ഡോ.പി.കെ. ഏബ്രഹാം മലയാള മാധ്യമ നവയുഗ ശിൽപ്പി ; സുനിൽ ഞാവളളി
ഒരു കൊള്ളിയാൻ വീശിയതുപോലെ വന്നു പോയൊരാൾ! ഇതു പോലെ വേറൊരാളെ മലയാള അച്ചടി മാധ്യമ മേഖല കണ്ടിട്ടില്ല.
1992 ഫെബ്രുവരിയിൽ ദീപികയിലെത്തി നാലുവർഷം കൊണ്ട് മലയാള പത്രപ്രവർത്തന മേഖലയെ കീഴ്മേൽ മറിച്ചിട്ട ഡോ. ഏബ്രഹാമിൻ്റെ സംഭാവനകൾക്ക് സമാനതകളില്ല.
രാഷ്ട്രദീപിക സായാഹ്ന പത്രം, കർഷകൻ,കായിക കേരളം, സ്ത്രീധനം, കരിയർ ദീപിക, ബിസിനസ് ദീപിക,രാഷ്ട്രദീപിക സിനിമ തുടങ്ങിയ എത്ര പ്രസിദ്ധികരണങ്ങളാണദ്ദേഹം ചുരുങ്ങിയ കാലത്തിനുള്ളിൽ തുടങ്ങിയത്. തിരുവനന്തപുരം മുതൽ കണ്ണൂർ വരെയുള്ള എല്ലാ പ്രധാന നഗരങ്ങളിലും രാഷ്ട്രദീപിക എഡിഷനുകൾ തുടങ്ങാൻ കാണിച്ച തൻ്റേടം ആർക്കുണ്ട് ?
ദീപിക കണ്ണൂരിൽ എഡിഷൻ തുടങ്ങാൻ തീരുമാനിച്ചിരുന്നില്ലെങ്കിൽ മനോരമ കണ്ണൂരിൽ വരില്ലായിരുന്നു. മനോരമ കണ്ണൂരിൽ തുടങ്ങാൻ തീരുമാനിച്ചിരുന്നില്ലെങ്കിൽ മാതൃഭൂമി കണ്ണൂരിൽ വരില്ലായിരുന്നു. മാതൃഭൂമി വന്നില്ലായിരുന്നില്ലെങ്കിൽ ദേശാഭിമാനി കണ്ണൂരിലെത്തുമായിരുന്നില്ല. മാധ്യമരംഗത്ത് കനത്ത മത്സരം ഉണ്ടാക്കിയതോടെ എല്ലാ പ്രധാനപത്രങ്ങളും പ്രാദേശിക എഡിഷനുകൾ തുടങ്ങി!
ഒരു പത്രം നേരിട്ട് പൊതുജന മധ്യത്തിലിറങ്ങി “കേര പ്രചാരണ ജാഥ” നടത്തിയത് മാധ്യമ ചരിത്രത്തിലെ സുപ്രധാന സംഭവമാണ്. കാസർഗോഡ്ജില്ലയിലെ രാജപുരത്തു നിന്ന് തുടങ്ങി കേരളത്തിലെ പ്രധാന ഗ്രാമങ്ങളും നഗരങ്ങളും കടന്ന് തിരുവനന്തപുരത്ത് എത്തിയപ്പോഴേക്കും തേങ്ങയുടെ വില ഇരട്ടിയായി വർദ്ധിച്ചുവെന്നതും ചരിത്രം. ആയിരങ്ങൾ പങ്കെടുത്ത ആയിരത്തിലേറെ സ്വീകരണ യോഗങ്ങൾ ! കർഷകൻ മാസികയും പിന്നാലെ. കർഷകരുടെ അനേകം സെമിനാറുകളും കാർഷികപ്രദർശനങ്ങളും നാടെങ്ങും സംഘടിപ്പിച്ചു. കർഷക സമൂഹത്തെ ഉണർത്താൻ ഇതിലും വലിയ നേതൃത്വം ആരാണ് കേരളത്തിൽ നൽകിയത്?
കരിയർ ദീപികയുടെ ആഭിമുഖ്യത്തിൽ കേരളത്തിലെ പ്രമുഖ കലാലയങ്ങളിൽ കാമ്പസ് കറസ്പോണ്ടൻറ്മാരെ നിയോഗിച്ചു. അവർക്ക് പത്രപ്രവർത്തന പരിശീലനം നൽകി.
സ്ത്രീ ശാക്തീകരണ മേഖലയിൽ 1995 ൽ സ്ത്രീ ശിബിരങ്ങളുടെ ഒരു നിര തന്നെ അദ്ദേഹം അവതരിപ്പിക്കുകയുണ്ടായി. കേരളത്തില ങ്ങോളമിങ്ങോളം ദീപിക പത്രം നേരിട്ട് ആയിരത്തോളം സെമിനാറുകൾ ആണ് സ്ത്രീകൾക്കു വേണ്ടി നടത്തിയത്. അവർക്കുവേണ്ടി സ്ത്രീ തന്നെ ധനം എന്ന് അർത്ഥമാക്കുന്ന വിധം “സ്ത്രീധനം”എന്ന ഒരു മാസികയും തുടങ്ങി.
