പ്രകൃതിയോടു പ്രണയം നിന്റെ വികൃതിയോടും പ്രണയം
പൂവിനോടും പുല്ലിനോടും ഈ രാവിനോടും പ്രണയം
വെൺമേഘവാനിനോടു പ്രണയം
നിലാത്താരയോടു പ്രണയം
കൂകും കുയിൽപ്പെണ്ണിനോടും
മലനിരകളോടും പ്രണയം
ഒന്നുപാടാനീറൻ മുള തേടും കാറ്റിനോടും
കാറ്റു തൊട്ടാൽ പാടും മുളങ്കാടിനോടും പ്രണയം
പൂ പൊഴിക്കണ വല്ലിയോടും പടർന്നവേലിയോടും
തേൻകുടിക്കണ വണ്ടിനോടും
തുള്ളും തുമ്പിയോടും പ്രണയം
ചിതറിയോടും തോടിനോടും വയലിനോടും പ്രണയം
തീരം തഴുകി കുതറിയോടും
നദികളോടും പ്രണയം
സ്നേഹമന്ത്രമോതിടും നിൻ
മൊഴികളോടു പ്രണയം
ചുംബനങ്ങളേകും ചൊടിമലരിനോട് പ്രണയം
ചേർത്തു പുല്കി കോർത്തുനിർത്തും കൈകളോട് പ്രണയം
കവിളിലോർമ്മക്കളമെഴുതും വിരൽ തുമ്പിനോടു പ്രണയം
കണ്ടു നില്ക്കേ കാട്ടും
കളിക്കുറുമ്പിനോടു പ്രണയം
എന്നെ നീയൊളിച്ചുവെച്ച
കരൾ പൂവിനോടു പ്രണയം!
ഗീതു ശ്രീ
പ്രകൃതിയും വികൃതിയും പൂവും പുൽക്കൊടിയും മണ്ണും വിണ്ണും വാനും താരകയും പൂങ്കുയിലും, അനവദ്യ പ്രണയം… ഗീതുവിന്റെ വാഗ്ദേവത.
കാവാലം ശ്രീയുടെ മധുരകൂജനം.
♡