Kuttappan | P M Job | A Journey from Changanassery to Mangalore to Global Destinations | Global TV

Posted on: January 10, 2025

നാട്ടിലൊതുങ്ങുമായിരുന്ന ഒരു പ്രതിഭാ വിലാസം നാടുനീളെ പ്രഭ ചൊരിയുന്നതിൻ്റെ രഹസ്യമെന്ത്? | ഗ്ലോബൽ ടി വി

എൻ വി പൗലോസ്, ചെയർമാൻ, ഗ്ലോബൽ ടി വി +91 98441 82044

കർമ്മനിരതൻ സേവന തത്പരൻ തൻ്റെ ചുറ്റുമുള്ള ഡൈനാമോകളെ സദാ പ്രവർത്തിപ്പിക്കുന്ന കാന്തിക ഊർജ്ജം. കുട്ടപ്പൻ എന്ന പി എം ജോബ് സാമാന്യ ബുദ്ധിയിലും പ്രായോഗിക ബുദ്ധിയിലും അഗ്രഗണ്യനാണ്. അതിബുദ്ധിമാന്മാർ കിതക്കുകയും വിറക്കുകയും ചെയ്യുന്ന ഭാരപ്പെട്ട ദൗത്യങ്ങൾ അദ്ദേഹം അസാമാന്യ വൈഭവത്തോടെയും അതീവ ലാളിത്യത്തോടെയും അതിവേഗം പൂർത്തിയാക്കും.

മറ്റുള്ളവരുടെ അംഗീകാരത്തിന് കാത്തുനിൽക്കാതെ അദ്ദേഹം തൻ്റെ തുടർ ദൗത്യങ്ങളിൽ മുഴുകുമ്പോൾ ആരുമറിയാതെ പ്രശംസകളും അംഗീകാരങ്ങളും അദ്ദേഹത്തെ പിന്തുടർന്നുകൊണ്ടേയിരിക്കും. കാര്യക്ഷമതയിലും കാര്യപ്രാപ്തിയിലും ചെറുപ്പം മുതലേ ഒരു പടി മുന്നിൽ ആണ് എവിടെയും അദ്ദേഹത്തിന് സ്ഥാനം.

ചുറ്റുമുള്ളവർ ഒരു പക്ഷെ ഒരു കല്ലേറ് ദൂരം അദ്ദേഹത്തിന് പിന്നിലായിരിക്കും. ചിലർക്ക് കല്ലെടുത്ത് എറിയാനും തോന്നിയേക്കും. അവരിൽ ചിലർ അതിന് തുനിഞ്ഞേക്കും. പക്ഷെ കല്ലുകൾക്ക് മുന്നിൽ ഇനിയുമൊരു കല്ലേറ് ദൂരം മുന്നിലേക്ക് തൻ്റെ കർമ്മ പദത്തിൽ അദ്ദേഹത്തെ എത്തിക്കുന്ന ഊർജ്ജസരണികളും ശ്രേണികളും ആയി ആ കല്ലുകൾ മാറും. കല്ലുകൾ കൊണ്ട് ഉണ്ടാക്കുന്ന വേദനകൾ സ്വതസിദ്ധമായ ആ ചിരിയിൽ മറ്റുള്ളവർ അറിയാതെ പോകും.

പക്ഷികൾ പറക്കുകയും മീനുകൾ നീന്തുകയും ചെയ്യുന്നത് എങ്ങനെ?

പ്രതിസന്ധികൾ അദ്ദേഹത്തിന് ഏണിപ്പടികൾ ആണ്. പ്രതിബന്ധങ്ങൾ പാരച്യൂട്ടുകളും. മറ്റുള്ളവർ തീർക്കുന്ന അനാവശ്യ തടസ്സങ്ങൾ ആരുമറിയാതെ അദ്ദേഹം മറികടക്കും. എങ്ങിനെയെന്ന് ചോദിച്ചാൽ പറഞ്ഞു തരാൻ ഒരുപക്ഷെ അദ്ദേഹത്തിനുമറിയില്ലായിരിക്കാം. പക്ഷികൾ പറക്കുകയും മീനുകൾ നീന്തുകയും ചെയ്യുന്നത് എങ്ങനെയെന്ന് പരസ്പരം പരിശീലിപ്പിക്കാൻ ഇരുവർക്കും കഴിയാത്തതുപോലെ ഒരു മരീചികയായി ഈ തടസ്സങ്ങൾ തുടർന്നുകൊണ്ടേയിരിക്കും.

