Posted on: July 3, 2021
“അച്ഛൻ”
അറിയാത്ത വാക്കുകൾ
അടുക്കി വച്ചെഴുതിയ
അത്ഭുത കഥയാണച്ഛൻ
നിറക്കൂട്ട് തെറ്റി വരച്ചാലും
മനസ്സിന്റെ താളിലെ
നിറമുള്ള ചിത്രമാണച്ഛൻ
ഭീതികൾ നിറയുന്ന കൂ
രിരുൾ വീഥിയിൽ
തെളിയും നിലാവാണച്ഛൻ
സുഖനിദ്രയേകാൻ
മധുര സ്വപ്നങ്ങളായ്
തഴുകുന്ന കാറ്റാണച്ഛൻ
തെളിയാത്ത പേന കൊണ്ടെഴുതുന്ന
സ്നേഹത്തിൻ പാടാത്ത
കവിതയാണച്ഛൻ
അലിവിന്റെ കടലായ്
വിയർപ്പിന്റെ
വാത്സല്യത്തിരമാലകളാണച്ഛൻ
തളരാതെ കാക്കുന്ന തണൽ മരമായി
നേരിന്റെ വഴിയോതുമച്ഛൻ
കാലിടറുമ്പോൾ
കാണാത്ത കൈകളായ്
താങ്ങുന്ന ചിന്തയാണച്ഛൻ
അറിയാത്ത പൊരുളായ്
പറയാത്ത രഹസ്യമായ്
മായാത്ത സത്യമാണച്ഛൻ
രചന:
വി പി ശ്രീകാന്ത് നായർ