മനുഷ്യ ബന്ധങ്ങൾ വളർത്തുന്നത് ഇനിയും ഇന്ത്യയിൽ ഒരു തൊഴിൽ അവസരമായി വളർന്നിട്ടില്ല | ഗ്ലോബൽ ടി വി
എൻ വി പൗലോസ്, ചെയർമാൻ, ഗ്ലോബൽ ടി വി +91 98441 82044
ആടുവളർത്തലും കോഴിവളർത്തലും എക്കാലത്തും ഇന്ത്യയിൽ ധാരാളം തൊഴിൽ അവസരങ്ങൾ ശൃഷ്ടിക്കുന്നുണ്ട്. എന്നാൽ, മനുഷ്യ ബന്ധങ്ങൾ വളർത്തുന്നത് ഇനിയും ഇന്ത്യയിൽ ഒരു തൊഴിൽ അവസരമായി വളർന്നിട്ടില്ല. അതുപോലെ തന്നെയാണ് ടൂറിസത്തിൻ്റെ വളർച്ചയും.
വിവിധ പട്ടണങ്ങളിലേക്കും അന്യ സംസ്ഥാനങ്ങളിലേക്കും എന്തിന് വിദേശ രാജ്യങ്ങളിലേക്കും നമ്മൾ വിനോദ യാത്രകൾ നടത്തുന്നു. അവിടെയെല്ലാം കാണുന്ന കാഴ്ചകൾ നമ്മെ വിസ്മയിപ്പിക്കുന്നു. നമ്മൾ സഞ്ചാരകഥകൾ ധാരാളമായി കേൾക്കുകയും ചെയ്യുന്നു. ഏതെങ്കിലും ഒരു യാത്രയിൽ നമ്മൾ മനുഷ്യരുമായി ഹൃദയബന്ധം സ്ഥാപിച്ചതായി കേട്ടിട്ടുണ്ടെകിൽ അത് എസ് കെ പൊറ്റക്കാടിൻ്റെ സഞ്ചാരകഥകളിൽ മാത്രമാണ്.
നമ്മൾ എല്ലാം വലിയ ആവേശത്തോടെ കാണുന്ന ടി വി ഷോ ആണ് സഞ്ചാരം. എത്ര മനോഹരമാണ് അതിൻ്റെ അവതരണ രീതി. പക്ഷെ സഞ്ചരിച്ച രാജ്യങ്ങളിൽ എത്ര മനുഷ്യ ബന്ധങ്ങൾ സൃഷ്ടിക്കാൻ സന്തോഷ് കുളങ്ങരക്ക് കഴിഞ്ഞു എന്ന് ചോദിച്ചാൽ അദ്ദേഹം തന്നെ കൈ മലർത്തും എന്നാണ് എൻ്റെ ഒരു തോന്നൽ. എൻ്റെ തോന്നൽ തെറ്റാകട്ടെ എന്ന് ആഗ്രഹിക്കുന്നു. ഇതിലും വലിയ എന്ത് മാതൃകയാണ് ചൂണ്ടിക്കാണിക്കാൻ നമ്മുക്കുണ്ടാകുക?
നമ്മൾ തിരക്കിലാണ്. നമ്മൾ കാണുന്നവരെയും കേൾക്കുന്നവരെയും കുറിച്ചെല്ലാം കഥകൾ ഉണ്ടാക്കുന്ന തിരക്കിലാണ് നമ്മളിൽ പലരും. ഈ കഥകളിൽ പലതും പൊള്ളയാണെന്നും ഇതിലൊന്നും മാതൃകയില്ലെന്നും നമ്മൾ മനസ്സിലാക്കുക പോയിട്ട് അവയിൽ ഒന്നെങ്കിലും പിന്നീട് ഓർത്തെടുക്കാൻ പോലും നമ്മുക്ക് കഴിഞ്ഞെന്ന് വരില്ല. അല്പമൊന്നിരുന്ന് ആരോടെങ്കിലും ഒന്ന് മനസ്സ് തുറക്കാൻ നമ്മിൽ എത്രപേർക്ക് സമയം കിട്ടുന്നുണ്ട്?
