നിർമ്മലഗിരി പീസ് ക്ലബ്ബ് | നമ്മുടെ അധ്യാപക സമൂഹം ഒന്നു മനസ്സുവെച്ചാൽ, യുവ തലമുറക്ക് വേണ്ട ദിശാബോധവും സ്നേഹവും നൽകി നമ്മുടെ കാമ്പസുകളിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാനാവും | Global TV
ഡോ. ജോസ്‍ലെറ്റ്‍ മാത്യു

2011 ഏപ്രിൽ ഒന്നിനാണ് ഞാൻ നിർമ്മലഗിരി കോളേജിൻ്റെ പ്രിൻസിപ്പലായി ചാർജ് എടുത്തത്. എനിക്ക് മുമ്പ് ഇരുപത്തിയഞ്ചോളം വർഷക്കാലം കോളേജിനെ നയിച്ചിരുന്നത് പ്രഗത്ഭരായ വൈദികർ ആയിരുന്നു. നിർമ്മലഗിരിക്കും വൈദികർ പ്രിൻസിപ്പലാകുന്നതായിരുന്നു അനുയോജ്യം. ടീച്ചിങ്ങ് സ്റ്റാഫിൽ അച്ചന്മാർ ഇല്ലാതായതോടെയാണ് മാനേജ്മെന്‍റിന്‍റെ ശ്രദ്ധ എൻ്റെ നേരെ തിരിഞ്ഞത് 2010 ഡിസംബറിൽ ആണ് ബഹു. മാനേജർ അച്ചൻ എന്നെ പ്രിൻസിപ്പലാക്കാൻ മാനേജ്‍മെന്റ് തീരുമാനിച്ച വിവരം അറിയിക്കുന്നത്. ഞാൻ എൻ്റെ പരിമിതികൾ എല്ലാം അച്ചന്റെ മുന്നിൽ അവതരിപ്പിച്ചു. ഒന്നാമത്തെ കാര്യം കോളേജിൽ നിന്ന് 35 കി. മി. അകലെയാണ് എൻ്റെ വീട്. പ്രിൻസിപ്പാൾ 24 മണിക്കൂറും കോളേജ് കാമ്പസിൽ ഉണ്ടാകുന്നതാണ് നല്ലത് എന്ന തായിരുന്നു എൻ്റെ കാഴ്‌ചപ്പാട്.
എനിക്ക് വൈസ് പ്രിൻസിപ്പലായോ ഒന്നും യാതോരു മുൻപരിചയവും ഉണ്ടായിരുന്നില്ല, പിന്നെ കോളേജ് സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ പ്രത്യേകത കാരണം ഞാൻ പ്രിൻസിപ്പലാകുന്നതിനോട് എന്റെ കുടുംബത്തിനും താല്‌പര്യം ഇല്ലായിരുന്നു.
എന്തായാലും മാനേജർ അച്ചൻ ഇങ്ങനെ പറഞ്ഞവസാനിപ്പിച്ചു. സാറ് പ്രാർത്ഥിച്ചൊരുങ്ങുക, ഞാൻ മാർച്ച് 31 ന് കോളേജിൽ വരും അന്നേരം എന്നോട് നോ പറയരുത്. അങ്ങനെ മാർച്ച് 31 ന് അച്ചൻ കോളേജിൽ വന്ന് മീറ്റിംഗ് വിളിച്ച് എന്നെ പ്രിൻസിപ്പലായി നിയമിച്ച വിവരം അറിയിച്ചു. ഏപ്രിൽ 1 ഞാൻ പ്രിൻസിപ്പൽ കസേരയിൽ കയറിയിരുന്നു.
