ജൂൺ 5 | വീണ്ടും പരിസ്ഥിതി ദിനം | ജയപ്രകാശ് നിലമ്പൂർ

നമ്മുടെ ഏക ആവാസ കേന്ദ്രമായ ഭൂമിയുടെ ആരോഗ്യമാണ് നമ്മുടെ നിലനിൽപ്പിൻ്റെ, പൊങ്ങച്ചത്തിൻ്റെ, ജീവിത സുഖങ്ങളുടെ ആധാരം എന്ന തിരിച്ചറിവ് ഇപ്പോഴും നമുക്കുണ്ടോ എന്ന് പുനർചിന്തനത്തിനുള്ള അവസരം കൂടിയാണ് ഓരോ തവണയും ജൂൺ അഞ്ചിനെത്തുന്ന പരിസ്ഥിതി ദിനാചരണം.
1972 ലെ സ്റ്റോക്ക്ഹോം ഉച്ചകോടി മുതൽ എല്ലാ വർഷവും സമുചിതമായി ആചരിച്ചു വരുന്ന പരിസ്ഥിതി ദിനാചരണത്തിൽ ഇത്തവണത്തെ മുഖ്യ പ്രമേയം കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടവുന്ന പ്രതിസന്ധികളാണ്.
നമ്മുടെ നാട്ടിലും സ്വാതന്ത്യദിനത്തേക്കാളും റിപ്പബ്ളിക്ക് ദിനത്തേക്കാളും മുന്തിയ പ്രാധാന്യത്തോടെ വർഷം തോറും വർദ്ദിച്ച പരിപാടികളോടെ ആചരിക്കുന്ന പരിസ്ഥിതി ദിന പരിപാടികൾ ദൗർഭാഗ്യവശാൽ ജീവിതഗന്ധിയല്ലാതായിപോകുന്നത് പരിഹരിക്കാൻ നമ്മുടെ ഓരോരുത്തരുടെയും ഗൗരവമേറിയ ഇടപെടലുകളാണ് കാലം ആവശ്യപ്പെടുന്നത്.
ഭൂമിയിൽ മനുഷ്യൻ കൃഷി ആരംഭിച്ച കാലത്ത്, പതിനായിരം വർഷം മുൻപ് ഭൂമുഖത്തെ 97 ശതമാനം സ്ഥലങ്ങളും വന്യജീവികളുടെ വിഹാരരംഗങ്ങളായി അവരുടെ തട്ടകങ്ങളായിരുന്നു. മനുഷ്യൻ്റെ ഇടപെടൽ വെറും രണ്ടു മൂന്ന് ശതമാനം സ്ഥലത്തു മാത്രം !
എന്നാലിപ്പോൾ, വ്യവസായ വിപ്ലവത്തിനും, ഹരിത … നീല… പിങ്ക് … കുങ്കുമ വിപ്ലവങ്ങൾക്ക് ശേഷഠ ആധുനിക വികസന ആസക്തികളിൽ മുഴുകിയവർ, വിഭവകൊള്ളക്കായി, യുദ്ധകൊതിയിൽ ഉപയോഗതൃഷ്ണകളാൽ നയിക്കപ്പെടുന്നവർ കാര്യങ്ങൾ തീരുമാനിക്കുന്ന ലോകത്ത് 98ശതമാനം സ്ഥലങ്ങളും ദുരമൂത്ത മനുഷ്യൻ്റെ ആർത്തികളിൽ മാലിന്യമെറിയുന്നവയാണ്. നനുത്ത , സ്വാഭാവിക വന്യജീവിതത്തിലുള്ളത് രണ്ടു ശതമാനം സ്ഥലം മാത്രം. വന്യജീവി വ്യാപാരവും അവരുടെ സ്വസ്ത്യജീവിതവും ആവാസ കേന്ദ്രങ്ങളും തകർക്കുന്ന, ആർത്തിപിടിച്ച മനുഷ്യൻ്റെ വികസന മുന്നേറ്റങ്ങളിൽ ജീവിതം അസാധ്യമായി കഴിഞ്ഞ സ്ഥലങ്ങൾ എത്രയെങ്കിലുമുണ്ട്.
