അച്ഛന്റെ ഗുരുനാഥ ആയിരുന്നു ഹെഡ് മിസ്ട്രസ് . “രാമചന്ദ്രൻ പിള്ള ഇരിക്ക് ” എന്ന് അച്ഛനോട് ആജ്ഞാപിച്ചു. ഡി ബി കോളജിൽ ‘കടുവ’യെന്നും ‘മീശ’യെന്നും ഇരട്ടപ്പേരുകളുള്ള കൊമ്പൻമീശക്കാരനായ അച്ഛൻ പരവശനായി, ഇരിക്കുന്നതായി അഭിനയിച്ചു.

Posted on: January 22, 2022

കെ.ആർ.മീര K R Meera എഴുതിയ ഓർമ്മക്കുറിപ്പ്

അച്ഛനാണ് എനിക്കു ‘മീര’യെന്നും അനിയത്തിക്കു ‘താര’യെന്നും പേരിട്ടത്. അമ്മ കുറച്ചുകൂടി പരിഷ്കാരി ആയിരുന്നതിനാൽ ‘റോഷ്നി’, ‘ചാന്ദ്നി’ എന്ന പേരുകളാണു കണ്ടുവച്ചത്. വീട്ടിൽ മീരയെന്നും റെക്കോർഡിൽ റോഷ്നിയെന്നും പേരു വയ്ക്കാനായിരുന്നു തീരുമാനം. ആദ്യം പഠിച്ച നഴ്സറി സ്കൂളിലും പിന്നീടു മൂന്നാം ക്ലാസ് വരെ പഠിച്ച എം.എം.സി. പബ്ലിക് സ്കൂളിലും നാലാം ക്ലാസിൽ പഠിച്ച ശാസ്താംകോട്ട ഗവൺമെന്റ് സ്കൂളിലും റോഷ്നി ചന്ദ്രൻ, റോഷ്നി രാമചന്ദ്രൻ, മീര ചന്ദ്രൻ, മീര രാമചന്ദ്രൻ എന്നിങ്ങനെ പല ആവിഷ്കാരങ്ങളും പരീക്ഷിക്കപ്പെട്ടിരുന്നെങ്കിലും അഞ്ചാം ക്ലാസിൽ കടമ്പനാട് ഗേൾസ് ഹൈസ്കൂളിൽ ( ഇന്നത്തെ വിവേകാനന്ദ മെമ്മോറിയൽ ഗേൾസ് ഹൈസ്കൂൾ) ചേരാൻ അന്നത്തെ ഹെഡ് മിസ്ട്രസിന്റെ മുമ്പിൽ നിൽക്കുമ്പോൾ എന്റെ പേരും ഇനീഷ്യലും തികഞ്ഞ അനിശ്ചിതത്വത്തിലായിരുന്നു.

അച്ഛന്റെ ഗുരുനാഥ ആയിരുന്നു ഹെഡ് മിസ്ട്രസ് . “രാമചന്ദ്രൻ പിള്ള ഇരിക്ക് ” എന്ന് അച്ഛനോട് ആജ്ഞാപിച്ചു. ഡി ബി കോളജിൽ ‘കടുവ’യെന്നും ‘മീശ’യെന്നും ഇരട്ടപ്പേരുകളുള്ള കൊമ്പൻമീശക്കാരനായ അച്ഛൻ പരവശനായി, ഇരിക്കുന്നതായി അഭിനയിച്ചു.

“മീരയെന്നാണു പേര്, അല്ലേ?”

ശാസ്താംകോട്ട സ്കൂളിൽനിന്നു കിട്ടിയ ടിസിയിൽ നോക്കി ഹെഡ് മിസ്ട്രസ് ചോദിച്ചു.

“അതു വീട്ടിൽ വിളിക്കുന്ന പേരാണ്. റോഷ്നി എന്നു മതിയെന്ന് ഇവളുടെ അമ്മ പറയുന്നു. “

അച്ഛൻ വിനയാന്വിതനായി മന്ത്രിച്ചു. ഹെഡ് മിസ്ട്രസ് എന്നെ ഒന്നു നോക്കി.

