എന്തിനകത്തും രണ്ടു കാഴ്‌ചകൾ ഒളിഞ്ഞിരിപ്പുണ്ട് | നീ എന്തു കാണുന്നു എന്നതാണ് പ്രധാനം | Global TV
സി. ശോഭ CSN
അല്പം സത്യസന്ധതയുള്ള ഏതൊരാൾക്കും ഏശയ്യായെപ്പോലെ ഇങ്ങനെ വിലപിക്കേണ്ടി വരുന്നുണ്ട്: ഞാൻ അശുദ്ധമായ അധരങ്ങളു ള്ളവനും അശുദ്ധമായ അധരങ്ങളുള്ളവരുടെ മദ്ധ്യേ വസിക്കുന്നവനുമാണ് (ഏശയ്യ 6:5).
ചെറിയ ക്ലാസ്സിലെ കുട്ടികൾക്കുവേണ്ടി നടത്തുന്ന ഒരു കളി ഓർമിക്കുന്നില്ലേ. ഒരു കറുത്ത മഷിപ്പൊട്ടുള്ള തൂവെള്ള പേപ്പർ ഉയർത്തിക്കാണിച്ചിട്ട് നിങ്ങൾ എന്തു കാണുന്നു എന്നു ചോദിക്കുന്നു.
ഉടനെ കുട്ടികളെല്ലാവരും കോറസ്സായി ഉത്തരം പറയുന്നു: കറുത്ത പൊട്ട്…!
ആ കുട്ടികളിൽ നിന്ന് ഇപ്പോഴും നമ്മൾ മുതിർന്നിട്ടില്ല. എന്തിലും ആരിലും ഒരു കുറവു കണ്ടെത്തുന്നത് ബുദ്ധിയുടെയും മിടുക്കിന്റെയും അടയാളമെന്ന വിധം ഘോഷിക്കപ്പെടുകയും ചെയ്യുന്നു. ഇത്തരം അറിവുകൾ ഏതെങ്കിലും തരത്തിൽ നമ്മെ നല്ല മനുഷ്യരാക്കുന്നുണ്ടോ എന്നൊന്ന് ആലോചിച്ചു നോക്കിയിട്ടുണ്ടോ ? അതു നമ്മെ അശാന്തരും മോശപ്പെട്ട മനുഷ്യരുമാക്കിത്തീർക്കുന്നു.

എന്തിനകത്തും രണ്ടു കാഴ്‌ചകൾ ഒളിഞ്ഞിരിപ്പുണ്ട്. നീ എന്തു കാണുന്നു എന്നതാണ് പ്രധാനം. ഒരേ ജാലകത്തിലൂടെ നോക്കിയ രണ്ടുപേർ, ഒരാൾ മനോഹരമായ ആകാശം കാണുന്നു. മറ്റെയാൾ അഴുക്കു നിറഞ്ഞുകിടക്കുന്ന മണ്ണും. വിശുദ്ധ ലൂക്കാ എഴുതിയ സുവിശേഷത്തിൽ വിവരിക്കുന്ന ആ സംഭവത്തിലൂടെ എത്ര മനോഹരമായാണ് യേശു അതു പഠിപ്പിക്കുന്നത്.
ഫരിസേയന്റെ വീട്ടിൽ ഭക്ഷണത്തിനിരിക്കുന്ന യേശുവിനെ കണ്ണീരുകൊണ്ടും സുഗന്ധതൈലം കൊണ്ടും അഭിഷേകം ചെയ്യുന്ന പാപിനിയായ ഒരു സ്ത്രീ. അവൾക്കെതിരെ മാത്രമല്ല, അവളെ തടയാതിരിക്കുന്ന യേശുവിനെതിരെയും അയാൾ തന്നോടുതന്നെ പിറുപിറുക്കുന്നു.
അവളുടെ സ്നേഹമാകട്ടെ മഴപോലെ പെയ്തിറങ്ങുകയാണ്. ശിമയോൻ അവളെ പാപിനിയെന്നു വിശേഷിപ്പിക്കുമ്പോൾ യേശു അവളുടെ അധികസ്നേഹത്തെക്കുറിച്ചാണു സംസാ രിക്കുന്നത്.
