ജോസ് ടി
രാവിലെ ഡോ. കെ.എം. സീതി കൊതിയൂറുന്ന ഭാഷയിൽ ‘നാഗമ്പടം ബിരിയാണി’യുടെ കഥ പറഞ്ഞതു കേട്ട് ഓർമകളുടെ വഞ്ചി തിരുക്കര വിട്ടു.
1984 മധ്യത്തിലെ ഒരു സ്‌കൂപ്പിന്റെ സൂപ്പുകപ്പിൽനിന്നാണു തുടക്കം. ശരിക്കും മേജർ ഇന്റർനാഷണൽ സ്‌കൂപ്പ്. ഒരുപക്ഷേ, മലയാളത്തിൽ പിറന്ന ഒരേയൊരു രാജ്യാന്തര സ്കൂപ്പ്. ( ന്യൂസ് റൂം പദാവലി പരിചിതമല്ലാത്തവർക്ക്: Scoop എന്നാൽ ഒരു മറ്റവനും കിട്ടാത്ത വാർത്ത).
”മാർപാപ്പ കേരളത്തിലേക്ക്”. എട്ടുകോളം മത്തങ്ങയിൽ അതു ദീപികയിൽ പൊട്ടി.
രാജ്യസഭാ എം.പി.യായിരുന്ന തിരുവനന്തപുരം സ്‌പെഷൽ കറസ്‌പോണ്ടന്റ് കെ.സി. സെബാസ്റ്റ്യൻ ധനമന്ത്രി കെ.എം. മാണിയുമൊത്ത് ഒരു ഡൽഹിയാത്രയ്ക്കുശേഷം പൊട്ടിച്ച വാർത്ത.
🌿മറ്റൊരു പ്രമുഖ പത്രം വിട്ടു ദീപികയിലെത്തിയ ജോയി തിരുമൂലപുരം അന്ന് അസിസ്റ്റന്റ് എഡിറ്റർ (അതെ, കൽക്കട്ടയിൽനിന്ന് സ്റ്റേറ്റ്സ്മാൻ അവാർഡ് ആദ്യമായി പാലക്കാടൻ ചുരം കടത്തിയ ജോയി; ‘പന്ത് മാറോടടുക്കി’ ‘നെറ്റ് ചലിപ്പിച്ചു’ ‘കപ്പിൽ മുത്തമിട്ടു’ എന്നു തുടങ്ങിയ പ്രയോഗങ്ങളെല്ലാം സൃഷ്ടിച്ച് മലയാള സ്‌പോർട്‌സ് റിപ്പോർട്ടിംഗിലും യുവജനോത്സവ റിപ്പോർട്ടിംഗിലും ഇരമ്പിയാർത്ത് നാഗവള്ളിയുടെ റണ്ണിംഗ് കമന്ററികളോട് ഇഞ്ചോടിഞ്ചു പൊരുതിക്കയറിയ ജോയി; ഒരു വിയറ്റ്‌കോംഗ് പോരാളിയുടെ പടത്തിലെ തോക്കിന്റെ കുന്തമുന ഒറ്റക്കോളം ഡീപ് കട്ടാക്കി പത്രത്തിന്റെ മാസ്റ്റ് ഹെഡ്ഡിലേക്കു നീട്ടിയെറിഞ്ഞ്, വിയറ്റ്‌നാം യുദ്ധം തീർന്ന വാർത്ത വിന്യസിച്ച് മറ്റേ പത്രത്തിനു രാജ്യാന്തര അവാർഡ് നേടിക്കൊടുത്തിട്ടുള്ള ജോയി; മലനട വെടിക്കെട്ടപകടത്തിൽ എസ്. ഗോപനെടുത്ത ഞടുക്കുന്ന ചിത്രത്തിന്റെ വിന്യാസംകൊണ്ട് സകല പത്ര ഓഫീസുകളെയും ഞെട്ടിച്ചുകളഞ്ഞ അതേ ജോയി; കേരളത്തിൽ ജേർണലിസം സ്കൂളുകളും ഡിപ്പാർട്ട്മെന്റുകളും ഉള്ള കാലത്തോളം പാഠ്യപുസ്തകമായി നിൽക്കുന്ന “വാർത്ത” എന്ന ബഹു വാല്യം പുസ്തകം ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന് എഴുതിക്കൊടുത്ത സാക്ഷാൽ ജോയി തിരുമൂലപുരം.).
