ആരോടും പരിഭവം ഇല്ല. കടന്നുപോയ ദുരന്ത ദിനങ്ങൾ വിധിയാണെന്ന് കരുതാനും താല്പര്യമില്ല. ഒരു രാവും പുലരാതിരുന്നിട്ടില്ല….ഒരു മഴയും തോരാതിരുന്നിട്ടില്ല… എന്ന ശുഭാപ്തി വിശ്വാസം മാത്രം | Global TV

Posted on: December 30, 2023

🌹🌹 തിരിച്ചറിവുകളുടെ വെടിക്കെട്ടിന് ഒരാണ്ടിന്റെ ദുഃഖ സ്മരണ🌹🌹

അഡ്വ. ജിജോ മാത്യു

പാലാവയൽ സെന്റ് ജോൺസ് ദേവാലയത്തിൽ നടന്ന വെടിക്കെട്ട് ദുരന്തത്തിന് ഒരു വയസ്സ് തികയുന്നു. അപകടത്തിൽ മനസ്സിനും ശരീരത്തിനും മുറിവേറ്റവർ മുക്തരായി വരുന്നു.
ദുരന്താനന്തരം ഇരകളോട് സഭ ചെയ്തത് നീതീകരിക്കാനാവാത്ത കടുത്ത അവഗണന മാത്രം.
പാലാവയൽ സമീപദേശത്തെ പള്ളി വികാരിമാർ കുർബാനമധ്യേ അൾത്താരയിൽ നിന്ന് ഇടവക ജനത്തോട് അസത്യം വിളിച്ചു പറഞ്ഞ് അപകട വ്യാപ്തി ലഘൂകരിക്കുവാൻ ഗൂഢാലോചന നടത്തി. അൾത്താരയിൽ നിന്ന് പച്ചക്കള്ളം പ്രചരിപ്പിച്ചവർ എങ്ങോട്ട് തിരിഞ്ഞുനിന്ന് കുർബാന നടത്തിയാലും പ്രീതികരമാവില്ല.


ദുരന്ത ശേഷം ഞാൻ ഫേസ്ബുക്കിൽ കുറിച്ച രൂക്ഷമായ പ്രതികരണം ഇല്ലായിരുന്നുവെങ്കിൽ അപകട വ്യാപ്തി ആരും അറിയില്ലായിരുന്നു. തിരിച്ചറിവുകളുടെ വെടിക്കെട്ട് എന്നെ എന്റെ ഫേസ്ബുക്ക് കുറിപ്പ് വൈറലായി. മൂടിവെക്കപ്പെട്ട ദുരന്ത വ്യാപ്തി പലരും തിരിച്ചറിഞ്ഞു.


കേട്ടറിവു മാത്രം ഉണ്ടായിരുന്ന സൈബർ ആക്രമണം അനുഭവിച്ചറിയാനായ നാളുകൾ. വെടിക്കെട്ട് നടത്തിയവരെ ന്യായീകരിച്ച് വെള്ള പുതപ്പിക്കാൻ ഒരു ഗൂഢസംഘം രംഗത്തിറങ്ങി. അസത്യപ്രചരണങ്ങളുടെ വലിയ തിരുമുറിവുകളാണ് ഇക്കൂട്ടർ ഇരകൾക്ക് സമ്മാനിച്ചത്. ഇതിനൊക്കെ നേതൃത്വം നൽകിയവർ അടുത്തറിയാവുന്നവരും സുഹൃത്തുക്കളും. നിലപാടുകളെ വ്യക്തിഹത്യകൊണ്ട് പ്രതിരോധിക്കാനുള്ള ശ്രമം. ക്രിസ്തീയ കാഴ്ചപ്പാടോ അനുകമ്പയോ ഇല്ലാത്ത ഇവരുടെ ശ്രമം അമ്പേ പരാജയപ്പെട്ടു. മര്യാദയും മാന്യതയും ഇല്ലാത്ത സൈബർ ആക്രമണത്തെ ഞാൻ വ്യക്തിപരമായി പ്രതിരോധിച്ചില്ലെങ്കിലും നിലപാടുകളും ആർജ്ജവത്വവും ഉള്ള ഒരുപാടുപേർ ഈ പൈശാചിക കൂട്ടങ്ങൾക്ക് ചുട്ട മറുപടി നൽകി.
പ്രതികൾ ആരുമില്ലാതെ ചിറ്റാരിക്കാൽ പോലീസ് രജിസ്റ്റർ ചെയ്ത ക്രൈം 2/2023 ഇതുവരെ കുറ്റപത്രം നൽകാതെ ഫയലിൽ ഉറങ്ങുന്നു.


രൂക്ഷ പ്രതികരണത്തെ തുടർന്ന് പരിക്കേറ്റവർക്ക് മെഡിക്കൽ ബിൽ നൽകിയതിലും ഉണ്ട് സാമർത്ഥ്യ മികവ്.
വെടിക്കെട്ടുകാരന് പ്രതിഫലമായി നൽകാനുള്ള പണമാണ് പരിക്കേറ്റവർക്ക് വിതരണം ചെയ്തത്. അവിടെയും ലാഭം.
തലശ്ശേരി അതിരൂപതയിലെ പള്ളികളിൽ വെടിക്കെട്ട് നിരോധിച്ചുകൊണ്ട് 17.12.2023-ന് ഇടയ ലേഖനം ഇറക്കിയിട്ടുണ്ട്. ഇടവക പള്ളികളിൽ വെടിക്കെട്ട് ദുരന്തം ഉണ്ടായാൽ ഇതിനാൽ സഭാ നേതൃത്വത്തിന് ഉത്തരവാദിത്വം ഉണ്ടായിരിക്കുകയില്ല എന്ന് മുൻകൂർ നോട്ടീസ്.


