കുറുമാത്തൂർ നായ്ക്കരുടെ കളിവിളക്കിൽ തെളിഞ്ഞ ചെമ്മഞ്ചേരിച്ചുട്ടി….!

Posted on: August 16, 2021

ഡോ സഞ്ജീവൻ അഴീക്കോട്

തേവാരം കഴിഞ്ഞ് നായ്ക്കരെത്തി. മനയ്ക്കലെ കാര്യ വിചാരത്തിന്, പൂമുഖത്തെ ചാരു കസേലയിൽ ആസനസ്ഥനായി.. അപ്പോഴും കണ്ണ്, പറമ്പിലേക്കാണ്.

തൊഴുത്തിൽ നിന്ന് മാറ്റിക്കെട്ടിയ പശുക്കൾ പറമ്പിൽ മേയുന്നുണ്ട്..

ആ നോട്ടത്തിനു മറുമൊഴിയായി :..”അ…മ്പേ …”എന്ന്അ മ്മപ്പശുവിൻ്റെ ഉരിയാട്ടം… നായ്ക്കരുടെ ദൃഢനിശ്ചയ മനസ്സിൽ കളിയരങ്ങ് തെളിഞ്ഞു..

“ഗോ…പാ..ലാ.. എന്ന്
നീട്ടി ഒരു വിളി ..

കഥകളിപ്പദം പോലെയുള്ള വല്യേളട്ത്തിൻ്റെ ആ വിളി കേട്ട്
കാര്യസ്ഥൻ ധൃതിയിലെത്തി…

പുലർച്ചെ കുളത്തിൽകുളിച്ച് തറവാട്ട്കുല പരദേവതയെ ധ്യാനിച്ച് എന്നും ചിട്ട തെറ്റാതെ പശു പരിപാലനം നടത്തുന്ന ഇരുപത്തഞ്ചു വയസ്സുകാരനായ ഗോപാലൻ ഒന്ന് പരിഭ്രമിച്ചു.

എന്തെങ്കിലും കൈപ്പിഴവന്നോ?

കൃത്യസമയത്ത് പാൽ കറക്കാനെത്തിയതാണല്ലോ..
വൈകിപ്പോയോ .. നിശ്ചയമില്ല.
കൈയും കാലും മുഖവും കഴുകി നേരേ തിരു മുന്നിലേക്ക് ..

ഗോപാലാ..
നോം .
നിന്നെ കഥകളി പഠിപ്പിക്കാൻ തീരുമാനിച്ചു.
നാളെ മുതൽ കളരി തുടങ്ങുകയാണ്
തൃക്കരിപ്പൂർ താഴക്കാട്ടും
ചെറുതാഴം വാരണകോട്ടും പോലെ
കുറുമാത്തൂരില്ലത്തിനും വേണം ഒരു സ്വന്തം
കളിയരങ്ങ്….
ഗുരു ചന്തു പണിക്കരുടെ ശിഷ്യൻ
കൊണ്ടി
നാരായണനാശാൻ ഇന്ന് ഉച്ചയോടെ മനയ്ക്കലെത്തും.

നിൻ്റെ
ചിത്രം വര നന്നേ ബോധിച്ചു.
നിനക്ക് പറ്റിയത് കഥകളിചുട്ടിയാ..
ഇനി മുതൽ ചുട്ടി കുത്താൻ പഠിക്കണം.
അതിനുള്ള കഴിവുണ്ട്..

കുറുമാത്തൂർ സ്കൂൾ വിദ്യാർത്ഥികളായ
ബാലകൃഷ്ണനും മൂലബാലനും ഭാസ്കരനുമൊക്കെ കളരിയിൽ പഠിക്കാനെത്തും….
കുറുമാത്തൂർ ഇല്ലവും കഥകളിയിൽ അങ്ങനെ ചരിത്രം കുറിക്കട്ടെ..

പെരിഞ്ചല്ലൂർ ബ്രാഹ്മണ ഗ്രാമത്തിലെ
കുറുമാത്തൂർ
നായ്ക്കർസ്ഥാനി കാരണവർ .-
വല്യ ഏളിയേടത്ത് –

ഇല്ലത്തെ എല്ലാവരും കേൾക്കെ
ഉറക്കെ പ്രഖ്യാപിച്ചു.

അതു കേട്ട്
ഗോപാലൻ ആശ്ചര്യപ്പെട്ടു..
വല്യേളിയടത്തിൻ്റെ വാക്കുകൾ അന്തരീക്ഷത്തിൽ പ്രതിധ്വനിക്കുകയാണ്.

ഒരു നിമിഷം മറുവാക്കു കിട്ടാതെ ഗോപാലൻ വിറകൊണ്ടു.