മനുഷ്യ ബന്ധങ്ങളുടെ ഊഷ്മളതയുടെ നിരവധി കഥകൾ നമ്മുക്ക് പറയാനുണ്ട് എന്നത് വിസ്മരിച്ചിട്ടല്ല ഞാനീ കുറിപ്പ് ഈ രീതിയിൽ മുന്നോട്ട് കൊണ്ടുപോകുന്നത്. മനുഷ്യബന്ധങ്ങൾ വളർത്തുന്നതിലൂടെയും ഊട്ടിയുറപ്പിക്കുന്നതിലൂടെയും നമുക്കുണ്ടാകുന്ന അഭൂതപൂർവ്വമായ വളർച്ചാ സാധ്യതകളെ ചൂണ്ടിക്കാണിക്കുകയാണ് എൻ്റെ പ്രധാന ലക്‌ഷ്യം.
മനുഷ്യബന്ധങ്ങളിലൂടെ മാത്രം ഉണ്ടാകുന്ന സാമ്പത്തികവും സാമൂഹികവുമായ ഉയർച്ചാ സാധ്യതകളെക്കുറിച്ചും നമ്മുടെ ചിന്തകളെ നയിക്കേണ്ടതുണ്ട്. ബന്ധങ്ങൾക്ക് മൂല്യം കല്പിക്കുന്നവരുടെ വലിയൊരു നിരതന്നെ നമ്മുടെ ഇടയിലുണ്ട്. ഇത് പക്ഷെ ലക്ഷക്കണക്കിന് വ്യക്തികളുടെ ജീവിതവിജയത്തിനുള്ള വലിയൊരു സാധ്യതയാണെന്ന് നമ്മൾ ഒരു രാജ്യമെന്ന നിലയിലും സംസ്ഥാനമെന്ന നിലയിലും സമൂഹമെന്ന നിലയിൽ പോലും തിരിച്ചറിയുന്നില്ല.
നാം അൽപ്പം മാറി ചിന്തിക്കേണ്ടിയിരിക്കുന്നു. മറ്റുള്ളവർ നന്നായാൽ എനിക്ക് അവസരങ്ങൾ നഷ്ടപ്പെടുമോ എന്ന് നമ്മൾ ആശങ്കപ്പെടേണ്ടതില്ല. നമ്മുക്ക് വേണ്ടി വലിയ അവസരങ്ങൾ കാത്തിരിക്കുന്നുണ്ട്. നമ്മൾ ഉയരങ്ങൾ താണ്ടുന്നതിൽ ഉത്സുകരായിക്കണം എന്ന് മാത്രം.
ഇതുവരെ പറഞ്ഞത് ഒന്ന് ചുരുക്കി പറയാം…
മനുഷ്യർ ഒത്തുചേരുന്നതാണ് എല്ലാവരുടെയും ജീവിതവിജയത്തിനുള്ള ആദ്യപടി. വീട്ടിലിരുന്ന് ജോലി ചെയ്യുന്നത് ഇന്ന് ഒരു പുതുമയല്ല. കൂട്ടായ പ്രവർത്തനങ്ങളുടെയും കൂട്ടായ്മയുടെതന്നെയും വില നമ്മൾ മനസിലാക്കുക എന്നതാണ് ഏറ്റവും പ്രധാന കാര്യം. വീട്ടിലിരുന്ന് ചെയ്യാവുന്ന നിരവധി അവസരങ്ങൾ ഇന്ന് സാധ്യമാണ്. മാധ്യമ രംഗത്തും സേവന രംഗത്തും മാധ്യമ സേവനരംഗത്ത് പ്രത്യേകിച്ചും.
