ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷ നിമിഷങ്ങളിലൂടെയാണ് താനും, ഭർത്താവും കടന്നു പോകുന്നത് | 55ാം വയസില്‍ അമ്മയാകാന്‍ കഴിഞ്ഞത് ദൈവാനുഗ്രഹം ഒന്ന് മാത്രം | സിസി കാട്ടൂർ | Report by Able C Alex

Posted on: August 6, 2021

35 വർഷത്തെ കാത്തിരിപ്പിനൊടുവില്‍ 55 കാരിക്ക് പിറന്നത് മൂന്ന് കണ്‍മണികള്‍.

മൂവാറ്റുപുഴ : 55 ആം വയസിൽ മൂന്നു കണ്മണികളുടെ അമ്മയാകാൻ കഴിഞ്ഞതിലുള്ള സന്തോഷത്തിലാണ് ഇരിങ്ങാലക്കുട കാട്ടൂർ കുറ്റിക്കട്ട് വീട്ടിലെ സിസി. മൂന്നരപതിറ്റാണ്ടിന്‍റെ കാത്തിരിപ്പിനൊടുവിലാണ് 55 കാരിയായ സിസിക്കും,59 കാരനായ ഭർത്താവ് ജോർജ് ആന്റണിക്കും മൂന്ന് കണ്‍മണികള്‍ പിറന്നത്. അത്‌ ഒരു പെൺകുഞ്ഞും, രണ്ട് ആൺകുഞ്ഞും. മൂവാറ്റുപുഴ പേഴക്കാപ്പിള്ളി സബൈൻ ആ​ശുപത്രിയില്‍ ആണ് മൂന്ന്​ കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. 35 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇവര്‍ക്ക് കുഞ്ഞിക്കാല്‍ കാണാന്‍ അവസരം കിട്ടിയതങ്കിലും, മൂന്ന്​ കണ്‍മണികളെ ലഭിച്ചതോടെ ഇരിങ്ങാലക്കുട കുറ്റിക്കാടൻ വീട്ടിലുള്ളവർ ഇരട്ടി സന്തോഷത്തിലാണ്. കണ്മണികളായ മൂവരും അമ്മയോടൊന്നിച്ചു സുഖമായിരിക്കുന്നു. മൂന്നു കുരുന്നുകൾക്കും ശരീര തൂക്കം ഒന്നര കിലോക്ക് മുകളിലും.

ഈ കഴിഞ്ഞ ജൂലൈ 22 നാണ് സിസി മൂന്ന് പേര്‍ക്ക് ജന്മംനല്‍കിയത്. 1987ലാണ് ഇരിങ്ങാലക്കുട കാട്ടൂര്‍ കുറ്റികാടന്‍ ജോര്‍ജ്​ ആന്‍റണിയും ,സിസി ജോര്‍ജും ജീവിത പങ്കാളികളാവുന്നത്.ജോലി സംബന്ധമായി 18 വര്‍ഷത്തോളം ഗള്‍ഫില്‍ കഴിഞ്ഞ ഇവർ പിന്നീട് നാട്ടിലെത്തി ഇരിങ്ങാലക്കുടയില്‍ സ്വന്തം ബിസിനസ്​ നടത്തുകയാണ് .

വിവാഹം കഴിഞ്ഞ് രണ്ടാം വര്‍ഷം മുതല്‍ ആരംഭിച്ചതാണ് കുട്ടികള്‍ക്കായുള്ള ചികിത്സകള്‍. അത് ഗള്‍ഫിലും നാട്ടിലുമായി തുടര്‍ന്നു. ഇടയക്ക് ചികിത്സ നിര്‍ത്താനും ആലോചിച്ചിരുന്നു. ഇതിനിടെ കഴിഞ്ഞ ജൂണില്‍ രക്തസ്രാവം ഉണ്ടായതോടെ ഗര്‍ഭപാത്രം മാറ്റാനായി ആശുപത്രിയിലെത്തിയതോടെയാണ് ഇവര്‍ക്ക് വീണ്ടും പ്രതീക്ഷക്ക് ചിറകുമുളച്ചത്. മൂവാറ്റുപുഴ സബൈൻ ആശുപത്രിയിലെ ഡോ.സബൈന്‍റെ ചികിത്സയിലായിരുന്നു ഇവര്‍.

അമ്മയാകാൻ കഴിയാത്തവരുടെ വേദന അത്‌ അനുഭവിച്ചവർക്ക് മാത്രമേ മനസിലാകൂ എന്നും, ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷ നിമിഷങ്ങളിലൂടെയാണ് താനും, ഭർത്താവും കടന്നു പോകുന്നതെന്നും, 55ാം വയസില്‍ അമ്മയാകാന്‍ കഴിഞ്ഞത് ദൈവാനുഗ്രഹം ഒന്ന് മാത്രമാണെന്നും സിസി പറയുന്നു. ചികിൽസിച്ച ഡോക്ടർമാരോടും, ആശുപത്രി ജീവനക്കാരോടും ഒപ്പം ദൈവത്തോടും അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നുവെന്ന് ജോർജും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

 

 

Global Indian Families
Collaborations
LIKE US ON FACEBOOK