പണ്ട് ഭൂമിയാണ് പ്രപഞ്ച കേന്ദ്രമെന്ന നിഗമനങ്ങളെല്ലാം മാറ്റി മറിച്ച് 1543ൽ പോളിഷ് ശാസ്ത്രജ്ഞനായ നിക്കോളാസ് കോപ്പർനിക്കസിൻ്റെ കണ്ടുപിടുത്തത്തോടെ സൗരയൂഥത്തെക്കുറിച്ചുള്ള പുതിയ കാഴ്ചപാട് മനുഷ്യ ചിന്തയിൽ സൃഷ്ടിച്ച , സമ്പൂർണ്ണവും വിപ്ലവകരവുമായ മാറ്റങ്ങൾ പോലെ, നമ്മുടെ ഓരോ ചിന്തയിലും, പ്രവർത്തിയിലും ഭൂമിയെ പരിഗണിച്ചുമാത്രമേ എന്തും നടപ്പിലാക്കാനാവു എന്ന തിരിച്ചറിവിലാണ് ഓരോ വർഷവും ജൂൺ അഞ്ച് കടന്നുവരുന്നത്.
നമ്മുടെ ഓരോരുത്തരുടെയും ചിന്തയിൽ, പ്രവർത്തിയിൽ, ആന്തരിക -ബാഹ്യ ഇടപെടലുകളിൽ ഹരിത രീതികൾ എല്ലാതരത്തിലും ഫലപ്രദമായി നടപ്പാക്കാനുള്ള വ്യാപക ശ്രമങ്ങൾ ആത്മാർത്ഥമായി ഉണ്ടാവേണ്ടിയിരിക്കുന്നു.
ഹരിത ബോധ്യമുള്ള ഒരു ഭക്ഷണ – ജീവിതക്രമം സ്വയം സ്വായത്തമാക്കലാണ് അതിൻ്റെ ആദ്യപടി.
അതിനായുള്ള ചില പ്രായോഗിക നിർദ്ദേശങ്ങൾ താഴെ പങ്കുവെയ്ക്കുകയാണ്.
എൺപത് അവയവങ്ങളുടെ പാരസ്പര്യത്തിൽ കഴിയുന്ന നമ്മളോരുത്തരും ഓരോ നിമിഷവും ഭൂമിയിലെ നൂറുകണക്കിന് സംവിധാനങ്ങളുടെ ആനുകൂല്യത്തിലാണ് ജീവിച്ചു വരുന്നത് എന്ന ബോധ്യം എല്ലായിപ്പോഴും നമ്മുടെ ഉള്ളിലുണ്ടാവണം.
പ്രതിദിനം പതിനെട്ട് കിലോഗ്രാം ഓക്സിജൻ ആവശ്യമുള്ള മുതിർന്ന ഒരാൾ നഗരജീവിതത്തിൽ അതിലെറെ മാലിന്യങ്ങളാണ് നിത്യേന ഭൂമിയിലിടുന്നത്! ഒരു കിലോ ഓക്സിജന് മുവ്വായിരം യൂറോ വിലയിടുന്ന യൂറോപ്യൻ കാഴ്ചപാടിൽ നാം പ്രതിദിനം ശ്വസിക്കുന്നത് അൻപത് ലക്ഷത്തിലെറെ മൂല്യമുള്ള ജീവവായുവാണ്.
എന്നാൽ നിത്യേന കുറയുന്ന ഹരിതാഭയും, വർദ്ദിക്കുന്ന കടൽ കര, അന്തരീക്ഷ മലിനീകരണവും അൻപതു ലക്ഷം മുതൽ അഞ്ചുകോടി വരെ വരുന്ന ഭൂമുഖത്തെഎല്ലാ ജീവജാതികളെയും മനുഷ്യൻ്റെ അശാന്തമായ പ്രവർത്തികൾ എല്ലാം ചേർന്ന് പലതരത്തിലുള്ള ഭീഷണികളിലാഴ്ത്തിയിരിക്കുന്നു.
