‘അമേരിക്കയിൽ വാഴും ലോകറോബോട്ട്ചാമ്പ്യൻ

Posted on: June 30, 2021

തളാപ്പ് അമാനത്തിന്റെ സ്വന്തം യന്തിരൻ

ഡോ.സഞ്ജീവൻ അഴീക്കോട്
sanjeevan azhikode @gmail.com

മഹാമാരി കൊറോണ വൈറസ് ഡീസീസ്- കോവിഡ്- 19 നെ തുരത്താൻ വാക്സിനുകളുമായി ലോക രാജ്യങ്ങൾ പോരാട്ടം തുടരുകയാണ്.. വിവിധ.രാജ്യങ്ങളിലെ മെഡിക്കൽ ഗവേഷണ ലബോറട്ടറികൾ അവരവരുടെ രീതിയിൽ പുതിയപരീക്ഷണങ്ങളുമായി മുന്നോട്ട് ..

ഓരോ ചുവടുവയ്പിനും ശക്തമായ പിന്തുണയും നിർദ്ദേശങ്ങളുമായി ലോകാരോഗ്യ സംഘടനയും . ഗവേഷകരും ആരോഗ്യ പ്രവർത്തകരുമടങ്ങുന്ന ശാസ്ത്രലോകം അരയും തലയും മുറുക്കി കോവിഡ് 19-നെ തുരത്താൻ ഒറ്റക്കെട്ടായി ലോക ജനതയ്ക്കൊപ്പമുണ്ട്. അതോടൊപ്പം പ്രതിരോധ കവചംതീർക്കാൻ യന്ത്രമനുഷ്യരും സംരഭകരും കച്ചകെട്ടി ഇറങ്ങിക്കഴിഞ്ഞു.. അതെ ചികിത്സാരംഗത്ത് റോബോർട്ടു ഡോക്ടർമാരും നഴ്സുമാരും അടങ്ങുന്ന ആശുപത്രികൾ രംഗത്ത് വരികയാണ്… റോബോട്ടുലോകത്തെ സാമ്രാജ്യ നായകനാവാൻ ഇതാ കണ്ണൂർ തളാപ്പ് നമ്പ്യാഞ്ചേരിക്കാവിന്നടുത്ത അമാനത്തു വീട്ടിലെ 24 കാരൻ… യന്തിരാധിഷ്ഠിത സംരംഭങ്ങളുടെ പരീക്ഷണങ്ങളുമായി അമേരിക്കയിൽ ..! മലയാളിയുടെ ബുദ്ധിശക്തിയും കർമ്മശേഷിയും ഒരിക്കൽ കൂടി ലോകമെങ്ങും ശ്രദ്ധിക്കപ്പെടുന്ന മുഹുർത്തത്തിന് ജന്മനാട് കാത്തിരിക്കുന്നു.

അമാനത്ത്

ഇത് ഫർഹാജ്മായൻ. വയസ്സ് 24. ഭാരതത്തിന്റെ തെക്കേക്കരയിൽ കണ്ണൂരിലെ തളാപ്പ് അമാനത്ത് വീടിന്റെ അഭിമാന സന്തതി. അമാനത്ത് എന്നപദത്തിന് അർപ്പണം എന്നാണ് വാഗർഥം. വാസസ്ഥലത്തിന്റെ നാമകരണം അന്വർഥമാക്കി പൊതു സമൂഹത്തിനു വേണ്ടി കർമ്മസമർപ്പണം നടത്തി മുന്നേറുന്ന ശാസ്ത്രജ്ഞൻ … അല്ല സംരംഭകൻ.. യുണൈറ്റഡ് അറബ് എമിറേറ്റിസിലെ സ്കൂൾ വഴി വേൾഡ് റോബോട്ടിക് ഒളിംപ്യാഡിൽ നാലുവർഷംതുടർച്ചയായിപങ്കെടുത്ത് ഒടുവിൽ ജക്കാർത്തയിലെ മത്സരത്തിൽ ലോക ചാമ്പ്യൻപട്ടം കരസ്ഥമാക്കിയ ഭാരത പുത്രൻ, കണ്ണൂരിന്റെ സ്വന്തം ഫർഹാജ്….!

അമേരിക്കയിലെ ടെക്സാസിൽ നാന്ദി കുറിച്ച് ഒക്‌ലോഹോമയിലൂടെ തന്റെ റോബോട്ട് അധിഷ്ഠിതസംരംഭകത്വ കർമ്മകാണ്ഡ ജൈത്രയാത്ര ‘ തുടരുന്നു… വളരെ ചെറിയ വയസ്സിൽ അമേരിക്കൻ സാങ്കേതിക ശാസ്ത്രലോകം കീഴടക്കിയ ശാസ്ത്രജ്ഞൻ ഇപ്പോൾ കന്നാ, ഫേയ്ഡ് എന്നീ റോബോട്ട് അധിഷ്ഠിത സംരംഭകത്വ വ്യവസായ ശൃംഖലയുടെ സി.ഇ.ഒ.കൂടിയാണ്… ഈയവസരത്തിൽ ഫർഹാജ് മായന്റെ കർമ്മകാണ്ഡ വിജയയാത്രയിലേക്ക് ഒരെത്തിനോട്ടം

“നാൻ സിന്തിക്കാൻ ആരംഭിച്ചേൻ….”!!