സംസ്ഥാനത്തെ ഏറ്റവും മികച്ച ബിസിനസുകാരനെ ആദരിക്കാൻ ബിസിനസ് ദീപികയുടെ നേതൃത്വത്തിൽ ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡും അദ്ദേഹം ഏർപ്പെടുത്തി.
മാധ്യമരംഗത്തെ മറ്റൊരു മുന്നേറ്റമായിരുന്നു ഡിജാം എന്നറിയപ്പെട്ട ദീപിക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേർണലിസം ആൻ്റ് മീഡിയ മാനേജ്മെൻ്റ്. ഒരു പത്രസ്ഥാപനം മാധ്യമപരിശീലനം നൽകുന്ന ഇന്ത്യയിൽ തന്നെ ആദ്യ സംരംഭമായിരുന്നു അത്. ദേശീയ മാധ്യമങ്ങൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ ഏബ്രഹാം സാറിൻ്റെ “കുട്ടികൾ ” ഇന്നും സജീവമാണ്.
ദീപികയുടെ കണ്ണൂർ എഡിഷൻ തുടങ്ങുന്നതിന് മുന്നോടിയായി കണ്ണൂർ,കാസർഗോഡ്, കോഴിക്കോട്, വയനാട് ജില്ലകളിൽ മുന്നൂറിലേറെ പൊതുസമ്മേളനങ്ങൾ സംഘടിപ്പിക്കുകയും ജനങ്ങളുടെ ഇഷ്ടമറിഞ്ഞ് പത്രം പ്രസിദ്ധീകരിക്കാനുള്ള പ്രവർത്തനങ്ങൾക്ക് രൂപം നൽകിയതും ഓർക്കുന്നു.
കണ്ണൂരും കൊച്ചിയിലും കണ്ണായ സ്ഥലത്ത് ദീപികയുടെ ബഹുനില ഓഫീസുകൾ സ്വന്തമായി പണിതുയർത്തിയത് കണ്ണടച്ചുതുറക്കും മുമ്പേയാണ്. രാഷ്ട്ര ദീപിക വാർത്താ കേന്ദ്രം എന്ന പേരിൽ കേരളമാകെ സബ് ഓഫീസുകൾ തുറന്നു. ഓരോ ഉദ്ഘാടനവും ഉത്സവപ്രതീതിയുണർത്തി. പരിമിതമായ സാമ്പത്തിക സ്ഥിതി അദ്ദേഹം തെല്ലും വക വെച്ചില്ല.വെറും നാലു വർഷം കൊണ്ടാണ് ദീപികയെ അദ്ദേഹം മുൻനിരയിലെത്തിച്ചത്. രാഷ്ട്രദീപിക കമ്പനി ലാഭത്തിലാകുകയും ഷെയറുകൾ വ്യാപകമായി നൽകി പൊതു ജന പങ്കാളിത്തം ഉറപ്പാക്കി. ഓഹരിയുടമകൾക്ക് ആദ്യമായി ലാഭവിഹിതം നൽകി.
ബിസിനസ് ദീപികയുടെ പിന്തുണ കേരളത്തിലെ ഒട്ടേറെ സംരംഭങ്ങളെ വളർത്തിയെന്നതും നിർണ്ണായകമായിരുന്നു.
എണ്ണിയെണ്ണിപ്പറഞ്ഞാൽ തീരാത്തത്ര സംഭാവനകളാണ് അദ്ദേഹം കേരള സമൂഹത്തിന് നൽകിയത്. ഏബ്രഹാം സാർ തുടങ്ങി വെച്ചത് മറ്റു പലരും ഏറ്റെടുക്കുകയും വൻ വിജയമാക്കി തുടരുകയും ചെയ്യുമ്പോഴാണ് ദീപികയുടെ നഷ്ടത്തിൻ്റെ ഭീകരത മനസിലാകുന്നത്.
കണ്ണുള്ളവർ കാണട്ടെ ചെകിടുള്ളവർ കേൾക്കട്ടെ. അത്രയേ ഇപ്പോൾ പറയാൻ കഴിയൂ.