ഈ ബോധ്യത്തിൽ നിന്ന് ഹരിത ബോധചിന്തയിലൂന്ന വാക്കും പ്രവർത്തിയും ജീവിതക്രമങ്ങളും സ്വയം സ്വായത്തമാക്കാനും സമൂഹത്തിൽ പ്രചരിപ്പിക്കാനും നമ്മളോരുത്തരും സമയം കണ്ടെത്തേണ്ടതുണ്ട്. മണ്ണ്, വെള്ളം, ജൈവ സമ്പത്ത് എന്നിവയുടെ സുസ്ഥിര സംരക്ഷണമാണ് ഇക്കൂട്ടത്തിൽ ഏറ്റവും പ്രാധാന്യമേറിയത്.
എന്നാൽ പ്രാദേശിക അറിവുകളുടെ നാശം എല്ലായിടത്തും പ്രകൃതി വിഭവങ്ങളുടെ നിരന്തര നാശത്തിനും, വിവിധ ജനുസുകളുടെ വംശഹത്യക്കുമാണ് കാരണമാവുന്നത്. കാലാവസ്ഥാ വ്യതിയാനം പോലെ ഭൂമിയിൽ, തദ്ദേശിക അറിവുകളുടെ- നാട്ടറിവിൻ്റെ, / കാട്ടറിവിൻ്റെ വൻതോതിലുള്ള ശോഷണം പ്രവചനാതീതമായ നാശങ്ങൾക്ക് നിത്യേന കാരണമായിരിക്കുന്നു. കൃഷി, മൃഗസംരക്ഷണം, നാട്ടുവൈദ്യം, മത്സ്യബന്ധനം തുടങ്ങിയ മേഖലകളിലാണ് ഇതിൻ്റെ പ്രതിഫലനങ്ങൾ ഏറ്റവും മോശം ഫലങ്ങളുണ്ടാക്കുന്നത്.
നമ്മുടെ സമൂഹത്തിൽ അനുഗുണമായ മാറ്റങ്ങൾക്ക് ഉൽപ്രേരകമായി പ്രവർത്തിക്കുന്നവരെയാണ് കാലം ഉറ്റുനോക്കുന്നത്. നമ്മുടെ സമൂഹത്തിൻ്റെ ഉന്നമനത്തിനായി അടിസ്ഥാന പ്രവർത്തനങ്ങൾ നടത്തൽ നമ്മുടെ ഓരോരുത്തരുടെയും സാമൂഹ്യ ദൗത്യമാണെന്ന തിരിച്ചറിവാണ് യഥാർത്ഥ പരിസ്ഥിതി പ്രവർത്തനം.
നിർഭാഗ്യവശാൽ ജൂൺ അഞ്ചിന് അത് പ്രകടനാത്മകമരം നടലിലും, മെക്ക് കെട്ടി പ്രസംഗത്തിലും, ഫ്ലക്സ് ബാനറിലും ഒതുങ്ങുന്നത് തീർത്തും നിരാശാജനകമാണ്.
നിങ്ങളുടെ ജീവിതത്തിൽ നിങ്ങളെ തന്നെ മാറ്റി തീർക്കാനായിതാഴെ പറയുന്ന
- പരിസ്ഥിതിയെ അറിയൽ
- മികച്ച ഭക്ഷണ ജീവിതശീലങ്ങൾ
- നമ്മുടെ ശരീരത്തിന് മികച്ച വ്യായമവും വിശ്രമവും സ്വാസ്ത്യവും നൽകൽ
- മറ്റെല്ലാ ജീവജാതികളോടും സമരസപ്പെട്ട് ജീവിക്കൽ
- സുസ്ഥിര ജീവിതവ്യവസ്ഥ ഉറപ്പാക്കൽ
എന്നിവ കാര്യക്ഷമമായി ചെയ്യാൻ നമ്മളെല്ലാം തയ്യാറെടുത്ത് തുടക്കം കുറിക്കാനുള്ള ദിനം കൂടിയാണ് ജൂൺ 5.