തിരുമൂലപുരവും സീനിയർ ന്യൂസ് എഡിറ്റർ പി.പി. സ്‌കറിയയും ചേർന്ന്, മുമ്പു മനുഷ്യൻ ചന്ദ്രനിലിറങ്ങിയപ്പോൾ മാത്രം വാർത്തിട്ടുള്ള അക്ഷരങ്ങളിൽ കെ.സി.യുടെ സ്‌കൂപ്പ് ആഘോഷിച്ചു: മാർപാപ്പ ആറു മാസത്തിനുള്ളിൽ കേരളത്തിലേക്ക്. കൽക്കട്ടയും ബോംബെയും റാഞ്ചിയും ഗോവയും സന്ദർശിക്കും. കേരളത്തിൽ രണ്ടിലേറെ സ്ഥലങ്ങളിൽ പര്യടനം.
യൂറോകപ്പ് ഫുട്ബോളിന്റെ ഫിക്സ്ചർപോലെ കിറുകത്യം.
(പക്ഷേ, അപ്പോൾ പാപ്പ വന്നില്ല).
കോട്ടയം പത്രങ്ങൾ മീനച്ചിലിനപ്പുറം ഹൈറേഞ്ചിലേക്കു കടത്തുന്ന അർധരാത്രിയിലെ കെഎസ്ആർടിസി പുള്ളിക്കാനം വണ്ടി സ്റ്റാൻഡ് വിട്ടു മിനിറ്റുകൾക്കുള്ളിൽ ദീപിക ഓഫീസിലേക്കു തുരുതുരെ ഫോണായി: “പോപ്പ് വരുമോ? മറ്റേ പത്രത്തിൽ ഇല്ലല്ലോ”.
നേരം പുലരുമ്പോൾ ഡൽഹിയിൽനിന്ന് ദേശീയരും അന്തർദേശീയരുമായ ലേഖകരുടെ തുടരന്വേഷണം: സംഗതി ഉള്ളതാ?
മറ്റേ പത്രം വത്തിക്കാൻ മുതൽ ചങ്ങനാശേരിവരെ തപ്പി: ”നിങ്ങൾക്കെന്തെങ്കിലും വിവരമുണ്ടോ? പോപ്പ് വരുമോ?”
ആർക്കുമറിയില്ല.
പിന്നെ ഓരോ ദിവസവും ആ പത്രത്തിന്റെ മുഖപ്പേജിൽ എതിർവാർത്ത വാർത്തയാകുന്നു. ”പാപ്പ വരുന്നുവെന്ന വാർത്ത അഭ്യൂഹം”; “പോപ്പിന്റെ വരവ്: ഡൽഹിയിൽ കണ്ടവരും കേട്ടവരുമില്ല”; “അറിയില്ല: നുൺഷ്യോ”; ”അഭ്യൂഹം: കൽക്കട്ട മെത്രാപ്പോലീത്ത”; ”കിംവദന്തി: ബോംബെ മെത്രാപ്പോലീത്ത” അങ്ങനെയങ്ങനെ.
വാർത്തയുടെ ഉറവിടം വെളിപ്പെടുത്തിക്കൊണ്ട് എതിർവാർത്തകളെ മുറിച്ചുകടക്കാനാവാതെ കെ.സി. പാളയത്ത് ട്യൂട്ടേഴ്‌സ് ലെയിനിലെ ഓഫീസിലിരുന്നു. (മലയാള പത്രപ്രവർത്തനത്തിൽ നിയമസഭാ റിപ്പോർട്ടിംഗിന്റെ കൊടിയടയാളമായിരുന്ന സാക്ഷാൽ കെ.സി.; അതുവരെയുള്ള കലാകൗമുദി വാരികയുടെ ചരിത്രത്തിൽ ഒരേയൊരിക്കൽമാത്രം ‘STOP PRESS’ വച്ച പേജിൽ അന്ത്യാഞ്ജലി ഏറ്റുവാങ്ങിയ കെ.സി; രാഷ്ട്രീയ മഹാരഥന്മാർക്കു മാത്രം കെ.എസ്.ആർ.ടി.സി. നൽകാറുള്ള അലങ്കരിച്ച അന്ത്യയാത്രാവണ്ടിയിൽ അനന്തപുരിയിൽനിന്ന് പാലാ കയ്യൂരിലെ ദൈവാലയ ശ്മശാനത്തിലേക്കു സംവഹിക്കപ്പെട്ട കെ.സി).