2010 സെപ്റ്റംബർ 30.

ദുബായ്, ബർദുബായ് പ്ലാസ സിനിമ തിയേറ്ററിലേക്ക് ലോക ശ്രദ്ധ പതിഞ്ഞ കാലം.. സൂപ്പർസ്റ്റാർ രജനീകാന്തിനെ നായകനാക്കിയും ഐശ്വര്യ റായിയെ നായികയാക്കിയും കലാനിധി മാരൻ നിർമ്മിച്ച ലോകമെങ്ങും കാത്തിരുന്ന ബിഗ് ബജറ്റ് ചിത്രം… 170 കോടി രൂപയ്ക്ക് ബജറ്റിട്ട് ഒടുവിൽ 500 കോടി രൂപ ചെലവായ ശാസ്ത്രകലാ ചലച്ചിത്രമായ യന്തിരന്റെ ആദ്യ പ്രദർശനം… മലയാളികളടക്കം തിയേറ്ററിലേക്ക് ഒഴുകിയെത്തി.സ്കൂൾ വിദ്യാർഥിയായ ഫർഹാജ് ഉപ്പയോടും ഉമ്മയോടും യന്തിരൻ കാണണമെന്ന് വാശി പിടിച്ചു’… ഗാന്ധിജയന്തി ദിനത്തിലെ അനുസ്മരണ സമ്മേളനത്തിൽ പങ്കെടുക്കാനുള്ള ഒരുക്കത്തിനിടയിൽ മകന്റെ വാശിക്ക് മുമ്പിൽ ഉപ്പയ്ക്ക് തോറ്റു കൊടുക്കേണ്ടി വന്നു. അനുമതി കിട്ടിയ സന്തോഷത്തിൽ കൂട്ടുകാർക്കൊപ്പം ഫർഹാജ് തിയേറ്ററിലെത്തി. 165 മിനുട്ട് ദൈർഘ്യമുള്ള ചലച്ചിത്രം വീർപ്പടക്കി അവൻ കണ്ടു. ശാസ്ത്രജ്ഞനായും അയാൾ നിർമ്മിക്കുന്ന റോബോട്ടായും രജനി ഇരട്ടറോളിൽ. സാങ്കേതികശാസ്ത്ര വളർച്ചാപുരോഗതി തിന്മകൾക്കായി ഉപയോഗപ്പെടുത്തുന്നത് അടയാളപ്പെടുത്തുന്ന വ്യത്യസ്തമായ സിനിമ.ഇന്ത്യൻ കരസേനക്കു വേണ്ടി ലൗകിക ജ്ഞാനമുദ്രയുള്ള ഒരു ആൻഡ്രോയ്ഡ് റോബോട്ടിനെ കഥാനായകനായ ഡോ.വസിഗരൻസൃഷ്ടിക്കുകയും ചെന്നെയിലെ കോൺഫറൻസിൽ ചിട്ടി എന്ന റോബോട്ടിനെ പരിചയപ്പെടുന്നതിലൂടെ ‘പിന്നെ അവരുടെ പ്രണയമായി കഥപുരോഗമിക്കുന്നു. തിന്മകൾക്കു വേണ്ടി രൂപപ്പെടുത്തിയ ചിട്ടി റോബോർട്ട്, മാരകമായ വിപത്തുകൾ സൃഷ്ടിക്കും… “ഒടുവിൽ ചിട്ടിയെ വിഘടിപ്പിച്ച് വർഷങ്ങൾക്കു ശേഷം 2030ൽ അത് വീണ്ടും മ്യൂസിയത്തിൽ പ്രത്യക്ഷപ്പെടുന്നതുമൊക്കെയാണ് സിനിമയുടെ കഥ.. സാങ്കേതികശാസ്ത്ര വളർച്ചസമൂഹത്തിലുണ്ടാക്കുന്നഗുണദോഷവിചാരത്തിലേക്ക്പ്രേ ക്ഷകരെനയിക്കുന്ന കിടിലൻ ശാസ്ത്രസിനിമ. തിയേറ്റർ വിട്ട് പുറത്തു വരുമ്പോൾ ഫർഹാജ് മായന്റെ മനസ്സ്‌ ആ റോബോട്ടിന്റെ ലോകത്തായിരുന്നു. സിനിമയ്ക്കൊടുവിൽ മ്യൂസിയത്തിലെ റോബോർട്ടിനെ കാണാൻ ആകാംക്ഷഭരിതനായി സ്കൂൾവിദ്യാർഥിയെത്തുന്ന ഒരുനാടകീയരംഗമുണ്ട്.

ആ കുട്ടി മ്യൂസിയത്തിൽ കണ്ട ചിട്ടി റോബോട്ടിനോട് ഇങ്ങനെ ചോദിച്ചു. എന്തിനാണ് ചിട്ടിയെ അവർ വിഘടിപ്പിച്ചത്….?