ആദ്യത്തെ ഒരു മാസം ജോലി വളരെ രസകരമായിരുന്നു. വിദ്യാർത്ഥികളും അധ്യാപകരും ആരും കോളേജിൽ ഇല്ല. നല്ല ഒരു സൂപ്രണ്ട് ഉണ്ടായിരുന്നതുകൊണ്ട് ഓഫീസ് ജോലികൾ ഒക്കെ ഒരു വിധം പഠിച്ചു. ജൂണിൽ കോളേജ് തുറന്നു. പിന്നീടാണ് പ്രിൻസിപ്പൽ ജോലിയുടെ ‘സുഖം’ എനിക്ക് മനസ്സിലായി തുടങ്ങിയത്. ഒരോ ദിവസവും പ്രശ്‌നങ്ങളും പ്രതിസന്ധികളും കൂടികൂടി വന്നു. അതിൽ എന്നെ ഏറ്റവും അസ്വസ്ഥനാക്കിയ ഒരു പ്രശ്നം മാത്രം ഇവിടെ കുറിക്കാം. ശക്തമായ രണ്ട് വിദ്യാർത്ഥി സംഘടനകൾ കോളേജിൽ ഉണ്ട്. പുറമെ നിന്ന് അവരെ നിയന്ത്രിക്കുന്ന രാഷ്ട്രീയ നേതൃത്വവും. സംഘട്ടനങ്ങൾ പതിവായി, ആഴ്ച്ചയിൽ രണ്ടും മൂന്നും അധ്യയന ദിവസങ്ങൾ നഷ്ടമാവുന്ന അവസ്ഥ. എന്നെ ഏറ്റവും വിഷമിപ്പിച്ചത് ഇവർ രണ്ടു കൂട്ടരും അലറിവിളിക്കുന്ന ഒരു മുദ്രാവാക്യം ആണ്. ‘പ്രസ്ഥാനത്തെ തൊട്ടുകളിച്ചാൽ കൈയും വെട്ടും കാലും വെട്ടും വേണ്ടി വന്നാൽ തലയും വെട്ടും’,
ഒരു ക്രിസ്തീയ വിദ്യാലയത്തിൽ അതും പ്രമുഖ ഗാന്ധിയൻ ബിഷപ്പായിരുന്ന മാർ. സെബാസ്റ്റ്യൻ വള്ളോപ്പള്ളി പിതാവിനാൽ സ്ഥാപിതമായ ഒരു സ്ഥാപനത്തിൽ ഈ മുദ്രാവാക്യം മുഴങ്ങുന്നത് എന്നെ വല്ലാതെ വിഷമിപ്പിച്ചു. ഇതോന്ന് നിർത്തലാക്കണം എന്നതായിരുന്നു ഞാൻ അഭിമുഖീകരിച്ച ആദ്യത്തെ ചലഞ്ച്.
അന്ന് കണ്ണൂരിൽ രാഷ്ട്രീയ സംഘട്ടനങ്ങളും കൊലപാതകങ്ങളും നടക്കുമ്പോൾ സമാധാന ദൂതുമായി അവിടെ ഒടിയെത്തുന്ന ഒരു ഗാന്ധിയൻ സമാധാന സംഘടന പ്രവർത്തിക്കുന്നുണ്ട്. ‘പീപ്പിൾസ് മൂവ്മെന്റ് ഫോർ പീസ്.’ ഞാനും അതിൽ ഒരംഗമായിരുന്നു. അതിൻ്റെ ചെയർമാനായി പ്രവർത്തിച്ചിരുന്നത് കപ്പുച്ചിൻ സഭാഗമായ ബഹുമാനപ്പെട്ട സ്കറിയ കല്ലൂർ അച്ചൻ ആണ്. അച്ചനെ ഞാൻ കോളേജിലേക്ക് ക്ഷണിച്ചു, ഈ പ്രശ്നം വളരെ ഗൗരവമായി ചർച്ച ചെയ്തു.
കോളേജിൽ ഒരു ഗാന്ധിയൻ സമാധാന സംഘടന ‘നിർമ്മലഗിരി പീസ് ക്ലബ്ബ്’ എന്ന പേരിൽ രൂപീകരിക്കുവാൻ തീരുമാനിച്ചു. ഒരു ദിവസം മുന്നറിയിപ്പൊന്നും കൂടാതെ കോളേജ് ഓഡിറ്റോറിയത്തിൽ വിദ്യാർത്ഥികളുടെ മുഴുവൻ മീറ്റിംഗ് വിളിച്ചു.
