സുധർമ്മയുടെ സ്വന്തം സമ്പത്ത്;

Posted on: July 1, 2021

സ്മരണ

ലോകത്തിലെ ഏക സംസ്കൃത പത്രികയുടെ പത്രാധിപർ

ഡോ.സഞ്ജീവൻ അഴീക്കോട്

സംസ്കൃത ഭാഷയുടെ ആധുനിക ചരിത്രമെഴുതുമ്പോൾ കർണാടകയ്ക്ക് അതിപ്രധാന സ്ഥാനമുണ്ട്. ലോകത്തിലെ ആദ്യത്തെ സംസ്കൃത ദിനപത്രം പിറന്നതും സംസ്കൃതം സംസാരഭാഷയാക്കിയ ഗ്രാമവും സ്ഥിതി ചെയ്യുന്നത് കർണാടകയിലാണ്. സംസ്കൃതം ആധുനിക യുഗത്തിൽ സംസാരഭാഷയാക്കിയിട്ടുള്ളത് ഉഡുപ്പിക്കടുത്ത ഷിമോഗയിലെ മത്തൂർ ഗ്രാമ മാണ്. നിരവധി പേരുടെ സംഘടിത പരിശ്രമമാണ് മത്തൂരിനെ സംസ്കൃത സംസാര ഭാഷ ഗ്രാമമാക്കിയത്. അവിടെ കച്ചവടക്കാരടക്കം പരസ്പരം ആശയവിനിമയം നടത്തുന്നതു ഇപ്പോൾ സംസ്കൃതത്തിലാണ്. അതു പോലെ ലോകത്തിലെ ആദ്യത്തെ സംസ്കൃത ദിനപത്രം പിറന്നത് കർണാടകയിലെ മൈസുരുവിലാണ്.

1970 പണ്ഡിറ്റ് കെ.എൻ.വരദരാജ അയ്യങ്കാറാണ് സുധർമ്മ എന്ന സംസ്കൃതദിനപത്രം തുടങ്ങിയത്. 1990 ൽ വരദരാജ അയ്യങ്കാർ അന്തരിച്ചതോടെ അദ്ദേഹത്തിൻ്റെ രണ്ടാമത്തെ മകൻ സമ്പത്ത് പത്രം തുടർന്നു നടത്തി. വാർത്തകളും ലേഖനങ്ങളും ഉൾപ്പെടുത്തി പത്രം മുടങ്ങാതെ പ്രസിദ്ധീകരിച്ചു. സമ്പത്തിനൊപ്പം സഹധർമ്മിണി വിദുഷി കെ.എസ്.ജയലക്ഷമിയും പത്രത്തെ സഹായിക്കാൻ ഒപ്പം കൂടി. വാർത്ത തയ്യാറാക്കൽ, എഡിറ്റിംഗ്, അക്ഷരതെറ്റുകൾ പരിശോധിക്കൽ,, അച്ചടി, പത്രം വിതരണത്തിന്നായിഅയയ്ക്കൽ തുടങ്ങിയ എല്ലാ കാര്യങ്ങളും സമ്പത്ത് തന്നെ നടത്തിയെന്നു പറയാം.

മറ്റു പത്രങ്ങളിൽ വരുന്ന വാർത്തകൾ സംസ്ക്യതത്തിൽ പരിഭാഷപ്പെടുത്തുന്നത് പത്രാധിപരായ സമ്പത്ത് തന്നെയായിരുന്നു. റേഡിയോവിലും ടി.വി.ചാനലുകളിലും വരുന്ന ശ്രദ്ധേയമായ വാർത്തകളും ഉൾക്കൊള്ളിക്കും. ദേശീയ അന്തർദേശീയ വാർത്തകളുൾപ്പെടുന്ന സമഗ്ര സംസ്കൃത ദിനപത്രം. എല്ലാ ദിവസവും രാവിലെ അച്ചടിക്കും. വിതരണം തപാൽ വഴിയാണ്. തുടർന്ന് വായനക്കാർക്ക് അയക്കാനുള്ള കെട്ടുകളുമായി ഉച്ചകഴിഞ്ഞ് രണ്ടോടെ തപാൽ ആപ്പീസിലെത്തും. സ്വദേശത്തും വിദേശത്തുമായി 4000 ഓളം സ്ഥിരം വരിക്കാർ സുധർമ്മയ്ക്കുണ്ട്. വിശേഷ സന്ദർഭങ്ങളിൽ പ്രത്യേക പതിപ്പുകളുമിറക്കും. പരസ്യം സ്വീകരിക്കാത്ത ഏക ദിന പത്രം കൂടിയാണ് സുധർമ്മ
2009-ൽ സുധർമ്മയുടെ ഇ.പേപ്പർ തുടങ്ങി. ലോക പത്രപ്രവർത്തന ചരിത്രത്തിൽ സുധർമ്മ സംസ്കൃത ദിനപത്രം അങ്ങനെ ചിരപ്രതിഷ്ഠ നേടി.

സംസ്കൃത ഭാഷയ്ക്ക് ജീവിതം ആത്മസമർപ്പണം ചെയ്ത മാതൃകാ ദമ്പതികളായ സമ്പത്തിനേയും വിദുഷി ജയലക്ഷ്മിയേയും ഭാരതം 2020ൽ പദ്മ പുരസ്കാരം നല്കി ആദരിച്ചിരുന്നു.
.

സംസ്കൃത പ്രണയഭാജനമായ സുധർമ്മയുടെ സ്വന്തം സമ്പത്ത് തൻ്റെ പത്രാധിപ കർമ്മകാണ്ഡത്തിന് എന്നന്നേക്കുമായി വിരാമമിട്ടു. മൈസുരുവിലെ അഗ്രഹാര വസതിയിൽ കെ. വി .സമ്പത്തുകുമാർ ( 64 ) ബുധനാഴ്ച വൈകീട്ട് ഹൃദയാഘാതത്തെ തുടർന്നാണ് ഇഹലോകവാസം വെടിഞ്ഞത്.

സംസ്കൃത ദിനപത്രികയുടെ പത്രാധിപർക്ക് ഭാഷയ്ക്ക്ആ ത്മസമർപ്പണം ചെയ്ത കർമ്മകാണ്ഡത്തിന്, ആത്മശാന്തി നേരാം..

ഡോ. സഞ്ജീവൻ അഴീക്കോട്
1196 മിഥുനം 16
2021 ജൂൺ 30

Leave a Reply

Your email address will not be published. Required fields are marked *