“ത..മ്പു…രാൻ….”
ആ വാക്കുകൾ പൂർത്തിയാക്കാനായില്ല.. കണ്ണിൽ സന്തോഷാശ്രുകണങ്ങൾ.. ഗോപാലൻ്റെവാക്കുകൾ ഇടറി. കുഞ്ഞുന്നാളിൽ
മണ്ണിലും ചുമരിലും കിട്ടുന്ന പേപ്പറിലുമൊക്കെ എന്തൊക്കെയോ വരച്ചിട്ടുണ്ട് ..
ഇല്ലത്തെ കളിക്കൂട്ടുകാർക്ക് അതറിയാം ..
ഇപ്പോൾ
വല്യ ഏളേട്ത്ത്ന്ന് നായ്ക്കർ തമ്പുരാൻ…
പറഞ്ഞത് ..
അത് …
സത്യമോ?”ഗോപാലന്
വിശ്വസിക്കാനായില്ല

കഥകളിക്കമ്പക്കാരനായ കുറുമാത്തൂർ നായ്ക്കർ നാരായണൻ നമ്പൂതിരിപ്പാട് ഇല്ലത്തെ മുഖ്യ കാര്യസ്ഥനെ വിളിച്ചു.
പത്തായപ്പുര വരാന്തയിൽ കഥകളി കളരി തുടങ്ങാനുള്ള ഒരുക്കങ്ങൾക്കായി കല്പന നല്കി. അരങ്ങിലെ വിജയം അണിയറയിലെ ഗുരുത്വമാണ്. അതിന് കളിയച്ഛൻ്റെ, അഥവാ ഗുരുവിൻ്റെ അനുഗ്രഹം വേണം..

കഥകളി ചുട്ടി ആചാര്യൻ
ചെമ്മഞ്ചേരി ഗോപാലൻ നമ്പ്യാരും സഹധർമ്മിണി കാർത്യായനിയമ്മയും

കാലിച്ചെറുക്കന് ഗുരുപ്രസാദം

മഹാകവി പി.കുഞ്ഞിരാമൻ നായരുടെ മാസ്റ്റർ
പീസായ കളിയച്ഛൻ , കഥകളിക്കമ്പക്കാർ ഏറ്റുചൊല്ലിയ കാലം കൂടിയാണത്.
അതിലെ വരികൾ മുഴുവനും
കളിഭ്രമക്കാർക്ക് ഹൃദിസ്ഥം .
അരങ്ങത്ത് പരാജയപ്പെടുന്ന
കഥകളി നടൻ്റെ ആത്മസംഘർഷം അടയാളപ്പെടുത്തും വരികൾ..

” ബ്രഹ്മസ്വരൂപൻ ഗുരു കനിഞ്ഞീടുകിൽ /
ബ്രഹ്മാണ്ഡമൊക്കെയും നിൻ കളിപ്പന്തൽ താൻ /
കെട്ടുന്ന വേഷത്തിനേ തിനുമൊന്നാണു /
ലക്ഷ്യം – ഗുരുവരാനുഗ്രഹ പ്രീണനം”

അതെ ,ഇവിടെ ബ്രഹ്മസ്വരൂപനായ സാക്ഷാൽ കൊട്ടിയൂരപ്പൻ്റെ, അനുഗ്രഹമാണ് കുറുമാത്തൂർ നായ്ക്കരിലൂടെ ഗോപാലന് ലഭിച്ചിരിക്കുന്നത്.!.

മനയ്ക്കലിൽ
പശുവിനെ മേക്കാൻ വന്ന കാലിച്ചെറുക്കൻ
നാളെ മുതൽ
കഥകളിച്ചുട്ടിക്കാരനായി മാറുന്നു …

കർഷകനായ ഇടക്കേപ്രവൻ കണ്ണൻ നമ്പ്യാരുടെയും ചെമ്മഞ്ചേരി കല്യാണിയമ്മയുടെയും മകൻ..
“സുന്ദര സ്മേരമാം
ഗുരുവരം ലഭിച്ച ” ഗോപാലൻ ..
കഥകളി കളരിപ്പടി കേറുകയാണ് ..
കൊണ്ടി നാരായണൻ നായരാശാനാണ് ഗുരുവര്യനായി എത്തുന്നത് .. കലാമണ്ഡലം കൃഷ്ണൻ നായരാശാന് വാരണക്കോട്ട് കളിയോഗത്തിൽ ശിക്ഷണം നല്കാൻ
ഗുരു ചന്തുപ്പണിക്കർക്കൊപ്പം എത്തിയ ശിഷ്യനാണ് നാരായണൻനായരാശാൻ.

കഥകളിയുടെ
നാനാവശങ്ങൾ അറിയുന്ന ഗുരുവര്യനാണ്
നാരായണനാശാൻ.
കഥകളി ആചാര്യൻ
ഗുരു ചന്തുപ്പണിക്കരുടെ അനുഗ്രഹ പ്രസാദം അക്ഷരാർത്ഥത്തിൽ
ലഭിച്ച അരങ്ങിലെയും അണിയറയുടെയും
വിജയ വിദ്യാ രഹസ്യപാoങ്ങൾ ആവാഹിച്ചെടുത്ത
വത്സല ശിഷ്യൻ.

ഗുരുകുലത്തിലെ കർശന ചിട്ടകൾ കൃത്യമായി അനുഷ്ഠിച്ചെങ്കിലേ വിജയമുള്ളൂ …
തന്നിലെ കലാകാരനെ തിരിച്ചറിഞ്ഞ
വല്യ ഏളിയേടത്ത് നായ്ക്കർ തമ്പുരാനെ വന്ദിച്ച് അങ്ങനെ ഗോപാലൻ കുറുമാത്തൂർ കളിയരങ്ങിനൊപ്പമായി.