ഗാന്ധിയൻ പീസ് ക്ലബ്ബിനെക്കുറിച്ചും അതിൻ്റെ ഉദ്ദേശലക്ഷ്യങ്ങളെക്കുറിച്ചുമെല്ലാം സ്കറിയ കല്ലൂർ അച്ചൻ വളരെ വിശദമായി വിശദീകരിച്ചു.
നിലവിളക്കിൽ അഞ്ചു തിരിയിട്ട് എണ്ണയോഴിച്ചു വച്ചിട്ടുണ്ടായിരുന്നു. സ്റ്റേജിൽ ഞാനും അച്ചനും, മാനേജ്‌മെന്റ് പ്രതിനിധി ആയി മലയാളം ഡിപ്പാർട്ട്മെൻ്റിലെ അധ്യാപകൻ ബഹു. ജോബിയച്ചനും ആയിരുന്നു. വിദ്യാർത്ഥികളുടെ ഇടയിൽ നിന്ന് എസ്. എഫ്. ഐ. യുടെ യൂണീറ്റ് സെക്രട്ടറിയെയും കെ. എസ്. യു. വിൻ്റെ പ്രസിഡന്റിനെയും ഞാൻ സ്റ്റേജിലേക്ക് ക്ഷണിച്ചു. ഞങ്ങൾ അഞ്ചുപേരും ഓരോ തിരികൾ തെളിച്ചു. എഴുതി തയ്യാറാക്കിയിരുന്ന ഒരു സത്യപ്രതിജ്ഞ എല്ലാവിദ്യാർത്ഥികളെയും കൊണ്ട് ചൊല്ലിച്ചു.
സത്യ പ്രതിജ്ഞയുടെ ഉള്ളടക്കം ഇതായിരുന്നു, മുൻപ് സൂചിപ്പിച്ച ആ മുദ്രാവാക്യം ഇനി കാമ്പസിൽ വിളിക്കുകയില്ലെന്നും, വിദ്യാർത്ഥികൾ തമ്മിൽ അടിപിടി ഉണ്ടാക്കി ഒരു തുള്ളി രക്തം പോലും ഈ കാമ്പസിൽ വീഴിക്കുകയില്ലെന്നും, സംഘട്ടനത്തിന് തുടക്കം കുറിക്കുന്നവർക്ക് വോട്ട് ചെയ്യുകയില്ലെന്നുമായിരുന്നു (യൂണിയൻ പിടിക്കാൻ വോട്ടിനു വേണ്ടിയാണല്ലോ മുഖ്യമായും കാമ്പസിൽ സംഘട്ടനം ഉണ്ടാകുന്നത്) 85 ശതമാനത്തിലധികം പെൺകുട്ടികളാണ് കോളേജിൽ. എല്ലാവരും പ്രതിജ്ഞ ഏറ്റുചൊല്ലി. കക്ഷിരാഷ്ട്രീയത്തിനതീതമായി എല്ലാവർക്കും ‘നിർമ്മലഗിരി പീസ് ക്ലബ്ബ്’ അംഗങ്ങളാവാൻ അനുവാദവും നൽകി. മിടുക്കരായ ഒരു സ്റ്റുഡന്റ് കോർഡിനേറ്ററിനും ഒരു ടീച്ചർ കോർഡിനേറ്ററിനും ചാർജ്ജും കൊടുത്തു.
സത്യം പറയാമല്ലോ പിന്നെ കോളേജിൽ അത്ഭുതങ്ങളുടെ ഒരു പരമ്പരയാണ് അരങ്ങേറിയത്. അടുത്ത ദിവസം മുതൽ അടിയുണ്ടാക്കാതിരിക്കാനായി മത്സരം, ആ മുദ്രാവാക്യം കോളേജിൽ പിന്നെ കേട്ടിട്ടില്ല. പീസ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ ഒരു ബ്ലഡ് ഡോണേഷൻ ഗ്രൂപ്പും രൂപീകരിച്ചു. മലബാർ കാൻസർ സെന്റർ മുതൽ കണ്ണൂർ ജില്ലയിലെ എല്ലാ ബ്ലഡ് ബാങ്കുകളിലും വിവരം അറിയിച്ചു.
