Tony thomas | Ullikkal | ony Thomas Achieves a Brilliant Victory in Armadale City Council Elections | Global TV

Posted on: October 24, 2025

ഓസ്‌ട്രേലിയ സിറ്റി കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ മിന്നുന്ന വിജയം നേടി ടോണി തോമസ്

By Denny Thomas

ഉളിക്കൽ (കണ്ണൂർ):വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ പ്രമുഖവും വിസ്തൃതവുമായ കൗൺസിലായ അർമാഡെയിലിലെ കൗൺസിലറായി സത്യ പ്രതിജ്ഞ ചെയ്ത് ചുമതല ഏറ്റെടുത്ത് മലയാളി യുവാവ്. ഉളിക്കലിലെ (കണ്ണൂർ) റിട്ടയെർഡ് അധ്യാപകരായ പരേതനായ തോമുണ്ണി മാസ്റ്ററുടെയും ത്രേസ്യാമ്മ ടീച്ചറുടെയും(ഉളിക്കൽ പഞ്ചായത്ത്‌ മുൻ വാർഡ് മെമ്പർ) മകനായ ടോണി തോമസ് അക്കരയാണ് കഴിഞ്ഞ ദിവസം നടന്ന വാശിയേറിയ തിരഞ്ഞെടുപ്പിൽ പതിനായിരത്തിൽ അധികം വോട്ടർമാരുള്ള റാൻഫോർഡ് വാർഡിൽ നിന്നും 52% വോട്ടുകൾ നേടി കൗൺസിലറായി സത്യ പ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുത്തത്.

വെസ്റ്റേണ്‍ ഓസ്ട്രേലിയയിലെ സിറ്റി കൗണ്‍സില്‍ തിരഞ്ഞെടുപ്പുകള്‍ ഒക്ടോബര്‍ 18 നാണ് പൂര്‍ത്തിയായത്. പോസ്റ്റല്‍ വോട്ടിങ് സംവിധാനത്തിലാണ് വോട്ടെടുപ്പ് നടന്നത്. ഓസ്ട്രേലിയയിലെ സിറ്റി കൗണ്‍സില്‍ തിരഞ്ഞെടുപ്പുകളില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ അടിസ്ഥാനത്തിലല്ല മത്സരം നടക്കുന്നത്. സ്ഥാനാര്‍ത്ഥികളുടെ വ്യക്തിപരമായ സേവനവും സാമൂഹ്യ ഇടപെടലുകളുമാണ് മത്സരിക്കാനുള്ള പ്രധാന മാനദണ്ഡം.

560 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചു കിടക്കുന്ന അർമാഡെ കൗൺസിൽ,കെൽസ്കോർട്ട്, ഫോറസ്ററ് ഡെയിൽ തുടങ്ങി 19 ഉപ നഗരങ്ങൾ കൂടി ചേർന്നതാണ്.

യു കെ യിലെ മാഞ്ചസ്റ്ററിൽ നിന്നും ഒരു വ്യാഴവട്ടകാലം മുൻപ് പെർത്തിൽ കുടുംബ സമേതം താമസമാക്കിയ ടോണി മികച്ച ഒരു സംഘാടകനും സാമൂഹ്യ പ്രവർത്തകനും ആണ്. നഴ്സും കൊട്ടിയൂർ സ്വദേശിനീയുമായ മിനി ചെറിയാൻ നമ്പൂടാകം ആണ് ടോണിയുടെ ഭാര്യ.

വിദ്യാർഥികളായ അൽഫോൺസ്, ആന്റണി, അന്ന എന്നിവർ മക്കളാണ്. 2029 ഒക്ടോബർ 20 വരെയാണ് പുതിയ കൗൺസിലിന്റെ കാലാവധി.

Leave a Reply

Your email address will not be published. Required fields are marked *