Be Lucky | Be Smart | Do it well and Be ” In Search of Luck ” always and all the ways | Amazing Book on Luck from Media Legend Dr. PK Abraham | Global TV

Posted on: November 16, 2023

ആകാശത്തുനിന്നും സ്വർണ്ണ മണൽ പെയ്യുമ്പോൾ നാട്ടിൽ കതകടച്ചിരുന്നു ആരും സമയം കളയില്ല. വിളവെടുപ്പിന്റെ കാലത്തു രാപ്പകൽ പണി ചെയ്താൽ നിങ്ങളുടെ പത്തായപ്പുര എപ്പോഴും സമൃദ്ധി പ്രസരിപ്പിക്കും. ഇതൊക്കെയാണ് ഡോ. പി കെ എബ്രഹാം സാറുമായി സംസാരിച്ചിറങ്ങിയപ്പോൾ എന്റെ മനസ്സിൽ നിറഞ്ഞുവന്ന ചിന്തകൾ.

തിരികത്തിച്ച് അത് മൂടിവയ്ക്കരുത് എന്ന് അദ്ദേഹം പറഞ്ഞപ്പോൾ നാടിനു പ്രയോജനപ്പെടാത്ത യുവത്വം ആണ് എന്റെ മനസ്സിനെ ഗ്രസിച്ചത്. ഭാഗ്യാന്വേഷണത്തിൽ എന്ന് തർജ്ജമ ചെയ്യാവുന്ന IN SEARCH OF LUCK എന്ന അദ്ദേഹത്തിന്റെ പുതിയ പുസ്തകത്തിന്റെ പ്രചാരണം സംബന്ധിച്ചായിരുന്നു അദ്ദേഹം സംസാരിച്ചത്. കഥകളുടെ ഒരു നിധിശേഖരം എന്ന് ഈ പുസ്തകത്തെ വിശേഷിപ്പിക്കാം.

നിധി തേടി കടൽ താണ്ടി മണലാരണ്യവും കടന്ന്‌ പിരമിഡിൽ എത്തിയ ഭാഗ്യാന്വേഷിയെ എനിക്ക് ഓർമ്മ വന്നു. ലോക പ്രശസ്ത എഴുത്തുകാരൻ പൗലോ കൊയ്‌ലോയുടെ അദ്ദേഹത്തെ പ്രശസ്തനാക്കിയ THE ALCHEMIST എന്ന പുസ്‌തകത്തിലാണ് ഈ യുവാവിന്റെ കഥയുള്ളത്. തന്റെ നാട്ടിൽ തന്നെയാണ് തന്റെ നിധിശേഖരം എന്ന തിരിച്ചറിവ് ഈ യുവാവിന് ഉണ്ടാകുന്നത് അക്രമികളുടെ മർദ്ദനത്തിൽ ചോരവാർന്ന് മരിക്കുമെന്ന സ്ഥിതിയിൽ എത്തിയപ്പോഴാണ്.

മരണം ഉറപ്പായപ്പോൾ സ്വപ്നത്തിൽ കണ്ട നിധി തേടിയാണ് താൻ ഇത്ര ദൂരം യാത്രചെയ്തത് എന്ന് അവൻ വിളിച്ചുപറഞ്ഞു. നിന്നെക്കാൾ വിഡ്ഢി മറ്റാരുണ്ട് എന്നായിരുന്നു അക്രമികളുടെ നേതാവിന്റെ പരിഹാസ പ്രതികരണം. അയാളും ഇതുപോലൊരു സ്വപ്നം രണ്ടു പ്രാവശ്യം കണ്ടുവത്രെ. താൻ കണ്ട സ്വപ്നം അയാൾ വിവരിച്ചപ്പോൾ യുവാവിന്റെ മനസ്സിൽ വല്ലാത്തൊരു ലഡു പൊട്ടലുണ്ടായി. അല്ല, നിധിപോട്ടൽ ആണുണ്ടായത്. യുവാവ് സ്വപ്നം കണ്ടുണർന്ന സ്ഥലത്തെയാണ് അക്രമികളുടെ നേതാവ് തന്റെ സ്വപ്നത്തിലൂടെ വിശദീകരിക്കുന്നത്. താൻ കിടന്നുറങ്ങിയ സക്രാരിയുടെ അടിയിൽ ആണ് ആ നിധിശേഖരം. പിന്നീട് അവന്റെ മടക്ക യാത്ര എത്രയോ ആവേശത്തിലും തിടുക്കത്തിലും ആയിരുന്നു. മറ്റാരും കാണാതെയും ആരോടും പറയാതെയും ഒരു തിരിച്ചുപോക്ക്.

ഈ പുസ്തകത്തിന്റെ രചനാ വൈഭവത്തെപ്പറ്റി പറയണമെങ്കിൽ രാം സാറിൽ നിന്നും കടമെടുത്ത വാക്കുകളിൽ PROFOUND SIMPLICITY എന്ന് പറയേണ്ടിവരും.

ഭാഗ്യാന്വേഷണം ഒരു പരീക്ഷണം അല്ലെന്നും വ്യത്യസ്തമായ വഴികളിലൂടെ പരിശ്രമശാലികൾക്കു ലക്ഷ്യത്തിൽ എത്താമെന്നും ഡോ. എബ്രഹാം തന്റെ പുസ്തകത്തിൽ തെളിയിക്കുന്നു. പലപ്പോഴും പ്രയാസരഹിതമാണ് അല്ലെങ്കിൽ അനായാസമായാണ് വലിയ വിജയങ്ങൾ ഉണ്ടാവുക എന്നും അദ്ദേഹം ഉദാഹരണസഹിതം എടുത്തുകാട്ടുന്നു.

അല്പം അശ്രദ്ധ ഉണ്ടായപ്പോൾ അനുഗ്രഹം മരപ്പട്ടി കൊണ്ടുപോയതും എല്ലാം നഷ്ടപ്പെട്ടു എന്ന് കരുതി നിരാശനായിരിക്കുമ്പോൾ ഭാഗ്യം മാലയിട്ടു സ്വീകരിക്കുന്നതും, അങ്ങനങ്ങനെ കതിരിൽ പതിരില്ലാത്ത കഥകളിലൂടെ വായനക്കാരെ പ്രവർത്തനനിരതരാകുന്ന പുസ്തകമാണ് IN SEARCH OF LUCK.

Leave a Reply

Your email address will not be published. Required fields are marked *