സ്ത്രീ എത്ര പ്രസവിക്കണം
—ജോസ് ടി
1960-കളിലും എഴുപതുകളിലും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഫുൾ പേജ് കുടുംബാസൂത്രണ പരസ്യങ്ങൾ സ്വീകരിക്കാനാവാതെ നസ്രാണി ദീപിക പാപ്പരായി. അക്കാലത്താണ് അമേരിക്കയിൽ വിവാദ കൊടുങ്കാറ്റ് ഉണ്ടാക്കിയ കൃത്രിമ ജനനനിയന്ത്രണ വിലക്ക് അടങ്ങിയ പോൾ ആറാമന്റെ ‘മനുഷ്യജീവൻ’ എന്ന ചാക്രിക ലേഖനം വത്തിക്കാൻ പുറത്തിറക്കിയത്.
കെ.എം. മാണി ധനകാര്യമന്ത്രി ആയപ്പോൾ പാലാക്കാരായ ഏഴു സിഎംഐ സന്യാസിമാർ ചേർന്ന് ഒരു ദീപിക സൊസൈറ്റി ഉണ്ടാക്കി കേരള ധനകാര്യ കോർപ്പറേഷനിൽനിന്ന് ചെറിയൊരു വായ്പയെടുത്ത് പിടിച്ചുനിൽക്കാൻ നോക്കി. പലിശയടച്ച് ഏറെക്കാലം നിൽക്കാൻ വയ്യാതായപ്പോൾ സന്യാസിമാർ പത്രപ്രവർത്തനത്തിൽനിന്നു പിന്മാറാൻ തുടങ്ങി. കർദിനാൾ ആന്റണി പടിയറയുടെ അനുഗ്രഹാശിസ്സുകളോടെ ജാതിമതഭേദമന്യേ ബഹുജനങ്ങളിൽനിന്ന് ഷെയർ “പിരിച്ച്” രാഷ്ട്രദീപിക എന്ന പബ്ളിക് ലിമിറ്റഡ് കമ്പനി ഉണ്ടാക്കി. സന്യാസിമാരിൽ ചിലർ കുറേക്കാലത്തേക്കുകൂടി എഡിറ്റോറിയലിൽ തുടർന്നു. 1992-ൽ അവസാനത്തെ ആളും പിൻമാറി.
ദീപികയുടെ കഥ പറയുകയല്ല ഇവിടെ ഉദ്ദേശ്യം. ജനസംഖ്യ, ജനനനിയന്ത്രണം, സ്ത്രീപുരുഷ സമത്വം, ജെൻഡർ പൊളിറ്റിക്സ് തുടങ്ങിയ പൊള്ളുന്ന വിഷയങ്ങളെല്ലാം കത്തോലിക്കാ ജീവിതത്തിൽ അടിത്തട്ടോളം ചെല്ലുന്ന താത്ത്വിക-പ്രായോഗിക പിരിമുറുക്കങ്ങൾ ഉളവാക്കുന്നതാണ് എന്നു കാണിക്കുവാൻ പറഞ്ഞെന്നു മാത്രം.
സഞ്ജയ് ഗാന്ധി വാഴ്ചയ്ക്കുശേഷം നമ്മുടെ രാജ്യത്തു ‘കുടുംബാസൂത്രണം’ അശ്ളീലമാവുകയും തൽസ്ഥാനത്ത് രാജ്നാരായൺ കൊണ്ടുവന്ന ‘കുടുംബക്ഷേമം’ നിലനിൽക്കുകയും ചെയ്യുന്നു. ‘നമ്മളോന്ന് നമുക്കൊന്ന്’ എന്നത് ‘നമ്മൾ രണ്ട് നമുക്കു രണ്ട്’ ആയി. ജനസംഖ്യാവിദഗ്ധർ പറയുന്നതനുസരിച്ച് ആ രണ്ടുകൊണ്ട് നമുക്കും ലോകത്തിനും ‘ജനസംഖ്യാ ഉൾവലിവ്’ (population implosion) ഇല്ലാതെകഴിക്കാം. കൃത്യമായി പറഞ്ഞാൽ പ്രത്യുല്പാദന ആദേശം (fertility replacement) ഒരു സ്ത്രീയ്ക്ക് 2.1 കുഞ്ഞ് എന്നതാണെന്ന് അവർ പറയുന്നു.
2017-ൽ നമ്മുടെ രാജ്യത്ത് ഈ നിരക്ക് 2.2 ആയിരുന്നു. അതു കുറഞ്ഞുകൊണ്ടേയിരിക്കുന്നു. ഇതേക്കുറിച്ചുള്ള ഉത്കണ്ഠ പ്രതിഫലിപ്പിക്കുന്നതാണ്, നമ്മൾ മനുഷ്യബലത്തിൽ കൂടുതൽ ഊന്നൽ നൽകണമെന്നു സൂചിപ്പിച്ചുള്ള പ്രധാനമന്ത്രിയുടെ പല പ്രസംഗങ്ങളും. അതേസമയം, ജനസംഖ്യാനയത്തിൽ രാഷ്ട്രീയ സ്യയംസേവക സംഘപരിവാരത്തിൽ വ്യത്യസ്ത സംഘടനകൾ ഭിന്നതട്ടുകളിലാണ്. യു.പി. മുഖ്യമന്ത്രിയുടെ”ഒറ്റക്കുഞ്ഞ്” വിപ്ളവത്തോടു വിശ്വഹിന്ദു പരിഷത്ത് വിമുഖത കാട്ടുന്നത് ഉദാഹരണം.