വെടിക്കെട്ട് എന്ന ആഭാസ ആഘോഷത്തോടുള്ള വിയോജിപ്പ് കൊണ്ടോ പരിക്കുപറ്റിയവരോടുള്ള അനുഭാവം കൊണ്ടോ ആണ് ഇടയ ലേഖനം ഇറക്കിയതെന്ന് കരുതുന്നില്ല.

അങ്ങനെയായിരുന്നുവെങ്കിൽ ഇടയ ലേഖനം നേരത്തെ ആകാമായിരുന്നു. വെടിക്കെട്ടുകൊണ്ട് ഒരു ദൈവങ്ങളും പ്രസാദിക്കില്ല എന്ന് തുടങ്ങി കേരള ഹൈക്കോടതിയുടെ അതിശക്തമായ ഇടപെടൽ ഈ വിഷയത്തിൽ ഉണ്ടായിട്ടുണ്ട്.
വർഷങ്ങളുടെ ചരിത്രം എടുത്താൽ തലശ്ശേരി രൂപതയിൽ വെടിക്കെട്ട് ദുരന്തങ്ങൾ ഏറെ സംഭവിച്ചിട്ടുണ്ട്. അന്നൊക്കെ കണ്ണടച്ച് ഇരുട്ടാക്കിയവർ ഹൈക്കോടതിയുടെ ഇടപെടലിനു മുമ്പിൽ മുട്ടുമടക്കി എന്നു വേണം കരുതാൻ.
ഏതു സാഹചര്യത്തിൽ ആണെങ്കിലും വെടിക്കെട്ട് നിരോധിച്ചു കൊണ്ടുള്ള ഇടയ ലേഖനം ഇറക്കിയതിനെ സർവ്വനാത്മ സ്വാഗതം ചെയ്യുന്നു.


അജപാലനം എന്നാൽ കാര്യസാധ്യത്തിനായി പൗരമുഖ്യൻ ആകുന്നതും കേന്ദ്രം ഭരിക്കുന്ന പാർട്ടിക്ക് എംപിയെ സമ്മാനിക്കുമെന്ന വീമ്പിളക്കലും മാത്രമല്ല. ധാർമിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് ഹൃദയംകൊണ്ട് സംസാരിക്കുന്ന ഇടയനെയാണ് ദൈവജനത്തിന് ആവശ്യം. നാലാംകിട രാഷ്ട്രീയം കളിക്കാൻ ഇവിടെ ഒരുപാട് ആൾക്കാരുണ്ട്.


കെട്ട കാലത്തിലൂടെയാണ് സഭ കടന്നു പോകുന്നത്. അപ്രമാദിത്വത്തിന്റെ അംശവടി അലങ്കാരം മാത്രമായി മാറി. മാനേജ്മെന്റ് കോട്ടയിൽ സഭാ നേതൃത്വത്തിലും അൽമായ നേതൃത്വത്തിലും എത്തിയവർ ദൈവജനത്തിനു മുമ്പിൽ കോമാളികളാകുകയാണ്.


സത്യത്തെ മാണിക്യത്താഴിട്ടു പൂട്ടിയാലും ഒളിച്ചുവെക്കാൻ ആവില്ല. സന്മനസ്സുള്ളവർക്ക് സമാധാനം എന്നുള്ളത് അലങ്കാരപദം മാത്രമാണ്.


അപകടത്തെ അതിജീവിക്കുവാൻ ബന്ധുക്കളും സുഹൃത്തുക്കളും നൽകിയ പിന്തുണ സ്നേഹത്തോടെ സ്മരിക്കുന്നു.
പാലാവയൽ ദേശവാസികൾക്ക് പരിക്കേറ്റവർ ഇന്നൊരു തമാശ കഥാപാത്രങ്ങളാണ്. പരിഹസിച്ചും മുനവച്ച് സംസാരിക്കുന്നവരുമാണ് ഭൂരിപക്ഷവും. എന്റെ രൂക്ഷമായ ആത്മരോക്ഷം നിറഞ്ഞ പ്രതികരണത്തോട് പെട്ടെന്ന് പ്രതികരിച്ചതല്ലാതെ പിന്നീടാരുടെയും ഫോൺ വിളികളോ ക്ഷേമ അന്വേഷണങ്ങളോ എന്നെ തേടി എത്തിയിട്ടില്ല.
ഒറ്റുകാരിൽ ചിലർ ‘ഇത്രയല്ലേ സംഭവിച്ചുള്ളൂ’ എന്ന് പറഞ്ഞ് ആശ്വസിക്കുവാൻ ഉപദേശിച്ചിട്ടുണ്ട്. പള്ളിയോടു കളിക്കരുതെന്ന് ഭീഷണിയും നിർലോഭം ലഭിച്ചിട്ടുണ്ട്. ദൈവനാമത്തിലെ ഭീഷണി എല്ലാ കാലത്തും സഭാ നേതൃത്വത്തിന്റെ തുറുപ്പുചീട്ടാണ്. കാലം മാറിയതോടെ ഇത്തരം ആയുധങ്ങളുടെ മൂർച്ച നഷ്ടപ്പെട്ടിട്ടുണ്ട്.


ആരോടും പരിഭവം ഇല്ല. കടന്നുപോയ ദുരന്ത ദിനങ്ങൾ വിധിയാണെന്ന് കരുതാനും താല്പര്യമില്ല. ഒരു രാവും പുലരാതിരുന്നിട്ടില്ല….ഒരു മഴയും തോരാതിരുന്നിട്ടില്ല… എന്ന ശുഭാപ്തി വിശ്വാസം മാത്രം.


❤️അഡ്വ. ജിജോ മാത്യു ❤️

Leave a Reply

Your email address will not be published. Required fields are marked *