Pranayathil | Poem | Vijayalakshmy | Kavalam Srikumar |

Posted on: June 15, 2021

എന്റെ പാപത്തിലേറ്റം മധുരമേ,
എന്റെ പ്രേമത്തിലേറ്റമഗാധമേ,
ജന്മജന്മാന്തരങ്ങളിലല്ല, യി-
ജ്ജന്മമെങ്ങിനിത്തേടേണ്ടു നിന്നെ ഞാൻ ?

ശുദ്ധ സംഗീതമായി നിറഞ്ഞു നീ
നിൽക്കയാൽ ലോകമെത്രമേൽ സുന്ദരം.

അന്തിവെയ്ലൊളി ചേർന്നോരിളം മുടി
ചിന്നി വീഴും തെളിഞ്ഞ നെറ്റിത്തടം,
രണ്ടു കൈകളിൽ ഞാനെടുക്കും പൂർണ്ണ –
ചന്ദ്രബിംബം ചിരിക്കുന്ന നിന്മുഖം.

പഞ്ജരത്തിലെപ്പക്ഷിയല്ല, മേഘ –
മണ്ഡലത്തിൽഗ്ഗരുഡനാകുന്നു ഞാൻ

എന്റെ വൻചിറകിന്നുമേലന്തിമ-
ദണ്ഡമേൽപ്പിക്കിലെന്തു ലോകാധിപൻ,
ഇന്ദ്രചാപമെൻ കയ്യൊപ്പു, ചോന്നെഴു –
മന്തിവാനമാണെൻ പ്രേമലേഖനം.

അന്തമില്ലാത്തടർക്കളങ്ങൾ കട-
ന്നന്തമില്ലാത്ത തോൽവികൾ കണ്ടു ഞാൻ,
തോറ്റു വീണവർ തൻ കബന്ധങ്ങളെ
ച്ചേർത്തെരിച്ചതാം ഗന്ധകജ്വാലയിൽ
ഊറ്റമാർന്നു വരുന്നിതാ നിന്നിലേ-
യ്‌ക്കേറ്റമേറ്റം വിരിഞ്ഞ ചിറകുമായ്‌.

ആരറിഞ്ഞു മഹാകാശമെന്നിയേ
സാഗരത്തിന്നടിപ്പരപ്പെന്നിയേ
ആരറിഞ്ഞെന്റെയുള്ളം തിളച്ചെഴും
ലോഹസാന്ദ്ര മഹാപ്രവാഹത്തിനെ ?

നീയറിഞ്ഞില്ലൊരിക്കലും, താങ്ങുവാ-
നാകൊലാ നിനക്കീ വിഭ്രമത്തിനെ.
ദൂരദിങ്മുഖങ്ങൾക്കായി നീണ്ടുപോം
പ്രാണവേദന തൻ പ്രയാണങ്ങളെ.

നമ്മളൊന്നിച്ചിരുന്നോരിടങ്ങളിൽ
നമ്മളെച്ചേർത്തണച്ചതാം കാറ്റുകൾ,
എന്റെ നെഞ്ചിടിപ്പോടൊത്തടുത്തു നിൻ
നെഞ്ചുമൊപ്പം തുടിച്ചൊരാ മാത്രകൾ.

എന്നിലേക്കണഞ്ഞാലും, പ്രണയമേ,
മുന്തിരിച്ചാറെടുത്തു വയ്ക്കുന്നു ഞാൻ
ചില്ലുപാത്രമെറിഞ്ഞുടച്ചുന്മത്ത-
നൊമ്പരങ്ങളിൽ നമ്മൾ ലയിക്കുക.

എന്റെ പാപത്തിലേറ്റം മധുരമേ,
എന്റെ പ്രേമത്തിലേറ്റമഗാധമേ,
ജന്മജന്മാന്തരങ്ങളിലല്ല, യി
ജ്ജന്മമെങ്ങിനിത്തേടേണ്ടു നിന്നെ ഞാൻ ?

( വിജയലക്ഷ്മി)

Leave a Reply

Your email address will not be published. Required fields are marked *