മരണങ്ങളിൽ ഏറ്റവും ഭാഗ്യ മരണം ആണ് മസ്തിഷ്ക മരണം. വേദന അറിയാതെ ഒരു കടന്നു പോക്ക്.
By എൻ വി പൗലോസ്
ഇങ്ങനെ ഒരു സാധ്യത ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. പലപ്പോഴും ഭാര്യയോടും മക്കളോടും പറയാൻ ശ്രമിച്ചിട്ടുമുണ്ട്. മരണം എന്ന് കേൾക്കുമ്പോൾ തന്നെ പക്ഷെ എല്ലാവരും തങ്ങളുടെ കണ്ണുകളും കാതുകളും കൊട്ടി അടക്കും. നമ്മൾ ആരും ആഗ്രഹിക്കുന്നില്ല മരണം നമ്മെ തേടി എത്തുക എന്നത്. കഥയിലെ രാജകുമാരനും രാജകുമാരിയും ആയി എന്നാളും ജീവിക്കാനാണ് നമ്മുക്ക് എല്ലാവർക്കും ഇഷ്ടം.
എത്രയും കാലം നമ്മുക്ക് ഓരോരുത്തർക്കും ജീവിക്കാൻ കഴിയുമോ അത്രയും കാലം ലോകത്തിനു നന്മ ചെയ്ത് നമ്മൾ എല്ലാവരും ജീവിക്കണം. എപ്പോൾ വിളിച്ചാലും സന്തോഷത്തോടെ കടന്നു പോകുവാനും നമ്മൾ തയ്യാറായിരിക്കണം. പണം കൊടുത്തു വാങ്ങുന്ന മധുര പലഹാരം പോലെ തോന്നുംപോലെ പെരുമാറാൻ ജീവിതം ഒരു പക്ഷെ നമ്മുടെ നിയന്ത്രണത്തിൽ ആയി എന്ന് വരികയില്ല.
എന്നേക്കാൾ എത്രയോ വലിയവൻ ആയിരുന്നു എൻ്റെ പിതാവ് എന്ന് ഞാൻ തിരിച്ചറിഞ്ഞത് അദ്ദേഹത്തിൻ്റെ മരണശേഷം മാത്രം ആണ്. തൻ്റെ അവയവങ്ങൾ ദാനം ചെയ്യണം എന്ന് എൻ്റെ അപ്പച്ചന് വലിയ ആഗ്രഹം ആയിരുന്നു. പലപ്പോഴും അക്കാര്യം വീട്ടിൽ പറയുമായിരുന്നു. നിങ്ങളൊന്നു മിണ്ടാതിരിക്ക് മനുഷ്യാ നിങ്ങൾ അങ്ങിനെ മരിക്കാനൊന്നും പോകുന്നില്ല എന്ന് ‘അമ്മ എപ്പോഴും വിഷയം മാറ്റും. എൻ്റെ കണ്ണെങ്കിലും ദാനം ചെയ്യണം എന്ന് എന്നോടും പറയുമായിരുന്നു. അതി ബുദ്ധിമാനായ എൻ്റെ വിവരം ഇല്ലായ്മ വലിയൊരു നന്മ നഷ്ടമാക്കി. അവയവ ദാനം എന്ന വിഷയത്തിൽ ഞാൻ വളരെ പിന്നീടാണ് ശ്രദ്ധിക്കാൻ തുടങ്ങിയതെങ്കിലും അതിൻ്റെ തുടക്കം ആന്നു സംഭവിച്ചു. ഗ്ലോബൽ ടി വി യിൽ നൂറിലധികം എപ്പിസോഡുകൾ ഉണ്ടായി.
ആര് മരിക്കുന്നു എപ്പോൾ മരിക്കുന്നു എന്നത് പ്രപഞ്ച രഹസ്യമാണ്. അക്കാര്യത്തിൽ എത്ര കൊമ്പത്തെ രാജാവിനും നിയന്ത്രണം ഇല്ല. മരണം എന്ന സത്യത്തെ തുറന്ന മനസ്സോടെ കാണാൻ കഴിയുക എന്നതായിരിക്കും ഒരു പക്ഷെ ഏറ്റവും വലിയ മാനസിക ധൈര്യവും സ്ഥൈര്യവും.