കണ്ണൂരിലെ കുവലയം കഥകളി സമ്മാന ആദര ഫലകം

കളരിയായി പത്തായപ്പുര

പത്തായപ്പുരയിലെ കളരിയിൽ പരിശീലനം തുടങ്ങി.
പ്രാഥമിക പാഠം
നാമം, വളയം, ചുണ്ടെഴുത്ത്, ചുട്ടി എന്നീ ക്രമത്തിൽ പഠിച്ചെടുത്തു.
കടലാസിൽ
ചിത്രം വരക്കുമ്പോലെയല്ല ചുട്ടി.
ചലിക്കുന്ന, ജീവനുള്ള പ്രതലത്തിലാണ് ചുട്ടി കുത്തുന്നത്.
ഓരോ മുഖത്തിനനുസരിച്ച് ചുട്ടി കുത്തുക എന്നത് വളരെ വൈഷമ്യമേറിയ കാര്യമാണ്.

ചട്ടിപ്പുറത്ത് വളയം വരച്ച് പഠിക്കാനെളുപ്പം
എന്നാൽ അത് മുഖത്ത് എഴുതുമ്പോൾ ഉണ്ടാകുന്ന വ്യത്യാസം പിന്നെ തിരിച്ചറിഞ്ഞു.

തറവാട്ടുകാവിലെ തെയ്യത്തിനു അണിയറയിൽ
ഈർക്കിൽ കൊണ്ട് മുഖത്ത് എഴുതുന്നത് കുഞ്ഞുനാളിൽ നേരിട്ട് കണ്ടതും കൗതുകത്തോടെ നോക്കി നിന്നതും ഗോപാലൻ്റെ മനസ്സിലെത്തി.

ഉണക്കലരി,
വെള്ളത്തിൽ കുതിർത്ത് രണ്ടു മൂന്നു മണിക്കൂർ കഴിഞ്ഞ് അരച്ചെടുക്കാനും
അതിൽ മൂന്നിലൊന്ന് ചുണ്ണാമ്പ് ചേർത്ത്
വീണ്ടും വെള്ളം കുറച്ച് അരയ്ക്കാനും ആ കൈയ്യളവും ഒക്കെ പടിപടിയായി ഹൃദിസ്ഥമാക്കി.
അക്കാലത്ത്
നാരായണാനാശാനെ വെല്ലുന്ന
ചുട്ടിക്കാരൻ വടക്കൻ കേരളത്തിലില്ലെന്നു തന്നെ പറയാം. ചന്തു പണിക്കരുടെ കളിവിദ്യകൾ
എല്ലാം ലഭിച്ച ശിഷ്യൻ.
പച്ച, കത്തി, വെള്ളത്താടി, ചുവന്ന താടി, കരി, എന്നീ ചുട്ടികളാണ് വഴിക്കു വഴി ഗുരുനാഥൻ പഠിപ്പിച്ചത്.
കത്തിയിൽ നെടുംകത്തിയും കുറും കത്തിയും തമ്മിലും
ചുവന്ന താടിയിൽ ബാലി-സുഗ്രീവന്മാർക്കുള്ള വ്യത്യാസവും സൂക്ഷ്മമായി പഠിച്ചെടുത്തു.
വലിയ മുഖത്തിന് ചുവന്ന താടിയും കത്തിക്ക് വട്ട മുഖവും ഏറെ ഭംഗി പകരും.
ഹനുമാൻ’,നന്ദികേശ്വരൻ, എന്നിവരുടെ വെള്ളത്താടിക്കൊപ്പം രാജസൂയത്തിലെ വിവിദൻ്റെ വെള്ളത്താടി ചുട്ടി വിദ്യയും തൻ്റെ ശിഷ്യന് നാരായണാശാൻ കൈമാറി.

ബാലകൃഷ്ണന് പച്ചയും ഭാസ്കരന് കത്തിയും മൂല ബാലന് ചുവന്ന താടിയും ചുട്ടി കുത്തി പഠിച്ച്ഗോപാലൻ അങ്ങനെ വൈദഗ്ധ്യം നേടി.
വൈകുന്നേരം സ്കൂൾ വിട്ട് എത്തിയാൽ ഉടനെ പരിശീലനം തുടങ്ങുകയായി.
ശനിയും ഞായറും മറ്റ് അവധി ദിവസങ്ങളിൽ
രാവിലെയും ..

ആശാൻ പീഠത്തിൽ കോലുകൊണ്ട് താളം പിടിക്കുമ്പോൾ
ശേഖരിയില്ലത്ത് കപാലിനമ്പൂതിരി കഥകളിപ്പദം ചൊല്ലും.
പുസ്തകം നോക്കിയാണ് ചൊല്ലുക.