ഒരാഴ്ച്ചയിൽ ഒരിക്കൽ വീതം ബ്ലഡ് ഡോണേഷൻ ക്യാമ്പും സംഘടിപ്പിച്ചു. എന്നും ക്യാമ്പിനു മുമ്പിൽ നീണ്ട നിരയായിരുന്നു.
അക്രമങ്ങളിലൂടെ ഒരു തുള്ളി ചോരപോലും നഷ്ടമാവാതെ യുവരക്തം രോഗികളുടെ സിരകളിൽ ജീവരക്തമായി മാറി.
ഈയവസരത്തിൽ ഡൽഹിയിലെ ഡോ. കെ. രാധാകൃഷ്‌ണൻ ചെയർമാനായ നാഷണൽ ഗാന്ധി പീസ് ഫൗണ്ടഷന്റെ ഒരു സർക്കുലർ കോളേജിൽ കിട്ടി. അഖിലേന്ത്യാ അടിസ്ഥാനത്തിൽ ഒരു ഡോക്യുമെന്ററി നിർമ്മാണ മത്സരം ആയിരുന്നു വിഷയം.
‘ഗാന്ധിജി ഇന്നു കാമ്പസിലേക്ക് വന്നാൽ’ എന്നതായിരുന്നു വിഷയം. കുട്ടികൾ തന്നെ കഥയെഴുതണം, തിരകഥ എഴുതണം, ഡയറക്ട് ചെയ്യണം, അഭിനയിക്കണം, ഷൂട്ട് ചെയ്യണം…
ഞാനീ ദൗത്യം പീസ് ക്ലബ്ബിനെ ഏൽപ്പിച്ചു. വളരെ സന്തോഷപൂർവ്വം അവർ അതേറ്റെടുത്തു.
ഞങ്ങൾ ആലോചിച്ച് കാമ്പസിൽ തൊഴിൽ സംരംഭങ്ങളും ജൈവകൃഷിയുമൊക്കെ നടക്കുന്ന പശ്ചാത്തലത്തിലെ ഒരു കഥയുണ്ടാക്കി അതിനു വേണ്ടിവരുന്ന സാമ്പത്തീക സഹായവും നൽകി, പ്രവർത്തനം ആരംഭിച്ചു. ഒരു സംഘടനയിലെ തീപ്പൊരി നേതാവ നേതാവ് നായികയായി, മറ്റേ സംഘടനയിലെ നേതാവ് നായകൻ, മറ്റ് കഥാപാത്രങ്ങളെയെല്ലാം തീരുമാനിച്ചു. ഷൂട്ടിങ്ങ് നടത്തി എഡിറ്റിംഗ് എല്ലാം പൂർത്തിയാക്കി സിഡി ഡൽഹിക്കയച്ചു ഒരാഴ്ച്ചകഴിഞ്ഞപ്പോൾ റിസൾട്ട് വന്നു. അഖിലേന്ത്യാടിസ്ഥാനത്തിൽ നിർമ്മലഗിരി കോളേജിന് രണ്ടാം സ്ഥാനം ലഭിച്ചു ഇതോടെ ‘പീസ് ക്ലബ്ബ്’ കാമ്പസിൻ്റെ ഹരമായി മാറി, ആ വർഷത്തെ ഓണം കോളേജ് മുഴുവൻ വിഭവസമൃദ്ധമായ ഓണസദ്യ നൽകികൊണ്ട് പീസ് ക്ലബ്ബ് ആഘോഷിച്ചു.