“മീര എന്ന പേരിനെന്താ കുഴപ്പം ? മീര എന്നുതന്നെ മതി. ഇനീഷ്യൽ എന്തു വേണം ?”

“ടീച്ചർ തന്നെ തീരുമാനിച്ചാട്ടെ. “

“കൊപ്പാറയുടെ കെ, രാമചന്ദ്രൻപിള്ളയുടെ ആർ – കെ.ആർ. എന്നു മതി.”

ഹെഡ് മിസ്ട്രസ് നിർദ്ദേശിച്ചു. അങ്ങനെ ഞാൻ ‘കെ.ആർ.മീര’ ആയിത്തീർന്നു.

ആ ഹെഡ് മിസ്ട്രസിന്റെ പേരു കെ. എൻ. ചെല്ലമ്മ എന്നായിരുന്നു.

മുണ്ടും നേര്യതുമാണു പതിവു വേഷം. ചുരുണ്ട് ഇടതൂർന്ന മുടി ചിലപ്പോൾ അഴിച്ചിട്ടു തുമ്പു കെട്ടിയിട്ടിരിക്കും. ചിലപ്പോഴൊക്കെ പിന്നിൽ പുട്ടപ് ചെയ്തു വയ്ക്കും. കയ്യിൽ ഒരു ഭീകരൻ ചൂരൽ ഉണ്ടായിരിക്കും. അക്ഷരങ്ങൾ കടിച്ചു പൊട്ടിക്കുംവിധമാണു സംസാരം. മോണിങ് അസംബ്ലിക്കു മുമ്പു സ്കൂൾ വളപ്പിൽ ഉയരുന്ന വലിയൊരു കലപിലാരവമുണ്ട്. ചെല്ലമ്മ ടീച്ചർ വരാന്തയിൽ ഇറങ്ങേണ്ട താമസം, സ്വിച്ച് ഓഫാക്കിയതുപോലെയാണ്- പിൻ ഡ്രോപ് സൈലൻസ്.

സ്കൂളിനു വേണ്ടി സമ്മാനങ്ങൾ നേടുമ്പോൾ അസംബ്ലിയിൽ വച്ച് ടീച്ചർ അഭിനന്ദിക്കും. പക്ഷേ, കടുപ്പത്തിനു കുറവില്ല. ഒരു ലോഹ്യവും പ്രതീക്ഷിക്കണ്ട. കാർക്കശ്യവും ഗൌരവവും ഗാംഭീര്യവും ഒഴികെ ഒരു വികാരവും ആ മുഖത്ത് ഉണ്ടാവില്ല. ടീച്ചറുടെ മൂന്നു മക്കളിൽ ഏറ്റവും ഇളയ മിനിച്ചേച്ചി എന്റെ സീനിയർ ആയി അവിടെ പഠിച്ചിരുന്നു. മൂത്തയാൾ ചന്ദ്രിക ചേച്ചി അന്ന് എൻജിനീയറിങ്ങിനും രണ്ടാമത്തെയാൾ ബീനച്ചേച്ചി മെഡിസിനും പഠിക്കുകയായിരുന്നു. വീട്ടിലും ചെല്ലമ്മ ടീച്ചർ ചൂരലുമായാണു നടക്കുന്നതെന്നും മിനിച്ചേച്ചിയും ചന്ദ്രിക ചേച്ചിയും ബീനച്ചേച്ചിയും ‘അമ്മേ’ എന്നല്ല, ‘സാറേ’ എന്നാണു വിളിക്കുന്നതെന്നും ഞങ്ങൾക്ക് ഉറപ്പായിരുന്നു. (ചന്ദ്രിക ചേച്ചി വാട്ടർ അതോറിറ്റിയിൽ ചീഫ് എൻജിനീയർ ആയും ബീനച്ചേച്ചി ആലപ്പുഴ മെഡിക്കൽ കോളജിൽ ഡോക്ടറായും റിട്ടയർ ചെയ്തു. മിനിച്ചേച്ചി കടമ്പനാട് കെ.ആർ.കെ.പി.എം. ബി.എച്ച്.എസ്. & വി.എച്ച്.എസ്.എസ്. സ്കൂളിൽ അധ്യാപികയാണ്. )