പക്ഷെ ചിറകുകളുള്ളവർക്ക് അദ്ദേഹത്തോടൊപ്പം പറന്നുല്ലസിക്കാം. നീന്താനറിയുന്നവർക്ക് അവരുടെ പ്രവർത്തനക്ഷമതക്ക് അനുസരണമായി ആഴക്കടലിൽ നീന്തിത്തുടിക്കുകയും ആഴത്തിലിറങ്ങി വൈരശേഖരങ്ങൾ മുങ്ങിയെടുക്കുകയുമാകാം. സദാ ചലിക്കുകയും സഞ്ചരിക്കുകയും ചെയ്യുന്നവർക്ക് വിവിധരംഗങ്ങളിൽ വിസ്മയകരമായ നേട്ടങ്ങളും കൈവരിക്കാം.

സേവനവും സഹകരണവും രക്തത്തിൽ അലിഞ്ഞു ചേർന്നിരിക്കുന്നു. സാധുജന സഹായങ്ങൾക്ക് സദാ സന്നദ്ധൻ. അവരുടെ ഉന്നമനത്തിനായി നേരിട്ടിറങ്ങി പ്രവർത്തിക്കാൻ അതീവതത്പരൻ. അലസതയും അവധാനതയും ഒരുപക്ഷെ അദ്ദേഹം പ്രോത്സാഹിപ്പിച്ചില്ലെന്ന് വരാം. പക്ഷെ നിങ്ങളെ വഴിയിൽ കണ്ടില്ലെന്ന് നടിച്ചു കടന്നുപോകില്ല എന്നുറപ്പാണ്. മുറിവുകൾ വച്ചുകെട്ടി നിങ്ങളെ അടുത്ത സത്രത്തിൽ ഏൽപ്പിച്ച ശേഷം തൻ്റെ യാത്ര തുടരുന്ന അദ്ദേഹം നിങ്ങളെ തേടി മടങ്ങിയെത്തുകയും ചെയ്യും.

സൗത്തിന്ത്യൻ ബാങ്കിൻ്റെ ജോയിൻറ് ജനറൽ മാനേജർ ആയി റിട്ടയർ ചെയ്ത അദ്ദേഹം തൻ്റെ പദവിയിലും മുന്തിയ സേവനങ്ങളാണ് ബാങ്കിനും നാട്ടുകാർക്കും ചെയ്തിട്ടുള്ളത് എന്ന് നിസ്സംശയം പറയാം. തികഞ്ഞ പ്രൊഫഷനലും അതേസമയം ജനസേവകനും ആകാൻ അദ്ദേഹത്തിന് കഴിഞ്ഞു. ചങ്ങനാശ്ശേരി സ്വദേശിയായ അദ്ദേഹം തൻ്റെ യൗവ്വനത്തിൽ തന്നെ മംഗലാപുരത്തേക്ക് പറിച്ചുനടപ്പെട്ടു.

തേനും പാലുമൊഴുകുന്ന കാനാൻ ദേശമാണ് മംഗലാപുരം.

ഒരുപക്ഷെ ഒന്ന് മടിച്ചിരുന്നിരിക്കാമെങ്കിലും അല്ലെങ്കിൽ അനല്പമായ വിഷമതകൾ ഒക്കെ സഹിക്കേണ്ടിവന്നിരിക്കാമെങ്കിലും മംഗലാപുരം അദ്ദേഹത്തിന് തേനും പാലുമൊഴുകുന്ന കാനാൻ ദേശം ആയി മാറി എന്നതാണ് സത്യം. മംഗലാപുരം പലർക്കും തേനും പാലുമൊഴുകുന്ന കാനാൻ ദേശമാണ്. മനുഷ്യരുമായി മാന്യമായി ഇടപെടാൻ അറിയുന്ന മംഗലാപുരത്തുകാർ മികച്ച പ്രവർത്തനങ്ങളും മാന്യമായ പെരുമാറ്റവും കൊണ്ട് ഏവരെയും ആകർഷിക്കും.

വിവിധ മേഖലകളിൽ മംഗലാപുരം രാജ്യത്തിനുതന്നെ മാതൃകയാണ്. വിദ്യാഭ്യാസ രംഗത്തും ആതുരസേവനരംഗത്തും മറ്റ് സേവനരംഗങ്ങളിലും ആദിത്യ മര്യാദയുടെ കാര്യത്തിലും മംഗലാപുരം മികച്ച നിലവാരം പുലർത്തുന്നു. ശുചിത്വത്തിൻ്റെ കാര്യത്തിലും പരിസര സംരക്ഷണത്തിൻ്റെ കാര്യത്തിലും മംഗലാപുരം മുൻപന്തിയിൽ ആണ്.