ആദേശനിരക്ക് സംസ്ഥാനാടിസ്ഥാനത്തിലോ മതാടിസ്ഥാനത്തിലോ സമുദായാടിസ്ഥാനത്തിലോ രാജ്യത്ത് ഒരുപോലെയല്ല. ഗണ്യമായ ഏറ്റിറക്കങ്ങളുണ്ട്. ചില സംസ്ഥാനങ്ങളിലും മതങ്ങളിലും സമുദായങ്ങളിലും ഇത് ഉത്കണ്ഠയ്ക്കു കാരണമാവാം. ഇപ്പോഴത്തെ ജനസംഖ്യാശാസ്ത്രം (demographic studies) വച്ചുള്ള 2.1 എന്ന നിരപ്പു കാക്കാൻ യുവജനങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നൊരു പൊതുനയം അവർക്കു രൂപീകരിക്കാവുന്നതാണ് (ആരെയും പരോക്ഷമായിപ്പോലും നിർബന്ധിക്കാത്ത വിധം).
എന്നാൽ ശരാശരി കണക്കുകൾക്ക് ഒരു കുഴപ്പമുണ്ട്. അതിൽ ദശാംശങ്ങളും വരും. രണ്ടു കഴിഞ്ഞുള്ള ‘ദശാംശം കുഞ്ഞിനെ’ ആരു പ്രസവിക്കും? ചിലർ രണ്ടോ മൂന്നോ നാലോ പ്രസവിക്കുന്നു. ചിലർ രണ്ടിൽത്താഴെ പ്രസവിക്കുന്നു. അങ്ങനെയേ ശരാശരിയിൽ എത്താനാവൂ. അല്ലെങ്കിലത് മാവോയിസ്റ്റ് ചൈനയുടെ കടുംകൈകളുടെ രൂപമാർജിക്കും. ജനാധിപത്യത്തിൽ അതിന് ഇടമില്ല, ഉണ്ടായിക്കൂടാ.
പക്ഷേ, ഒരു സ്ത്രീ രണ്ടു കുഞ്ഞിനെയെങ്കിലും പ്രസവിക്കണമെന്നു പറയാൻ ആർക്കുണ്ട് അധികാരം, ആ സ്ത്രീയ്ക്കല്ലാതെ? മനുഷ്യവ്യക്തി എന്ന നിലയിൽ ഏറ്റവും മാനുഷികമായ സ്വഭാവം/ദിവ്യദാനം ആയ തന്റെ സ്വതന്ത്രമനസ്സ് അനുസരിച്ച് അവൾ കൈക്കൊള്ളേണ്ട അവളുടെ തീരുമാനമാണത്. അവളാണു പ്രസവിക്കുന്നത്.
വിവാഹവും ദാമ്പത്യവും അതിന്മേലുള്ള കുടുംബവും ഇപ്പോഴും നിലനിൽക്കുന്നു. അവിടെ, സ്ത്രീയുടെ സ്വതന്ത്രമനസ്സിന്റെയും പങ്കാളിയുടെ സ്വതന്ത്രമനസ്സിന്റെയും സ്നേഹസംയോഗമായ യുഗ്മമനസ്സിലാണു കുടുംബത്തിന്റെ അംഗസംഖ്യ, കുഞ്ഞുങ്ങളുടെ ആരോഗ്യ പരിപാലനം, വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങളിൽ കൂട്ടുതീരുമാനം ഉണ്ടാകുന്നത്.
സ്ത്രീപുരുഷന്മാരുടെ തുല്യമനുഷ്യത്വത്തിലും കുടുംബത്തിലെ കൂട്ടുത്തരവാദിത്വത്തിലുമൂന്നിയ ജനസംഖ്യാ ആദേശം എന്നത് ഏതെങ്കിലും സമുദായത്തിനോ മതത്തിനോ രാജ്യത്തിനോ ഒഴിവാക്കാവുന്നതല്ല. ഇക്കാര്യത്തിൽ കത്തോലിക്കാ സഭയുടെ സോഷ്യൽ ഡോക്ട്രിൻ രേഖയിലെ പ്രസക്തഭാഗങ്ങൾ ഒരു എക്യുമെനിക്കൽ ടെക്സ്റ്റ് മാത്രമല്ല, മതാന്തര/മതനിരപേക്ഷ രേഖകൂടിയാണ്.
ആദേശനിരക്ക് അപകടരേഖയ്ക്കു താഴേയ്ക്ക് ഏറെ താണുപോയി വർഷങ്ങൾ കഴിഞ്ഞ് ഉണർന്നുവരുന്ന ഒരു സമുദായത്തിന്റെ മതനേതൃത്വം ( ഇവിടെ കത്തോലിക്കരിലെ ഒരു രൂപത; ഓർത്തഡോക്സ് ഭാഷയിൽ ഭദ്രാസനം; നവീകരണ ഭാഷയിൽ മഹായിടവക) കൂടുതൽ കുഞ്ഞുങ്ങൾ ഉള്ള കുടുംബങ്ങൾക്കു ചില ‘പ്രോത്സാഹനസമ്മാനങ്ങൾ’ പ്രഖ്യാപിച്ചു. അതിന്റെ ധാർമികത ചില മാധ്യമങ്ങളിൽ ചോദ്യം ചെയ്യപ്പെട്ടപ്പോൾ, ചില വൈദികരും അവൈദികരും ചാടിവീണൂ “സഭയെ രക്ഷിക്കാൻ”.
സ്വന്തം സഭയുടെ ആഗോള ഡോക്ട്രിൻ തള്ളി സ്ത്രീയെ അമ്മയാക്കാനും അമ്മയെ പ്രസവയന്ത്രം ആക്കാനുമുള്ള അവരുടെ തത്രപ്പാടു കണ്ടു പറഞ്ഞുപോയതാണേ, തുടക്കത്തിൽ സൂചിപ്പിച്ച കത്തോലിക്കാ പിരിമുറുക്കം.
—ജോസ് ടി
muziristimes.com