ദൈവം സ്പർശിക്കുന്ന ഹൃദയങ്ങളിൽനിന്നുമാണ് ഹൃദയസ്പർശിയായ സംഗീതം ഒഴുകുന്നത്. അത് സ്പർശിക്കുന്ന കാതുകൾ അനുഗ്രഹീതം.
സംഗീത മഴ പൊഴിക്കുന്ന മനുഷ്യ സ്നേഹികൾ പ്രപഞ്ച സന്തുലനത്തിൽ ദൈവത്തോട് ചേർന്ന് പ്രവർത്തിക്കുന്നു. അവരുടെ പുഞ്ചിരി ഹൃദയ ബന്ധങ്ങൾക്ക് വഴിതുറക്കുന്നു.
കാലാതീതമായ ദൈവിക പദ്ധതികൾ നന്മ നിറഞ്ഞ
മനുഷ്യരിലൂടെ നിറവേറിക്കൊണ്ടേയിരിക്കും. മനുഷ്യരെ സമയ സ്ഥല പരിധികൾക്കും പരിമിധികൾക്കും അപ്പുറം തലമുറകൾക്കപ്പുറവും ഇപ്പുറവും അവർ കണ്ണി ചേർത്തുകൊണ്ടും അവയുടെ നൈരന്തര്യം ആവർത്തിച്ചുകൊണ്ടുമിരിക്കും.
ചിറക് വിരിച്ച പക്ഷി അന്തരീക്ഷത്തിൽ പറന്നുല്ലസിക്കുകയാണ്. ദൈവം നട്ടുവളർത്തിയ വൃക്ഷം വടവൃക്ഷമാകുന്നതിൽ എന്ത് അത്ഭുതമാണ് ഉള്ളത്. അത് അങ്ങിനെയേ ആകേണ്ടതുള്ളൂ.
മനുഷ്യൻ തന്റെ യുക്തിയിലും ബുദ്ധിയിലും വെട്ടി ഒതുക്കി ഉണ്ടാക്കുന്നതെല്ലാം വെറും ബോൺസായ് മരങ്ങൾ മാത്രം.
ദൈവത്തിന്റെ സ്വരത്തിനായി കാതോർക്കുന്ന മനുഷ്യഹൃദയം വീണമീട്ടുന്നതെല്ലാം മനുഷ്യകുലത്തിനു വീണുകിട്ടുന്ന നിധി ശേഖരങ്ങളാണ്. ഈ പാട്ടുകൾ എത്ര കേട്ടാലും മതിവരില്ല. പിന്നെയും പിന്നെയും ഇതിലൂടെ കടന്നുപോകാൻ നമ്മുക്ക് ഈ സ്വരം ഒരു കാരണം ആയെന്നും വരാം.