എല്ലാ കാലത്തെയും മനുഷ്യർ ഇതൊക്കെത്തന്നെയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. നമ്മൾ ഉൾപ്പെടാത്ത കാര്യങ്ങളൊക്കെ തെറ്റും നമ്മളുൾപ്പെടുന്ന കാര്യങ്ങളൊക്കെ ശരിയും!
ഓരോരുത്തരും ചിന്തിക്കുന്നു ഞാൻ ശരിയാണെന്ന്, അതങ്ങനെതന്നെയാണെന്നിരിക്കട്ടെ, പടക്ഷ, നാം അപരന്റെ ശരിയെ അംഗീകരിക്കുന്നില്ല. എന്നാൽ, ശരിയല്ലെന്ന് എനിക്കു തോന്നുന്ന കാര്യം അയാൾക്കു ശരിയാണ്. നമ്മുടെ ശരികളാകട്ടെ അയാൾക്കു ശരിയല്ലെന്നും തോന്നുന്നു. എന്തുകൊണ്ടാണ് അപരന്റെ പോരായ്മകളിലേക്കു തിരിച്ചു പിടിച്ചിരിക്കുന്ന ഒരു കണ്ണാടി പോലെ നമ്മുടെ ജീവിതമിങ്ങനെ.
മറ്റുള്ളവരെ ശ്രേഷ്‌ഠരായി പരിഗണിക്കാനുള്ള വിനയമോ അവരുടെ നേട്ടങ്ങളെ അംഗീകരിക്കാനുള്ള നന്മയോ ഇല്ലത്തതുകൊണ്ടാണ് വാസ്‌തവത്തിൽ നമ്മ ളിങ്ങനെ…. നമ്മൾ അവരെക്കാൾ ഭേദപ്പെട്ടവരാണെ ന്നാണ് നമ്മക്കുറിച്ചു തന്നെയുള്ള നമ്മുടെ വിലയിരുത്തൽ ഒരുപക്ഷേ, അതു ശരിയുമായിരിക്കാം.
എന്നാൽ നമുക്കുണ്ടെന്നു നമ്മൾ വിചാരിക്കുന്ന സുകൃതങ്ങളോ കഴിവുകളോ എന്തുമാകട്ടെ, എല്ലാം വെറും ദാനങ്ങളാണെന്നു തിരിച്ചറിയാത്തിടത്തോളം നമ്മളീ അഹം ബോധത്തിൽ തുടർന്നും ജീവിക്കും.
നമുക്കു ലഭിച്ച അവസരങ്ങൾ അവർക്കു കിട്ടിയിരുന്നെങ്കിലോ? ഒരുപക്ഷേ, നമ്മെക്കാൾ നല്ലവരും കഴിവുള്ളവരുമായി തിളങ്ങിയേനെ
കണ്ടില്ലേ. റെയിൽവേ സ്റ്റേഷനിൽ പാട്ടുപാടി ജീവിച്ചിരുന്നരാണു രേണു മൊണ്ടൽ ഒരവസരം കിട്ടിയപ്പോൾ ബോളിവുഡിനെ അതിശയിപ്പിച്ചുകളഞ്ഞത്.