അരങ്ങത്ത് ബാലകൃഷ്ണനും ഭാസ്കരനും ബാലനും .. പ്രേക്ഷകരായി വല്യ ഏളേട്ത്ത് നായക്കരുടെ മക്കളും മരുമക്കളും അനുജൻമാരുടെ മക്കളും ഒക്കെ ഉണ്ടാവും. നാരായണൻനമ്പൂതിരി ,ഗൗരി, ശേഖരിയില്ലത്ത് പരമേശ്വരൻ നമ്പൂതിരി ,എന്നിവർ സ്ഥിരം പ്രേക്ഷകരാണ്.. കൂടാതെ അച്യുതൻ മാഷുടെ മകൻ ശിവൻ, ഗംഗൻ നായർ, കുപ്പാടക്കൻ നാരായണൻ നമ്പ്യാർ, പനക്കാട് ശ്രീധരൻ നമ്പ്യാർ, തുടങ്ങിയ 15 ഓളം വരുന്ന പ്രേക്ഷകർ. കളിക്കാരെക്കാളും കഥകളി അറിവുള്ളവരാണ് കാണികൾ. വേഷവിതാനങ്ങളിലെ ചെറിയപാകപ്പിഴകൾ പോലും സൂക്ഷ്മതയോടെ വീക്ഷിക്കുന്ന പെരിഞ്ചല്ലൂരിലെ കളിക്കമ്പക്കാർ. ഇല്ലത്തമ്മമാർ റിഹേഴ്സൽ കാണാൻ വരാറില്ല.
എന്നാൽ അരങ്ങേറ്റത്തിന്നവരും സാക്ഷികളാകും.

അതെ 1950 കളിലെ കുറുമാത്തൂർ നായ്ക്കർസ്ഥാനിക കാരണവർ നാരായണൻ നമ്പൂതിരിപ്പാട് പെരിഞ്ചല്ലൂരിലെ അനുഷ്ഠാന താന്ത്രികൻ മാത്രമായിരുന്നില്ല. തളിപ്പറമ്പ് പെരിഞ്ചല്ലൂർകഥകളിയുടെ പ്രോത്സാഹകൻ കൂടിയായിരുന്നു.

ദക്ഷിണ കാശിയായ കൊട്ടിയൂർ വൈശാഖയാഗ മഹോത്സവത്തിലെ രോഹിണി ആരാധനയിൽ സ്വയംഭൂ ലിംഗത്തിൽ ആലിംഗന പുഷ്പാഞ്ജലി നടത്താനുള്ള ഏക അവകാശിയാണ് പെരിഞ്ചല്ലൂർ തന്ത്രി കുറുമാത്തൂർ നായ്ക്കർ..

നായ്ക്കർസ്ഥാനികനൊപ്പം അകമ്പടിയായി പോകാനും നിരവധി തവണ ആ ചടങ്ങിനു സാക്ഷിയാകാനും ചെമ്മഞ്ചേരി ഗോപാലൻ നമ്പ്യാർക്ക്
ഭാഗ്യം ലഭിച്ചിട്ടുമുണ്ട്.
കുറുമാത്തൂർ തമ്പുരാനെ ( നായ്ക്കർ)
വല്യേളിട്ത്ത് എന്നാണ് വിശേഷിപ്പിക്കാറ്.
ആ സ്ഥാനിക കാരണവരുടെ
കാര്യസ്ഥ സ്ഥാനമാണ് ചെമ്മഞ്ചേരിക്ക് ലഭിച്ചത്.

പ്രധാന ആട്ടക്കഥകളിലെ ഏതാനും ബാലപാഠങ്ങൾ കുട്ടികൾക്ക് പകർന്നു കൊടുത്ത് കുറുമാത്തൂർ കളരി ഏറെക്കാലം മുന്നേറി.. കുറുമാത്തൂർ യു.പി.സ്കൂളിലെ കുട്ടികളായിരുന്നു കഥകളി പഠിക്കാനെത്തിയവർ.
കളരിയിലെ ആ ശിഷ്യന്മാർ പിന്നെ പ്രശസ്തരായി.

സദനം ബാലകൃഷ്ണൻ, കുറുമാത്തൂർ മാധവൻ, മൂലയിൽ ബാലൻ, രാമകൃഷ്ണൻ,
ഭാസ്കരൻ തുടങ്ങിയ വേഷക്കാർക്കൊപ്പം
ചുട്ടി കലാകാരനായി
ചെമ്മഞ്ചേരി ഗോപാലൻ നമ്പ്യാർ കളയരങ്ങിൻ്റെ അണിയറ സ്ഥാനികനായി..

ശതാഭിഷിക്തനായ ചെമ്മഞ്ചേരി
[ ഫയൽ ചിത്രം]

പറശ്ശിനിയുടെ സ്വന്തം ചെമ്മഞ്ചേരിച്ചുട്ടി ..

കുറുമാത്തൂർ കളിയോഗത്തിലൂടെ ഗുരുപ്രസാദം ലഭിച്ച കലാകാരനായി ചെമ്മഞ്ചേരി ഗോപാലൻ നമ്പ്യാർ അറിയപ്പെട്ടു. ഗുരു ചന്തു പണിക്കരുടെ ഗുരുകുല സമ്പ്രദായ പാരമ്പര്യത്തിൻ്റെ, അവസാന കണ്ണിയായി വടക്കൻ കേരള കഥകളി ചരിത്രത്തിൽ അങ്ങനെ സ്ഥാനം പിടിച്ചു.