“നാൻ സിന്തിക്ക ആരംഭിച്ചേൻ’ …..! ചിട്ടി യുടെ ആ മറുപടി വിദ്യാർഥിയായ ഫർഹാജിന്റെ കുഞ്ഞു മനസ്സിലും പ്രതിധ്വനിച്ചു….! ചിന്തിക്കുന്ന റോബോട്ട്‌…! അതെ മനുഷ്യനെപ്പോലെ ചിന്താശേഷിയുള്ള യന്തിരമനുഷ്യനെ സമൂഹത്തിൽസൃഷ്ടിക്കാനാവുമോ?. ആ പതിന്നാലുകാരന്റെ ചിന്ത ആവഴിക്കു നീങ്ങി…’

ഔവർ ഓണിന്റെ ഓവറോൾ

ഉപ്പയും ഉമ്മയും ദുബായിയിൽ ജോലി ചെയ്യുന്നതു കാരണം ഫർഹാജിന്റെ സ്കൂൾ വിദ്യാഭ്യാസം യു.എ.ഇ. ഔവർ ഓൺ ഇംഗ്ലീഷ് സ്കൂളിലായിരുന്നു.പ്ലസ് ടു വരെ ഔവർ ഓണിന്റെ ഓവറോളായി ഒടുവിൽലോക ചാമ്പ്യനുമായി.

ആവശ്യപ്പെട്ട സാധനങ്ങൾ വാങ്ങിക്കൊടുത്തില്ലെങ്കിൽഉപ്പയോടും ഉമ്മയോടും വാശി പിടിച്ച് പിണങ്ങി നിൽക്കുന്ന സ്വഭാവക്കാരനായിരുന്നു ഫർഹാജ്. മകൻ പഠിച്ച് അക്കാദമിക് തലത്തിൽ ഉന്നത നിലയിൽ എത്തണമെന്ന ചിന്ത മാത്രമാണ് മാതാപിതാക്കൾക്കുണ്ടായിരുന്നത്. പഠിക്കേണ്ട സമയം അനാവശ്യമായി കളയാൻ അവനെ ഒരിക്കലും അനുവദിച്ചില്ല. പക്ഷേ കുഞ്ഞ് ഫർഹാജിന് താല്പര്യം യന്ത്രങ്ങളോടായിരുന്നു. ഒരു ദിവസം സ്കൂളിൽ നിന്ന് വന്നയുടൻ അവൻ ആവശ്യപ്പെട്ടത് റോബോട്ട് ഉണ്ടാക്കാനുള്ള സാമഗ്രഗികളാണ്.അത് അമേരിക്കയിൽ നിർമ്മിച്ച താവണമെന്ന നിർബന്ധവും. മകന്റെ വാശി ഉമ്മയേയും ഉപ്പയേയും ആശങ്കയിലാഴ്ത്തി. ഇവന്റെ പോക്ക് എങ്ങോട്ട്.? പഠിപ്പിൽ ഉഴപ്പുമോ.?. മകന്റെ ആവശ്യം അവർനിർദയം തളളി. അവൻ പിണങ്ങി. ഗാന്ധിയനായ അച്ഛനെ വീഴ്ത്താൻ മകൻ ആഹാരം കഴിക്കാതെ സത്യഗ്രഹം വരെ നടത്തുന്ന ഘട്ടത്തിലെത്തി.തന്റെ ആവശ്യം അംഗീകരിച്ചേ പറ്റൂ എന്ന വാശി. ആയിടയ്ക്കാണ് കുടുംബസുഹൃത്തായ ഒരു വിദ്യാർഥി ബൈക്കപകടത്തിൽ മരിച്ച ദാരുണവാർത്ത വന്നത്. ഇത്ഫർഹാജിന്റെ ഉമ്മയുടെയും ഉപ്പയുടെയും മനസ്സിനെ വല്ലാതെ പിടിച്ചുലച്ച സംഭവമായിരുന്നു.

കുട്ടികളുടെ ആഗ്രഹത്തിന് കടിഞ്ഞാണിടരുത് എന്ന ചിന്ത മാതാപിതാക്കളിൽ പതിയെ ഉടലെടുത്തു. അതോടെ ഫർഹാജിന്റെ വാശി വിജയത്തിലേക്ക് … റോബോട്ട് സാമഗ്രഗികൾ വാങ്ങിത്തരാം. പക്ഷേ സ്കൂൾ പരീക്ഷയിൽ ഉന്നത വിജയം നേടുകയും വേണം. മാതാപിതാക്കളുടെ ഉടമ്പടി അവൻ അംഗീകരിച്ചു. പ0ന വിജയം ഉറപ്പു നല്കി. പുത്ര വാത്സല്യം ഉറവപ്പൊട്ടിയ മുഹുർത്തം’. ഉടനെ തന്നെ ഉപ്പ ദുബായ് മാർക്കറ്റിലേക്ക് പോയി.. പുതിയ റോബോട്ട്കിറ്റ് അന്വേഷിച്ചു. അയ്യായിരം ദിർഹത്തോളം വിലവരും… ഇതറിഞ്ഞപ്പോൾ ഫർഹാജ് തന്നെ ഫീൽഡിലിറങ്ങി.ഒരു കൂട്ടുകാരൻവഴി പഴയ ഒരുകിറ്റ്സംഘടിപ്പിച്ചു.രണ്ടായിരം ദിർഹത്തിന്, അമേരിക്കൻ നിർമ്മിത റോബോർട്ട് കിറ്റ് കൈക്കലാക്കി.! ആ റോബോർട്ട് കിറ്റ് കളിക്കോപ്പ് തന്റെപ്രതിഭയുടെ, കർമ്മമണ്ഡലവളർച്ചയ്ക്കുള്ള വിത്തിറക്കലായി മാറി… സ്വന്തമായി അന്വേഷിച്ച് കണ്ടെത്തിസമ്പാദിച്ച റോബോട്ട് വിത്ത്!

ലോകറോബോട്ടിക് ചാമ്പ്യൻ

ഏഴാം ക്ലാസിലുദിച്ച ഫർഹാജിന്റെ റോബോട്ട് കമ്പം ഒമ്പതാം ക്ലാസിലെത്തിയപ്പോൾ വളർന്നു വികസിച്ച് യു.എ.ഇയുടെ അഭിമാനതാരകമായി മാറി. പിന്നെ ലോക സ്കൂൾ റോബോട്ടിക്ഒ ളിംപ്യാഡ് ചാമ്പ്യൻ പട്ടത്തിലേക്കത് നയിച്ചു. 2013 ൽ ഫർഹാജിന്റെ ടീം ലോക കിരീടമണിഞ്ഞു. മാതാപിതാക്കൾക്കൊപ്പംസ്കൂൾഅധ്യാപകരുടെയും സഹപാഠികളുടെയും പൂർണ പിന്തുണ കൂടി കിട്ടി. ഫർഹാജിന്റെ സ്വപ്ന പദ്ധതിയുടെ മാർഗം അതോടെ തെളിയുകയായി. ടൈമിംഗ് വച്ചുള്ള റോബോട്ടാണ് മത്സരത്തിന്നു വേണ്ടിരൂപകല്പന ചെയ്തത്.-

ഡ്രോൺ ടെക്നോളജി –

റോബോട്ടിനെ നയിക്കുന്ന സാരഥി നിൽക്കു’മിടത്തു നിന്ന് നിശ്ചിതസമയത്തിൽ മേലോട്ടുയർന്ന് പരിസരം കാമറയിൽ ഒപ്പിയെടുത്ത് അതേ സ്ഥലത്ത് കൃത്യമായി ഇറങ്ങുന്ന യന്ത്രം.റിമോട്ട് കൺട്രോൾ ഇല്ലാതെ ടൈമിംഗ് വച്ചുള്ള ഈ യന്ത്രമാണ് ഫർഹാജിന് ലോകചാമ്പ്യൻപട്ടം നേടികൊടുത്തത്.നാട്ടിൽ ഡ്രോൺ സാങ്കേതിക വിദ്യ പ്രചാരത്തിലാവുന്നതിന് എത്രയോ വർഷങ്ങൾക്ക് മുമ്പാണ് ഫർഹാജ് വിജയം കൊയ്തത്. സ്കൂൾ തലത്തിൽ എട്ടാം ക്ലാസുമുതൽ ലോക റോബോട്ടിക് ഒളിംപ്യാഡിൽ പങ്കെടുക്കാൻ തുടങ്ങിയിരുന്നു.നാലാം വർഷമാണ് ഫർഹാജിന്റെ ടീം ലോക ചാമ്പ്യൻപട്ടം നേടിയത്. പതിനേഴാം വയസ്സിൽ അപൂർവങ്ങളിൽ അപൂർവമായനേട്ടം! തൊണ്ണൂറ്റിയാറു ശതമാനം മാർക്കോടെ പ്ലസ് ടു പാസായി ഉപ്പയ്ക്കും ഉമ്മയ്ക്കും നല്കിയ ഉടമ്പടി വാക്കു ആ മകൻ പാലിക്കുകയും ചെയ്തു. യു. എ. ഇ യുടെ അഭിമാനതാരമായ ഭാരതീയനെ തേടിവിവിധ സംഘടനകളുടെയും ഭരണകൂടത്തിന്റെയും ഒക്കെ അനുമോദന പ്രവാഹമായി …

അമേരിക്കയിലേക്ക്

ചിന്തിക്കുന്ന യന്ത്രമനുഷ്യനെ സൃഷ്ടിക്കണമെന്ന ഒറ്റ ചിന്തയിലാണവൻ. തന്റെ ‘സാങ്കേതിക ശാസ്ത്ര ഗവേഷണ മനസ്സിന് വളരാനുള്ള ഭൂമിക അമേരിക്കയാണെന്ന് ഫർഹാജ് ഉറപ്പിച്ചു. പക്ഷേ, മകനെഅമേരിക്കയിലേക്ക് പഠിക്കാൻവിടാൻ മാതാപിതാക്കൾക്ക് ഇഷ്ടമുണ്ടായില്ല. അവിടെയും മകന്റെ വാശി ഒടുവിൽ വിജയം കണ്ടു. അധ്യാപകരുടെയും മറ്റും ഉപദേശം മനസ്സില്ലാ മനസ്സോടെ ഉമ്മയും ഉപ്പയും സ്വീകരിച്ചു. എൻട്രൻസ് ടെസ്റ്റ് എഴുതി പാസായി.അങ്ങനെ അമേരിക്കയിലെ ദി യൂണിവേഴ്സിറ്റി ഓഫ് ടെക്സാസ് ആർലിംഗ്ടണിൽ എൻജിനിയറിംഗ് കോഴ്സിനു ചേരാനുള്ള സന്ദേശ മെത്തി.

സമൂഹ നന്മക്ക് ഉപകാരപ്രദമാവുന്ന ചിന്താശേഷിയുള്ള യന്തിര മനുഷ്യനെ സൃഷ്ടിക്കണം… രജനികാന്തിന്റെ യന്തിരൻ സിനിമ മനസ്സിൽ ഒരിക്കൽ കൂടി തെളിഞ്ഞു വന്നു.അമേരിക്കയിലേക്കുള്ള വിമാനയാത്രയിൽ പതിനേഴുകാരന്റെകാതിൽആ സിനിമാ ഡയലോഗ് പ്രതിധ്വനിച്ചു. നാൻ സിന്തിക്ക ആരംഭിച്ചേൻ…! ഞാൻ ചിന്തിക്കാൻ ആരംഭിച്ചേൻ…

ഭയപ്പെടേണ്ട. ധൈര്യത്തിൽ മകനെ യാത്രയയ്ക്കൂ:..അവന്റെ ഭാവി ഭദ്രമാണ്… ലോകത്തിന്റെ അഭിമാനതാരമായി ഫർഹാജ് വളരട്ടെ എന്ന കുടുംബ സുഹൃത്തിന്റെ ഉപദേശം സ്വീകരിച്ച് ഉമ്മയും ഉപ്പയും മകന്റെ ഉന്നതിക്കായി ഉള്ളു ചുട്ട് പ്രാർഥിച്ചു.

അമേരിക്ക വഴി യൂറോപ്പിലും താരമായി

മെക്കാനിക്കൽ / ഇലക്ട്രിക്കൽ എഞ്ചിനിയറിംഗും കംപ്യൂട്ടർ സയൻസുമൊക്കെ അടങ്ങുന്ന സാങ്കേതിക വൈദഗ്ധ്യം.ഒപ്പം ഫിനാൻസ് എൻജിനിയറിംഗും. ജന്മസിദ്ധിയുള്ളവർക്ക് അമേരിക്കൻ പഠനം എളുപ്പമാകും.നാലര വർഷത്തോളം നീണ്ട സാങ്കേതിക ശാസ്ത്ര പ0നവുംകഠിനമായ പരിശ്രമവും ചേർന്നപ്പോൾ ഫർഹാജിനു മുന്നിൽ നവലോക വാതിൽ തുറക്കുകയായിരുന്നു. എൻജിനിയറിംഗ് പ0ന ശേഷം അമേരിക്കയിലെ ലോകപ്രശസ്തമായ എൻ.ഇ.യു.റോബോട്ടിക്സിൽ 2016ൽ ഇന്റേൺഷിപ്പിന് തെരഞ്ഞെടുക്കപ്പെട്ടു. പ0ന കാലഘട്ടത്തിൽ ഫർഹാജ് അമേരിക്കൻ വാഴ്സിറ്റിയെ പ്രതിനിധീകരിച്ച് യൂറോപ്പിലെ മത്സരത്തിൽ വിജയംകൊയ്തു.റെഡ്ബുൾ എനർജി ഡ്രിങ്ക് നടത്തിയമത്സരം.അമേരിക്കയിൽ നിന്ന് യൂറോപ്പിലെത്തികൈയിലൊരു നയാകാശില്ലാതെ, എനർജി ഡ്രിങ്ക് വിറ്റഴിച്ച് ജീവിക്കാനുള്ളപണം കണ്ടെത്തുക… താമസ സൗകര്യത്തിനോ ഭക്ഷണത്തിനോ പോലും ഒരു ചില്ലിക്കാശുപോലും നല്കില്ല.ഫർഹാജ് ആ വെല്ലുവിളി ഏറ്റെടുത്തു. പത്തൊമ്പതുകാരനായ ഫർഹജിനൊപ്പം സഹപാഠികളായ രണ്ടു അമേരിക്കക്കാരും ഉണ്ടായിരുന്നു. മൂന്നു പേരും യൂറോപ്പിലിറങ്ങി. എനർജി ഡ്രിങ്ക് മാർക്കറ്റ് ചെയ്തു.വൻ വിജയമായിരുന്നു. ഇറങ്ങിയ ഉടൻ ഒരു വലിയ സ്ഥാപനമുടമയെ വാഗ്വിലാസത്തിലൂടെ അവർ കൈയിലെടുത്തു. ഭക്ഷണത്തിനും താമസത്തിനും അങ്ങനെകാശ് കിട്ടി. ഒരാഴ്ചകൊണ്ട് മുഴുവൻ ഉത്പന്നവും വിറ്റഴിച്ച് അവർ വിജയശ്രീലാളിതരായി തിരികെയെത്തി. വിദ്യാർഥികളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമാണിത്.സ്വതന്ത്ര കാഴ്ചപ്പാട് വളർന്നു വരാൻ ഈ പ0ന രീതി ഏറെ സഹായകരമായി.

