“വൈറസ് “
ചീഫ് സെക്രട്ടറി വി പി ജോയിയുടെ കവിത
പതുങ്ങിപ്പതുങ്ങി ഒളിച്ചെത്തുന്ന വൈരിയായ കോവിഡിനെ തുരത്തുവാൻ മനുഷ്യരൊന്നായി പോരാടിയാൽ വിജയം നേടാമെന്ന് കവി പ്രത്യാശിക്കുന്നു. ആരോഗ്യ പ്രവർത്തകരും പ്രതിരോധ മരുന്നുമൊക്കെ ഈ കവിതക്ക് വിഷയമാകുന്നു.
വൈറസ് -കവിത
ജോയ് വാഴയിൽ
സൂക്ഷ്മരൂപിയായ് ഫലനി-
ഹിതം പുഴുവായി
തക്ഷകൻ ദംശിക്കുവാ-
നടുത്തേക്കെത്തും പോലെ
ഒളിച്ചും പതുങ്ങിയും
തഞ്ചത്തിൽ ശ്വാസത്തിൽച്ചെ-
ന്നൂളിയിട്ടകത്തെത്താൻ
ശ്രമിപ്പൂ കൊടും വൈറസ്.
ലക്ഷ്യമേകമാ , ണുള്ളിൽ
ചെല്ലണം രഹസ്യമായ് , ലക്ഷോപലക്ഷങ്ങളായ്
പെരുകിപ്പരക്കണം .
പ്രാണവായുവെ നല്കും
കോശസഞ്ചയങ്ങളെ ,
പ്രാണനെത്താങ്ങുന്നോരെ
മുച്ചൂടും മുടിക്കണം .
ചതിയന്മാർക്കെന്നാൽ വൻ
വിജയം സമ്മാനിക്കാൻ
ചിതമായ് വിധായകൻ
വിരചിച്ചില്ലീ ലോകം .
പതുങ്ങിയൊളിച്ചെത്തും വൈരിയെത്തുരത്തുവാൻ പടയുണ്ടുള്ളിൽ , തനു-
രക്ഷകസേനാവ്യൂഹം .
രാപകലധ്വാനിപ്പൂ
ശത്രുവെത്തോല്പിക്കുവാൻ
ശ്വേതവസ്ത്രാച്ഛാദിതർ ,
മുന്നണിപ്പോരാളികൾ.
അവരാൽ സംരക്ഷിത-
രറിവീലവരുടെ
പരമത്യാഗം , കർമ്മ- വ്യഗ്രതാസമർപ്പണം.
അവരീ ശരീരത്തിൽ ആദിതൊട്ടജ്ഞാതമായ്
പ്രവഹിച്ചീടും ജ്ഞാന- വാഹിനീപ്രയോക്താക്കൾ .
അവരോടൊപ്പം പൊരു-
തീടുവാൻ മനീഷയു-
ണ്ടതുലം മരുന്നിനാ-
ലായുധമൊരുക്കുന്നു .
ജീവനുമിവർ വെടി- ഞ്ഞീടുന്നതാർക്കാ,ണവർ
ഈ വരഭടന്മാരെ
അറിയില്ലെന്നാകിലും ,
ഇങ്ങനെ വിഭിന്നാർത്ഥ-
തലങ്ങൾ സമ്മേളിച്ചു
തങ്ങളിൽ കൈകോർത്തല്ലോ
ജീവിതം രചിക്കുന്നു .
മർത്യതയ്ക്കുപരിയും
അതുപോലനന്തമാം
സത്യത്തിൻ തലങ്ങളു-
ണ്ടീ വിശ്വപ്രകൃതിയിൽ .
സൂക്ഷ്മസൂക്ഷ്മമായുള്ളിൽ
മരുവും ജീവസ്പന്ദ-
രൂക്ഷരേണുക്കൾ തൊട്ട- ങ്ങനന്തവിഹായസ്സിൽ
അക്ഷയമചിന്ത്യമാം
ഊർജ്ജസാഗരത്തിന്റെ
അപ്രതിരോധ്യം തരം-
ഗാന്ദോളനങ്ങൾ വരെ
അക്രമത്തിനെച്ചെറു-
ത്തീടുവാൻ കരുത്തുറ്റോർ ,
അന്യോന്യമറിയാതെ
ലക്ഷ്യമൊന്നിനെക്കാണ്മോർ .
നമ്മളുമപാരതാ-
വപുസ്സിൽ ശ്വേതാണുക്കൾ ,
നമ്മളുമതുപോലീ
വിശ്വത്തിൻ പോരാളികൾ .
വിശ്വനൈതികതയിൽ
വിള്ളലെങ്ങാനും വീണാൽ
വിസ്ഫുരിച്ചീടും നമ്മിൽ വിങ്ങലായതിൻ താപം .
പ്രപഞ്ചാത്മാവെപ്പോഴു-
മദൃശ്യൻ നമ്മൾക്കെന്നാൽ
പ്രഹർഷമുള്ളിൽ നൽകും പ്രഭവമതൊന്നല്ലോ .
അതിനായ് പോരാടുമ്പോൾ
നമ്മളും പരാപര-
മനസ്സിൻ കണങ്ങളായ്
മാറുന്നൂ , തിളങ്ങുന്നൂ .
അത്തിളക്കത്തിൽ നമ്മൾ
കാണുക , കാലാതിഗ-
വർത്തിയായ് ജ്വലിക്കുന്ന സംസാരജീവാധാരം .
ചോദനമതിൽ നിന്നു
മാനുഷനുൾക്കൊള്ളുമ്പോൾ
ചോരനായെത്തും വൈറ-
സെങ്ങനെ ജയിക്കുവാൻ?