കഠിനം | വിജയലക്ഷ്‌മി | കവിത | കാവാലം ശ്രീകുമാർ |

Posted on: July 3, 2021

കഠിനം ( വിജയലക്ഷ്മിയുടെ കവിത )

എന്റെ ജീവനേ, വിദൂ-
രത്തു നിന്നിതാ സ്നേഹ-
ചുംബനങ്ങളാലൊരു
ഹൃദയം വിളിക്കുന്നു…

ഇന്നു രാത്രിയും മായാ-
നിദ്രയിൽ നാമൊന്നിക്കെ
ദിവ്യമാം അമൃതത്തിൻ
ചഷകം തുളുമ്പുമോ ?

പ്രണയോൽക്കടമായ
ദിനരാത്രങ്ങൾ നമ്മിൽ
ഹിമവർണ്ണമാം സ്നേഹ-
സ്മാരകം ചമയ്ക്കുന്നു…

മാഞ്ഞുപോം വെളിച്ചത്തിൽ
ഒരു പൊന്മുഖം, ദൂര-
സൂര്യനായ്, അതിൻ രശ്മി
തൊട്ടു ഞാൻ തിളങ്ങുന്നു…

വനവഹ്‌നിപോലെന്നെ
വിഴുങ്ങും പ്രണയത്തിൻ
അരികെ നിൽക്കെ, സഖേ,
അങ്ങേയ്ക്കു പൊള്ളാറുണ്ടോ ?

അറിയില്ലെനിക്കിതു
കെടുത്താൻ – സ്വയം ദഹി-
ച്ചടിയും വരെ- നോക്കി
നിൽക്കുവാൻ അങ്ങേയ്ക്കാമോ ?

Leave a Reply

Your email address will not be published. Required fields are marked *