ഇതിനിടയിൽ ഞങ്ങളുടെ ഒരു രണ്ടാം വർഷ വിദ്യാർത്ഥിനി രണ്ടു വൃക്കകളും തകരാറിലായി ആശുപത്രിയിൽ അഡ്മിറ്റായി ഡയാലിസിസ് ചെയ്‌തുകൊണ്ടിരിക്കുകയാണ്. സാമ്പത്തിക ശേഷി തീരെയില്ലാത്ത നിർധന കുടുംബം, അച്ഛന് കൂലിപ്പണിയാണ്, രണ്ടു പെൺമക്കൾ, അമ്മയുടെ വൃക്ക മകൾക്ക് നൽകാൻ തയ്യാറായി, വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്താൻ പത്തു ലക്ഷത്തോളം രൂപ വേണം. ഞാൻ വിദ്യാർത്ഥികളെ വിളിച്ചുകൂട്ടി ഇത്രമാത്രം പറഞ്ഞു.
നമ്മുടെ അശ്വതി ഇന്ന് മരണത്തിൻ്റെ വക്കിലാണ്. ഒന്നുകിൽ നമ്മുക്ക് അവളെ മരണത്തിന് വിട്ടു കൊടുക്കാം. അല്ലങ്കിൽ നമ്മൾ മനസ്സു വച്ചാൽ അവളെ കാമ്പസിലേക്ക് മിടുക്കിയായി തിരിച്ചുകൊണ്ടുവരാം. എൻ്റെ പ്രിയപ്പെട്ട വിദ്യാർത്ഥികൾ ഈ ചലഞ്ച് ധൈര്യപൂർവ്വം ഏറ്റെടുത്തു. രണ്ടാഴ്ചകൊണ്ട് അവർ ഒമ്പതുലക്ഷത്തിലധികം രൂപ സംഘടിപ്പിച്ചു ബാക്കി ഞങ്ങൾ അധ്യാപകരും ചേർത്ത് പറഞ്ഞ തുക ഹോസ്‌പിറ്റലിൽ എത്തിച്ചു. ഓപ്പറേഷൻ വിജയകരമായി നടന്നു. ആറുമാസത്തെ വിശ്രമത്തിനു ശേഷം അശ്വതി വീണ്ടും കാമ്പസിലേക്ക് പഠിക്കാൻ വന്നു. BSc കോഴ്സ് ഉയർന്ന ഫസ്റ്റ് ക്ലാസോടെ പാ സായാണ് കോളേജിൽ നിന്നും പോയത്.
അപ്പോഴേക്കും നിർമ്മലഗിരിയുടെ സുവർണ്ണ ജൂബിലി വർഷമായി. ഒരു വർഷം ഈ ആഘോഷങ്ങൾ വിദ്യാർത്ഥികളുടെ സഹകരണത്തോടെ വളരെ ഗംഭീരമായി നടത്തി. ജൂബിലി മെമ്മോറിയൻ ആയി കോളേജ് ഇരിക്കുന്ന പഞ്ചായത്തിലെ ഒരു പാവപ്പെട്ട കുടുംബത്തിന് വീടുവെച്ചു കൊടുക്കാൻ തീരുമാനിച്ചു നവംബർ 1 ന് കോളേജിന് അവധി നൽകികൊണ്ട് മുഴുവൻ വിദ്യാർത്ഥികളെയും ഗ്രൂപ്പുകളായി കണ്ണൂർ ജില്ലയുടെ എല്ലാ ഭാഗങ്ങളിലേക്കും അയച്ചു. ഒറ്റ ദിവസം കൊണ്ട് അവർ സമാഹരിച്ചു കൊണ്ടുവന്നത് 5 ലക്ഷത്തിലധികം രൂപയായിരുന്നു.. ഒരു വിധവയായ സ്ത്രീക്ക് ആറുലക്ഷം രൂപ ചെലവിൽ ഒരു നല്ല വീടുവെച്ചുകൊടുത്തു. ഇനിയും ഉണ്ട് ഒരുപാട് കാര്യങ്ങൾ എഴുതാൻ.
വിദ്യാർത്ഥികളുമായി നല്ലൊരു മാനസിക ബന്ധം ഉടലെടുത്തതുകൊണ്ട് എൻ്റെ അഞ്ചു വർഷകാലവും വിദ്യാർത്ഥികളിൽ നിന്ന് കാര്യമായ പ്രശ്‌നങ്ങൾ നേരിടേണ്ടി വന്നില്ല.
സമരവും മറ്റ് പ്രകടനങ്ങളുമൊക്കെ ഉണ്ടാകുമ്പോൾ എന്നോട് നേരത്തേ തന്നെ അനുവാദം വാങ്ങിയിട്ട് അധികം തലവേദന ഉണ്ടാകാത്ത വിധത്തിൽ കാര്യങ്ങൾ അവസാനിപ്പിക്കുമായിരുന്നു.
കോളേജിൻ്റെ സുവർണ്ണ ജൂബിലി ആഘോഷവും NAAC വിസിറ്റിൻ്റെ തയ്യാറെടുപ്പുമെല്ലാം സമാധാനത്തോടെ ചെയ്യുവാനുള്ള സാഹചര്യം ഉണ്ടായി. എൻ്റെ പ്രിൻസിപ്പൽ ജീവിതത്തിലെ ഏറ്റവും സുന്ദരമായ അനുഭവം ഞാൻ കോളേജിൽ നിന്ന് റിട്ടയർ ചെയ്‌ത ദിവസമായിരുന്നു. വൈകുന്നേരം നാലുമണിക്ക് രജിസ്റ്ററിൽ അവസാനത്തെ ഒപ്പിട്ട് ഞാൻ ഓഫീസിൽ നിന്ന് പുറത്തേക്കിറങ്ങി, എന്നെ വീട്ടിൽ കൊണ്ടുവിടാൻ മാനേജ്‌മെന്റും സ്റ്റാഫും വണ്ടികൾ ഒരുക്കിയിട്ടുണ്ടായിരുന്നു.
പെട്ടന്ന് ഒരു ടെംമ്പോ ട്രാവലർ കോളേജിൻ്റെ മുന്നിൽ വന്നു നിന്നു അതിൽ നിന്ന് എൻ്റെ അഞ്ചു വർഷകാലത്തെ കോളേജ് യൂണിയൻ ചെയർമാൻമാരും, സെക്രട്ടറിമാരും ഇറങ്ങി വന്ന് എന്നെ എടുത്തുകൊണ്ടുപോയി വണ്ടിയിൽ കയറ്റി വീട്ടിൽ കൊണ്ടുവന്നാക്കി.
ഒരു കാര്യം മാത്രം അടിവരയിട്ടു പറയുവാൻ ഞാൻ ആഗ്രഹിക്കുകയാണ് നമ്മുടെ അധ്യാപക സമൂഹം ഒന്നു മനസ്സുവെച്ചാൽ, നമ്മുടെ കാമ്പസുകളിലെ യുവ തലമുറക്ക് വേണ്ട ദിശാബോധവും സ്നേഹവും നൽകി അവരുടെ കർമ്മ ശേഷിയെ വേണ്ട വിധത്തിൽ ഉപയോഗപ്പെടുത്തിയാൽ നമ്മുടെ കാമ്പസുകളിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാനാവും.
Dr. Joselet Mathew, M.Sc., Ph.D., is the Director of VIJAY Agri-Farm School and Eco-Spirituality Centre.
He is former Principal of Nirmalagiri College and a Senate Member of KUFOS. He served as Vice President of the Principals Council Kerala, PG Board Member (Zoology) at Kannur University, Secretary of the Pastoral Council, and President of K.C.B.C. Madhyavirudha Samithi, Archdiocese of Thalassery.
Dr. Joselet Mathew received the Senior Research Fellowship from ICAR and the John Templeton Foundation Research Scholarship at the Metanexus Institute, University of Pennsylvania, USA.
He was awarded Best Principal by the Peace and Harmony Foundation Kerala for promoting peace and harmony among students. A multiple award-winning organic farmer at Panchayath, District, State, and National levels, he is also a Master Trainer (IMG) in Human Resource Development and an expert resource person in value education, personality development, and programs on faith, spirituality, addiction awareness, and eco-spirituality.
