മിടുമിടുക്കനാണ് ഫിറോസ്
വരയിലെ അൽഭുതം…
കമാൽ വരദൂർ.
ഒരു കോവിഡ് നാൾ.
മൊബൈൽ നിർത്താതെ ശബ്ദിക്കുന്നു.
മറുഭാഗത്ത് ആർട്ടിസ്റ്റ് ഫിറോസ് അസൻ.
കമാൽക്ക,ഞാൻ ഒരാൾക്ക് ഫോൺ
കൊടുക്കാമെന്ന് പറഞ്ഞ് ഫോൺ
കൈമാറുന്നു….
എടാ, എവിടെയാണ്….
എടാ വിളി കേട്ടപ്പോൾ തന്നെ മനസിലായി
ഉമ്മയാണെന്ന്….
ഫിറോസ് എങ്ങനെ ഉമ്മയുടെ
അരികിലെത്തി എന്ന ചോദ്യത്തിന്
മുമ്പ് തന്നെ പറഞ്ഞു-
ഓൻ ചായക്ക് നിൽക്കുന്നില്ലെന്ന്….
ആര് വീട്ടിൽ വന്നാലും ചായ നൽകിയേ
ഉമ്മ വിടു….
വരദുർ വഴി യാത്ര ചെയ്യുമ്പോൾ
എന്റെ വീട് തേടി ഫിറോസ്
അവിടെ കയറിയതാണ്
……
വിഖ്യാതനായ ആർട്ടിസ്റ്റാണ്
വടകരക്കാരനായ ഫിറോസ്.
സച്ചിൻറെ മുംബൈയിലെ വീട്ടിൽ
ഒരു നാൾ പോയപ്പോൾ അവിടെ
ഫിറോസിന്റെ വരയുണ്ട്..
മുൻ രാഷ്ട്രപതി APJ
അബ്ദുൾ കലാമിൻറെ ഗംഭീര Portrait
ഫിറോസ് ചെയ്തിട്ടുണ്ട്.
എന്തിനേറെ-ഷാർജാ
ഭരണാധികാരിയുടെ ആസ്ഥാനത്തുമുണ്ട്
മ്മടെ വടകരക്കാരൻ..
ബാംഗ്ലൂർ ഉൾപ്പെടെ പലയിടങ്ങളിൽ
എക്സിബിഷൻ നടത്തിയിട്ടുണ്ട്..
……
കഴിഞ്ഞ ദിവസം ഫിറോസ് വിളിച്ചു,
കമാൽക്ക-എവിടെയുണ്ട്.
പ്രസ് ക്ളബിലുണ്ടെന്ന്
പറഞ്ഞപ്പോൾ ഉടൻ അവിടെയെത്തി.
കൈവശം വലിയ ഒരു പെയിന്റിഗും.
ഓപ്പൺ ചെയ്തപ്പോൾ ഞെട്ടി….!
ഞാനും ഉമ്മയും ഒരുമിച്ചുള്ള
ഗംഭീര Painting..
ജീവനുള്ള ചിത്രം പോലെ..
മിടുമിടുക്കനാണ് ഫിറോസ്
വരയിലെ അൽഭുതം…
കമാൽ വരദൂർ.
ഒരു കഥ സൊല്ലട്ടുമാ?
By മഹേഷ് മേനോൻ
കോഴിക്കോട്ടെ ഒരു ഗ്രാമത്തിൽ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ദിവസക്കൂലിക്ക് പെയിന്റിംഗ് ജോലി ചെയ്യുന്ന, പത്താം ക്ലാസ് വരെ മാത്രം പഠിപ്പുള്ള ഒരു ചെറുപ്പക്കാരന് പെട്ടെന്നൊരുനാൾ ഒരു മോഹമുണ്ടാകുന്നു – അന്നത്തെ രാഷ്‌ട്രപതി ശ്രീ. അബ്ദുൽ കലാമിനെ ഒന്ന് നേരിട്ടുകാണണമെന്ന്. കേട്ടാൽ ആരായാലും ഇതിനെ എന്തുവിളിക്കും? അതിമോഹം? അഹങ്കാരം? ഭ്രാന്ത്? കഥയില്ലായ്മ?
നാട്ടിലെ തുച്ഛ വരുമാനംകൊണ്ടു വീട് പുലരാൻ നിവൃത്തിയില്ലാത്തതുകൊണ്ട് എങ്ങനെയെങ്കിലും ഒന്ന് രക്ഷപെടാൻ വേണ്ടി സൗദിയിൽ പോകുക. വീട്ടിലേക്കയച്ചുകൊടുക്കാൻ പോലും ബാക്കിയില്ലാത്തവിധം തുച്ഛമായ ശമ്പളത്തിൽ അവിടെ ജോലി ചെയ്യുമ്പോൾ സാക്ഷാൽ അബ്ദുള്ള രാജാവിനെ ഒന്ന് കാണണം എന്നൊരു ആഗ്രഹം വരുക. വീണ്ടും അതിമോഹം?
ഒടുവിൽ താൻ വരച്ച ചിത്രങ്ങൾ അബ്ദുള്ള രാജാവിനു നേരിട്ടു സമ്മാനിക്കാൻ ഒരവസരം ലഭിക്കുക. അതിനുവേണ്ടി രാവു പകലാക്കി ഇരുപത്തഞ്ചോളം ചിത്രങ്ങൾ വരക്കുക. പക്ഷെ നേരിട്ടു കാണേണ്ടതിന്റെ കൃത്യം തലേദിവസം ഒരു വെള്ളപ്പൊക്കത്തിൽ താൻ വരച്ച ചിത്രങ്ങൾ ഒന്നുപോലും ബാക്കിയില്ലാതെ ഒലിച്ചുപോകുന്നത് കാണേണ്ടിവരിക. ജീവിതം മടുത്ത് ആത്മഹത്യ ചെയ്യാനുള്ള എല്ലാ സാഹചര്യവുമുണ്ട് അല്ലേ?
സ്കൂളിൽ തോറ്റപ്പോൾ ജയിച്ചു വന്നാൽ മതി എന്നുപറഞ്ഞു അച്ഛൻ വീട്ടിൽ നിന്ന് പുറത്താക്കുക, കഷ്ടപ്പെട്ട് ജയിച്ചു കഴിഞ്ഞു പ്രീഡിഗ്രിക്ക് ചേരുക, ഫീസ് കൊടുക്കാൻ ഇല്ലാതാകുക, ഒടുക്കം പഠിപ്പ് അവസാനിപ്പിച്ച് പെയിന്റിംഗ് ജോലിയിലേക്ക് പോകുക. നമ്മൾ കേൾക്കുന്ന അല്ലെങ്കിൽ നമ്മളറിയുന്ന ഒരുപാടുപേരുടെ കഥകളിൽ ഒന്ന് അല്ലേ?
നമ്മൾ ഉദ്ദേശിച്ച ഒരു കാര്യം നടക്കാതെ വരുമ്പോൾ, അതുമല്ലെങ്കിൽ ഒരു ശ്രമം പരാജയപ്പെടുമ്പോൾ ഒക്കെ സ്വാഭാവികമായും നമുക്കുതോന്നും ഈ ലോകം മുഴുവൻ നമുക്കെതിരാണെന്ന് അല്ലെങ്കിൽ ഈ പരാജയത്തിന്റെ പടുകുഴിയിൽ നിന്ന് നമുക്കൊരു ഉയിർത്തെഴുന്നേൽപ്പില്ല എന്ന്. എന്നാൽ യാദൃശ്ചികമായി നമ്മൾ പരിചയപ്പെടുന്ന ചില വ്യക്തിത്വങ്ങൾ നമ്മുടെ കാഴ്ചപ്പാടുകളെത്തന്നെ മാറ്റിമറിക്കും. അങ്ങനെയുള്ള ഒരാളെ പരിചയപ്പെട്ടതിന്റെ കഥ പറയാം. മുൻപൊരിക്കൽ എഴുതിയതുപോലെ, കുന്ദലഹള്ളി കേരള സമാജത്തിന്റെ ഓണാഘോഷം കഴിഞ്ഞ ഒക്ടോബറിലായിരുന്നു. അന്ന് ഓരോ കലാപരിപാടികൾ നടക്കുന്നതിനിടയിൽ സ്റ്റേജിന്റെ ഒരു മൂലയിൽ നിന്ന് ഒരാൾ ‘ലൈവ് പെയിന്റിംഗ്’ ചെയ്യുന്നുണ്ടായിരുന്നു. ഒരു കോളേജ് വിദ്യാർഥിയെപ്പോലെ തോന്നിപ്പിക്കുന്ന, വളരെ സൗഹാർദ്ദപരമായി സംസാരിക്കുന്ന ഒരു സാധാരണ മനുഷ്യൻ. ഏതാനും മിനിറ്റുകൾക്കുള്ളിൽതന്നെ വലിയൊരു ക്യാൻവാസിൽ മഹാബലിയും, ആനയും, ചെണ്ടമേളവുമെല്ലാം അടങ്ങുന്ന ഒരു മനോഹരചിത്രം അദ്ദേഹം വരഞ്ഞിട്ടു. താൻ കോഴിക്കോട് നിന്നുള്ള ഒരു ‘ചെറിയ’ കലാകാരനാണ്, ഇത്തരമൊരു അവസരം തന്നതിന് എല്ലാവരോടും നന്ദിയുണ്ടെന്നും പറഞ്ഞു അദ്ദേഹം വേദി വിടുകയും ചെയ്തു.
ആ ചിത്രത്തോട് തോന്നിയ വല്ലാത്തൊരു ഇഷ്ടംകൊണ്ടുമാത്രം പോകുന്നതിനു മുൻപ് അദ്ദേഹത്തോട് സംസാരിക്കുകയും പരസ്പരം ഫോൺ നമ്പറുകൾ കൈമാറുകയും ചെയ്തു. അന്ന് കുറച്ചുസമയമേ സംസാരിച്ചുള്ളൂ എങ്കിലും ഒരു സുഹൃത്തിനോടുള്ള അടുപ്പം തോന്നിയതുകൊണ്ട്, പിന്നീടും അദ്ദേഹത്തോട് പലതവണ സംസാരിച്ചു. അപ്പോഴാണ് മനസ്സിലായത് ഈ ‘ചെറിയ’ കലാകാരന്റെ ശരിക്കുള്ള വലുപ്പം. ചെറിയൊരു നേട്ടം വന്നാൽപോലും വലിയ സംഭവമായി മേനി നടിച്ചു നടക്കുന്നവർക്കിടയിൽ, മനസ്സിന്റെ എളിമകൊണ്ടു വിസ്മയിപ്പിച്ച ആ മഹാനായ കലാകാരന്റെ പേരാണ് ശ്രീ. ഫിറോസ് അസ്സൻ Firos Assan തുടക്കത്തിൽ ഞാൻ പറഞ്ഞ കാര്യങ്ങളെല്ലാം തന്നെ ശ്രീ. ഫിറോസ് തന്റെ ജീവിതത്തിൽ നേരിടേണ്ടിവന്ന ഒരുപാടു പരീക്ഷണങ്ങളിൽ ചിലതുമാത്രമാണ്. ഈ കല്ലും മുള്ളും നിറഞ്ഞ പാതയിലൂടെ അദ്ദേഹം നടന്നുകയറിയത് എങ്ങോട്ടാണെന്നതിന്റെ ചില ഉദാഹരണങ്ങൾ മാത്രം താഴെ കൊടുക്കുന്നു.
1) VVIP പാസ്സുമായി ഡോക്ടർ APJ അബ്ദുൽ കലാമിനെ നേരിട്ടുകണ്ടു സംസാരിക്കുക
2) ലണ്ടൻ മ്യൂസിയം, ബിസിസിഐ/ ഐസിസി ഓഫീസുകൾ എന്നിവിടങ്ങളിൽ ചിത്രങ്ങൾ സ്ഥാനം പിടിക്കുക
3) കേരളത്തിലെ ഒരു വലിയ എഞ്ചിനീയറിംഗ് കോളേജിൽ ആറു വർഷമായി ക്‌ളാസെടുക്കുക
4) കണ്ണൂരിന്റെ ചരിത്രം മുഴുവൻ പ്രതിപാദിക്കുന്ന എയർപോർട്ടിലെ 69m നീളമുള്ള പെയിന്റിംഗ് (ഒരുപക്ഷെ കേരളത്തിലെ ഏറ്റവും വലുത്)
5) കൊച്ചിയിൽ ഒരു എക്സിബിഷൻ നടത്തുമ്പോൾ അത് ഉദ്ഘാടനംചെയ്യാൻവേണ്ടി മാത്രം എല്ലാ തിരക്കുകളും മാറ്റിവെച്ച് സൂപ്പർസ്റ്റാർ മമ്മൂട്ടി തൊടുപുഴയിൽനിന്ന് കാറോടിച്ചുവരുക
6 ) സച്ചിൻ മുതൽ കോഹ്ലിവരെയുള്ള ക്രിക്കറ്റ് താരങ്ങളെ നേരിട്ടുകണ്ടു തൻ വരച്ച ചിത്രങ്ങൾ സമ്മാനിക്കുക
7) മോഹൻലാൽ മുതൽ പൃഥ്വിരാജ് വരെയുള്ളവരുടെ വീടിന്റെ ചുമരുകളെ അലങ്കരിക്കുന്ന മനോഹര ചിത്രങ്ങൾ വരച്ചു നൽകുക
8) 2022 വേൾഡ് കപ്പ് ഫുട്ബോൾ നടക്കുന്ന ഖത്തർ സ്റ്റേഡിയത്തിൽ ഇടം പിടിക്കാൻ പോകുന്ന ഇന്ത്യക്കാരന്റെ ഏക പെയിന്റിംഗ്
എഴുതാനാണെങ്കിൽ ഇനിയും ഒരുപാടുണ്ട് അതുകൊണ്ടു അതിനു മുതിരുന്നില്ല. നേട്ടങ്ങളുടെ കൊടുമുടിയിൽ നിൽക്കുമ്പോഴും, വന്ന വഴികൾ മറക്കാതിരിക്കുകയും, എളിമയാണ് ഏറ്റവും വലിയ തെളിമ എന്നോർമിപ്പിക്കുന്ന പെരുമാറ്റംകൊണ്ട് എന്നെ വിസ്മയിപ്പിക്കുകയും ചെയ്ത ഈ കലാകാരനെ പരിചയപ്പെട്ടതായിരിക്കണം ഒരുപക്ഷെ പോയവർഷത്തെ എന്റെ ഏറ്റവും ദീപ്തമായ ഓർമ്മകളിലൊന്ന്.
നല്ലൊരു കാര്യം പറഞ്ഞുകൊണ്ട് പുതുവർഷം തുടങ്ങണം എന്ന് നിര്ബന്ധമുണ്ടായിരുന്നു. അതുകൊണ്ടാണ് ഇത്ര ദീർഘമായി എഴുതിയത്.
വെറുപ്പും, വിദ്വേഷവുമല്ല സ്നേഹവും നന്മയും എല്ലാവരുടെയും ജീവിതത്തിൽ നിറയട്ടെ!
“നിങ്ങളൊരു കാര്യം അതിതീവ്രമായി ആഗ്രഹിച്ചാൽ അത് നിങ്ങൾക്ക് നേടിത്തരാൻ വേണ്ടി ഈ പ്രപഞ്ചം മുഴുവൻ ഗൂഢാലോചന നടത്തും” – ലോക പ്രശസ്ത നോവലിസ്റ്റ് പൗലോ കൊയ്ലോയുടെ പ്രസിദ്ധമായ ആല്‍ക്കെമിസ്റ്റ് എന്ന നോവലിലെ വാക്കുകളാണിത്
സ്വപ്‌നങ്ങൾ കണ്ടുകൊണ്ടേയിരിക്കുക, അതിനുവേണ്ടി പരിശ്രമിച്ചുകൊണ്ടേയിരിക്കുക!
എല്ലാവർക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ!!!
—മഹേഷ് മേനോൻ
A touching life story from the real world.
Mahesh, you deserve all the credits to bring out the life events of of an astonishing personality Firoz Assan
In a compact but interesting style.