മറ്റുള്ളവർ നമ്മുടെ സങ്കല്‌പത്തിനിണങ്ങിയ മട്ടിൽ ജീവിക്കുന്നില്ല എന്നതാണു പലപ്പോഴും നമ്മെ അസ്വസ്ഥമാക്കുന്ന പ്രശ്നം അതാകട്ടെ നമുക്കൊരിക്കലും പരിഹരിക്കാനാവാത്തതും അതെ, അവർ അവർക്കു ശരിയെന്നും നല്ലതെന്നും തോന്നുന്ന കാര്യങ്ങളാണല്ലോ ചെയ്തുകൊണ്ടിരിക്കുന്നത്. ഒരാൾ ചുറ്റിനും എന്തു മാത്രം ശരിയില്ലായ്മകൾ കണ്ടെത്തുന്നുവോ അത്രത്തോളം അയാൾ തന്നിൽ ത്തന്നെ അസ്വസ്ഥനാകുന്നു എന്നതാണിതിലേ വൈരുദ്ധ്യം. നിങ്ങൾ ഒരു നല്ല മനുഷ്യൻ തന്നെയായിരിക്കാം. അതിലിത്ര മേന്മഭാവി ക്കാമോ? കാരണം തന്റെ ആഗ്രഹമനുസരിച്ച് ചിന്തിക്കാനും പ്രവർത്തിക്കാനും നിങ്ങളെ ഉത്തേജിപ്പിക്കുന്നത് ദൈവമാണ് എന്ന പൗലോ ശ്ലീഹായുടെ വടക്കുകൾ ഓർമിക്കുക.
മനുഷ്യരെല്ലാം വിശുദ്ധരാണെന്നോ തിന്മയായ തൊന്നും ഇവിടെ സംഭവിക്കുന്നില്ല എന്നല്ല പറഞ്ഞു വരുന്നത് അപരന്റെ തിന്മകൾ എന്നിലെ വെളിച്ചത്തെ കൊടുത്തിക്കളയാൻ ഇടയാക്കുന്നതെന്തിനാണ്. നമുക്കുണ്ടെന്നു നമ്മൾ വിചാരിക്കുന്ന കഴിവുകളും നന്മ യുമൊ ക്കെത്തന്നെയാണ് ഇങ്ങനെ നമ്മെത്തന്നെ മലിനമാക്കാൻ പ്രേരണയാവുന്നത്. നിങ്ങളിലെ വെളിച്ചം ഇരുളാവാതിരിക്കാൻ ശ്രദ്ധിക്കുവിൻ എന്ന് യേശു ഓർമപ്പെടുത്തുന്നു. സ്നേഹിക്കാനറി യുന്ന ഒരു ഹൃദയമുണ്ടായിരിക്കുകയാണ് മിടുക്ക രായിരിക്കുന്നതിനെക്കാൾ നല്ലത്.
ഓരോരുത്തരുടെയും ഉള്ളിൽ ദൈവികമായ സ്നേഹം മയങ്ങിക്കിടപ്പുണ്ട്. ഓരോ കാരണങ്ങൾ കൊണ്ട് അതവിടെ മൂടിക്കിടക്കുന്നു എന്നേയുള്ളൂ. ചിലപ്പോഴത് സ്വാർത്ഥതകൊണ്ടാകാം അല്ലെങ്കിൽ അവർ സ്നേഹം കൊണ്ടുതന്നെ മുറിവേറ്റവരാകാം. കാരണം എന്തുമാകട്ടെ, സ്നേഹിക്കാൻ അവർ ഭയപ്പെടുന്നു.
ധിക്കാരമെന്നും ധാർഷ്ട്യമെന്നും നമുക്കു തോന്നുന്ന കാര്യങ്ങൾ ഇങ്ങനെ മുറിവേറ്റവന്റെ കരച്ചിലുകളാണ് സ്നേഹത്തിന്റെ തൈലം കൊണ്ട് മാത്രം ഉണങ്ങുന്ന മുറിവുകൾ.
ആരിലാണോ അധികസ്നേഹമുള്ളത് അവർ ക്കുമാത്രമേ അവരെ സൗഖ്യത്തിലേക്കു കൊണ്ടു വരാനാവൂ. പൂർണമായ സ്നേഹം ഭയത്തെ ഇല്ലാതാക്കുന്നുവെന്നു യോഹന്നാൻ ശ്ലീഹാ.
എന്താണ് പൂർണ്ണമായ സ്നേഹം? അതിനുത്തരം യോഹന്നാൻ തന്നെ നല്‌കുന്നു- സ്നേഹത്തിൽ വസിക്കുക. അപ്പോൾ പുറത്തുനിന്നുള്ള ഒന്നും എന്റെ സ്നേഹത്തെ കുറയ്ക്കുന്നില്ല. അങ്ങനെയു ള്ളവർ ക്രിസ്‌തുവിനെപ്പോലെയാണെന്ന് യോഹന്നാൻ വിലയിരുത്തുന്നു.