ലോകം കീഴടക്കാൻ ദാ യന്തിരൻ …!

യൂറോപ്പിലെ വിജയത്തോടെ ആ കുഞ്ഞു മനസ്സിൽ സംരംഭകത്വ ചിന്തയും ഉടലെടുത്തു.നിരവധി സ്റ്റാർട്ട്അപ്പ് സംരംഭങ്ങൾ പരിചയപ്പെട്ടു.എന്തുകൊണ്ട് സ്വന്തമായൊരു സംരംഭംഎനിക്കുംആരംഭിച്ചുകൂടാ…? ആ പ്രതിഭാശാലി ചിന്തിച്ചു.ജന്മനാടിനടക്കം പൊതു സമൂഹത്തിനു ഉപകാരപ്പെടുന്ന റോബോർട്ടധിഷ്ഠിത വ്യവസായ ശൃംഖലയുണ്ടാക്കാൻ അങ്ങനെ മുൻകൈ എടുത്തു.
സഹപാഠികളായ ഇംഗ്ലണ്ടിലെ രണ്ടു വിദ്യാർഥി കളുടെ പിന്തുണയും കൂടെ കിട്ടി.നാലര വർഷത്തെഎൻജിനിയറിംഗ് കോഴ്സ് പഠിച്ചു പാസായ ഉടനെ തന്നെ ടെക്‌സാസിലെ ഡാലസ്സിൽ ഫർഹാജ് തന്റെ സംരംഭത്തിന് നാന്ദി കുറിച്ചു. ഒന്നല്ല രണ്ട് സംരംഭം.അമേരിക്കയിൽ സ്റ്റാർട്ട്അപ്പ് സംരംഭം തുടങ്ങണമെങ്കിൽ നിയമപരമായി ഒട്ടേറെ കടമ്പകളുണ്ട്.. അതൊക്കെ നിഷ്പ്രയാസം തട്ടി മാറ്റി. . കഠിന പരിശ്രമത്തിനൊടുവിൽ ഫർഹാജ് രൂപകല്പന ചെയ്തറോബോട്ടധിഷ്ഠിത സംരംഭത്തിന് അമേരിക്കൻ ഭരണകൂടത്തിന്റെ പച്ചക്കൊടിയുംകിട്ടി. മെഡിക്കൽ രംഗത്ത് കന്നാ എന്നും സൗന്ദര്യ വർധക ഉത്പാദന വിതരണ രംഗത്ത് ഫേയ്ഡ് എന്നും വിളിപ്പേരിട്ട സംരംഭത്തിനാണ് അംഗീകാരം കിട്ടിയത്.ഈ രണ്ട് സംരംഭത്തിന്റെയും സി.ഇ ഓ ആണ് 24 കാരനായ ഫർഹാജ്.. ടെക്സാസിൽ ആരംഭിച്ച സംരംഭം വളർന്നു പന്തലിച്ചു മുന്നേറുകയാണ്. 2020 മാർച്ച് 19ന് ഒക്‌ ലോഹാമയിൽ പുതിയ ഓഫീസ് തുറന്നു. അതിനിടെ ന്യൂയോർക്കടക്കുള്ള രാജ്യങ്ങളിൽആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. അന്ന് ഒക്‌ ലോഹോമ കോറോണയുടെ പിടിയിലകപ്പെട്ടിരുന്നില്ല … മഹാമാരിയെ അതിജീവിച്ച് ലോകം മുന്നേറുമ്പോൾ.
മെഡിക്കൽ മേഖലയിൽ റോബോട്ടധിഷ്ഠിത പ്രതിരോധ കവചവുമായി പുതിയ പരീക്ഷണങ്ങൾ വ്യാപകമാവുന്നുണ്ട്. അതിനിടെ ചിന്താശേഷിയുള്ള യന്തിര ഡോക്ടറെ സൃഷ്ടിക്കാനുള്ള ഗവേഷണത്തിലേക്കാണ് യുവശാസ്ത്രജ്ഞന്റെ ചിന്ത നീങ്ങുന്നത്… യന്തിരൻ സിനിമയിലെ ആ ഡയലോഗ് നന്മ ചിന്തയുണർത്തും ഗാഥയായി ‘ വീണ്ടും പ്രതിധ്വനിച്ചു: നാൻ സിന്തക്ക ആരംഭിച്ചേൻ…!

