ഇരട്ട കുട്ടികളുടെ ഇരട്ട തായമ്പകയിൽ ലയിച്ച് ചെറുകഥയുടെ കുലപതി ; കലാശത്തിനൊടുവിൽ സമ്മാനവും
പള്ളിക്കുന്ന് : ഗുരുവായൂർ ഏകാദശിയോനുബന്ധിച്ച് കാനത്തൂർ മഹാവിഷ്ണു ക്ഷേത്ര മഹോത്സവത്തിൽ സ്കൂൾ വിദ്യാർത്ഥികളായ ഇരട്ട കുട്ടികൾ നടത്തിയ ഇരട്ട തായമ്പകയ്ക്ക് മലയാള ചെറുകഥയുടെ കുലപതി വക സമ്മാനം.
കണ്ണൂർ സെൻ്റ് മൈക്കിൾസ് എട്ടാം ക്ലാസ് വിദ്യാർത്ഥികളായ ആദി ദേവ് കൃഷ്ണയും ആര്യനന്ദ് കൃഷ്ണയും ചേർന്നാണ് കാനത്തൂരപ്പൻ്റെ തിരുനടയിൽ ഇരട്ടതായമ്പക നടത്തിയത്.
ഉത്സവത്തിലെ നവമി വിളക്ക് തൊഴാൻ ഇന്നലെ സന്ധ്യക്ക് എത്തിയപ്പോഴാണ് ചെറുകഥയുടെ കുലപതി ടി. പദ്മനാഭൻ ക്ഷേത്രനടയിൽ കുട്ടികളുടെ ഇരട്ട തായമ്പക കണ്ടത്. ക്ഷേത്രത്തിൽ തൊഴുതശേഷം ആസ്വാദകനായി ഭക്തർക്കൊപ്പം ചേർന്നു.
ഒരു മണിക്കൂർ നീണ്ട ഇരട്ട തായമ്പക ആദിമധ്യാന്തം അദ്ദേഹം ആസ്വദിച്ചു.
കൊട്ടിക്കലാശം കഴിഞ്ഞയുടൻ പദ്മനാഭൻ എഴുന്നേറ്റു പതുക്കെ കുട്ടികളുടെ അരികിലെത്തി. “വളരെ നന്നായിട്ടുണ്ട് ” എന്നു പറഞ്ഞ് അഭിനന്ദിച്ച് കുട്ടികളുടെതലയിൽ കൈവച്ച് അനുഗ്രഹിക്കുകയും ചെയ്തു. തുടർന്ന് കീശയിൽ നിന്ന് ആയിരം രൂപയെടുത്ത് ഇരുവർക്കും സമ്മാനിച്ചു. കുട്ടികളുടെ വീടും പഠിക്കുന്ന സ്കൂളും ചോദിച്ച ശേഷം അച്ഛനമ്മമാരെ പ്രത്യേകം അഭിനന്ദിക്കുകയുമുണ്ടായി.
ക്ഷേത്രം വക കുട്ടികൾക്കുള്ള ഉപഹാരം സമ്മാനിക്കാൻ ഭാരവാഹികൾ ടി. പദ്മനാഭനോട് അഭ്യർത്ഥിച്ചു. അപ്രകാരം ഇരുവർക്കും മെമൻ്റോയും നല്കി.
പള്ളിക്കുന്നിലെ ഈസ്റ്റ് കപ്പള്ളി തറവാട്ടംഗവും ദീപിക ദിനപത്രം പരസ്യ വിഭാഗം ഓഫീസറുമായ കൃഷ്ണ പ്രവീണിൻ്റെയും
പള്ളിക്കുന്ന് ഗവ. ഹൈസ്കൂൾ ഹിന്ദി അധ്യാപിക ചേലേരി പി.വി. സരിതയുടെയും
ഇരട്ട കുട്ടികളാണ്
ആദിദേവും ആര്യനന്ദും.
പള്ളിക്കുന്ന് ശ്രീമൂകാംബിക ക്ഷേത്രത്തിലെ അടിയന്തര വാദ്യക്കാരനായ വിനോദ് മാരാരുടെ കീഴിലാണ് തായമ്പകയും മേളവും
പഠിച്ചത്. ചെറുതാഴം വിഷ്ണു രാജിൻ്റെയും ചിറക്കൽ നിധീഷ് മാരാരുടെയും ശിക്ഷണത്തിൽ പഞ്ചവാദ്യം പഠിക്കുന്നുമുണ്ട്.
കണ്ണൂർ റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിൽ ഇരുവരും പങ്കെടുത്ത ഏഴംഗ സെൻ്റ് മൈക്കിൾസ് സ്കൂൾ ടീം പഞ്ചവാദ്യത്തിൽ എ ഗ്രേഡു കരസ്ഥമാക്കിയിരുന്നു.
മൂകാംബിക ക്ഷേത്രത്തിൽ കഴിഞ്ഞ മേയ് മാസത്തിലായിരുന്നു കുട്ടികളുടെ അരങ്ങേറ്റം നടന്നത്. അനുമോദന ചടങ്ങിൽ മലബാർ ദേവസ്വം ബോർഡ് കാനത്തൂർ ക്ഷേത്രം ട്രസ്റ്റി ബോർഡ് ചെയർമാൻ പി.കെ. ജയകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
കാനത്തൂർക്ഷേത്രം പരിപാലന കമ്മിറ്റി പ്രസിഡൻ്റ് പി.വി. വേലായുധൻ,സെക്രട്ടറി മറ്റു ഭാരവാഹികളായ കെ.സി. ശ്രീജിത്ത്, പ്രസാദ്, ,പവിത്രൻ പള്ളിക്കുന്നോൻ , മാധ്യമ പ്രവർത്തകൻ പദ്മനാഭൻ തുടങ്ങിയവർ പ്രസംഗിച്ചു.
ചെറുകഥയുടെ കുലപതി ടി. പദ്മനാഭൻ്റെ തറവാടായ തിണക്കൽ വീടിൻ്റെ കുലപരദേവതാ സ്ഥാനം കൂടിയാണ് കാനത്തൂരപ്പൻ .
പദ്മനാഭൻ്റെ സഹോദരൻ പരേതനായ വെണ്ടർ വേലായുധൻ നായരായിരുന്നു
ദീർഘകാലം ക്ഷേത്ര പരിപാലനം നടത്തിയിരുന്നത്. ജന്മനാട്ടിൽ ഉണ്ടെങ്കിൽ ഏകാദശി വിളക്ക് തൊഴാൻ ടി. പദ്മനാഭൻ സ്ഥിരമായി എത്താറുമുണ്ട്.