കാര്യങ്ങൾ നേരെയാകാൻ നമ്മളെടുക്കുന്ന നില പാടുകൾ പലപ്പോഴും അതു കൂടുതൽ സങ്കീർണമാക്കുകയാണ്. ഒരുദാഹരണത്തിന്, തെല്ല് പ്രശ്നക്കാര നായ മകനെ നേരെയാക്കാൻ അവനെ വീട്ടിൽ കയറ്റില്ല എന്നു നിശ്ചയിക്കുന്നു. അല്ലെങ്കിൽ നിരന്തരം ഫോണിൽ മുഖം പൂഴ്ത്തിയിരിക്കുന്ന കുട്ടിയിൽനിന്ന് ഫോൺ വാങ്ങി വലിച്ചെറിയുന്നു. അങ്ങനെ ചെയ്‌തിട്ട് ഏതെങ്കിലും ഒരു മകൻ നേരെയായിട്ടുണ്ടെങ്കിൽ ഒന്നറിയിക്കണേ. പലപ്പോഴും എത്ര ചെറിയ കാര്യങ്ങളാണ് നമ്മുടെ ബന്ധങ്ങൾ അകറ്റിക്കളയാൻ കാരണമാകുന്നത്. ഒരാൾ ഒരു വാശിയിൽ ചെയ്യുന്നതോ പറയുന്നതോ ആയ ഒരു കാര്യം. ഒരുപക്ഷേ, അയാളതുകൊണ്ട് ഉദ്ദേ ശിക്കാത്ത കാര്യങ്ങൾ നമ്മളതിൽ നിന്നു വായിച്ചെടു ക്കുന്നു. പിന്നെ മറുവാശിയായി.
അതോടെ രണ്ടുപേരും ഒരേ കളത്തിലാവുന്നു. അങ്ങനെ ആ പിണക്കം അനന്തമായി നീളുന്നു.
ഇരുവർക്കുമുണ്ടാകും തങ്ങളുടേതായ ന്യായങ്ങൾ തീരെ പക്വതയില്ലാത്ത നമ്മുടെ ഈ നിലപാടുകൾ പക്ഷേ, നമ്മുടെതന്നെ ഹൃദയത്തിനാണ് കൂടുതൽ ക്ഷതമേല്പിക്കുന്നത് എന്നു ശ്രദ്ധിച്ചി ട്ടുണ്ടോ?
മനഃശാസ്ത്രക്ലാസിൽ ഇങ്ങനെ പഠിച്ചതോർക്കുന്നു. മനുഷ്യരുടെ നാലുതരം നിലപാടുകളെക്കുറി ച്ചാണത്. ചിലർ വിചാരിക്കുന്നു ഞാൻ തെറ്റ് നീയും തെറ്റ്. വളരെ ശോചനീയമായിരിക്കും അവരുടെ ജീവിതം. വേറെ ചിലർ വിചാരിക്കുന്നു ഞാൻ ശരി, നീ തെറ്റ്- ഇവരോടൊപ്പമുള്ള ജീവിതം ദുരിതമായിരിക്കും. മറ്റുചിലർ വിചാരിക്കുന്നു ഞാൻ തെറ്റ് നീ ശരി തീരെ ആത്മവിശ്വാസമില്ലാത്ത ഈ മനുഷ്യർ ജീവിതത്തിൽ എന്തെങ്കിലും നേടുക പ്രയാസമാണ്. എന്നാൽ, അവസാനത്തെ വിഭാഗം ചിന്തിക്കുന്നു- ഞാൻ ശരി, നീയും ശരി…. ജീവിതം ആസ്വദിക്കുന്ന ഇവരോടൊത്ത് ജീവി ക്കുന്നത് എത്രയോ ആനന്ദകരമാണ്.
