രൂപതാധ്യക്ഷൻ എഴുപത്തിയഞ്ചിലേക്ക് പ്രവേശിക്കുമ്പോൾ സ്നേഹപൂർവ്വം നമ്മൾ നെഞ്ചിലേറ്റേണ്ട വികാരം കൃതജ്ഞതയുടേതാണ് | കൃതാർത്ഥതയുടേതാണ് | ഗ്ലോബൽ ടി വി
എൻ വി പൗലോസ്, ചെയർമാൻ, ഗ്ലോബൽ ടി വി +91 98441 82044
യഥാ രാജ തഥാ പ്രജ എന്ന പഴഞ്ചൊല്ല് വളരെ അർത്ഥവത്താണ്. നേതൃത്വം ദീർഘ വീക്ഷണം എന്നിവ എക്കാലത്തും സമൂഹത്തിൻ്റെ ഭാവി നിശ്ചയിക്കുന്നതിൽ വളരെ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ഇന്ത്യയുടെ പ്രധാന മന്ത്രിയായി ജവഹർലാൽ നെഹ്‌റുവിൻ്റെ സ്ഥാനത്ത് മറ്റൊരാളെ ചിന്തിക്കാൻ ആകാത്ത വിധം ഇന്ത്യയുടെ ശില്പി എന്ന നിലയിലേക്ക് അദ്ദേഹം ഉയർന്നു. ഭക്രാനംഗൽ അണക്കെട്ടും ഐ ഐ എം, ഐ ഐ ടി കളും പോലുള്ള അദ്ദേഹത്തിൻ്റെ പ്രവർത്തന മികവും ഒപ്പം ചേരിചേരാനയം എന്ന സ്വതസിദ്ധമായ വ്യക്തിത്വവും ഇന്ത്യയുടെ യശസ്സുയർത്തി. ഈ ഉദാഹരണം അപ്പാടെ പറിച്ചു നടാവുന്ന വ്യക്തിത്വമാണ് അഭിവന്ദ്യ മുക്കുഴി പിതാവിൻ്റെത്. ദീർഘവീക്ഷണത്തോടെയുള്ള അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങൾ കുടിയേറ്റ മലയാളികളുടെ അന്തസ്സുയർത്തി. യുവത്വം പ്രോത്സാഹിപ്പിക്കപ്പെടുകയും പ്രഘോഷിക്കപ്പെടുകയും ചെയ്തപ്പോൾ രൂപതയുടെ പ്രവർത്തനങ്ങളിൽ ചുറുചുറുക്കും മികവുമുണ്ടായി. വള്ളോപ്പിള്ളി പിതാവിൻ്റെ ദീർഘവീക്ഷണത്തോട് ചേർത്ത് വച്ച് വായിക്കേണ്ട വലിയൊരു പാഠ പുസ്തകമാണ് മാർ ലോറൻസ് മുക്കുഴി.
പ്രൗഢഗംഭീരമായ കാൽ നൂറ്റാണ്ട് പിന്നിട്ടപ്പോൾ മലബാറിൻ്റെ ഒരു പുനഃപ്രതിഷ്ഠ കർണാടകത്തിൽ നടത്തുവാൻ മാർ ലോറൻസ് മുക്കുഴി പിതാവിന് കഴിഞ്ഞു എന്ന് നമുക്ക് നിസ്സംശയം പറയാം.
മലബാറിലേത് പോലെ തലയെടുപ്പുള്ള പള്ളികൾ പണിതുയർത്തുമ്പോഴും മത സൗഹാർദ്ധം എന്ന ശാന്തസമുദ്രം അദ്ദേഹം ശ്രദ്ധാപൂർവ്വം ക്രമപ്പെടുത്തി. ബൽത്തങ്ങാടി രൂപത സൗഹാർദ്ധ പ്രവർത്തങ്ങൾക്ക് നേതൃത്വം കൊടുക്കുകയായിരുന്നു എന്ന് നമ്മൾ മനസ്സിലാക്കണം. രാജ്യം മുഴുവൻ മംഗലാപുരം അറിയപ്പെടുന്നത് പലപ്പോഴും മതമൗലിക വാദത്തിൻ്റെ പേരിൽ ആണെന്ന് കൂടി അറിയുമ്പോൾ ആണ് ഇതിൻ്റെ പ്രാധാന്യം പൂർണ്ണമായും നമുക്ക് മനസ്സിലാകുകയുള്ളു. അധികാരം പലപ്പോഴും അഹങ്കാരവും അന്ധകാരവും ആയി മാറുന്ന കാഴ്ചയാണ് ലോകമെങ്ങും കാണുന്നതെങ്കിൽ, ഇവിടെ നമ്മൾ കാണുന്നത് സൗമ്യതയുടെയും സൗഹൃദത്തിൻ്റെയും ശാന്തതയും പ്രശാന്തതയുമാണ്.
കർണാടകത്തിലെ ദക്ഷിണ കന്നഡ ജില്ലയുടെ ഭാഗമായ കടബയിലെ ഹോസ്മോട്ടയിൽ 1951 ഓഗസ്റ്റ് 31നാണ് ലോറൻസ് മുക്കുഴി ജനിച്ചത്. തോമസ് മുക്കുഴിയുടെയും റോസ മുക്കുഴിയുടെയും ഏഴാമത്തെ മകൻ.
ചെറുപ്പം മുതലേ ആഴത്തിലുള്ള വിശ്വാസവും ക്രിസ്ത്യൻ പാരമ്പര്യവും അദ്ദേഹത്തിൻ്റെ വ്യക്തിത്വ രൂപീകരണത്തിൽ പ്രധാന പങ്ക് വഹിച്ചു. തലശ്ശേരിയിലെ സെന്റ് ജോസഫ്സ് മൈനർ സെമിനാരിയിലും ആലുവയിലെ പൊന്തിഫിക്കൽ സെമിനാരിയിലും വൈദിക പഠനം. മൈസൂർ സർവകലാശാലയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം. 1978 ഡിസംബർ 27ന് സെബാസ്റ്റ്യൻ വള്ളോപ്പിള്ളി പിതാവിൽ നിന്നും വൈദികപട്ടം സ്വീകരിച്ചു.
1997 ൽ ദക്ഷിണ കന്നഡ മിഷൻ്റെ എപ്പിസ്കോപ്പൽ വികാരിയായി. 1999 ഏപ്രിൽ 24 ന് ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ മാർപ്പാപ്പ ബെൽത്തങ്ങാടി രൂപത സ്ഥാപിച്ചു. പുതിയ രൂപതയുടെ ആദ്യ ബിഷപ്പായി മാർ ലോറൻസ് മുക്കുഴിയെ നിയമിച്ചു.
