സാറ് കാരണമാണ് ഞാൻ ഒരു അധ്യാപകൻ ആയത്. സാറിൻ്റെ ഒരു പ്രവർത്തിയാണ് എന്നെ അതിന് പ്രേരിപ്പിച്ചത്. ഓർമ്മയുണ്ടോ?..
BY Dr. Joselet Mathew | Former Principal, Nirmalagiri College
ഞാൻ ഡോ. ജോസ് ലെറ്റ് മാത്യു, കണ്ണൂർ ജില്ലയിലെ കുത്തുപറമ്പിലുള്ള നിർമലഗിരി കോളേജിന്റെ പ്രിൻസിപ്പലായി 2016 ൽ ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ചു. 22 വർഷക്കാലം സൂവോളജി അധ്യാപകനായും 5 വർഷം പ്രിൻസിപ്പലുമായി പ്രവർത്തിച്ചു. 27 വർഷക്കാലത്തെ ഔദ്യോഗിക ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ നൂറുകണക്കിന് അനുഭവങ്ങൾ മനസ്സിൽ തിരയടിക്കുന്നുണ്ട്. അതിൽ എന്നെ ഏറ്റവും സ്പർശിച്ച അനുഭവങ്ങളിൽ ഒന്നിവിടെ കുറിക്കാം.








Photo Caption: ഒരു വട്ടം കൂടിയെൻ ഓർമ്മകൾ മേയുന്ന നിർമലഗിരിയിൽ..
ഞാൻ കോളേജിൽ നിന്ന് പിരിയുന്ന അവസാനത്തെ ആഴ്ച, സാമാന്യം നല്ല തിരക്കുള്ള ഒരു ദിവസം, രാവിലെ എന്നെ കാണാൻ ഒരാൾ ഓഫീസിലേക്ക് കടന്നു വന്നു, എനിക്ക് ആളെ പെട്ടന്ന് മനസിലായില്ല. അദ്ദേഹം സ്വയം പരിചയപ്പെടുത്തി, പേര് അജിത്ത് ( ശരിയായ പേരല്ല, നമുക്കദ്ദേഹത്തെ തത്കാലം ഇങ്ങനെ വിളിക്കാം ).
ഹയർ സെക്കന്ററി സ്കൂൾ അധ്യാപകൻ ആണ്. നിർമ്മലഗിരിയിലെ പൂർവ്വവിദ്യാർത്ഥി. 20 വർഷം മുൻപ് BSc Zoology ക്ലാസ്സിൽ ഉണ്ടായിരുന്നു. ആളെ എനിക്കോർമ്മ വന്നു. ഞാൻ സർവീസിൽ നിന്ന് പിരിയുന്നതറിഞ്ഞു കാണാൻ വന്നതാണ്. അജിത്ത് തുടർന്നു…
സാർ നിർമലഗിരിയിൽ നിന്ന് പോകുന്നതിനു മുൻപ് ഒന്നുകണ്ടു നന്ദി പറയണമെന്ന് തോന്നി. സാറ് കാരണമാണ് ഞാൻ ഒരു അധ്യാപകൻ ആയത്. സാറിൻ്റെ ഒരു പ്രവർത്തിയാണ് എന്നെ അതിന് പ്രേരിപ്പിച്ചത്. ഓർമ്മയുണ്ടോ?..
ഞാൻ ആലോചിച്ചിട്ട് ഒന്നും ഓർമ്മ വന്നില്ല. അജിത്ത് സംഭവം വിവരിച്ചു…
മൂന്നാം വർഷ വിദ്യാർത്ഥികൾക്ക് എല്ലാവർഷവും പഠന – ഉല്ലാസ യാത്ര ഉണ്ട്. ഞാൻ മൂന്നാം വർഷക്കാരുടെ ക്ലാസ്സ് ടീച്ചർ ആയതുകൊണ്ട് ടൂർ കൊണ്ടുപോകേണ്ട ഉത്തരവാദിത്തം എനിക്കാണ്. ആ വർഷവും ഞങ്ങൾ യാത്ര പുറപ്പെട്ടു. ആതിരപ്പള്ളി – വാഴച്ചാൽ – എറണാകുളം – മൂന്നാർ വഴി കൊടൈക്കനാൽ വരെയാണ് യാത്ര.
ഗവേഷണകേന്ദ്രങ്ങളും ഉല്ലാസ കേന്ദ്രങ്ങളുമെല്ലാം സന്ദർശിക്കും…. രാത്രിയിൽ നിർമലഗിരിയിൽ നിന്ന് പുറപ്പെട്ടു രാവിലെ ഞങ്ങൾ ചാലക്കുടിയിൽ എത്തി. അവിടെ ഒരു ടൂറിസ്റ്റ് ഹോമിൽ കുളിയെല്ലാം കഴിഞ്ഞു ഫ്രഷ് ആയി അതിരപ്പള്ളിയിലേക്ക് യാത്ര ആരംഭിച്ചു. പോകുന്ന വഴിക്കു ഒരു ഹോട്ടലിൽ ബ്രേക്ക് ഫാസ്റ്റ് കഴിക്കുവാൻ കയറി.