എന്നാൽ, കുറെക്കൂടി ഉന്നതമായ സ്നേഹം നിങ്ങ ളിലുണ്ടെങ്കിൽ ഏതു പ്രകോപനത്തിലും സ്നേഹ ത്തിൽ നിലനിൽക്കാൻ കഴിയുന്നു. അതവർക്ക് എന്നതിനെക്കാൾ നമുക്കു തന്നെയാണു പ്രയോജനം ചെയ്യുന്നത്. സ്നേഹത്തിൽ നിലനില്ക്കുന്നവർക്കു മാത്രമുള്ള അവകാശമാണ് ആനന്ദത്തിന്റെ പൂർണത എന്നോർമിക്കുക.
നമ്മൾ എത്ര ശ്രമിച്ചാലും നമ്മൾ ആഗ്രഹിക്കുന്നതുപോലെ വേറൊരാളെ രൂപാന്തരപ്പെടുത്താനാവില്ല അതു ദൈവത്തിനേ കഴിയൂ. മനുഷ്യർ നമ്മെ സ്നേ ഹിക്കുകയോ, സ്നേഹിക്കാതിരിക്കുകയോ ചെയ്യട്ടെ അതവരുടെ കാര്യം. അവരെ മനസ്സിലാക്കാനും പൊറുക്കാനും സ്നേഹിക്കാനും കഴിയുന്നുണ്ടോ എന്നതാണ് എന്റെ കാര്യം.
ആരുടെയോ ഭാവനയിൽ വിരിഞ്ഞ കഥയാണ്. എങ്കിലും അതിൽ കാര്യമുണ്ട്. ഒരാൾ ഉത്ഥിതനായ ക്രിസ്‌തുവിനൊപ്പം നടക്കുകയാണ്. അയാൾ ചോദിച്ചു: നിന്റെ ശരീരം ചാട്ടകൊണ്ടവർ കീറി മുറിച്ചപ്പോൾ നിനക്കവരോട് ഒരു നിമിഷമെങ്കിലും ദേഷ്യം തോന്നിയില്ലേ? ക്രിസ്‌തു ഒന്നും മിണ്ടിയില്ല. വെറുതെ ഒന്നു പൂഞ്ചിരിച്ചു. അയാൾ വീണ്ടും ചോദിച്ചു: കുരിശിൽ വേദനകൊണ്ട് പുളഞ്ഞപ്പോഴും നിനക്ക് അവരോട് ദേഷ്യം തോന്നിയില്ലേ അപ്പോൾ ശരിക്കും നീ തോറ്റു പോയില്ലേ?
ക്രിസ്‌തു ഒരു നിമിഷം നിന്നു. പിന്നെ പതിയെ പറഞ്ഞു തുടങ്ങി. ‘ദേ… അവനെ കണ്ടോ? പെട്ടെ ന്നൊരു ദേഷ്യത്തിന് അപ്പനോട് പിണങ്ങിയതാണ്. പിന്നെ വാശിയായിരുന്നു. കാലങ്ങളോളം മിണ്ടാതിരുന്നു. ഇന്നവന് അപ്പനോട് പഴയകുഞ്ഞായി കളിചിരി പറയണമെന്നുണ്ട്. പക്ഷേ, അപ്പൻ ഓർമയായി.
ദേ, ഇവനെയും കാണ്. ജീവിച്ചിരുന്നപ്പോൾ അവളുടെ അദ്ധ്വാനം, കരുതൽ ഒന്നും അവൻ ശ്രദ്ധിച്ചിട്ടില്ല. പകരം എന്നും അവളോട് കലഹിച്ചുകൊണ്ടിരുന്നു. ഇന്നവളില്ല. അവനോ അവളുടെ ഓർമയിൽ മിഴികൾ നിറഞ്ഞ്. ഒന്ന് നിർത്തിയിട്ട് യേശു തുടർന്നു: ഇനി പറ, ഞാൻ എങ്ങനെ നിങ്ങളോട് ക്ഷമിക്കാതിരിക്കും?’
സ്നേഹപൂർവം,
സി. ശോഭ CSN , shobhacsn@gmail.com