മാധ്യമരംഗത്ത് നിറയെ അവസരങ്ങളുണ്ട്. പരസ്പരം ചെളി വാരിയെറിയുന്ന ഇന്നത്തെ മാധ്യമ സംസ്കാരത്തെ നമ്മൾ തിരസ്കരിക്കണം. പകരം മനുഷ്യരെ തമ്മിൽ സ്നേഹത്തിൻ്റെയും സഹകരണത്തിൻ്റെയും പരസ്പര സഹായത്തിൻ്റെയും പാതയിൽ പരസ്പരം ബന്ധിപ്പിക്കുന്ന പുതിയ നാൾവഴികൾ നമ്മൾ എഴുതി ചേർക്കണം. വ്യക്തികളെക്കുറിച്ചും സ്ഥലങ്ങളെക്കുറിച്ചും സാധ്യതകളെക്കുറിച്ചും കഥകൾ എഴുതണം. മാധ്യമരംഗത്ത് ധാരാളം പുസ്തകങ്ങൾ രചിക്കപ്പെടണം.
പത്തു കഥകൾ ചേർത്താൽ ഒരു പുസ്തകമായി. പുസ്തകരചനയിലൂടെ ഒരു ജില്ലയിൽ നൂറുപേർക്കെങ്കിലും തൊഴിലവസരമാകും. വിവരങ്ങൾ ശേഖരിക്കാനും ക്രോഡീകരിക്കാനും കഥകൾ എഴുതാനും അതിൻ്റെ റേഡിയോ ആവിഷ്ക്കാരങ്ങൾ സൃഷ്ടിക്കാനും മറ്റനവധി പ്രവർത്തങ്ങൾക്കും നിരവധി പേരുടെ സേവനം ആവശ്യമുണ്ട്.
യൂട്യൂബ് മുഴുവനും കുക്കറി ഷോകളുടെ പെരുങ്കളിയാട്ടമാണ്. രുചികരമായ ഭക്ഷണങ്ങൾ തയ്യാറാക്കുന്നതെങ്ങനെ എന്ന് മറ്റുള്ളവരെ പഠിപ്പിക്കാൻ നമ്മുക്ക് എന്ത് ആവേശമാണ്. സമൃദ്ധമായ തൊഴിലവസങ്ങളെക്കുറിച്ചും നമ്മുക്ക് ചിന്തിക്കാം. പുതിയ പാചക രീതികൾ തയ്യാറാക്കുകയും ആകാം.
ഒരു മാതൃക കാണുക…
ഗ്രാമപ്രദേശങ്ങളിലും പട്ടണങ്ങളിലും ടൂറിസം അംബാസ്സഡർമാരായും ടൂറിസം ഗൈഡുമാരായും പ്രവർത്തിക്കാൻ നിരവധി അവസങ്ങളുണ്ട്. ഇതിനായി നാലോ അഞ്ചോ യാത്രാവിവരണങ്ങളുടെ രൂപരേഖ തയ്യാറാക്കുകയാണ് ആകെ ചെയ്യേണ്ടത്. എവിടെയെല്ലാം താമസ സൗകര്യങ്ങളുണ്ട് അതിനെല്ലാം എന്ത് ചെലവാകും എന്ന് പ്രത്യേകം ചേർക്കണം.
വലിയ ചെലവിൽ സ്റ്റാർ ഹോട്ടൽ മുതൽ സ്ഥാപങ്ങളിൽ ചെറിയ ചെലവിൽ ലഭ്യമായ സൗകര്യങ്ങളെക്കുറിച്ചും വിവരങ്ങൾ നൽകണം. നിങ്ങളുടെ സേവനത്തിന് ഒരു നിശ്ചിത തുകയും ചേർക്കാം. അപരിചിതരായ മനുഷ്യർ കുടുംബമായി യാത്രചെയ്യുമ്പോൾ അവർക്ക് ഒരു നിഴലായി നിൽക്കുന്നത് വലിയൊരു സേവനമാണ്. ഇതിന് എത്ര വിലകൊടുക്കാനും ആരും തയ്യാറാകും. പരിചയത്തിൻ്റെ പരിച അത്രമേൽ സുരക്ഷിതത്വമാണ് അവർക്ക് നൽകുന്നത്.