അത്യാഗ്രഹികളായ ചില റിയൽ എസ്റ്റേറ്റുകാർ അഴിമതിക്കാരായ ചില ഉദ്യോഗസ്ഥരുമായി ചേർന്ന് ഭൂമിയുടെ സന്തുലിതാവസ്ഥയെത്തന്നെ തകർക്കുന്നത്രയും അതീവ ഗൗരവകരമായ വീഴ്ചകൾ വരുത്തുന്നത് ഇവിടെ പ്രസ്താവിച്ചില്ലെങ്കിൽ അത് മാധ്യമധർമ്മത്തോട് അനീതി പുലർത്തുന്നതാകും.

സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയാണ് മാധ്യമധർമ്മത്തിൻ്റെ കാര്യത്തിൽ ഗ്ലോബൽ ടി വിക്ക് മാതൃക. അദ്ദേഹത്തിൻ്റെ ചെറുമകളുമായി നല്ലൊരടുപ്പമുണ്ടായിരുന്നു ഈ ലേഖകന്. രാമകൃഷ്ണപിള്ളയുടെ പിതാവ് മംഗലാപുരം സ്വദേശിയായിരുന്നു എന്ന കാര്യം പല ചരിത്രകാരന്മാർക്ക് പോലും അറിയില്ല എന്ന് ആണ് എനിക്ക് തോന്നുന്നത്. ഗ്ലോബൽ ടി വിയുടെ പ്രവർത്തന കേന്ദ്രമായി മംഗലാപുരം മാറിയതും ഒരു വലിയ ദൈവിക പദ്ധതി തന്നെയാണ്. അതിനെക്കുറിച്ചിനിയൊരിക്കൽ എഴുതാം.

ഭാര്യ കുടുംബത്തിന് വിളക്കും ഭർത്താവിന് വലിയൊരു തണൽ വൃക്ഷവുമാണ്.

പ്ലാമൂട്ടിലേക്ക് മടങ്ങിവരാം. ഏറ്റവും മധുരമുള്ള പഴങ്ങളിൽ ഒന്നാണ് ചക്കപ്പഴം. അത് കിട്ടുന്നത് പ്ലാമൂട്ടിൽ ആണ്. അതാണ് ജോബ് സാറിൻ്റെ വീട്ടുപേര്. തൻ്റെ സഹധർമ്മിണിയും മികച്ച അധ്യാപികയും ആയ മേരി ടീച്ചർ അദ്ദേഹത്തിന് തികഞ്ഞ പിന്തുണ നൽകി. മുൻഗണന നൽകി എന്നതാണ് കൂടുതൽ ശരി. മഞ്ചേശ്വരം ജൂനിയർ കോളജ് പ്രിൻസിപ്പൽ ആയി റിട്ടയർ ചെയ്ത ടീച്ചർ ഇന്ന് നമ്മോടൊപ്പമില്ല. പക്ഷെ ടീച്ചറിൻ്റെ സാന്നിധ്യം സദാ അദ്ദേഹത്തിന് മുൻപിൽ നിറദീപമായി തുടരുന്നു എന്നെനിക്കറിയാം. ദൈവനിശ്ചയം എന്ന് പറയാം ടീച്ചറുമായി സംസാരിക്കാനുള്ള ഭാഗ്യം ഈ ലേഖകനും ഉണ്ടായിട്ടുണ്ട്.

ശാരീരിക ബുദ്ധിമുട്ടുകൾ വല്ലാതെ അലട്ടിയപ്പോഴും ആ മുഖത്തെ പ്രസരിപ്പ് തികച്ചും ചൈതന്യവത്തായിരുന്നു. കണക്കിൽ അസാമാന്യ വൈഭവമുണ്ടായിരുന്ന മേരി ടീച്ചറുടെ കണക്കുകൂട്ടലുകളെല്ലാം തനിക്കുള്ളവർക്കും മറ്റുള്ളവർക്കും നന്മയുണ്ടാകുന്നതിനായിരുന്നു.

മൂന്ന് മക്കളും മരുമക്കളും തിരക്കുള്ള ഡോക്ടർമാർ. എല്ലാവരും മൂല്യാധിഷ്ഠിത ജീവിതം നയിക്കുന്നവർ. നല്ല മാതാപിതാക്കളും ഐശ്വര്യപൂർണ്ണമായ കുടുംബ ജീവിതവും ദൈവിക ദാനങ്ങൾ എന്ന് കരുതി അതിൽ തികച്ചും ആനന്ദിച്ചിരുന്ന ടീച്ചർ തൻ്റെ ദൗത്യങ്ങളൊന്നും ബാക്കിവച്ചില്ല. അസാന്നിധ്യം നിറസാന്നിധ്യമാകുന്ന കഥകൾ മറ്റുള്ളവർ പറയേണ്ടിയിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *