തികച്ചും ആകസ്മികമായിട്ടാണ് ബിരുദ പഠനത്തിന് ജിയോളജി തിരഞ്ഞെടുത്തത്. ജിയോളജി പെണ്ണുങ്ങൾക്ക് പറ്റിയതല്ല എന്ന് പലരും പറഞ്ഞു നടന്നിരുന്ന ഒരു കാലം. കേട്ടപ്പോൾ മനസ്സിലെ നിഷേധി പ്രതികരിച്ചു.

Posted on: December 6, 2021

ഡിസംബറോർമ്മ ..

ഡോ.രാധിക പള്ളിയത്ത്

സ്വപ്നത്തിൽ പോലും കണ്ടിരുന്നില്ല. ഒരു മാഗസിൻ കവറിൽ എന്നെ. അമേരിക്കയിലെ ഗവേഷണ ജേണലിൻ്റെ കവർ പേജിൽ തൻ്റെ ഫോട്ടോ പ്രസിദ്ധീകരിച്ച ആ ഡിസംബറിനെ ഭൗമശാസ്ത്ര ഗവേഷക ഓർക്കുന്നു.

മലയാളിയും അമേരിക്കയിൽ ജിയോ സയൻ്റിസ്റ്റുമായ ഡോ.രാധികാ പള്ളിയത്ത് എഴുതുന്നു…

കാലത്തിന്റെ കുത്തൊഴുക്കിൽ പിന്നിട്ട ഭൗമശാസ്‌ത്രത്തിന്റെ വഴികൾ. പിറന്ന് വീണ മണ്ണിൽ നിന്ന് കാലത്തിന്റെ കൈപ്പിടിച്ച് നടത്തിയ യാത്രകൾ. കനേഡിയൻ ഭൂമികയെ അടുത്തറിയാൻ കഴിഞ്ഞ കുറെ സംവൽസരങ്ങൾ. സ്വകാര്യ സ്ഥാപനങ്ങളിലും പ്രൊവിൻഷ്യൽ ഗവൺമന്റ് സ്ഥാപനത്തിലും ജോലി ചെയ്യാൻ ലഭിച്ച അവസരങ്ങൾ. ജോലിയുമായി അനുബന്ധിച്ച യാത്രകൾ. ഇതിനിടയ്ക്കെപ്പോഴോ അതും സംഭവിച്ചു. 2010 ഡിസംബർ പ്രഭാതം. പതിവുപോലെ അന്നും ഞാൻ ജോലിക്കെത്തിയതായിരുന്നു. എന്റെ മുറിയുടെ വാതിൽ തുറന്നപ്പോൾ ഒരു മാഗസിൻ കാലിൽ തടഞ്ഞു. ആരോ അടഞ്ഞ വാതിലിനടിയിലുള്ള ചെറിയ വിള്ളലിൽ കൂടി അകത്തേക്ക് തള്ളിയതാണ്. കുനിഞ്ഞ് ഞാനതെടുത്തു. ഞെട്ടിപ്പോയി. കവർപേജിൽ ഞാൻ. തീരെ പ്രതീക്ഷിക്കാത്ത ഒരു സംഭവം. സഹപ്രവർത്തകരുടെ ചുണ്ടിൽ പുഞ്ചിരി.

🏸ഇത് പെണ്ണുങ്ങൾക്ക് പറ്റിയതല്ല ..!🏸

തികച്ചും ആകസ്മികമായിട്ടാണ് ബിരുദ പഠനത്തിന് ജിയോളജി തിരഞ്ഞെടുത്തത്. ജിയോളജി പെണ്ണുങ്ങൾക്ക് പറ്റിയതല്ല എന്ന് പലരും പറഞ്ഞു നടന്നിരുന്ന ഒരു കാലം. കേട്ടപ്പോൾ മനസ്സിലെ നിഷേധി പ്രതികരിച്ചു. ഒന്നു നോക്കിയാലോ… കല്ലുകൾ, പാറകൾ, ഭൗമോപരിതലത്തിൽ തെന്നിക്കളിക്കുന്ന കൂറ്റൻ ഭൗമപാളികൾ … ഭൂമിയുടെ പല ഭാവങ്ങൾ, രൂപങ്ങൾ. തികച്ചും വ്യത്യസ്തമായ ഒരു ലോകം. പഠിപ്പിക്കുന്നവർ പഠിപ്പിക്കേണ്ടതുപോലെ പഠിപ്പിച്ചപ്പോൾ എല്ലാം വളരെ ഹൃദ്യം.

കലാശാലപഠനകാലത്ത് ഏറ്റവും ആസ്വദിച്ചത്ശാ സ്ത്രപഠനവുമായി ബന്ധപ്പെട്ട യാത്രകളായിരുന്നു. ഹൈസ്കൂൾകാലത്തു തന്നെ യാത്രകളെ സ്നേഹിച്ചു തുടങ്ങിയിരുന്നു. സ്കൂളിലെ ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റിൽ അംഗമായപ്പോൾ അതിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്ന പലവിധ ക്യാമ്പുകളിൽ പങ്കെടുക്കാനും അതിനോടനുബന്ധിച്ച് കേരളത്തിൽ പല സ്ഥലങ്ങളിലും കൂട്ടുകാരോടൊപ്പം യാത്ര ചെയ്യാനും അന്ന് സാധിച്ചു. ഈ വിഭാഗത്തിൽ രാഷ്ട്രപതിയുടെ അവാർഡ് ലഭിച്ചപ്പോൾ ഡൽഹിയിലേക്ക് ആ പുരസ്കാരം സ്വീകരിക്കാനുള്ള യാത്ര മാറ്റിവച്ചത് അന്നത്തെ കുഞ്ഞുമനസ്സിനെ ഏറെ വേദനിപ്പിച്ച ഒരു കാര്യമായിരുന്നു.

പക്ഷേ കലാശാലപഠനകാലത്തും തുടർന്നും ഇന്ത്യയിലും വിദേശരാജ്യങ്ങളിലും തനിച്ചും കൂട്ടമായും കുറേയധികം യാത്ര ചെയ്യാനുള്ള ഭാഗ്യമുണ്ടായി. മലകൾ, വെള്ളച്ചാട്ടങ്ങൾ, ദ്വീപുകൾ, തടാകങ്ങൾ, ഖനികൾ, ഭൂമിക്കു മാത്രം സ്വന്തമായ ഫോസിൽ ലിപികളാൽ ആത്മകഥ എഴുതി സൂക്ഷിച്ചു വച്ച അവസാദശിലാപാളികൾ അങ്ങനെ പലതും നേരിട്ട് കണ്ട് ആസ്വദിക്കാനും മനസ്സിലാക്കാനും സാധിച്ചു. ബിരുദാനന്തരബിരുദ കാലത്തെ കൊച്ചിക്കായലിലെ ഉയർന്ന ഹോഴ്സ്പവറുള്ള മോട്ടോറുകൾ ഘടിപ്പിച്ച ബോട്ടുകളിലെ പഠനയാത്രകളും എടുത്തു പറയാവുന്നതാണ്.

കേന്ദ്ര ഗവൺമെന്റിന്റെ സി.എസ്.ഐ. ആർ ഫെല്ലോഷിപ്പോടു കൂടി നടത്തിയ ഗവേഷണപഠന കാലത്താണ് വിദേശസംഘങ്ങളോടൊപ്പം പഠനയാത്രകളിൽ സംബന്ധിക്കാനും കോൺഫറൻസുകളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കാനും, തുടർന്ന് അവ പ്രസിദ്ധീകരിക്കാനുമൊക്കെയുള്ള അവസരങ്ങൾ ഉണ്ടായത്. തുടർന്നുണ്ടായ ചെറിയ കാലയളവിൽ കേരളത്തിനകത്തും പുറത്തും അദ്ധ്യാപിക, ഗവേഷക തുടങ്ങി പലവിധ ജോലിക്കുപ്പായങ്ങൾ അണിഞ്ഞു. മനുഷ്യന്റെ പരിണാമവും നമുക്കു ചുറ്റും വളർന്നു വന്ന എല്ലാവിധ നാഗരികതകളും ഓരോ ദേശത്തിന്റെയും ഭൂമിശാസ്ത്രവുമായി കെട്ടു പിണഞ്ഞു കിടക്കുന്നതാണെന്ന സത്യം അദ്ഭുതത്തോടെ തിരിച്ചറിഞ്ഞ നാളുകൾ. ഇക്കാലത്താണ് ഒരു കൂടുമാറ്റത്തിനുള്ള അരങ്ങൊരുങ്ങി വന്നത്.