കോട്ടയം ജില്ലയിലെ (മഞ്ഞാമറ്റം) മറ്റക്കരയിൽ നിന്നും കണ്ണൂർ ജില്ലയിലെ കിളിയന്തറയിലേക്ക് കുടിയേറിയ കർഷക കുടുംബത്തിലെ അംഗമായിരുന്നു ഏബ്രഹാം സാർ. തലശ്ശേരി ബ്രണ്ണൻ കോളേജിൽ നിന്നും ധനതത്വശാസ്ത്രത്തിൽ ബിരുദമെടുത്ത അദ്ദേഹം 1964 ൽ നിർമ്മലഗിരി കോളേജിൽ ലെക്ചററായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. ചുരുങ്ങിയ കാലമേ നിർമ്മലഗിരിയിൽ ഉണ്ടായിരുന്നുള്ളുവെങ്കിലും സുന്ദരനും സുമുഖനും വാചാലനും ആയ ആ മികച്ച അധ്യാപകനെ അന്നത്തെ “കുട്ടികൾ ” ഇന്നും ഓർക്കുന്നു. 1964 ൽ കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ ഇന്ത്യയിൽ തന്നെ ആദ്യമായി എം.ബി.എ തുടങ്ങിയപ്പോൾ ഏബ്രഹാം സാർ ആദ്യ ബാച്ചുകാരനായി. ഒന്നാം റാങ്കും സ്വർണ്ണ മെഡലും നേടി മലബാറിൻ്റെ ഈ കുടിയേറ്റ പുത്രൻ. തുടർന്ന് പ്ലാൻ്റേഷൻ കോർപ്പറേഷനിൽ ജോലി. പിന്നീട് ഫാക്ടിലും ദീപികയിലും വീക്ഷണത്തിലൂടെയും സേവനങ്ങൾ തുടർന്നു.
തിരുവല്ല മാക്ക്ഫാസ്റ്റ് എം.ബി.എ. കോളജിന്റെ ഡയറക്ടർ എന്ന നിലയിൽ എട്ടു വർഷങ്ങൾ. സ്വകാര്യ റേഡിയോ നിലയമടക്കമുള്ള ഒട്ടേറെ നേട്ടങ്ങളിലൂടെ മാക് ഫാസ്റ്റ് മുൻ നിരയിലെത്തി.
തൻ്റേടിയും താന്തോന്നിയും (തനിക്കു തോന്നിയപോലെ പ്രവർത്തിച്ചയാൾ) ഏബ്രഹാം സാർ കാര്യങ്ങളെല്ലാം ക്ഷിപ്രസാധ്യമാക്കി. രാവിലെ വിചാരിച്ചാൽ രാത്രിയാകുമ്പോഴേയ്ക്കും ചെയ്തു തീർക്കുന്ന സ്വഭാവ സവിശേഷത ! മുമ്പും പിമ്പും നോക്കിയില്ല. ആരെങ്കിലും കയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്നുണ്ടോയെന്ന് തിരിഞ്ഞു നോക്കിയില്ല. മൂന്നു “പ്ര”കളുടെ (പ്രാർത്ഥന, പ്രത്യാശ, പ്രവൃത്തി) പ്രാധാന്യം സദാ ഓർമ്മിപ്പിച്ചു. നിർഭയം നെഞ്ചുയർത്തി നടന്നു . മലബാറിലെ കുടിയേറ്റ കർഷകൻ്റെ കരളുറപ്പ് തന്നെ.
ഒരു മാസം മുമ്പ് വരെ, വിളിക്കുമ്പോൾ ചെയ്യാനുള്ള ഒട്ടേറെ കാര്യങ്ങൾ എന്നെ ഓർമ്മിപ്പിച്ചിരുന്നത് ഞാൻ കേട്ടിരുന്നത് അത്ഭുതത്തോടെയാണ്. എമ്പത്തിരണ്ടാം വയസിലെ പ്ളാനിംഗുകൾ!
കൊച്ചിയിലും ബാങ്കളൂരും അമേരിക്കയിലും ആയി ഒരു മാസം മുമ്പ് വരെ സജീവമായ ഏബ്രഹാം സാർ മടങ്ങുമ്പോൾ കേരളത്തിന് എണ്ണം പറഞ്ഞ ഒരു മാനേജ്മെൻ്റ് വിദഗ്ദനെയും മികച്ച അധ്യാപകനേയും ആണ് നഷ്ടപ്പെടുന്നത്.
യാത്രകളൊന്നും അവസാനിക്കുന്നില്ല; ചിലതെല്ലാം അവശേഷിക്കും എന്നോർമ്മപ്പിച്ചാണ് ഏബ്രഹാം സാറും തിരികെ പോകുന്നത്.
നന്ദി ഏബ്രഹാം സാർ..
കണ്ണൂർ ഭാഷയിൽ പറഞ്ഞാൽ
ബിഗ് സല്യൂട്ട് സാർ..
സുനിൽ ഞാവളളി
Keep yourself at the peak of performance while you are identified and Joined Hands with a Large purpose or mission | Do Something that others find impossible to achieve | Here is the Road Map | Drug Free Campuses is one Such Mission |
NV Paulose – +91 98441 82044
Let us connect and make things possible.