ഇളംപ്രായത്തിൽ പെണ്ണുകെട്ടിച്ചത് മായാഭാഗ്യോദയമായി

കൂത്തുപറമ്പിൽപഴയ കോട്ടയം താലൂക്കിലെ [ കോട്ടയം മലബാർ] കർഷകനായ മലിക്കറ വിട കോട്ടാൻ വീട്ടിലെ എം.കെ.മമ്മുവിന് കണക്കുകൾ പിഴച്ചിട്ടില്ല. അറക്കൽ സ്വരൂപവുമായി ഏറ്റവും കൂടുതൽ ബന്ധപ്പെട്ട പുരാതന തറവാട്ടിലെ കാരണവരല്ലേ എങ്ങിനെ കണക്ക് പിഴയ്ക്കാൻ? .ബ്രിട്ടീഷ് കോൺസ്റ്റുവന്റ് അസംബ്ലി മദിരാശി പ്രവശ്യ അംഗം കോട്ടാൽ ഉപ്പിസാഹിബിന്റെ പിന്മുറക്കാരൻ കൂടിയാണ് മമ്മു. തന്റെ മകൻ മായൻ കോളജ് വിദ്യാർഥിയായതോടെസജീവ രാഷ്ട്രീയക്കാരനായി. ഇടതുപക്ഷ മനസ്സുള്ള മമ്മു ജനതാ പാർട്ടിക്കൊപ്പമായിരുന്നു. പക്ഷേ സജീവ രാഷ്ട്രീയത്തിലൊന്നുമിറങ്ങിയിട്ടില്ല.മകൻ കെ.എസ്.യു.വിലൂടെ രാഷ്ട്രീയ സഞ്ചാരം നടത്തുന്നത് ആ പിതാവ് വിലക്കിയതുമില്ല. പക്ഷേ ബ്രണ്ണൻകോളജിലെത്തിയപ്പോൾ മകൻ രാഷ്ട്രീയ പൊതുയോഗത്തിലൊക്കെ പ്രസംഗിക്കാൻ തുടങ്ങി. അത്‌ പൊല്ലാപ്പായി. തെരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ പ്രതിയോഗികൾ മകന്റെ പ്രസംഗത്തിനു അരിശം തീർത്തത് ഉപ്പ പറമ്പിൽ നട്ടുനനച്ചു വളർത്തിയ തെങ്ങിലെ ഇളനീർക്കുലകൾ വെട്ടി നശിപ്പിച്ചായിരുന്നു. നിരവധി രാഷ്ട്രീയ കേസുകളിൽ മായൻ പ്രതിചേർക്കപ്പെട്ടു… മകനെ ഉടൻ നാടുകടത്തിയില്ലെങ്കിൽ പ്രശ്നമാകുമെന്ന് ഉപ്പ യ്ക്ക് തോന്നി.. അല്ലെങ്കിൽ എല്ലാം കുളം തോണ്ടും. കോട്ടയത്തെ പുരാതന മുസ്ലിം തറവാട്ടംഗമായ ഉമ്മ നാലകത്ത് രണ്ടു പുരയിൽ കുഞ്ഞാത്തുവിനും അക്കാര്യം ബോധ്യപ്പെട്ടു… കുടുംബ സുഹൃത്തായ മായിൻഹാജി വഴി 23 കാരനായ മകനെ പെണ്ണുകെട്ടിച്ച് ദുബായിലേക്ക് പറഞ്ഞയക്കാനാണ് ഉപ്പ തീരുമാനിച്ചത്.

കണ്ണൂർ സിറ്റിയിലെ കാദിരി കണക്കപ്പിള്ളന്റകത്ത് സീയിന്റവിട വീട്ടിൽ നസീമയുടെയും മാഹി കുറുമന്റവിട പി.കെ.വി.മഹമൂദിന്റെയും മകൾ തസ്ലീമയുമായുള്ള നിക്കാഹ് അവർ ഉറപ്പിച്ചു. തസ് ലിമ കണ്ണൂർചിന്മയ കോളജിൽ ബികോമിന് പഠിക്കുകയായിരുന്നു. വിവാഹ ശേഷം നാലു മാസത്തിനുള്ളിൽ മായനെ ആ പിതാവ് ദുബായിയിൽ ടെക്സ്റ്റൈൽ ബിസിനസു ചെയ്യാൻ പറഞ്ഞയച്ചു. പിതാവിന്റെ ഉറച്ചതീരുമാനം സങ്കടപ്പെടുത്തിയെങ്കിലും അത് അനുസരിക്കുകയേ ആ മകന് നിർവാഹമുണ്ടായുള്ളൂ. ദുബായിയിൽ എത്തിയ മായൻ വ്യാപാരത്തോടൊപ്പം രാഷട്രീയ പ്രവർത്തനവും തുടർന്നു. അതിനിടയിൽ ബികോം പ0നശേഷം തസ്ലീമ പിന്നെ യു.കെ.യുടെ സി.ഡി.സി പരീക്ഷയിലും വിജയിച്ചു. ആയിടയ്ക്ക് ഒരു ആൺകുഞ്ഞ് ജനിച്ചു. അതെ യന്തിര മനുഷ്യ ലോകത്ത് ചരിത്രം സൃഷ്ടിക്കാൻ പിറവിയെടുത്ത സാങ്കേതിക ശാസ്ത്രജ്ഞനായി മാറിയ ഫർഹാജ് മായൻ. നാലു വർഷങ്ങൾ പിന്നിട്ടപ്പോൾ ഒരു പെൺകുഞ്ഞും. ഫാത്തിമമർവ .ബാംഗ്ലൂരിൽ ഫുഡ് ടെക്നോളജി വിദ്യാർഥിനിയാണ് ഫാത്തിമ ഇപ്പോൾ .രണ്ടു കുട്ടികളുടെ പിതാവായ മായൻ നല്ലൊരു ബിസിനസുകാരനായി വളർന്നു. റസ്റ്റോറന്റ് മേഖലയിലും കൈവച്ചു. കാർഗോ മേഖലയിൽ ടെക്സ്റ്റയിൽ ഉത്പന്നം കയറ്റുമതി /ഇറക്കുമതി ചെയ്യുന്ന സ്ഥാപനം, ദുബായിയിലെ സ്റ്റാർ ലൈൻ, കാർഗോ എംഡിയായി .. പിന്നെ സാഗർ കലിക്കറ്റ് ഗ്രൂപ്പ് ഓഫ് റസ്റ്റോറന്റിന്റെയും ഓട്ടോ ഗാരേജ് സ്ഥാപനങ്ങളുടെയും ഒക്കെ എം ഡിയായി.ഒപ്പം ദുബായിയിൽ കെ.പി.സി.സിയുടെ നിയന്ത്രണത്തിലുള്ള പ്രവാസി കോൺഗ്രസിന്റെയും ഇൻകാസിന്റെയും അധ്യക്ഷനുമായി. നിരവധി പ്രവാസി സംഘടനകളടക്കം ഒട്ടേറെ സന്നദ്ധ സംഘടനകൾക്ക് നേതൃത്വം നല്കി വരുന്നു.