എൻ്റെ സുഹൃത്ത് രാമു അയ്യപ്പൻ മരണപ്പെട്ടത് അപ്പ്രതീക്ഷിത സമയത്താണ്. നന്മയുടെ വലിയൊരു പ്രതീകം ആയിരുന്നു രാമുവും കുടുംബവും. കുറച്ചു വർഷങ്ങൾക്ക് മുൻപൊരിക്കൽ ആ വഴിയേ പോയപ്പോൾ ഒരു രാത്രിനേരം ഞാൻ രാമുവിനെ ഫോൺ വിളിച്ചു. എത്രയോ കാലത്തിനു ശേഷം, രാമുവിൻെ ഫോൺ നമ്പർ എനിക്ക് കിട്ടിയിട്ട് അധികം ദിവസം ആയിരുന്നില്ല. വീടെത്തുന്നതിനുള്ള തിരക്കിനിടെ ഇടവഴിയിൽ വച്ച് ഒരു കുശലാന്വേഷണം. അത്രമാത്രമേ ഉദ്ദേശിച്ചുള്ളൂ. നീ എവിടെയാണ് എന്നായിരുന്നു രാമുവിന് അറിയേണ്ടത്.
അദ്ദേഹത്തോടൊപ്പം അത്താഴം കഴിച്ചു മടങ്ങുമ്പോൾ വീട്ടിൽ അമ്മയോടൊപ്പം ഭക്ഷണം കഴിക്കുന്ന അനുഭവം ആയിരുന്നു. രാമു മരിക്കുമ്പോൾ അത് എനിക്ക് പകരം വില കൊടുത്തതല്ലേ എന്ന് ഞാൻ ചിന്തിക്കുന്നു. പകരം ഞാൻ ആയിരുന്നു വിളിക്കപ്പെട്ടതെങ്കിൽ എന്തായിരുന്നു ഞാനും ആയി ബന്ധപ്പെട്ടവരുടെ പ്രതികരണം?
മരണങ്ങളിൽ ഏറ്റവും ഭാഗ്യ മരണം ആണ് മസ്തിഷ്ക മരണം. വേദന അറിയാതെയുള്ള ഒരു കടന്നു പോക്ക്. വലിയ പുണ്യം ചെയ്തവർക്കും വലിയ പുണ്യമായി മാറുന്നവർക്കും മാത്രം ലഭിക്കുന്ന മഹാഭാഗ്യം. ഒരു ജീവൻ നഷ്ടപ്പെടുമ്പോൾ എട്ടു പേർക്ക് ജീവൻ ലഭിക്കുന്ന പ്രവർത്തിയാണ് അവയവ ദാനം. നമ്മുടെ രാജ്യം ഈ രംഗത്ത് ഏറെ ദൂരം പുരോഗമിക്കേണ്ടതുണ്ടെകിലും നമ്മുടെ എല്ലാം മനസ്സിൽ അവയവ ദാനം സ്ഥാനം.
പിടിക്കേണ്ടതുണ്ട്. ഇക്കാര്യത്തെ വളരെ ഗൗരവത്തോടെ സമീപിക്കാൻ നമ്മുക്ക് കഴിയണം. അവയവ ദാനം ചെയ്യാൻ തീരുമാനിക്കുമ്പോൾ തന്നെ നാം അനുഗ്രഹീതർ ആയി മാറുകയാണ്. നമ്മുടെ ദാനം യാഥാർഥ്യമാവാൻ ഉള്ള സാധ്യത വളരെ പരിമിതം ആണ്. എങ്കിൽ തന്നെയും പതിനായിരം പേർ പങ്കെടുക്കുന്ന ഭാഗ്യക്കുറി മത്സരത്തിൽ സമ്മാനം കിട്ടിയില്ലെങ്കിലും സമ്മാനിതരാകുവാൻ നമ്മുക്ക് ഇതിലൂടെ സാധിക്കും.