വാഴേങ്കട കുഞ്ചുനായർ, കലാമണ്ഡലം കൃഷ്ണൻ നായർ, കാനാ കണ്ണൻ നായർ, പറശ്ശിനി കുഞ്ഞിരാമൻ നായർ ,വാവർ കൃഷ്ണമാരാർ കയരളം തുടങ്ങി കഥകളി ലോകത്തെ നിരവധി കലാകാരന്മാരെ ചുട്ടിയണിയിക്കാൻ ചെമ്മഞ്ചേരിക്ക് അവസരവും ലഭിച്ചു. കേരളത്തിലങ്ങോളമിങ്ങോളമുള്ള വിവിധ കളിയോഗങ്ങളിൽ ചുട്ടി കലാകാരനായിട്ടുണ്ടെങ്കിലും പറശ്ശനി മടപ്പുര മുത്തപ്പൻ കഥകളിയോഗപ്പെരുമയിലാണ് ചെമ്മഞ്ചേരി പിന്നെ നാണയപ്പെട്ടത്.

രാജസൂയത്തിലെ വിവിദൻ

കളിയരങ്ങിലെ വടക്കൻ ചിട്ടയിൽ അവതരിപ്പിക്കപ്പെടുന്ന രാജസൂയത്തിൽ മാത്രം പ്രത്യക്ഷപ്പെടുന്ന ഒരു കഥാപാത്രമാണ് വിവിദൻ്. വെള്ളത്താടി വേഷമാണ് വിവിദൻ്റേത്.

ഗുരു ചന്തു പണിക്കരിൽ നിന്ന്, നാരായണനാശാനിലൂടെ പാരമ്പര്യമായി ലഭിച്ച വെള്ളത്താടി ചുട്ടിയിലെ ആ നിപുണത ഒടുവിൽ ചെമ്മഞ്ചേരിയിലെത്തി.

(കടലാസു ചുട്ടി സജീവമാകും മുമ്പുള്ള ആ അരിമാവ് ചുട്ടി വിദ്യ ഇപ്പോൾ പൂർണമായും പ്രയോഗത്തിലില്ല.) എളേടത്തു നമ്പൂതിരിയുടെതാണ് വടക്കൻ ചിട്ടയിലുള്ള രാജസൂയം ആട്ടക്കഥ

രൈവത പർവത വനത്തിൽ മധുപാനം ചെയ്ത് പത്നിമാർക്കൊപ്പം ക്രീഡിച്ചിരിക്കുന്ന ബലഭദ്രൻ്റെ അടുക്കലേക്ക് വരുന്ന കുരങ്ങശ്രേഷ്ഠനാണ് ഇവിടെ വിവിദൻ..

മഹാഭാരതത്തിൽ, ധർമ്മപുത്രരുടെ രാജസൂയത്തിൽ വിവിദ ൻ ഇല്ല. എന്നാൽ മഹാഭാഗവതത്തിൽ നിന്നാണ് വിവിദൻ കഥകളിയിലെ രാജസൂയത്തിലെത്തിയതെന്ന് കരുതാം. എന്തായാലും വടക്കൻ ചിട്ടയിലെ രാജസൂയത്തിലെ വിവിദൻ്റെ ചുട്ടി ചെമ്മഞ്ചേരി ഗോപാലൻ നമ്പ്യാരെ പ്രശസ്തനാക്കി. നാലാം രംഗത്ത് വിവിദൻ്റെ ആ വെള്ളത്താടി’ യുടെ വരവ് ഗംഭീരമാണ്. ചെമ്മഞ്ചേരി ചുട്ടിയണിഞ്ഞ് പറശ്ശിനി കുഞ്ഞിരാമൻ നായരാശാൻ്റെ അരങ്ങിളക്കിയ ആട്ടം ശേഖരിയില്ലത്ത് പരമേശ്വരൻ നമ്പൂതിരിപ്പാടിൻ്റെ മനസ്സിൽ ഇന്നുമുണ്ട്.

ജ്യേഷ്ഠൻ ബലഭദ്രനെക്കണ്ടപ്പോൾ, നരകാസുരവധം നടത്തിയ ശ്രീകൃഷ്ണനോടുള്ള പക, വിവിദനിൽ ആളിക്കത്തുകയാണ്.

“ആരിവനഹോ .. സമരഘോര ബലനെത്രയും ധീരത നടിച്ചു മരുവുന്നു വിപിനാന്തേ .. രാക്ഷസാന്തകനേഷ ഞാൻ വിവിദൻ .. മഹാരണ കർക്കശൻ, മൂർഖ നിന്നെയടുത്തു കണ്ടതു ഭാഗ്യമെന്നുടെ കേവലം .. ” എന്നു ബലരാമനോട് പറയുന്ന വിവിദൻ..