ഞാൻ ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോഴാണു ചെല്ലമ്മ ടീച്ചർ റിട്ടയർ ചെയ്തത്. അക്കൊല്ലം ആനിവേഴ്സറിക്കു സ്കൂളിലെ മുഴുവൻ കുട്ടികളെയും നാലു ഹൌസുകളായി തിരിച്ചുള്ള മൽസരം നടന്നു. അതിൽ ഒരു ഹൌസിന്റെ ചുമതല അന്നു സ്കൂൾ ലീഡർ കൂടിയായിരുന്ന എനിക്കായി. വാശിയേറിയ മൽസരമാണ്. വ്യക്തിഗത ഇനങ്ങളിലെല്ലാം സമ്മാനം നേടിയാലും ഗ്രൂപ്പ് ഇനങ്ങളിൽ പിന്നിലായാൽ ഹൌസ് ഒന്നാമത് എത്തുകയില്ല. നാടകമാണ് ഏറ്റവും കൂടുതൽ പോയിന്റ് നേടാവുന്ന ഇനം. ഞാനാണെങ്കിൽ അന്നോളം കർട്ടൻ വലിക്കാരിയായി പോലും ഒരു നാടകത്തിലും പങ്കെടുത്തിട്ടില്ല. പക്ഷേ, ഇത് ഹൌസിന്റെയും സ്കൂൾ ലീഡറുടെയും അഭിമാന പ്രശ്നമാണ്. പണ്ടെന്നോ ഏതോ ബാലപ്രസിദ്ധീകരണത്തിൽ വായിച്ച ഒരു നാടകം ഓർമയിലുണ്ടായിരുന്നു. പ്രധാന കഥാപാത്രം ഒരു സ്കൂൾ അധ്യാപികയാണ്. ക്ലാസിലെ ഒരു കുട്ടിയുടെ കയ്യിലെ പൊള്ളിയ പാട് അധ്യാപിക ശ്രദ്ധിക്കുന്നു. അവർ കുട്ടിയോടു വിവരങ്ങൾ അന്വേഷിക്കുന്നു. അമ്മ മരിച്ചു പോയെന്നും അച്ഛൻ രണ്ടാമതു വിവാഹം കഴിച്ച സ്ത്രീ തന്നെ ദ്രോഹിക്കുകയാണെന്നും കുട്ടി വെളിപ്പെടുത്തുന്നു. അധ്യാപിക വളർത്തമ്മയെ വിളിച്ചു വരുത്തി സംസാരിച്ചു പ്രശ്നം പരിഹരിക്കുന്നു.