ചിലവെല്ലാം നടത്തേണ്ടുന്ന ഡ്യൂട്ടി അജിത്തിനായിരുന്നു. ഭക്ഷണം കഴിച്ച് ഓരോ മേശയിലെയും ബില്ലുകൾ വാങ്ങി കൂട്ടി പൈസ കൊടുത്ത് എല്ലാവരും വണ്ടിയിൽ കയറി, യാത്ര തുടർന്നു. അജിത്ത് എൻ്റെ അടുത്തുവന്നിരുന്ന് ചെവിയിൽ ഒരു സ്വകാര്യം പറഞ്ഞു….
സാർ നമ്മൾ ഭക്ഷണം കഴിച്ചതിൻ്റെ മൊത്തം തുക 605 രൂപയാണ്. ഹോട്ടലിലെ സപ്ലയർ കൂട്ടിയപ്പോൾ തെറ്റിപ്പോയി 505 രൂപയെ വാങ്ങിയുള്ളു… 100 രൂപ നമുക്ക് കോളടിച്ചു.. എല്ലാവർക്കും ഐസ് ക്രീം വാങ്ങി കൊടുക്കാം. അന്ന് നൂറു രൂപയ്ക്കു വിലയുണ്ട്. ഞാൻ ഒന്നും പറഞ്ഞില്ല, പ്രതികരിച്ചുമില്ല.
ഞങ്ങൾ അതിരപ്പിള്ളി – വാഴച്ചാൽ വെള്ളച്ചാട്ടമൊക്കെ കണ്ടു തിരിച്ചുപോന്നു. രാവിലെ പോയ വഴിയിൽ തന്നെയാണ് മടക്ക യാത്ര. രാവിലെ ഭക്ഷണം കഴിച്ച ഹോട്ടലിൽ നിന്ന് അല്പം മാറ്റി വണ്ടി ഒന്ന് നിറുത്തണമെന്ന് ഞാൻ ഡ്രൈവറോട് പറഞ്ഞു. ബസ് നിറുത്തി ഞാൻ അജിത്തിനെയും കൂട്ടി ഹോട്ടലിൽ ചെന്ന് രാവിലെ ഭക്ഷണം വിളമ്പിയ സപ്ലയറെ കണ്ട് ഒരു സോറി പറഞ്ഞിട്ട് വിവരം പറഞ്ഞു. രാവിലെ നിങ്ങൾക്ക് കണക്ക് തെറ്റിയെന്നും 100 രൂപ കൂടി അങ്ങോട്ട് തരാനുണ്ടെന്നുപറഞ്ഞ്,ഒരു നൂറു രൂപ എൻ്റെ പോക്കറ്റിൽ നിന്നെടുത്തു അജിത്തിനെക്കൊണ്ട് കൊടുപ്പിച്ച്, തിരിച്ചുപോന്നു.
ബസ്സിൽ ആരും ഇതറിഞ്ഞില്ല.യാത്ര പൂർത്തിയാക്കി ഞങ്ങൾ കോളേജിൽ തിരിച്ചെത്തി.
അജിത്ത് തുടർന്നു പറയുകയാണ്…..
സാറേ ആ സംഭവം എൻ്റെ മനസ്സിനെ വല്ലാതെ ഉലച്ചു കളഞ്ഞു. സാറ് പഠിപ്പിച്ച സുവോളജി പാഠഭാഗങ്ങൾ എല്ലാം പരീക്ഷ കഴിഞ്ഞ് ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ മറന്നുപോയി. എന്നാൽ ഈ സംഭവം എൻ്റെ ജീവിതത്തിൽ ഓർക്കാത്ത ഒരു ദിവസം പോലുമില്ല. ഇതാണ് സാറിനെ പോലെ ഒരു അദ്ധ്യാപകനാകാൻ എന്നെ പ്രേരിപ്പിച്ചത്.
മാത്രമല്ല ജീവിതത്തിൽ ഇന്നു വരെ അനധികൃതമായി ഒരു പൈസ പോലും ഞാൻ സമ്പാദിച്ചിട്ടില്ല.. ഇതു പറയുമ്പോഴേക്കും ഞങ്ങളുടെ രണ്ടു പേരുടെയും കണ്ണുകൾ നിറഞ്ഞു….. എന്നോടൊപ്പം നിന്ന് ഒരു ഫോട്ടോയെടുത്തു അനുഗ്രഹവും വാങ്ങി അജിത്ത് തിരിച്ചു പോയി..
എൻ്റെ റിട്ടയർമെന്റുമായി ബന്ധപ്പെട്ടു ധാരാളം പരിപാടികൾ കോളേജിൽ നടന്നു. പല സെന്റോഫ് പാർട്ടികളും മറ്റും……
ഞാൻ പ്രിൻസിപ്പാൾ ആയിരുന്ന 5 വർഷകാലത്തെ കോളേജ് യൂണിയൻ ഭാരവാഹികൾ സ്പെഷ്യൽ വണ്ടി പിടിച്ചു കൊണ്ടുവന്നാണ് എന്നെ കോളേജിൽ നിന്ന് വീട്ടിൽ കൊണ്ടുവന്നാക്കിയത്… എല്ലാം നല്ല ഓർമകളായി മനസ്സിൽ പച്ചകെടാതെ നിൽക്കുന്നു.
എങ്കിലും എനിക്ക് കിട്ടിയ ഒരു നല്ല ഗുരു ദക്ഷിണയായി ” അജിത്ത് എപ്പിസോഡ് ” ഞാൻ മനസ്സിൽ സൂക്ഷിക്കുന്നു.

One thought on “Dr. Joselet Mathew | Former Principal, Nirmalagiri College | Kuthuparamba | Global TV”