കളിവിളക്കിൻ പ്രഭയിൽ തെളിയുന്ന ചുട്ടി.. വെള്ളത്താടി .. ആ ഭാവം .. എങ്ങനെ മറക്കാൻ.” –

മുഖശ്രീ

ഹനുമാൻ്റെയും വിവിദൻ്റെയും വെളുത്ത താടി വേഷം ഏറെസമയമെടുത്ത് ചെയ്യേണ്ടതാണ്. കഥകളി വേഷക്കാരൻ്റെ ശരീരത്തെക്കുറിച്ച് നല്ല ബോധ്യമുണ്ടായ കലാകാരനാണ് ചെമ്മഞ്ചേരി. ധാരാളംവിയർപ്പുള്ള ശരീരത്തിൽ ചുട്ടിപിടിക്കില്ല. അങ്ങനെയുള്ളവർ ചുട്ടിയണിഞ്ഞാൽ നല്ലവണ്ണം ഉണങ്ങിയ ശേഷമേ അരങ്ങിലെത്താവൂ . മിക്കപ്പോഴും ചുട്ടി എഴുതാൻ കിടക്കുന്നവർ ക്ഷീണം കൊണ്ട് ഉറങ്ങിപ്പോകും. ചിലർ കൂർക്കംവലിക്കും. ഉറക്കത്തിൽ ചിലപ്പോൾ മുഖം അങ്ങട്ട് തിരിക്കാൻ നോക്കും.. വളരെ ക്ഷമയും സൂക്ഷ്മതയുമുള്ളവർക്കേ നല്ല ചുട്ടിക്കാരനാകാൻ പറ്റൂ. വേഷക്കാരൻ്റെ മുഖ അളവ് കൃത്യമായി നോക്കിക്കൊണ്ടാണ് ചുട്ടി കുത്തുക. മുഖത്തിൻ്റെ ഇരു ഭാഗങ്ങളും ഒരേ അളവാകില്ല. ഇതൊക്കെ നോക്കാതെ ധൃതിപ്പെട്ട് ചുട്ടി കുത്തിയാൽ മഹാകവി കുഞ്ഞിരാമൻ നായരുടെ കളിയച്ഛനിൽ പറഞ്ഞതുപോലെ –

”പൊട്ടിത്തെറിച്ചു പ്രതിഷേധ ഭാഷിതം / കെട്ടേണ്ട വേഷം, മുഖശ്രീ തൊടാത്തവൻ….. പൊട്ടിത്തഴച്ചു പ്രതിഷേധ ഗീരുകൾ / കെട്ടേണ്ട വേഷമീ,ച്ചൊട്ടിയടരുവോൻ..!” എന്നു കേൾക്കേണ്ടി വരും..

ഗോപാലൻ നമ്പ്യാർ ചുട്ടി അണിയിച്ചവരൊക്കെ അരങ്ങത്ത് വിശ്വവിജയം കൈവരിച്ച പ്രഗത്ഭരാണെ ന്നത് ശ്രദ്ധേയമായ കാര്യമാണ്. അതെ വടക്കൻ കഥകളിപ്പെരുമയുടെ ചെമ്മഞ്ചേരി ചുട്ടിയായി അത് ചരിത്രത്തിലേക്ക്. അതോടൊപ്പം കടലാസു ചുട്ടി സജീവമായപ്പോഴും ചെമ്മഞ്ചേരി തൻ്റെ തനതായ വ്യക്തിമുദ്ര അതിലും കൊണ്ടുവരാൻ ശ്രമിച്ചു. അണിയറയിലെ ഈ ചുട്ടി കലാകാരനെ പക്ഷേ പുറം ലോകമറിഞ്ഞില്ല. അതെപ്പോഴും അങ്ങനെയാണല്ലോ.

ചെമ്മഞ്ചേരിമുദ്ര

ഒരു കൈയ്യിൽ ചുട്ടിക്കോപ്പും മറുകൈയ്യിൽ കൈക്കോട്ടുമായി നടക്കുന്ന കുറുമാത്തൂ രിൻ്റെ, പെരിഞ്ചല്ലൂർ ഗ്രാമത്തിൻ്റെ സ്വന്തം ചെമ്മഞ്ചേരി.. അതെ നല്ലൊരു ഗ്രാമീണ കർഷകനാണ് .ഒരു പക്ഷേ, നാട്ടുകാർക്കും വീട്ടുകാർക്കും ചെമ്മഞ്ചേരി ഗോപാലേട്ടൻ കുറുമാത്തൂരിലെ മണ്ണറിഞ്ഞ കൃഷീവലനാണ്. വയലിലും പറമ്പിലും പണിയെടുക്കുന്ന പണിയാളൻ. കൃഷിയായിരുന്നു പ്രധാന വരുമാനമാർഗം. അന്നത്തെ കഥകളി കലാകാരന്മാരുടെ ദാരിദ്ര്യം നേരിട്ട് കണ്ടറിഞ്ഞയാളാണ് ഗോപാലൻ നമ്പ്യാർ.. അതിനാൽ ജീവിത രക്ഷയ്ക്ക് കൃഷിയെ മുറുകെ പിടിച്ചു ആ കുടുംബ സ്നേഹി. പറശ്ശിനിക്കടവ് മുത്തപ്പൻ കഥകളിയോഗത്തിനൊപ്പം സഞ്ചരിക്കുമ്പോഴും കാർഷിക വൃത്തി കൈവിട്ടില്ല. അതു കൊണ്ട് കഥകളി ചുട്ടിക്കാരനായ ചെമ്മഞ്ചേരിയെ പുതുതലമുറയ്ക്ക് അത്ര അറിയില്ല. അവർക്ക് കുറുമാത്തൂർ റേഷൻ കടയ്ക്ക് ‘സമീപം താമസിക്കുന്ന കർഷക തൊഴിലാളിയായ ഗോപാലേട്ടനെ മാത്രമേ അറിയൂ..

കഥകളി ‘പെട്ടിവച്ചു, ‘

1990കളുടെ അവസാനത്തിലാണ് കഥകളി രംഗത്തു നിന്ന് പൂർണമായി
പിന്മാറിയത്.അഥവാ കഥകളി ശൈലിയിൽ പറഞ്ഞാൽ ‘പെട്ടി വച്ചത്.,
കണ്ണൂരിലെ കുവലയം കഥകളി സഭ
കലാരംഗത്തെ സമഗ്ര സംഭാവന വിലയിരുത്തി അടുത്ത കാലത്ത് ആദരിച്ചപ്പോഴാണ് ചെമ്മഞ്ചേരിയെന്ന
ചുട്ടി കലാകാരനെ പുതിയ തലമുറ അറിഞ്ഞത്.

: അച്ഛൻ കഥകളി
കലാകാരനാണെന്ന് അറിയാം.
പക്ഷേ കളിക്കു വേണ്ടി ഞങ്ങളെ ഒരിക്കലും ഉപേക്ഷിച്ചില്ല. കളിക്കൊപ്പം കൃഷിയേയും കുടുംബത്തെയും കൊണ്ടു നടന്നു –മകൻ മോഹനൻ വ്യക്തമാക്കി.
ഞങ്ങളുടെ
കുട്ടിക്കാലത്ത് അച്ഛൻ എന്നും കുറുമാത്തൂരില്ലത്തായിരുന്നു. രാവിലെയോ വൈകുന്നേരമോ വന്ന് ഒന്നു കാണും. ബാക്കി സമയം മുഴുവൻ ഇല്ലത്താവും. കുറുമാത്തൂർ നായ്ക്കരാണല്ലോ
അച്ഛനിലെ കലാകാരനെ കണ്ടെടുത്തത്.
അക്കാര്യം എപ്പോഴും നന്ദിയോടെ
സ്മരിക്കാറുമുണ്ട്.

ഡൽഹിയിൽ ഇൻ്റർനാഷണൽ സെൻ്റർ ഫോർ കഥകളി സംഘത്തിനൊപ്പം നിൽക്കാൻ സദനം ബാലകൃഷ്ണേട്ടനും മറ്റും പല തവണ പറഞ്ഞതാണ്. കുറുമാത്തൂരും പറശ്ശിനികളിയോഗവും വിട്ട് മറ്റൊരിടത്തേക്കും സ്ഥിരമായി നിൽക്കാൻ അച്ഛന് താല്പര്യമുണ്ടായിരുന്നില്ല. മദ്രാസിലും മുംബൈയിലുമൊക്കെ പ കളി ആവശ്യാർത്ഥം അച്ഛൻ പോയിട്ടുണ്ട്. _
മോഹനൻ പറഞ്ഞു. ഡൽഹിയിൽ ജോലി ചെയ്തിരുന്നപ്പോൾ താൻ പല തവണ അവിടേക്ക് വിളിച്ചിട്ടും സ്ഥിരമായി നിൽക്കാൻ വന്നില്ല. ഒഴിഞ്ഞുമാറി.
വീടും നാടും കഥകളിയും കൃഷിയും ഒന്നിച്ചു കൊണ്ടുപോകാനാണ് ആ കലാകാരൻ എന്നുംആഗ്രഹിച്ചിരുന്നത്.
വാർധക്യ അവശതകൾക്കിടയിലും രാത്രിയിൽ പലപ്പോഴും ഓർമ്മയിൽ വരുന്ന കഥകളിപ്പദങ്ങൾ ഉരുവിടും.
‘കഴിഞ്ഞയാഴ്ച വരെ അതു തുടർന്നു – “മകൻ മോഹനൻ കൂട്ടിച്ചേർത്തു.

“ജയ ജയ ജനാർദ്ദന ദീനബന്ധോ ” എന്ന ബിലഹരിരാഗത്തിലെ രാജസൂയം കഥകളിപ്പദം സുഹൃത്തുക്കളുമായി സംസാരിക്കുമ്പോൾ കടന്നു വരും. വെറുതെയിരിക്കുമ്പോഴൊക്കെ കളിയോഗമാണ് ആ മനസ്സിൽ തെളിയുക.

ഗുരുകുല നിഷ്ഠ തൻ്റെ വീട്ടിലും ജീവിതത്തിലും മൗന മുദ്രിതമായി
നടപ്പിൽ വരുത്താൻ ചെമ്മഞ്ചേരി ശ്രമിച്ചിരുന്നുവെന്നു വിലയിരുത്താം.