🌿ആറു മാസത്തിനുള്ളിൽ പോപ്പ് വന്നില്ലെങ്കിലും, സ്കൂപ്പിന്റെ സൂപ്പ് ആറിത്തണുത്ത് മൂവാറു പതിനെട്ടു മാസം കഴിഞ്ഞ് പോപ്പ് വന്നു. 1986 ഫെബ്രുവരിയിൽ. ചാവറ അച്ചനെയും അൽഫോൻസാ അമ്മയെയും വാഴ്ത്തപ്പെട്ടവരായി വാഴ്ത്തുന്ന കോട്ടയത്തെ വേദിയിൽ മാർപാപ്പ ആദ്യമലയാള പത്രം ദീപികയുടെ ശതാബ്ദി ആഘോഷത്തിനു നിലവിളക്കു കൊളുത്തും. അതു കേട്ടപ്പോൾ ചിലർ നെറ്റിചുളിച്ചു. ചിലർ ശപഥം ചെയ്തു: “പാപ്പായെ കാണാൻ ലക്ഷങ്ങൾ” എന്നു ദീപികയെക്കൊണ്ട് തലക്കെട്ടു വയ്പിക്കില്ല, സത്യം.
ഹൈറേഞ്ച് ഒഴുകിയെത്തിയാൽ കോട്ടയത്തു സൂചികുത്താൻ ഇടംകിട്ടില്ലെന്ന് (വാർത്ത)ആയി; സുരക്ഷാ സന്നാഹങ്ങൾ ഉദ്യോഗസ്ഥരെ കുഴക്കുന്നു എന്ന് (വാർത്ത)ആയി; ഇത്രയും പേർക്കു വേണ്ട ശുചിമുറികൾ ഉണ്ടോ എന്ന് (ചോദ്യം)ആയി. കുട്ടികളെ കൊണ്ടുപോകരുത്, തിക്കിലും തിരക്കിലും പെട്ട് മരണങ്ങൾ ഉണ്ടാവും എന്ന് (അഭ്യൂഹം)ആയി……..ചില നിയമസഭാ റിപ്പോർട്ടർമാരുടെ പ്രിയപ്പെട്ട ശൈലി കടമെടുക്കുമ്പോൾ, ആക്രമണത്തിന്റെ കുന്തമുന ഇടുക്കിയിലേക്കായിരുന്നു. ദീപിക ഒന്നാം നമ്പർ പത്രമായി നിന്നിരുന്ന ജില്ല.
പോപ്പിന്റെ രാവിലത്തെ പരിപാടിക്ക് പേപ്പൽ മൈതാനിയിൽ ഇരിപ്പിടം കിട്ടണമെങ്കിൽ തലേന്നു രാത്രി എത്തണം; കിട്ടിയ ഇരിപ്പിടം നഷ്ടപ്പെടരുതെങ്കിൽ വഴിച്ചോറും കൈയിൽ കരുതണം. രാത്രി മുഴുവൻ മൈതാനത്തു ജാഗരണം ഇരുന്നവർ ഉച്ചയ്ക്ക് പരിപാടി കഴിഞ്ഞ് എത്രയും വേഗം വീട്ടിലേക്കോടി. അതു ഹോട്ടലുകളുടെ കണക്കുകൂട്ടൽ തെറ്റിച്ച കഥയാണു സീതി സരസമായി പറഞ്ഞത് (kmseethi.com).
എന്തായാലും ശപഥം ഫലിച്ചു. മീനച്ചിലാറ്റിലൂടെ ബിരിയാണി പായ്ക്കറ്റ് ഒഴുകിയെന്ന ഫലിതം ജനിച്ചു. പോപ്പിനെ കാണാൻ, റവന്യൂ – പോലീസ് അധികൃതരോ സഭാനേതാക്കളോ പ്രതീക്ഷിച്ചത്ര ആളു വന്നില്ല എന്ന കെട്ടുകഥയും കൊട്ടിക്കയറി.
ഇനി കഥയിലെ ചോദ്യം: ആരായിരുന്നൂ കെ.സി. സെബാസ്റ്റ്യന്റെ വാർത്താസ്രോതസ്സ്? പ്രധാനമന്ത്രി ഇന്ദിരാഗാന്ധി. സൗഹൃദസന്ദർശനത്തിനിടയിൽ മാണിയോടും കെഎസ്സിനോടും ഇന്ദിര ചോദിച്ചു: ഇനി നിങ്ങൾക്ക് എന്തു വേണം, നിങ്ങളുടെ മാർപാപ്പയല്ലേ അങ്ങോട്ടു വരാൻ പോകുന്നത്?
സ്വകാര്യഭാഷണത്തിലെ ഉറവിടം വെളിപ്പെടുത്താ (നാവാ) തെ ദീപിക അതു വാർത്തയാക്കി.
മാസങ്ങൾക്കുള്ളിൽ, പാപ്പാ വരുംമുമ്പേ, പ്രധാനമന്ത്രി വെടിയേറ്റു മരിച്ചു. വിദേശരാഷ്ട്രനേതാക്കളുടെ സന്ദർശനങ്ങൾ മാറ്റിവയ്ക്കപ്പെട്ടു. പുതിയ മന്ത്രിസഭയുടെ കീഴിൽ ക്ഷണിക്കലിന്റെയും ക്ഷണംസ്വീകരിക്കലിന്റെയും നടപടിക്രമം പൂർത്തിയാവാൻ സമയമെടുത്തു.
1986-ൽ പാപ്പാസന്ദർശനം നടന്നപ്പോൾ, അത് ഇന്ദിരയുടെ മരണംകൊണ്ടു മാറിപ്പോയതാണെന്ന കാര്യം ഡൽഹിയിൽനിന്ന് പിടിഐ ഒരു റിപ്പോർട്ടിൽ പറഞ്ഞു. ആ ടെലിപ്രിന്റർ ടേക്കിന്റെ പകർപ്പോടെ കോട്ടയം പരിപാടിയുടെയന്നു പ്രസിദ്ധീകരിക്കാൻ പഴയ സ്കൂപ്പിന്റെ കഥ തയ്യാറാക്കണമെന്നു അന്നത്തെ സീനിയർ ന്യൂസ് എഡിറ്റർ പി. പി. സ്കറിയ, പയ്യൻ ലീഡർ റൈറ്റർ (മുഖപ്രസംഗകൻ) ആയിരുന്ന ഈ ലേഖകനോടു പറഞ്ഞു.
ഐറ്റമഴുതി.
പക്ഷേ, അടിച്ചുവന്നില്ല.
അച്ചന്മാർ ചിലപ്പോൾ അങ്ങനെയാണ്.
,🌿ഈ കുറിപ്പ് സമർപ്പിക്കുന്നത് പ്രിയപ്പെട്ട പിപിഎസ്സിന്. പിടി ഉഷ ഒളിമ്പിക്സിൽ നേടുന്ന മെഡൽ സ്വർണമോ വെള്ളിയോ വെങ്കലമോ എന്ന് അറിഞ്ഞുവരുമ്പോഴേക്കും പുലർച്ചെ പേജ് സെറ്റ് ചെയ്യുവാൻ നേരം കിട്ടില്ലെന്നിരിക്കെ മൂന്നിനും ഓരോ പേജ് റെഡിയാക്കി വയ്ക്കാൻ പഠിപ്പിച്ച പിപിഎസ്.