തൃപ്പല്ലാവൂരപ്പൻ വൈഭവം | മോഹൻകൃഷ്ണൻ പല്ലാവൂർ | കാവാലം ശ്രീകുമാർ |

Posted on: January 30, 2021

പ്രിയസുഹൃത്തുക്കൾക്ക് പ്രണാമം!

By Unni Menon

എത്രയും പ്രിയപ്പെട്ട കാവാലം ശ്രീകുമാർ അതിഗംഭീരമായി സംഗീതംചെയ്ത് പാടിയിരിക്കുന്ന “തൃപ്പല്ലാവൂരപ്പൻ വൈഭവം” എന്ന ഗാനം ഏറെ സന്തോഷത്തോടെ റിലീസ് ചെയ്യുകയാണ്.ശ്രീ മോഹനകൃഷ്ണൻ പല്ലാവൂർ ആണ്‌ മനോഹരമായി വരികൾ എഴുതിയിരിക്കുന്നത്. അനുയോജ്യമായ ഓർക്കസ്‌ട്രേഷനിലൂടെ ഗാനം ഹൃദ്യമാക്കിയിരിക്കുന്നത് ശ്രീ ആർ. ശരച്ചന്ദ്രനാണ്. എല്ലാവർക്കും എന്റെ സ്നേഹവും പ്രാർത്ഥനയും.

എന്നെ ഈ ആനന്ദകരമായ കർമ്മത്തിന് നിയോഗിച്ച ശ്രീകുമാറിനോട്‌ നന്ദിപറഞ്ഞുകൊണ്ട് ഞങ്ങൾ തമ്മിലുള്ള അടുപ്പത്തെ ഒട്ടും കുറച്ചുകാണാൻ ഞാൻ ആഗ്രഹിക്കുന്നില്ല. പക്ഷേ ശ്രീകുമാറിനെപ്പറ്റി പലപ്പോഴായി മനസ്സിൽ സൂക്ഷിച്ചിട്ടുള്ള ചില ചിന്തകൾ പങ്കുവെക്കാൻ ഈ അവസരത്തിൽ ആഗ്രഹിക്കുകയും ചെയ്യുന്നു.

ശ്രീകുമാറിന്റെ അഭിവന്ദ്യപിതാവ് കാവാലം നാരായണപ്പണിക്കർ സാറിന്റെ ഏറെ ഗ്രാമ്യവും കാവ്യാത്മകവുമായ രചനകൾക്ക് ( ഉദാ: മൂടൽമഞ്ഞിൽ മൂവന്തി / സംഗീതം : ശ്യാം സാർ) ശബ്ദം നൽകുവാൻ സംഗീതജീവിതത്തിന്റെ തുടക്കത്തിൽത്തന്നെ സാധിച്ചത് നിറഞ്ഞ ആഹ്ലാദത്തോടെ ഞാൻ ഓർക്കാറുണ്ട്.

Folk പൈതൃകത്തിൽ അടിവേരുകളുള്ള ശ്രീകുമാറിന്റെ സംഗീതം കർണാടകസംഗീതശാഖയിലൂടെ അനായാസം പടർന്നുകയറുന്നത് അത്ഭുതത്തോടെയാണ് കണ്ടിട്ടുള്ളത്. വടക്കത്തിപെണ്ണാളേ എന്ന് തനിനാടൻ ശീലിൽ ഒരു കാവാലംകാറ്റുപോലെ നീട്ടിയും കുറുക്കിയും പാടാനും, വയലിൻ വിദ്വാൻ ശ്രീ. ബി. ശശികുമാറിന്റെ ശാന്തം (ദ്വിജാവന്തി ) പോലുള്ള കൃതികൾ സംഗീതത്തിന്റെ മറ്റൊരു ധ്രുവത്തിൽ പോയിരുന്ന് കച്ചേരിക്ക് പാടിക്കയറാനും ശ്രീകുമാറിന് മാത്രമേ കഴിയൂ. ലളിതസംഗീതത്തിന്റെ പ്രണയപാരമ്യത്തിൽ “നീ തിരയുവതാരെ”യെന്നും പിന്നണിഗായകനായി ഹാസ്യശൈലിയിൽ “കുസുമവദനമോഹസുന്ദരാ” എന്നും ശ്രീകുമാർ അനായാസം പാടിപ്പറക്കുന്നു. അദ്ധ്യാത്മരാമായണം കിളിപ്പാട്ട് മലയാളഭാഷക്ക് നൽകിയത് എഴുത്തച്ഛനാണെങ്കിൽ അതെങ്ങനെ പാരായണം ചെയ്യണം എന്ന് മലയാളിയെ പഠിപ്പിച്ചത് കാവാലം ശ്രീകുമാറാണ്! ഏതൊരു ആദ്ധ്യാത്മികകൃതിയും രാഗാധിഷ്ഠിതമായി അനായാസം അവതരിപ്പിക്കുക എന്നത് ശ്രീകുമാറിന്റ മാത്രം ജന്മനിയോഗമാണെന്ന് ഞാൻ കരുതുന്നു.

പ്രയത്നം കൊണ്ടും പ്രതിഭകൊണ്ടും സംഗീതത്തിന്റെ വ്യത്യസ്തവീഥികളിളെല്ലാം വിജയകരമായി സഞ്ചരിക്കുകയാണ് ശ്രീകുമാർ. ഈയൊരുഅപൂർവ്വസിദ്ധിയാൽ ശ്രീകുമാർ സംഗീതലോകത്ത് സ്വന്തമായൊരു ഇടം നേടിയിരിക്കുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ഒരു ആരാധകനായി മാറിയ എനിക്ക് ഈ ഗാനം ആസ്വാദകർക്കു മുമ്പിൽ സമർപ്പിക്കാൻ ഏറെ സന്തോഷമുണ്ട്.ഈ അതുല്യസംഗീതജ്ഞന്, എന്റെ പ്രിയസഹോദരന് നിറഞ്ഞ സ്നേഹവും ആയുരാരോഗ്യസൗഖ്യവും നേരുന്നു.ഒറ്റക്കേൾവിയിൽത്തന്നെ എനിക്കേറെ ഇഷ്ടമായ “തൃപ്പല്ലാവൂരപ്പൻ വൈഭവം” ആസ്വദിക്കുവാൻ ഞാൻ നിങ്ങളോരോരുത്തരെയും ഒരിക്കൽക്കൂടി സ്നേഹപൂർവ്വം ക്ഷണിക്കുന്നു. എല്ലാവർക്കും സകലനന്മകളും നേരുന്നു.

ഓം നമഃശിവായ!

സ്നേഹപൂർവ്വം

ഉണ്ണിമേനോൻ

This is a devotional song on Pallavoorappan. Sri Unni menon has released the song today through his FB page. Song is written by Mohankrishnan Pallavoor. Orchestration, Mix and Mastering by Saratchandran R .
Song Composed and Sung by Kavalam Srikumar

Leave a Reply

Your email address will not be published. Required fields are marked *