നമ്മുടെ പുതുതലമുറയെകൂടി ചേർത്ത് പ്രകൃതി കാഴ്ച കളിലേക്ക് ഇറങ്ങി പരിസ്ഥിതി വ്യൂഹത്തെ, അതിൻ്റെ ബഹുസ്വരവൈവിദ്ധ്യത്തെ ബോധ്യപ്പെടാനും കഴിയേണ്ടതുണ്ട്. കാവ്, കുളം, പുഴ, വയലോരം, കാട്, കടലോരം, തോടരുക്, ചെങ്കൽകുന്നുകൾ എന്നിവയെല്ലാം ഇതിന് മികച്ചയിടങ്ങളാണ്.
നി്ത്യജീവിതത്തിൽ നമുക്ക് ആവശ്യമുള്ളത്, ഒഴിവാക്കിയാലും പകരം ഉപയോഗിക്കാവുന്നത് തീർച്ചയായും ഒഴിവാക്കേണ്ടത് എന്നിങ്ങനെ മൂന്ന് ലിസ്റ്റുകൾ ഉണ്ടാക്കി നോക്കു!
അനാവശ്യ ഇനങ്ങൾ, അംഗീകാരനുണകളായ പരസ്യത്തിൻ്റെ പിൻബലത്തിൽ ഒട്ടെറെ നിത്യേന ഉപയോഗിക്കുന്ന ഒരു സമൂഹമാണ് നമ്മുടെത്.
മികച്ച ഭക്ഷണ ജീവിത രീതികളിൽ നിന്ന് വഴുതി മാറിയ ജീവിത ക്രമത്തിലുള്ള നാം എന്താണ് നമ്മുടെ യഥാർത്ഥ ഭക്ഷണമെന്നും മികച്ച ജീവിത രീതികളെന്നും കണ്ടെത്തി ശീലമാക്കുന്നത് ഏറെ ആകുലതകളും രോഗവും ഇല്ലാതാക്കാൻ സഹായിക്കും. കളർ :കൃത്രിമ : വിപണി ഭക്ഷണങ്ങൾ, പാനീയങ്ങൾ സൃഷ്ടിക്കുന്ന അപകടം കരൾ, വൃക്ക, ഹൃദയ , ത്വക്ക്, ജീവിത ശൈലിരോഗികളുടെ ഞെട്ടിക്കുന്ന വ്യാപനമാണ് നമ്മുടെ നാട്ടിൽ ഉണ്ടാക്കിയിട്ടുള്ളത്.
രോഗചികിത്സ പ്രോൽസാഹിപ്പിക്കുകയും സുസ്ഥിര ജീവിത പ്രചരണം നടക്കാതിരിക്കുകയും ചെയ്യുന്നത് വരും തലമുറകളോടുള്ള അനീതിയാണ്.
നേരത്തെ സൂചിപ്പിച്ച എൺപത് അവയവങ്ങളുടെ ലയമായ നമ്മുടെ ശരീരത്തിൽ പതിനൊന്ന് സിസ്റ്റങ്ങൾ മുറ തെറ്റാതെ നടക്കുന്നുണ്ട്.
അവ ക്രമമായി നടക്കാൻ നല്ല വ്യായാമവും വിശ്രമവും നമ്മുടെ ശരീരത്തിന് നൽകാൻ നാം ശ്രദ്ധിക്കണം. ഇലക്കറികൾ പച്ചക്കറികൾ, കിഴങ്ങുകൾ, ചെറുധാന്യങ്ങൾ, പഴങ്ങൾ, ചെറുമീനുകൾ, മാംസ്യം എന്നിവ കഴിക്കണം. വെളുപ്പിച്ച ധാന്യങ്ങൾ കുറക്കുന്നതാണുത്തമം. വിരുദ്ധ ഭക്ഷണങ്ങളും, സമയം തെറ്റിയ ഭക്ഷണവും, ഉറക്ക നഷ്ടവും തീർച്ചയായും ഒഴിവാക്കണം.