അതു മനസ്സിൽ വച്ചു ഞാൻ ഒരു നാടകം എഴുതി. എന്റെ നാടകത്തിൽ ഞാൻ അധ്യാപികയെ ഹെഡ് മിസ്ട്രസ് ആക്കി. ആ റോളിൽ ഞാൻ തന്നെ അഭിനയിച്ചു. വല്യമ്മൂമ്മയുടെ ഒരു മുണ്ടും നേര്യതും ഉടുത്തു മുടി നരപ്പിച്ചു കണ്ണട വച്ച് ചൂരലുമായി സ്റ്റേജിലേക്ക് ചാടിക്കയറി ചെന്ന് ഇടുപ്പിൽ കൈ കുത്തി നിന്ന് “ആരാടോ അവിടെ ബഹളമുണ്ടാക്കുന്നത് ” എന്ന് ഒരലർച്ച അലറിയതും ഒരു നിമിഷം പന്തൽ നിശ്ശബ്ദമാകുകയും തുടർന്ന് നീണ്ടു നിന്ന കയ്യടി ഉയരുകയും ചെയ്തു. മാർക്ക് ഇടാനിരുന്നവരും നാടകം കാണാനിരുന്നവരുമായ അധ്യാപകർ പോലും ആസ്വദിച്ചു ചിരിച്ചു. എന്റെ കോൺഫിഡൻസ് കുതിച്ചുയർന്നു. വളർത്തമ്മയെ സ്കൂളിൽ വിളിപ്പിച്ചു വിരട്ടി കുട്ടിയെ സ്വന്തം മകളായി സ്നേഹിച്ചു വളർത്തിക്കോളാം എന്ന് ഉറപ്പു വാങ്ങുന്നതാണു നാടകത്തിന്റെ ക്ലൈമാക്സ്. ദുഷ്ടയായ വളർത്തമ്മയായി അഭിനയിച്ചത് അനില വർഗീസ് എന്ന കുട്ടിയായിരുന്നു. ഹെഡ് മിസ്ട്രസും വളർത്തമ്മയും തമ്മിൽ വലിയ വാക്പോരുണ്ട്. അവസാനം വളർത്തമ്മ ഹെഡ്മിസ്ട്രസിന്റെ കാൽക്കൽ വീണു മാപ്പിരന്നു. കുട്ടികൾ ആർത്തു വിളിച്ചു കയ്യടിച്ചു. തികഞ്ഞ ചാരിതാർത്ഥ്യത്തോടെ കൈകൾ ഇടുപ്പിൽ കുത്തി നിന്നു ഞാൻ വിജിഗീഷുവായി ലോകത്തെ ഒന്നു നോക്കി. അപ്പോഴാണ് പന്തലിന്റെ ഏറ്റവും പിന്നിൽ രണ്ടു കയ്യും ഇടുപ്പിൽ കുത്തി എന്നെ തുറിച്ചു നോക്കുന്ന ആൾ കണ്ണിൽപ്പെട്ടത്.

  • ചെല്ലമ്മ ടീച്ചർ!

സകല ശക്തിയും കോൺഫിഡൻസും വാർന്ന് എന്റെ മുട്ടുകൾ കൂട്ടിയിടിച്ചു.

ഞാൻ വെപ്രാളത്തോടെ ഒന്നു കൂടി നോക്കി. ചുണ്ടുകൾ കടിച്ചുപിടിച്ചു ചിരി മറച്ചു പിടിക്കാൻ പ്രയത്നിക്കുകയായിരുന്നു, ടീച്ചർ.

ടീച്ചറിന്റെ ചിരിക്ക് അപാര ഭംഗിയാണെന്ന് അന്ന് ആ വേദിയിൽ നിൽക്കെ ഞാൻ മനസ്സിലാക്കി.

മേയ്ക്കപ്പു തുടച്ചു കളഞ്ഞു കോസ്റ്റ്യൂമും വാരിക്കെട്ടി വീട്ടിലേക്കുള്ള പ്രൈവറ്റ്ബസിൽ ഇടിച്ചു കയറി കമ്പിയിൽ തൂങ്ങി നിൽക്കുമ്പോൾ നാടക മൽസര ഫലത്തിന്റെ അനൌൺസ്മെന്റ് മൈക്കിലൂടെ കേട്ടു- മികച്ച നാടകം, മികച്ച രചന, മികച്ച സംവിധാനം, മികച്ച അഭിനയം- കെ ആർ മീര.

എനിക്കു പ്രത്യേകിച്ചൊന്നും തോന്നിയില്ല. ചെല്ലമ്മ ടീച്ചറിന്റെ മറച്ചു പിടിക്കാൻ പണിപ്പെട്ട ആ ചിരിക്കപ്പുറം എന്തു സമ്മാനമാണു ബാക്കിയുണ്ടായിരുന്നത് ?

-ചെല്ലമ്മ ടീച്ചർ ഇന്നു യാത്രയായി. തൊണ്ണൂറ്റി രണ്ടു വയസ്സായിരുന്നു.

ചുണ്ടുകൾ കടിച്ചു പിടിച്ചു മറയ്ക്കാൻ ശ്രമിച്ച ഭംഗിയുള്ള ആ ചിരി മാത്രം കണ്ണിൽനിന്നു മായുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *