Ranipuram | Glass Bridge | മംഗലാപുരത്തെയും കേരളത്തെയും ടൂറിസം മാപ്പിൽ ബന്ധിപ്പിക്കുന്ന മനോഹരമായ ഗ്ലാസ് പാലം റാണിപുരത്ത് | ഗ്ലോബൽ ടി വി

Posted on: October 7, 2025

റാണിപുരത്തിൻ്റെ മടിത്തട്ടിൽ ഇനി ആവേശത്തിൻ്റെ സുതാര്യപാലം; കാനനഭംഗി ആസ്വദിക്കാം; ഉത്തര മലബാറിലെ ആദ്യ ഗ്ലാസ് ബ്രിഡ്ജ് തുറന്നു

റാണിപുരം (കാസർകോട്):
കാസർകോട് ജില്ലയുടെ വിനോദസഞ്ചാര രംഗത്ത് പുതുയുഗം തുറന്ന് കൊടുത്തുകൊണ്ട് റാണിപുരം മലനിരയിൽ ഗ്ലാസ് ബ്രിഡ്ജ് വിനോദസഞ്ചാരികൾക്കായി പരീക്ഷണാടിസ്ഥാനത്തിൽ ബുധനാഴ്ച തുറന്നു. ഉത്തര മലബാറിലെ ആദ്യ ഗ്ലാസ് ബ്രിഡ്ജ് എന്ന പ്രത്യേകതയോടെ, റാണിപുരം ഇനി സാഹസിക വിനോദസഞ്ചാരികളുടെ ആകർഷക കേന്ദ്രമാകും.

റാണിപുരം ടൂറിസം സ്പോട്ടിൻ്റെ കവാടത്തിൽ നിന്നും ഒരു കിലോമീറ്റർ മാറി സെൻ്റ് മേരീസ് പള്ളിയോട് ചേർന്നാണ് ഈ സംരംഭം. ഈ സ്വപ്ന പദ്ധതിക്ക് പിന്നിൽ പ്രവർത്തിക്കുന്നത്, മാലോത്തെ സച്ചിൻ അഞ്ചാനിക്കൽ, മാവുങ്കാലിലെ വിൻസൻ്റ് പൈബള്ളി, മംഗളൂരിലെ മാനസ വാട്ടർ തീം പാർക്കിൻ്റെ മാനേജിംഗ് ഡയറക്ടർ ജയേഷ് എന്നിവരാണ്.

നാല് മാസം കൊണ്ടാണ് ഇതിൻ്റെ നിർമ്മാണം പൂർത്തിയാക്കിയത്.എൻ ഐ ടി എഞ്ചിനീയർ സാക്ഷ്യപ്പെടുത്തിയ ശേഷമാണ് ബ്രിഡ്ജ് യാഥാർത്ഥ്യമാക്കിയത്. രണ്ട് കോടിയാണ് ഇതുവരെ ചെലവ് വന്നിട്ടുള്ളത്. ഗ്ലാസ് ബ്രിഡ്ജിനൊപ്പം, കൂടുതൽ സഞ്ചാരികളെ ആകർഷിക്കുന്നതിനായി ചിൽഡ്രൺസ് പാർക്ക്, കേബിൾ കാർ, സിപ്പ് ലൈൻ, അഡ്വഞ്ചർ സോണുകൾ, റെസ്റ്റോറൻ്റ് എന്നിവയും ഉടൻ ഒരുക്കുമെന്ന് സംരംഭകകർ പറഞ്ഞു. ആറ് കോടി രൂപയാണ് മൊത്തം ചെലവ് പ്രതീക്ഷിക്കുന്നത്.

റാണിപുരത്തിന് പുതുജീവൻ

‘കേരളത്തിൻ്റെ ഊട്ടി’ എന്നു വിശേഷിപ്പിക്കപ്പെടുന്ന റാണിപുരം മലനിരകൾ, മഞ്ഞുമൂടിയ പുൽമേടുകളും തണുത്ത കാറ്റും കൊണ്ട് വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രമാണ്. ഇതുവരെ ട്രെക്കിംഗിനും പ്രകൃതിസൗന്ദര്യം ആസ്വദിക്കാനുമുള്ള കേന്ദ്രമായിരുന്ന റാണിപുരം, ഇപ്പോൾ സാഹസിക വിനോദസഞ്ചാരത്തിനും സാധ്യത തുറന്ന് കൊടുക്കുന്നു.

ഗ്ലാസ് ബ്രിഡ്ജിൻ്റെ വരവ് കാസർകോട് ജില്ലയുടെ ടൂറിസം വളർച്ചയ്ക്കും ഒപ്പം തന്നെ തൊഴിലവസരം സൃഷ്ടിക്കുന്നതിനും വലിയ പ്രോത്സാഹനമാകും.

പാലത്തിൻ്റെ പ്രത്യേകതകൾ

  • നീളം: 75 അടി (25 മീറ്റർ)
  • വീതി: 6 അടി
  • ഗ്ലാസ് പ്ലേറ്റുകൾ: എട്ടടി നീളമുള്ള മൂന്ന് ഗ്ലാസുകൾ ചേർന്നതാണ് ഒരു ലെയർ
  • കനം: 40 മില്ലിമീറ്റർ
  • സുരക്ഷ: 1.5 മില്ലിമീറ്റർ കനമുള്ള സെൻട്രിക് ലാമിനേഷൻ കൂടുതൽ സുരക്ഷ ഉറപ്പാക്കുന്നു.

പ്രവേശന സമയം: രാവിലെ 7 മുതൽ വൈകീട്ട് 7 വരെ

ടിക്കറ്റ് നിരക്ക്: ഒരാൾക്ക് ₹200

One thought on “Ranipuram | Glass Bridge | മംഗലാപുരത്തെയും കേരളത്തെയും ടൂറിസം മാപ്പിൽ ബന്ധിപ്പിക്കുന്ന മനോഹരമായ ഗ്ലാസ് പാലം റാണിപുരത്ത് | ഗ്ലോബൽ ടി വി

Leave a Reply

Your email address will not be published. Required fields are marked *