സഹധർമ്മിണി തസ്ലി മായൻ കഴിഞ്ഞ24 വർഷക്കാലമായി ദുബായിയിലെ കമേഴ്സ്യൽ ബാങ്കിംഗ് സെക്ടറിൽ ഉന്നത ഉദ്യോഗസഥയാണ്.26 വർഷക്കാലമായി ദുബായിയിൽ വ്യാപാര രംഗത്തുള്ള മായൻ തിരിഞ്ഞു നോക്കുമ്പോൾ ഇപ്പോൾ അഭിമാനം കൊള്ളുകയാണ്. തന്റെ മകൻ ലോകറോബോട്ടിക്ചാമ്പ്യനായി അമേരിക്കയിൽ യന്തിര മനുഷ്യാധിഷ്ഠിത സംരംഭ ജൈത്രയാത്ര നടത്തു മ്പോൾതന്റെ ഉപ്പയുടെ കണക്കുകൂട്ടലുകളാണ് ഫർഹാജ് മായന്റെ ഭാഗ്യോദയത്തിന് വഴിവച്ചതെന്ന തിരിച്ചറിവിലെത്തി….

തന്റെ രാഷ്ട്രീയ നേട്ട സ്വപ്നങ്ങൾ അവസാനിപ്പിച്ച ഉപ്പയോട് അന്ന്അനിഷ്ടം തോന്നിയിരുന്നു. പക്ഷേ, മൂത്തവരുടെ വാക്ക് ആദ്യം ചവർക്കും പിന്നെ മധുരിക്കുമെന്നല്ലേ ചൊല്ല്’…! അതെ ആ പഴംചൊല്ല് ഇവിടെയാഥാർഥ്യമാവുകയാണ്. പേരമകന്റെവിജയ കുതിപ്പ് കാണാൻ പക്ഷേ വല്യുപ്പാപ്പയും വല്യുമ്മയും ഇല്ലല്ലോ എന്നതാണ് മായന്റെ ധർമ്മ സങ്കടം… റോബോട്ടധിഷ്ഠിത സംരംഭകത്വ സ്റ്റാർട്ട്അപ്പ്ക്ലാസും മകന്റെ അഭിമുഖങ്ങളും യുട്യൂബിലൂടെ ദിനേന വരുന്നു.

അതിനിടെ ഒക് ലോഹാ മയിൽ നിന്ന് മകൻ സെൽഫോൺ വഴി ദുബായിയിലെത്തി… °ഉപ്പാ. കൊറോണ മഹാമാരി പടരുന്ന ഘട്ടത്തിൽ ആരോഗ്യരക്ഷാ രംഗത്ത് റോബോട്ടധിഷ്ഠിതമായ പുതിയൊരു കണ്ടുപിടുത്തത്തിന് ഞാൻ ഒരുങ്ങുകയാണ്… അനുഗ്രഹിക്കണം.’ അതെ, ആ മാതാപിതാക്കൾ ഭാഗ്യം ചെയ്തവരാണ് … സമൂഹത്തെ രക്ഷിക്കാൻ സമർപ്പണം ചെയ്ത കണ്ണൂരിലെ തളാപ്പുഅമാനത്തു വീട്ടിലെ അഭിമാന സന്തതി തന്റെ പരീക്ഷണങ്ങൾ തുടരുമ്പോൾ ആ സത്കർമ്മ വിജയത്തിനു വേണ്ടി ജന്മ നാടും ഒപ്പം ചേരുകയാണ്…!

ഇന്തോനേഷ്യയിലെ ജക്കാർത്തയിൽ
ലോക റോബോട്ട് ഒളിംപ്യാഡ് ചാമ്പ്യൻപട്ടം
മുഹമ്മദ് ഫർഹാജ് മായൻ ഏറ്റുവാങ്ങിയപ്പോൾ

Leave a Reply

Your email address will not be published. Required fields are marked *