മറ്റെല്ലാ ജീവജാതികളുമായി സമരസപ്പെട്ട് ഭൂമിയിൽ ധീരമായി ജീവിക്കാനുള്ള മനോഭാവം നമുക്കുണ്ടാവണം.
കാടു മുതൽ കടലു വരെ ഓരോ ആവാസ വ്യവസ്ഥയിലും സൂഷ്മജീവികൾ മുതൽ ആനവരെ അവരവരുടെ ജോലികൾ കൃത്യമായി ചെയ്തു വരുന്നുണ്ട്. തേനീച്ചകൾ ഇല്ലാതായാൽ പിന്നെ മൂന്നിൽപരം വർഷം ഭൂമിയുണ്ടാവില്ല എന്നാണ് ചില പഠനങ്ങൾ പറയുന്നത്!
മണ്ണിരകളും ചേരട്ടകളും മണ്ണിൽ ചേർക്കുന്ന ഇനങ്ങളാണ് മണ്ണിലെത്തുന്ന വിത്തു മുളക്കാൻ കാരണമാവുന്നതെന്ന് എത്ര പേർക്കറിയാം!
കാട്ടിലെ കടുവയാണ് പുഴകൾ നിർഗളം ഒഴുകാൻ കാരണമാവുന്നത്. നിലമ്പൂർ കാട്ടിലെ കടുവകൾ ഇല്ലാതായാൽ ചാലിയാറിലെ ഒഴുക്കു നിലച്ച് കോഴിക്കോട് നഗരത്തിനും പുഴത്തീരത്തെ നാൽപതിലെറെ പഞ്ചായത്തുകൾക്കും കുടിവെള്ളമില്ലാതാവും എന്ന് എത്ര പേർ ചിന്തിച്ചിട്ടുണ്ട്?
എന്നാൽ നിശിതമായ വനനാശം മൂലം ഭക്ഷണമില്ലാതായതോടെ കൂട്ടത്തോടെനാട്ടിലിറങ്ങി കൃഷി നശിപ്പിക്കുന്ന വന്യജീവികൾ ഇന്ന് കർഷകരുടെ നിത്യ ശത്രുകളായിരിക്കുന്നു.
കാട് കാടായും നാട് നാടായും നിലനിർത്താനുള്ള ഗൗരവ പ്രവർത്തനങ്ങൾ ആരംഭിക്കാനുള്ള ദിനം കൂടിയാണ് ജൂൺ അഞ്ച്.
സമൂഹത്തിൻ്റെ സുസ്ഥിരനിലനിൽപ്പ് ഉറപ്പുവരുത്താനായുള്ള ഒട്ടെറെ പ്രവർത്തനങ്ങൾ അടുക്കളയിൽ നിന്ന്, വീട്ടിൽ നിന്ന്, വീട്ടുമുറ്റത്ത് നിന്ന് ആരംഭിക്കേണ്ട കാലത്തെ കുറിച്ചാണ് ഈ പരിസ്ഥിതി ദിനം നമ്മെ ഓർമ്മപ്പെടുത്തുന്നത്. നമുക്കെല്ലാം അതിൽ സജീവമായി പങ്കുചേരാം.
ജയപ്രകാശ് നിലമ്പൂർ
നിലമ്പൂർ കേന്ദ്രമായി 1990 മുതൽ പ്രവർത്തിച്ചു വരുന്ന നിലമ്പൂർ പ്രകൃതി പഠന കേന്ദ്രത്തിൻ്റെ ഡയറക്റാണ് ലേഖകൻ