കുറുമാത്തൂർ നായ്ക്കരുടെ കളിവിളക്കിൽ
കേളി കൊട്ടി പറശ്ശിനിമടപ്പുരകളിയോഗത്തിലൂടെ മേളപ്പദം മുറുക്കി അരങ്ങിളക്കിയ
വടക്കൻ കഥകളി പ്രകാശമായ
ചെമ്മഞ്ചേരി ചുട്ടി
ഇനിയില്ല . എന്നെന്നേക്കുമായി
അണിയറയിലേക്ക് ..
ശേഖരിയില്ലത്തെ പരമേശ്വരൻ ചേട്ടൻ വിളിച്ചു പറഞ്ഞു. _
“സഞ്ജീവാ..
നമ്മുടെ ചെമ്മഞ്ചേരിച്ചുട്ടിയാശാൻ..പോയി..
രണ്ടു മൂന്നു ദിവസമായി തീരെ വയ്യായിരുന്നു.

കളിവിളക്ക്

അണഞ്ഞു…

2021 ഓഗസ്റ്റ് 12,- വ്യാഴാഴ്ച.. എൺപത്തൊമ്പതാം വയസ്സിൽ ചെമ്മഞ്ചേരി ഗോപാലൻ നമ്പ്യാർ അരങ്ങൊഴിഞ്ഞു.

ആയിരം പൂർണ്ണ ചന്ദ്രന്മാരെ ദർശിച്ച് ശതാഭിഷിക്തനായ ചെമ്മഞ്ചേരി ..
‘അതെ,കർക്കടക രാമായണ പാരായണം മുഴങ്ങുന്ന അന്തരീക്ഷത്തിൽ ‘വിണ്ണരങ്ങിലേക്ക് …

‘പരേതരായ
തളിപ്പറമ്പ് വടക്കഞ്ചേരി ചെമ്മഞ്ചേരി കല്യാണിയമ്മയുടെയും ഇടക്കേ പ്രവൻ കണ്ണൻ നമ്പ്യാരുടെയും മകൻ.

ഭാര്യ: കാർത്യായനിയമ്മ

മക്കൾ: പദ്മിനി കുളത്തൂർ, മോഹനൻ, സതി, രമ, രജനി
മരുമക്കൾ: കൃഷ്ണൻ കുളത്തൂർ, ജസി മാവേലിക്കര ,’
ബാലകൃഷ്ണൻ കാഞ്ഞിലേരി, ഉണ്ണികൃഷ്ണൻ മയ്യിൽ, രാജീവൻ മഴൂർ
സഹോദരങ്ങൾ: കുഞ്ഞിക്കണ്ണൻ, ജാനകി നമ്പ്രം ,പരേതയായ പാർവതി നടുവിൽ

പച്ചയും കത്തിയും കരിയും ചുവപ്പും വെള്ളയും താടിയുമായി
നവരസ ജീവിതമാടിയ ആ
ഭൗതിക ശരീരം മഞ്ചച്ചാൽ ശ്മശാനത്തിൽ വെള്ളിയാഴ്ച രാവിലെ പത്തോടെ അഗ്നിനാളങ്ങൾ ഏറ്റുവാങ്ങി. ഓഗസ്റ്റ് 16
.തിങ്കളാഴ്ചയാണ് സഞ്ചയനം

ധനാശി’

മഹാകവി പി.കുഞ്ഞിരാമൻ നായർ കുറിച്ചതു പോലെ ‘

”കൊട്ടാനും പാടാനും ആടാനും മാത്രമല്ല ചൊട്ടിക്കരിയരയ്ക്കാനും വിയർപ്പു വിഴുപ്പുണക്കാനും
ചുമടു ചുമക്കാനും തനിക്കു താൻ മാത്രം തുണപോരുന്ന കളിവട്ടമൊന്നുണ്ട്.
പഴഞ്ചനിൽപ്പഴഞ്ചനെങ്കിലും പുത്തനിൽപ്പുത്തനായി എന്നെന്നും വിളികൊള്ളുന്ന ആ കഥകളിയോഗത്തിന് മാലോകർ വിളിച്ച മറ്റൊരു കുറ്റപ്പേരു കൂടിയുണ്ട് ജീവിതം? നവരസപരമ്പരകളിടവിടാതെ കരയോരത്തെ ത്തൊട്ടുതലോടുന്ന ജീവിതം….അനാദ്യന്തവും അത്യത്ഭുതകരവുമായ പ്രപഞ്ച ജീവിതം…!”

ആ ജീവിതത്തിലെ കളിയച്ഛനാണ് ബ്രഹ്മസ്വരൂപനായഗുരു.
അതെ കവി പാടിയതുപോലെ
” ബ്രഹ്മസ്വരൂപൻ ഗുരുകനിഞ്ഞീടുകിൽ
ബ്രഹ്മാണ്ഡമൊക്കെയും നിൻ കളിപ്പന്തൽ താൻ ” “🙏🙏

ഡോ.സഞ്ജീവൻ അഴീക്കോട്
2021 ഓഗസ്റ്റ് 16
1196 കർക്കടകം 31

Leave a Reply

Your email address will not be published. Required fields are marked *