🏸അമേരിക്കയിലേക്ക്🏸

നാടും വീടും വിട്ട് ഭൂമിയുടെ മറുപുറത്തുള്ള അമേരിക്കൻ ഭൂഖണ്ഡത്തിലേക്ക് ജീവിതം ഇളക്കി നട്ടു. പർവതങ്ങളും കാടുകളും പുൽമേടുകളും നിരവധി തടാകങ്ങളും നിറഞ്ഞ കനേഡിയൻ ഭൂപ്രകൃതിയെക്കുറിച്ച് പലയിടത്തും വായിച്ചറിഞ്ഞിരുന്നു. വലിയ പട്ടണങ്ങളിലൊഴിച്ചാൽ, നമ്മുടെ ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ ജനസാന്ദ്രത വളരെ കുറവ്. ആർട്ടിക് പ്രദേശത്തോട് ചേർന്നു കിടക്കുന്ന പല സ്ഥലങ്ങളിലും തണുത്തുറഞ്ഞ ഭൂപ്രകൃതിയാണ്. ശിശിരം, വസന്തം, ഗ്രീഷ്മം, ഹേമന്തം തുടങ്ങിയ നാലു ഋതുക്കളും നിയതമായ ആവർത്തനങ്ങളോടെ കൃത്യമായ ഇടവേളകളിൽ എല്ലാ ഭാവങ്ങളോടും കൂടി ഇവിടെ അവതരിക്കപ്പെടുന്നു. മഞ്ഞു പെയ്യുന്ന രാവുകളും മഞ്ഞിൽ മൂടിയ റോഡുകളും എല്ലാം തികച്ചും വ്യത്യസ്തമായ അനുഭവങ്ങളായിരുന്നു.

പൊട്ടാഷും യുറേനിയവുമൊക്കെ ഒളിപ്പിച്ചു വച്ച ഖനിജസമ്പന്നമായ കാനേഡിയൻ പ്രയറിയിലാണ് ജീവിതത്തിലെ പുതിയ അദ്ധ്യായത്തിന് തുടക്കം കുറിച്ചത്. അനേകായിരം വർഷങ്ങൾക്കുമുമ്പ് ഇവിടെ നിലനിന്നിരുന്ന ഒരു മഹാസമുദ്രത്തിന്റെ അവശേഷിപ്പുകളാണ് ഇന്നവിടെ കാണുന്ന പൊട്ടാഷ് ധാതുക്കൾ. പ്രകൃതിയുടെ ഓരോ അൽഭുതങ്ങൾ. ലോകത്തിലെ തന്നെ ഒന്നാം കിട പൊട്ടാഷ് ഖനികള്‍ ഇവിടെ പ്രവര്‍ത്തിച്ചു വരുന്നു. കൃഷിക്കാവശ്യമായ വളമെന്ന രീതിയിൽ അവ വൻതോതിൽ കുഴിച്ചെടുത്ത് കയറ്റി അയക്കപ്പെടുന്നു. തികച്ചും അപകടകരമായ വികിരണങ്ങൾ പുറപ്പെടുവിക്കുന്ന യുറേനിയം ധാതുക്കളുടെ ഖനനം മനുഷ്യന്റെ സാങ്കേതിക മികവുകൾക്കുള്ള വെല്ലുവിളിയാണ്. പക്ഷേ തികച്ചും ആധുനികമായ രീതിയിൽ എല്ലാ സുരക്ഷാ സംവിധാനങ്ങളും പാലിച്ച് അവയും കുഴിച്ചെടുക്കപ്പെടുന്നു. ഭൗമശാസ്‌ത്രവും ഖനനനുമായി ബന്ധപ്പെട്ട തൊഴിൽ മേഖല ശക്തമായ ഒരിടം.

പക്ഷേ പുറംനാട്ടിൽ നിന്ന് കാനഡയിൽ ചേക്കേറുന്ന ഒരാൾക്ക് ഒരു ജിയോസയന്റിസ്റ്റായി ജോലി ചെയ്യണമെങ്കിൽ അവിടുത്തെ റെഗുലേറ്ററി ബോഡിയിൽ രജിസ്റ്റർ ചെയ്ത് അംഗത്വം നേടണം. ചില ദേശീയമാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ജോലിയുടെ ഗുണനിലവാരവും നൈസർഗികസ്വഭാവവും നിലനിർത്തുന്നത് ഈ റെഗുലേറ്ററി ബോഡിയാണ്. അംഗത്വം നേടാൻ രണ്ടു രാജ്യങ്ങളിലെയും ബിരുദങ്ങളുടെ തുല്യത ഉറപ്പു വരുത്തിയ ശേഷം പ്രവർത്തിപരിചയവും അംഗീകാരമുള്ള ഒരു മെൻററുടെ മേൽനോട്ടത്തിൽ ഒരു നിശ്ചിത കാലയളവിൽ ജോലി ചെയ്യണം. അതിനെതുടർന്ന് ജോലിയുമായി ബന്ധപ്പെട്ട മേഖലയിലുളള നിയമങ്ങളിലും മറ്റു സംവിധാനങ്ങളിലുമുള്ള അറിവ് തെളിയിക്കുന്ന പരീക്ഷ പാസാവണം. ഈ കടമ്പകളൊക്കെ വിജയകരമായി പൂർത്തീകരിച്ച ഒരാൾക്കു മാത്രമേ എഞ്ചിനീയറിംഗ് ആൻഡ് ജിയോസയൻസ് പ്രൊഫഷൻസ് ആക്ടിന് കീഴിൽ, ഒരു ജിയോസയന്റിസ്റ്റ് എന്ന പേരിൽ ജോലി ചെയ്യാനുള്ള അംഗീകാരം ലഭിക്കുകയുള്ളു.

🏸
എക്സറേഡി ഫ്രാക് ഷൻ
അനാലിസിസ് …🏸

ഈ അംഗീകാരം ലഭിക്കുന്നതിനു മുൻപും അതിനു ശേഷവും പല സ്ഥാപനങ്ങളിലായി എക്സ്റേ ഡിഫ്രാക്ഷൻ, ജിയോഗ്രഫിക് ഇൻഫർമേഷൻ സിസ്റ്റം, വിർച്വൽ റിയാലിറ്റി തുടങ്ങി ജിയോളജിയുടെ വിവിധ മേഖലകളിൽ ജോലി ചെയ്യാനുള്ള അവസരം ലഭിച്ചു. എക്സ്റേ ഡിഫ്രാക്ഷൻ അനാലിസിസ് ചെയ്യുന്ന ഞാനാണ് ഫോട്ടോവിൽ പതിഞ്ഞ്, മുഖചിത്രമായി എത്തിയത്. പാറകൾ, ധാതുക്കൾ തുടങ്ങിയവയിലടങ്ങിയിരിക്കുന്ന ക്രിസ്റ്റൽ സ്വഭാവമുള്ള സംയുക്തങ്ങളെ വിശകലനം ചെയ്ത് അവയിൽ അടങ്ങിയിരിക്കുന്ന ഖനിജങ്ങളുടെ അളവിനെയും മേൻമയെയും കുറിച്ച് ഒരു ഏകദേശ ധാരണ നൽകാനാണ് ഭൗമശാസ്ത്രലാബുകളിൽ ഈ സംവിധാനം പ്രധാനമായും ഉപയോഗപ്പെടുത്തുന്നത്.

കാസറഗോഡ് ഗവൺമന്റ് കോളേജിൽ വച്ച് തുടങ്ങിയ ജിയോളജിയുമായുള്ള കൂട്ടുകെട്ട് എന്നെ എങ്ങനെ ഒരു കവർച്ചിത്രത്തിൽ എത്തിച്ചു (വലിയ ഗ്ലാമറൊന്നും ഇല്ലാത്ത ഒരു പാവം മാഗസിനാണെങ്കിലും) എന്നതിനെ കുറിച്ച് ഒരു ഏകദേശ ധാരണ നൽകാൻ സാധിച്ചു എന്നു വിശ്വസിക്കുന്നു. ജിയോളജിയുടെ ആദ്യ പാഠങ്ങൾ പറഞ്ഞു തന്ന കാസറഗോഡ് ഗവ. കോളേജിലെയും കൊച്ചി സർവ്വകലാശാലയിലെയും അദ്ധ്യാപകർ, ഗവേഷണപഠനത്തിൽ ആദ്യാവസാനം വേണ്ട ഉപദേശം നൽകി സഹായിച്ച തിരുവനന്തപുരം സെസ്സിലെ സൂപ്പർവൈസർ, മറ്റു ശാസ്ത്രജ്ഞർ, ഒടുവിൽ കാനഡയിൽ ഒരു മെൻഡർ എന്ന നിലയിൽ തൊഴിൽപരമായ തലത്തിലെ എന്റെ എളിയ കഴിവുകൾ വളർത്തിയെടുക്കാൻ സഹായിച്ച ജർമൻ വംശജനായ കനേഡിയൻ ജിയോളജിസ്റ്റ് തുടങ്ങി അനേകം പേർ ഈ യാത്രയിൽ വഴികാട്ടികളായി വെളിച്ചം പകർന്നു തന്നിട്ടുണ്ട്. കൂടാതെ ഈ യാത്രയിലെ വിഷമഘട്ടങ്ങളിലെല്ലാം എന്നെ ചേർത്തു പിടിച്ച പ്രിയസുഹൃത്തുകൾ, പ്രിയപ്പെട്ട കുടുംബാംഗങ്ങൾ.. അവരെയെല്ലാം ഇവിടെ നന്ദിപൂർവം ഓർമിക്കുന്നു. ഒട്ടേറെ മറക്കാൻ പറ്റാത്ത മനോഹരമായ ജീവിതാനുഭവങ്ങൾ സമ്മാനിച്ച കുറേ വർഷങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *