പുരുഷദൈവം പഴങ്കഥയാവുകയും മനുഷ്യലിംഗപദവികൾ തുല്യമെന്നു സാർവത്രികമായി തിരിച്ചറിയപ്പെടുകയും ചെയ്യുന്ന യുഗമാറ്റമാണു പുതുതലമുറകളിൽ ഇപ്പോൾ സംഭവിക്കുന്നത്.
Jose T Thomas +91 94953 25939
ദൈവം പുരുഷനെന്നു സങ്കല്പിക്കപ്പെട്ടു തുടങ്ങിയിടത്ത് ചരിത്രത്തിന്റെ ‘Phallusy’ യും സ്ത്രീയുടെ ഇരട്ടദുരിതവും തുടങ്ങി. ചരിത്രരചന നടത്തിപ്പോന്ന പുരുഷന്മാർക്ക്, ചരിത്രത്തെ വ്യാഖ്യാനിക്കുകയല്ല നിർമിക്കുകതന്നെയാണു സ്വധർമം എന്നു കരുതിയ വിപ്ലവപുരുഷന്മാർക്കു പോലും, ലിംഗവിവേചനത്തിന്റെ മതരാഷ്ട്രീയം കാണാൻ കഴിഞ്ഞിരുന്നില്ല. ജനിക്കുംമുമ്പേ അവർ തങ്ങളിലെ പുരുഷന്റെ ദൈവത്വത്തെ സ്വാംശീകരിച്ചുപോയി. അത് അവർക്കു taken for granted ആയി. പുരുഷദൈവം പഴങ്കഥയാവുകയും മനുഷ്യലിംഗപദവികൾ തുല്യമെന്നു സാർവത്രികമായി തിരിച്ചറിയപ്പെടുകയും ചെയ്യുന്ന യുഗമാറ്റമാണു പുതുതലമുറകളിൽ ഇപ്പോൾ സംഭവിക്കുന്നത്.
ആ പുതിയ ആന്തരികതയിൽനിന്നാണു പുതിയ രാഷ്ട്രീയവും പുതിയ സാമ്പത്തികക്രമവും രൂപംകൊള്ളുക. രാഷ്ട്രീയം ഇതുവരെ പുരുഷരാഷ്ട്രീയവും സമ്പദ്ക്രമം ഇതുവരെ പുരുഷസമ്പദ്ക്രമവും ആയിരുന്നതേയുള്ളല്ലോ. അതിന്റെ അദൃശ്യ മാനസികാടിത്തറ പൗരോഹിത്യത്തിന്റെ പുരുഷദൈവ സങ്കല്പനമായിരുന്നു. ഈ പുരുഷ മനോസമ്പദ്ഘടനയാണു മതം. മതത്തെ പുച്ഛിച്ച വിപ്ലവപുരുഷന്മാരും ഈ അർത്ഥസമ്പദ്ഘടനയുടെ ഗുണഭോക്താക്കളായി നിന്നു; ഫലത്തിൽ രക്ഷാധികാരികളും.
പുരുഷ രാഷ്ട്രീയം മനുഷ്യരാഷ്ട്രീയവും പുരുഷസമ്പദ്ക്രമം മനുഷ്യ സമ്പദ്ക്രമവുമാകുന്നത് മതവിശ്വാസത്തിലെ, മതവേദങ്ങളിലെ, മതാചാരങ്ങളിലെ, മതാധികാരഘടനയിലെ സ്ത്രീവിരുദ്ധത തിരിച്ചറിയപ്പെടുമ്പോഴാണ്; അതിന്റെ ഇരകൾ അതിജീവിതകളായി മാറുമ്പോഴാണ്. പുതിയ പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും അഖിലലോകത്തിൽ പ്രസ് റിലീസുകൾ കൂടാതെ നടന്നുകൊണ്ടിരിക്കുന്നത് അതാണ്. ”Who cooked the Last Supper’ പോലെ, ഉത്തരമടങ്ങിയ ചോദ്യങ്ങളാണവർ ചോദിക്കുന്നത്.
