ജിയോ പീറ്ററിൻ്റെ മകൾ മേരി അനുഗ്രഹയും ദൈവപരിപാലനയുടെ പാതയിലേക്ക് | ഗ്ലോബൽ ടി വി

Posted on: November 17, 2024

മദർ മേരി ലിറ്റിയുടെ നാമകരണ നടപടികൾക്ക് ചങ്ങനാശേരി മെത്രാപോലിത്ത മാർ ജോസഫ് പെരുന്തോട്ടം കഴിഞ്ഞ വർഷം തുടക്കം കുറിച്ചു | ഗ്ലോബൽ ടി വി

ആൻറണി എബ്രഹാം | എൻ വി പൗലോസ്

ദൈവ പരിപാലന ഭവൻ്റെ സ്ഥാപക മദർ മേരി ലിറ്റിയുടെ സഹോദര പുത്രൻ ജിയോ പീറ്ററിൻ്റെ മകൾ മേരി അനുഗ്രഹയും ദൈവപരിപാലനയുടെ പാതയിലേക്ക്. കുന്നന്താനം ദൈവ പരിപാലന ഭവനിൽ വ്രത സ്വീകരണവും കോതമംഗലം സെൻറ് ജോർജ്ജ് കത്തീഡ്രലിൽ ബിഷപ്പ് മാർ ജോർജ്ജ് മഠത്തിക്കണ്ടത്തിലിൻ്റെ മുഖ്യ കാർമ്മികത്വത്തിൽ ബലിയർപ്പണവും നടന്നു. കോതമംഗലം ഒലിയപ്പുറം കുടുംബത്തിൽനിന്നും മദർ മേരി ലിറ്റി സന്യാസ പാത തെരഞ്ഞെടുത്തത് 1955 ൽ ആണ്.

ദൈവിക പദ്ധതിയുടെ തീഷ്ണതയിൽ വൻവൃക്ഷങ്ങളായി മാറിയ തലമുറകളിലെ സന്യാസവര്യർ ഒലിയപ്പുറം കുടുംബത്തിന്റെ ഉറവ വറ്റാത്ത നീർചാലുകളാണ്. ആ നീർചാലുകളിൽ നന്മ മരങ്ങൾ വളർന്നു വരിക എന്നത് തികച്ചും സ്വാഭാവികമാണ്.

ആദ്യ കാലങ്ങളിൽ വിശുദ്ധരായ വ്യക്തികൾ കൊണ്ട വെയിൽ സ്വാഭാവികമായും പുതു തലമുറക്ക് തണലായി മാറുകയും ചെയ്യും. കാലഘട്ടത്തിന്റെ വെല്ലുവിളികൾ പക്ഷെ നമ്മൾ തരണം ചെയ്യുക തന്നെ വേണം.

പിന്നോട്ട് നോക്കുമ്പോൾ അസാധ്യമായത് ആഗ്രഹിക്കുകയും തീഷ്ണമായ ദൈവിക പദ്ധതിയുടെ പൂർത്തീകരണമാണ് തന്റെ ജീവിത ലക്ഷ്യമെന്ന് തിരിച്ചറിയുകയും ചെയ്ത മദർ മേരി ലിറ്റിയിൽ നമ്മുടെ ശ്രദ്ധ പതിയും.

കടൽ യാത്ര ചെയ്ത് വിദേശത്ത് പോയ ഡോക്ടർ കൂടിയായ മദർ നീന്തിക്കയറിയ ആഴക്കടലുകൾ നിരവധിയാണ്. ചരിത്രം മദറിന് മുന്നിൽ തല കുമ്പിട്ട് പ്രാർത്ഥിക്കുന്ന കാലം അതി വിദൂരമല്ല.

ദൈവത്തിങ്കലേക്ക് നോക്കി സഞ്ചരിക്കുന്ന മനുഷ്യൻ ലൈറ്റ് ഹൗസ് ലക്ഷ്യമാക്കി സഞ്ചരിക്കുന്ന കപ്പൽ പോലെയാണ്. അത് ലക്ഷ്യത്തിൽ എത്തുക തന്നെ ചെയ്യും.

കോതമംഗലത്തിനടുത്ത് രാമല്ലൂർ ഒലിയപ്പുറം വീട്ടിൽ ഒ പി ജോസഫിൻ്റെയും ബ്രിജീത്തയുടെയും ഇളയ മകളായി 1935 ഓഗസ്റ്റ് രണ്ടിന് ജനിച്ച കൊച്ചു ത്രേസ്യ കോതമംഗലം സെൻ്റ് അഗസ്റ്റിൻസ് ഗേൾസ് ഹൈസ്കൂളിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി.

