ദേ വന്നു ദാ പോയി എന്ന് പറഞ്ഞതുപോലെ മൂന്നുവർഷം. കൊടകിലെ സിദ്ധാപുരത്തുനിന്നും ഒരു ലോഡ് ചക്കയുമായി കാങ്കനാടി സെൻറ് അൽഫോൻസാ ദേവാലയത്തിൽ വന്ന വെളുത്തേടത്തുപറമ്പിൽ മാണിയച്ചൻ ജഡിക്കൽ ഫൊറോനാ വികാരിയായി പോകുമ്പോൾ ഇവിടെനിന്ന് ഒന്നും കൊണ്ടുപോകുന്നില്ല. പകരം സൗത്ത് ഇന്ത്യൻ ബാങ്കിൽ അടക്കം നിരവധി സ്ഥിരനിക്ഷേപ സർട്ടിഫിക്കറ്റുകൾ നമുക്കുവേണ്ടി കരുതി വച്ചിട്ടാണ് ആദ്ദേഹം ഇവിടെനിന്നും മടങ്ങി പോകുന്നത്. മാണിയച്ചനെക്കുറിച്ച് പറയുമ്പോൾ അദ്ദേഹം പച്ചയായ ഒരു മനുഷ്യസ്നേഹി ആണെന്ന് നമ്മുക്ക് പറയാൻ കഴിയും.
പുറമെനിന്ന് നോക്കുന്നവർക്ക് ഒരു ഒറ്റയാൻ എന്ന് തോന്നിക്കുമെങ്കിലും പ്രവർത്തിക്കുന്നവർക്കെല്ലാം പ്രോത്സാഹനം നൽകുന്ന സ്നേഹനിധിയായ വൈദികനാണ് അദ്ദേഹം എന്ന് നിസ്സംശയം പറയാൻ എനിക്ക് കഴിയും. അദ്ദേഹം ഒരു തുറന്ന പുസ്തകമാണ്. തന്നെ ആകർഷിക്കുന്ന ആശയങ്ങളെയെല്ലാം സ്വാംശീകരിച്ച് തന്റേതായ രീതിയിൽ പ്രാവർത്തികമാക്കുന്ന രീതിയാണ് അദ്ദേഹത്തിനിഷ്ടം.
അദ്ദേഹത്തിൻ്റെ മനസ്സ് നിറയെ ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളാണ്. ഒരേ സമയം ദീർഘ ദർശിയും ദാർശനികനുമായ അദ്ദേഹം തുടങ്ങി വച്ചതെല്ലാം വൻ സംരംഭങ്ങൾ ആയി മാറിയിട്ടുണ്ട്. വിദ്യാഭ്യാസ മേഖല മുതൽ സാമ്പത്തിക രംഗത്തുവരെ തനതായ മുദ്ര പതിപ്പിക്കാൻ അദ്ദേത്തിന് കഴിഞ്ഞു. കങ്കനാടിയിൽ കഴിഞ്ഞ വർഷം തുടക്കമിട്ട ബാംങ്കിംഗ് സംരംഭം ഒരു വട വൃക്ഷം ആയി മാറുമ്പോൾ അതിൻ്റെ ആഘോഷങ്ങളിൽ പങ്കെടുക്കാൻ മാണിയച്ഛനെ വിളിക്കാൻ അന്നത്തെ ഭാരവാഹികൾ മറന്നുപോയി എന്ന് വരാം. അപ്പോഴും ചരിത്രത്തിൻ്റെ ഇടനാഴിയിൽ കുറിച്ചിട്ട ഈ പ്രാരംഭ ചിത്രം മായാതെയിരിക്കും എന്നുള്ളതാണ് സത്യം.
സ്ഥിരോത്സാഹിയായ അദ്ദേഹം 20:20 ക്രിക്കറ്റ് കളിക്കാരനെപ്പോലെ എല്ലാ ബോളിലും റൺസ് എടുക്കുന്ന പ്രകൃതക്കാരനാണ്. പലതുള്ളി പെരുവെള്ളം എന്ന് ചെറുപ്പം മുതലേ മനസ്സിലാക്കിയിട്ടുള്ള മാണിയച്ചൻ റൺസ് എടുക്കാനുള്ള ഒരവസരവും പാഴാക്കുകയില്ല. ഇടവകക്കാരുടെ വീടുകളിൽ ഇരിക്കുന്ന പത്തുരൂപ നാണയങ്ങൾ ശേഖരിച്ച് ആണ് അദ്ദേഹം മംഗലാപുരത്ത് നമ്മുടെ അഭിമാനം ആകാനിരിക്കുന്ന പള്ളിപണിയുടെ ഫണ്ടുശേകരണം ആരംഭിച്ചത് എന്ന് നമ്മൾ ഓർക്കണം. പിന്നീട് അവിടവിടെ ഇരിക്കുന്ന പഴയ സ്വർണ്ണ ശകലങ്ങളിലേക്ക് അത് കടന്നുചെന്നു. അച്ചാറും മറ്റും വില്പന നടത്തിയ വകയിൽ രണ്ട് ലക്ഷത്തോളം രൂപ സ്വരൂപിക്കാൻ മാണിയച്ചന് കഴിഞ്ഞെകിൽ അദ്ദേഹത്തിന് അസാധ്യമായി ഒന്നുമില്ല എന്ന് നമ്മൾ മനസ്സിലാക്കണം.
ആഘോഷാവരങ്ങളിൽ എല്ലാം എല്ലാവരും വയറുനിറയെ രുചികരമായ ഭക്ഷണം കഴിക്കണം എന്ന് മാണിയച്ചന് നിർബന്ധമുണ്ട്. ഇന്ന് അദ്ദേഹത്തിന് നമ്മൾ സ്നേഹപൂർവ്വം യാത്ര അയപ്പ് നടത്തുമ്പോൾ പോലും ഇതൊന്നും അറിയാതെ അദ്ദേഹം നമുക്കുവേണ്ടി സദ്യ ഒരുക്കി എന്നുള്ളത് ഒരു നിമിത്തം മാത്രമാണ്.
സദാ പ്രവർത്തന നിരതനായ മാണിയച്ചൻ നമ്മുക്കെല്ലാം വലിയൊരു മാതൃകയാണ്. ചെറിയ തുടക്കം തുടർച്ചയായ പ്രവർത്തങ്ങളിലൂടെ വലിയ സംരംഭങ്ങൾ ആയി മാറും എന്ന തിരിച്ചറിവ് അദ്ദേഹത്തിനുണ്ട്. വരും തലമുറയെ മുന്നിൽകണ്ട് പ്രവർത്തിക്കുമ്പോൾ ദൈവത്തിൻ്റെ കണ്ണുകളും കരങ്ങളുമായി മനുഷ്യർ മാറുകയാണ്. ഓരോ ചുവടുവയ്പ്പും ദൈവത്തോടൊപ്പവും ദൈവവിചാരത്തോടെയും ആയിരിക്കുക എന്നതാണ് അച്ഛൻ നമ്മെ പഠിപ്പിക്കുന്ന പാഠം. അദ്ദേഹത്തിന് മാതൃകയായി തീർന്ന മഹത്‌വ്യക്തികളെ അനുസ്മരിക്കാൻ ഈ നിമിഷം ഇടയാകട്ടെ എന്ന് ആശംസിക്കുന്നു.