‘ സ്ത്രീവിമോചനത്തിന്റെ രൂപത്തിലുള്ള ഇനിയത്തെ മനുഷ്യവിമോചനത്തിനു മതത്തിന്റെ വിമർശനം’ എന്ന അജണ്ട ‘സൂത്രത്തിൽ’ മുന്നോട്ടുവയ്ക്കുന്നതാണ് ‘എഴുത്ത്’ മാസികയുടെ മാർച്ച് ലക്കത്തിലെ രചനകൾ. സാമ്പത്തിക വ്യവസ്ഥിതി പുരുഷകേന്ദ്രീകൃതമാണ് എന്ന കുഴപ്പം ചൂണ്ടിക്കാട്ടിയശേഷം സി. രാധാകൃഷ്ണൻ എഴുതുന്നു: ”രണ്ടാമത്തെ കുഴപ്പം നമ്മുടെ മതപരമായ വിശ്വാസങ്ങൾ ആണ്. ഒരു മതം ശാസിക്കുന്നൂ, ഭർത്താവിനെ സുശീലയായ ഭാര്യ വേശ്യാലയത്തിലേക്കുപോലും ചുമക്കണം എന്ന്! മറ്റൊരു മതം പറയുന്നൂ ഭർത്താവിന്റെ അടിമ ആണു ഭാര്യ എന്ന്. മറ്റൊരു മതം പറയുന്നൂ ഭർത്താവിന് ഏതു നിമിഷവും ഭാര്യയെയും കുഞ്ഞുങ്ങളെയും ഏകപക്ഷീയമായി കൈയൊഴിയാം എന്ന്. ഇതൊക്കെ നിലനില്‌ക്കേ ആൺ-പെൺ സമത്വം എങ്ങനെ കൈവരാനാണ്. വെറുതെ തർക്കിച്ചിട്ട് എന്താ കാര്യം?” ഇതൊക്കെ വേദഗ്രന്ഥങ്ങളുടെയും ഔദ്യോഗിക വിശ്വാസപദ്ധതികളുടെയും ദുർവ്യാഖ്യാനമാണെന്നു പറഞ്ഞു കളം പിടിക്കുന്ന മത പി.ആർ.ഒ.മാരെ നോക്കി റോസി തമ്പി കുറിക്കുന്നു: ”എത്രമാത്രം ഉറവിടങ്ങളിലേക്കു തിരിച്ചുപോയാലും എത്രയൊക്കെ പുനർവ്യാഖ്യാനങ്ങൾ നല്കിയാലും മതഗ്രന്ഥങ്ങളിലെ സ്ത്രീവിരുദ്ധത ഒഴിഞ്ഞുപോകില്ല. മാത്രമല്ല, അത് വെളുക്കാൻ തേച്ചതു പാണ്ടാകുന്ന അവസ്ഥയാണ് ഇന്നുള്ളത്.” ”ആണത്തമതമാണ് ആദിമമതം. ബാക്കി മതങ്ങളെല്ലാം ഈ ആണത്തമതത്തിന്റെ അവാന്തരഭേദങ്ങൾ മാത്രമാണ്” എന്ന കേറ്റ് മില്ലറ്റ് വാക്യം ശാരദക്കുട്ടി ഉദ്ധരിക്കുന്നുണ്ട്.
ആണത്തമതം അനുസരിക്കപ്പെടാതെ പോകുന്നിടത്ത്, പുതിയ മനുഷ്യകുലത്തിന്റെ നീതിയുഗം, സമാധാനയുഗം, ആരംഭിക്കുന്നു. പെൺകുട്ടികളിലും ആൺകുട്ടികളിലും അത് ആരംഭിച്ചുകഴിഞ്ഞു.അതെ, മതം സ്ത്രീവിരുദ്ധമായി തുടർന്നാൽ അതിനെ അവഗണിക്കുന്ന പുതിയ പെൺകുട്ടിയാണു പുതിയ നൂറ്റാണ്ടിന്റെ സ്രഷ്ടാവ്. അവൾ വന്നുകഴിഞ്ഞു. പഴയ ദൈവങ്ങളുടെ സ്ഥാനത്ത്, തന്നിലും പ്രപഞ്ചം മുഴുവനിലും നിറഞ്ഞ അൻപാണ് അവൾക്കു ദൈവം. രാഷ്ട്രീയത്തിലും സമ്പദ്‌വ്യവസ്ഥയിലുമുള്ള പുരുഷദൈവത്വങ്ങളുടെ അധികാരവാഴ്ച അപ്പോഴാണു പഴങ്കഥയാവുക.