Pottan | പൊട്ടൻ | Poem | Kavalam Narayana Panikkar | Kavalam Srikumar |

Posted on: June 4, 2021

പൊട്ടൻ
(പൊട്ടൻ തെയ്യം എന്ന പ്രസിദ്ധ തെയ്യത്തിന്റെ കഥ)
കാരിച്ചങ്കുള്ളോൻ നെറ്റീമ്മേക്കണ്ണുള്ളോൻ
കറ്റച്ചെഞ്ചിടയൻ പുറപ്പെടുന്നേ.
ചുടുകാട്ടുടയോൻ തുടികൊട്ടും നടയോൻ
തമ്മപ്പൻ തമ്മരവീമൊത്തുവന്നേ .
കൂട്ടവും വിട്ട് തറയും വിട്ട്
ഈരേഴുലോകത്തും നടനടന്നേ
ജനമ്മാരടെ നടുവിൽ ജനിച്ചിങ്ങുവന്നേ
മനുഷ്യങ്ങൾക്കിടയിൽ മനുഷ്യനായുണർന്നേ .
പോത്തല്ലാ പോത്തല്ലാ പോത്തല്ലയ്യാ
പൊലപ്പൊട്ടനാണേ പൊറപ്പെടുന്നേ .
ഒപ്പരമൊപ്പരം പൊലപ്പൊട്ടത്തി
ഒക്കനടന്നേ പൊലച്ചാമുണ്ഡി .
തിരിതിരി വഴിതിരി നീയെന്റെ പൊട്ടാ
ചൊവ്വറുപോണോരീവഴി തിരി പൊട്ടാ .
മറക്കുടനീങ്ങണ വഴിതിരി പൊട്ടാ
മഞ്ചലുപോകണ വഴിതിരി പൊട്ടാ
ശങ്കരൻ ചൊവ്വറ് വരണൊണ്ടേ വരണൊണ്ടേ
ശനിയരേ തീണ്ടാതെ മാറിപ്പോ ദൂരത്ത് .
ഒക്കത്തുപിള്ള തലയിലോ കള്ള്
ഓരടിയീരടി പൊലപ്പൊട്ടനാര്
മുപ്പത്തുമുക്കോടി മരം നട്ടകാലം
മൂന്നുമരത്തിൽ തനിമരം പൂത്തേ
ആ മരം പൂത്തൊരു പൂവ്വേതു പൂവ്വ് ?
ആപ്പു ഈപ്പൂ പൊലയനാർപൂവ് .

കള്ളും കൊടമയ്യോ കാലിയായി
കലികൊണ്ടുനിന്നേ കാരിച്ചങ്കൻ
തേട്ടും മനസ്സുമായ് തെങ്ങുമ്മേ നോക്കുന്നേ
ഇത്തിരിക്കള്ള് തൂവിത്തായേ .
മണ്ടേലെക്കള്ള് വേറ്റിൽ വരുത്തുന്നേ
മറിമായമറിയുന്ന പൊലപ്പൊട്ടനാര് .
വേറ്റിലെക്കള്ള് കേറ്റുന്നേ മേലേ
വെറിവാശികൊണ്ട് പൊലപ്പൊട്ടത്തി .
‘മണ്ടൽക്കേറട്ടെ ‘
‘വേറ്റിൽ കീയട്ടെ ‘
കേറട്ടെ കീയട്ടെ മരപ്പനിനീര് .
തലനീര് കാൽനീര് ഓട്ടനീര്
അകത്തും പുറത്തും ലഹരിനീര് .

മേലോത്തുനിന്ന് കിയണേ ശങ്കരൻ
കീജാതി പോണ പെരുവഴിയേ .
“ മാറിപ്പോ പൊലപ്പൊട്ടാ ,
മാറിപ്പോ പൊലപ്പൊട്ടാ
തീണ്ടങ്ങാ കാണണ്ടാ ”
ചൊവ്വറു ചൊല്ല് .
“ഏങ്കടേം നീങ്കടേം മുറ്റത്തെതൃത്താപ്പു-
മണമൊന്നേ ചൊവ്വറേ ”
പൊട്ടന്റെ ചൊല്ല് .
“ മാറിപ്പോ ദൂരെപ്പോ ആചാരം നോക്കിപ്പോ
മര്യാദയോർത്തുപോ ” ചൊവറുചൊല്ല് .
“ ഏങ്കടേം നീങ്കടേം വാഴപ്പഴത്തിന്
ചൊവയൊന്നേ ചൊവ്വറേ ”
പൊട്ടന്റെ ചൊല്ല് .
പൊട്ടനും ചൊവ്വറും
കേറുന്നേ കീയുന്നേ
മണ്ടേലും വേറ്റിലും
കേറുന്നേ കീയുന്നേ .
പൊലപ്പൊട്ടൻ കേറുന്നേ ,
ചൊവ്വറു കീയുന്നേ
നാങ്കക്കും നീങ്കക്കുമൊന്നാണേ ചോര .

  • കോണത്തും തായ്ക്കരയും
    കയ്യത്തും മൊയ്യത്തും
    വയ്യകവും കാവുമ്പാക്കോട്ടങ്ങൾ പത്ത്
    പൊലപ്പൊട്ടത്തില്ലത്ത് പൂജയും തിറയും
    ആരമ്പനീരമ്പൻ ചേരമ്പൻ ചെമ്മട്ടൻ
    തക്കിടോൻ തരികിടോൻ പൊട്ടനും പൊലയനും
    പാക്കനാരാര് ചൊവ്വറുമാര് ?
    വഴിയെല്ലാമൊന്നാണേ

(*പൊട്ടൻ തെയ്യത്തിന്റെ കാവുകൾ)

വഴിപൊലിക ജനം പൊലിക –
നാടുപൊലിക – നഗരം പൊലിക
ഊരുപൊലിക – ഉലകം പൊലിക
പൊട്ടൻപൊലിക – പൊലയൻ പൊലിക
ഒഴിയൊഴിക ശവമൊഴിക –
പൊലിപൊലിക ശിവംപൊലിക
തീർതീർക പിണിതീർക
വാഴ്‌ വാഴ്ക ജനം വാഴ്ക .

തമ്മപ്പൻ = ശിവൻ .
തമ്മരവി = പാർവ്വതി ,
ചൊവ്വറ് = മേൽജാതി .

( 28-09-1991 )

Leave a Reply

Your email address will not be published. Required fields are marked *