസിസ് ആലപ്പാട്ടിനോടൊത്തുള്ള ഓരോ അനുഭവവും അവിസ്മരണീയമാണ്. അദ്ദേഹം കാലയവനികയ്ക്കു പിന്നിൽ മറഞ്ഞെങ്കിലും ഓർമകൾക്ക് മരണമില്ല…
ആദരാഞ്ജലി.

Heartfelt condolences