CLICK TO VIEW
Padmanabha Suprabhatham
Written by Nelliyodu Vasudevan Nambudiri
ശ്രീപദ്മനാഭ പുരുഷോത്തമ വാസുദേവ
ശ്രീപദ്മജാദിസുര മാമുനി വൃന്ദവന്ദ്യ!
ശ്രീപദ്മജാരമണ പന്നഗഭോഗശായിൻ
ശ്രീപദ്മനാഭ ഭഗവൻ തവ സുപ്രഭാതം 1
പദ്മായതേക്ഷണ ഹരേ ശ്രിതവഞ്ചിഭൂപ-
സത്മാദി സർവ്വപരിരക്ഷക പക്ഷിവാഹ !
പത്മാലയാ വിഹരണാഭരണാഭവക്ഷാ
ശ്രീപദ്മനാഭ ഭഗവൻ തവ സുപ്രഭാതം 2
മന്ദാകിനീസലിലസംഭവ! പാരിജാത-
മന്ദാരകാദിസുമപാംസുസുശോഭിതായ
വന്ദാരുവന്ദ്യപരിപാവനപാദയുഗ്മാ
ശ്രീപദ്മനാഭ ഭഗവൻ തവ സുപ്രഭാതം 3
നാമങ്ങളോതി നടയിങ്കലണഞ്ഞു സർവ്വ-
കാമങ്ങളും സഫലമാകുവതിന്നു ഭക്ത്യാ
കാമപ്രദായക ഹരേ പരിപാഹി നിത്യം
ശ്രീപദ്മനാഭ ഭഗവൻ തവ സുപ്രഭാതം 4
ഭക്താഭിലാഷമഖിലം വിരവോടു നൽകും
രക്താഭമാം പദസരോജ സുശോഭനാർത്ഥം
രക്താഭരശ്മി വിതറുന്നു കിഴക്കു ഭാസ്വാൻ
ശ്രീപദ്മനാഭ ഭഗവൻ തവ സുപ്രഭാതം 5
ഭംഗ്യാസുവർണ്ണകിരണൻ രവി നിൻ പദാബ്ജ-
സംഗാശയാ സവിധമാഗതനായിടുന്നു
അംഗാരരശ്മികളടക്കി ഹസിച്ചു ഭക്ത്യാ
ശ്രീപദ്മനാഭ ഭഗവൻ തവ സുപ്രഭാതം 6
ഭസ്മാങ്കിത ദ്വിജമുഖോൽഗത വേദ ഘോഷാൻ
സസ്മാരഭക്തഗണഗീതനുതി പ്രഘോഷാൻ
സുസ്മേരവക്ത്രസുഖദർശനമേകു വിഷ്ണോ
ശ്രീപദ്മനാഭ ഭഗവൻ തവ സുപ്രഭാതം 7
ഗംഗാജലം മറകൾ മൂന്നു മുറക്കു വിപ്രർ
ഭംഗ്യാ ജപിച്ചു കലശങ്ങളിലായ് നിറച്ചു
ഭൃംഗാളി ചൂഴ്‌ന്ന സുമമാല്യമലങ്കരിച്ചു
ശ്രീപദ്മനാഭ ഭഗവൻ തവ സുപ്രഭാതം 8
വമ്പത്തമെന്നിയെ സമസ്തരുമൊന്നുപോലെ
സമ്പത്തു സന്തതിഗൃഹാദി സുഖങ്ങൾ തേടി-
നിമ്പത്തിൽ വീണു തൊഴുകയ്യൊടു നിന്നിടുന്നു
ശ്രീപദ്മനാഭ ഭഗവൻ തവ സുപ്രഭാതം 9
തങ്കക്കതിർക്കുലയുമായ് രവി വന്നിടുന്നൂ
ഓംകാരമാം ഭ്രമരശംഖനിനാദമോടും
ശങ്കാവിഹീനമെഴുന്നേറ്റു കടാക്ഷമേകൂ
ശ്രീപദ്മനാഭ ഭഗവൻ തവ സുപ്രഭാതം 10
വന്ദിപ്പതിന്നു വരവായ് വരവാണിവൃന്ദം
നന്ദിച്ചു പുഷ്പഫലജാലഗുളാദിയോടും
വന്ദിച്ചു നിൽപ്പു വരിയായ് ബഹുഭക്തവൃന്ദം
ശ്രീപദ്മനാഭ ഭഗവൻ തവ സുപ്രഭാതം 11
സുഭ്രൂലതാസുചലനേന ഭരിച്ചീടുന്നി-
തിഭ്രൂവശേഷമിഹ വഞ്ചി നൃപേന്ദ്രർ ഭംഗ്യാ
ത്വഭ്രൂലതാചലനമേറ്റവർ ദാസരായ് ഹാ
ശ്രീപദ്മനാഭ ഭഗവൻ തവ സുപ്രഭാതം 12
പ്രത്യഗ്ര പാൽക്കടൽ നിവാസിയതായി നിത്യം
പ്രത്യക്ഷദൈവമരചർക്കഭിലാഷമെല്ലാം
അത്യത്ഭുതം വിരവിലേകി നയിച്ചിടുന്നു
ശ്രീപദ്മനാഭ ഭഗവൻ തവ സുപ്രഭാതം 13
ഭാസ്വാൻ സുവർണ്ണകിരണാൽ പദപൂജ ചെയ്തു
ഭാസ്വൽ പ്രമോദമോടു വാനിൽ വിളങ്ങിടുന്നു
ശശ്വൽ ത്വദർച്ചകധരാസുരരെത്തി ചാരെ
ശ്രീപദ്മനാഭ ഭഗവൻ തവ സുപ്രഭാതം 14
തം വഞ്ചിഭൂപ പരിരക്ഷകനായി നിത്യം
വൻ വഞ്ചകർക്കു ഭയമേകിയകറ്റി നിർത്താൻ
ശ്രീ വഞ്ചിരാജ്യധിപനായി വിളങ്ങിടുന്നാ-
ശ്രീപദ്മനാഭ ഭഗവൻ തവ സുപ്രഭാതം 15
aacharyanu pranamam