പിന്നീട് ചങ്ങനാശ്ശേരിയിലെ അസംപ്ഷൻ കോളേജിൽ നിന്ന് ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി. 1955 ൽ കോതമംഗലത്തെ മിഷനറീസ് ഓഫ് ക്രൈസ്റ്റ് ജീസസിൻ്റെ (എംസിജെ) കോൺവെൻ്റിൽ ചേർന്നു. പിന്നീട് മെഡിക്കൽ ബിരുദം നേടിയ സിസ്റ്റർ മേരി ലിറ്റി റോമിലും ഐർലണ്ടിലും ഇംഗ്ലണ്ടിലും വർഷങ്ങളോളം സേവനം അനുഷ്ടിച്ച ശേഷം നാട്ടിലേക്ക് മടങ്ങിയത് വലിയൊരു ലക്‌ഷ്യം മനസ്സിൽ ഉറപ്പിച്ചുകൊണ്ടാണ്.

അവശരായ ആളുകൾക്കും ഉപേക്ഷിക്കപ്പെട്ട കുട്ടികൾക്കും വികലാംഗരായ അനാഥർക്കും വേണ്ടി ദൈവപരിപാലന സഭ സ്ഥാപിക്കുകയായിരുന്നു മദർ മേരി ലിറ്റിയുടെ ലക്‌ഷ്യം. എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് ഈ സഭ സമൂഹം ഇന്ത്യയിലും ആഫ്രിക്കയിലും നിരവധി സ്ഥലങ്ങളിൽ സേവനം അനുഷ്ഠിക്കുന്നു.

സ്നേഹ ചിറകുള്ള മാലാഖമാരായി അശരണരെയും നിരാലംബരെയും പരിചരിക്കുന്ന മഹത്തരമായ ദൗത്യം ഏറ്റെടുക്കുന്നവരുടെ സംഖ്യ കൂടി വരുന്നത് ഏറെ ശ്ലാഘനീയമാണ്. തുളുമ്പുന്ന പുഞ്ചിരിയും സ്നേഹം സ്ഫുരിക്കുന്ന ഹൃദയവുമായി ആർക്കും വേണ്ടാത്തവർക്ക് തണൽ വൃക്ഷമായി മാറുന്ന മനുഷ്യസ്നേഹം ദൈവികതയുടെ പ്രതിരൂപമാണ്.

മദർ മേരി ലിറ്റിയുടെ നാമകരണ നടപടികൾക്ക് ചങ്ങനാശേരി മെത്രാപോലിത്ത മാർ ജോസഫ് പെരുന്തോട്ടം കഴിഞ്ഞ വർഷം തുടക്കം കുറിച്ചത് ആ മഹതിയുടെ പ്രവർത്തനമികവിൻ്റെയും ഹൃദയ പരിശുദ്ദിയുടെയും പ്രതിസ്പന്ദനമാണ്. പലപ്പോഴും ചുറ്റുമുള്ളവർ തിരിച്ചറിയാൻ മടിക്കുന്ന മഹാനന്മകൾ കാലചക്രം ഉയർത്തിക്കൊണ്ടുവരുന്നത് വലിയ ബഹുമതികളിലൂടെയാണ്.

നമ്മുടെ ഇടയിൽ നമ്മളിൽ ഒരാളായി ജീവിക്കുന്ന വിശുദ്ധരായ മനുഷ്യരെ തിരിച്ചറിയാൻ നമ്മുക്ക് കഴിയുന്നുണ്ടോ എന്ന് ഇടക്കൊക്കെ പരിശോധിക്കുന്നത് നല്ലതാണ്. പലപ്പോഴും തിരക്കുകളുടെ ലോകത്ത് നന്മകൾ കാണുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും നന്മയോട് ചേർന്നു നിൽക്കുന്നതിനും നമ്മിൽ പലർക്കും കഴിയാതെ പോകുന്നു.

ആഡംബരത്തിൻ്റെ മാസ്മരികലോകത്ത് ദിശയറിയാതെ ഓടി നടക്കുന്നവർ വല്ലപ്പോഴും നന്മകളുടെ പ്രതിരൂപങ്ങൾ ആകുന്ന മനുഷ്യരെക്കുറിച്ചും അവർ ഒരുക്കുന്ന ദൈവിക വിസ്മയങ്ങളെക്കുറിച്ചും ചിന്തിക്കുന്നത് നല്ലതാണ്. ഈ ചെറിയവരിൽ ഒരുവന് നിങ്ങൾ അത് ചെയ്തപ്പോൾ അത് എനിക്കുതന്നെയാണ് ചെയ്തത് എന്ന ദൈവിക വചനം നമ്മുടെ കാതുകളിൽ എപ്പോഴും മുഴങ്ങട്ടെ.

Leave a Reply

Your email address will not be published. Required fields are marked *