UK യിൽ പഠനത്തിന് പോയ നാട്ടുകാരൻ പയ്യന് പാർട്ട്ടൈം ജോലി മക്ഡൊണാൾഡ്സിൽ വെയിറ്റർ…!!
Raju Pappachan – World Malayalee Council,UK
ജോലിയുടെ ആദ്യ ദിവസങ്ങളിൽ പാത്രങ്ങൾ കഴുകി തുടക്കുന്ന വേറൊരു പയ്യനെ അവിടെ ദിവസവും കാണുന്നു… മലയാളികൾ ആണെന്നറിയാമായിയിട്ടും പഴയ പയ്യൻ പുതിയ പയ്യനെ കാണുമ്പോൾ മുഖം തിരിച്ചിരിക്കുന്നു… എന്തോ പന്തികേടുതോന്നിയ പുതിയ പയ്യൻ വളരെ പണിപ്പെട്ട് അവന്റെ മുഖം നോക്കിയപ്പോൾ ഞെട്ടിപ്പോയി… പരസ്പരം കണ്ടിട്ടും പഴയവൻ കണ്ടഭാവം നടിച്ചില്ല… ഞെട്ടൽ മാറിക്കിട്ടാൻ പുതിയവൻ വീണ്ടും കുറച്ചുദിവസം മറ്റവന്റെ മുഖം നോക്കി ഉറപ്പുവരുത്തി… അവസാനം ധൈര്യം സംഭരിച്ച് അവനോടു ചോദിച്ചു “നീ ….. വീട്ടിലെ കുട്ടിയല്ലേ ? എന്തിനാ ഇവിടെ ഇപ്പണി ചെയ്യുന്നത് ?”
“പഠിക്കാൻ വന്നതാ ചേട്ടാ… വേറെ പണിയൊന്നും കിട്ടിയില്ല.. നാട്ടിൽ ആരോടും പറയല്ലേ.. “
നാട്ടിലെ ഏറ്റവും വലിയ ധനിക കുടുംബത്തിലെ കുട്ടി ബ്രിട്ടനിൽപ്പോയി പാത്രം കഴുകുന്നു..!! നാട്ടിൽ അവന്റെ വീട്ടിൽ മൂന്നോ നാലോ ജോലിക്കാരുണ്ടത്രേ..!!
ഇതുപോലെയാണ് ഇവിടെനിന്നും വിദേശത്തു പഠിക്കാൻ പോകുന്ന മിക്ക കുട്ടികളുടെ കാര്യവും…!!
മിക്ക കുടുംബങ്ങളിലെയും നല്ല വിദ്യാഭ്യാസവും, ജീവിക്കാൻ മാർഗ്ഗവുമുള്ള കുട്ടികൾ വിദേശത്തേക്ക് പോകുന്നു.. പോകുന്നത് പഠിക്കാനാണ്.. ഒപ്പം ജോലിയും ചെയ്യാം.. ഒന്നോ രണ്ടോ മണിക്കൂർ പഠനം… ബാക്കി സമയം ജോലി… കൂടുതൽ കുട്ടികളും അവിടെ വല്ല KFC ഔട്ലെറ്റിലും പാത്രം കഴുക്കോ, വെയിറ്ററോ ഒക്കെയാണ്…!! ട്രക്ക് ഓടിച്ചു കാശുണ്ടാക്കും എന്ന് എന്റെ കുടുംബത്തിലെ കുട്ടികൾ പറയുമ്പോൾ എന്തോ നെഞ്ചിലൊരു പിടച്ചിൽ…!!
ദിവസം ഒരു മണിക്കൂർ പഠിക്കുന്ന മിക്ക കോഴ്‌സിനും വലിയ അംഗീകാരവുമൊന്നുമില്ല.. പഠിക്കാൻ പോകുന്നവർക്ക് കൂടുതലും കോഴ്‌സുകളെപ്പറ്റി ഒന്നുംതന്നെ അറിയില്ല… അവിടെ എത്തിപ്പെടുന്നതിനുള്ള ഒരു മാർഗ്ഗം മാത്രമാണ് ഇത്തരം കോഴ്‌സുകൾ..!! കാശുണ്ടാക്കാൻ പാത്രം കഴുകൽ… ഡോക്ടർമാരും, എൻജിനീയർമാരും ഒക്കെ ചെയ്യുന്ന പണി ഇതുതന്നെ..!!
ബ്രിട്ടനിലെ ഒരു യൂണിവേഴ്സിറ്റിയിൽ ജോലിചെയ്യുന്ന സുഹൃത്ത് പറഞ്ഞത് “ദിവസം തോറും ഇന്ത്യയിൽനിന്നും ആയിരക്കണക്കിന് അപേക്ഷകൾ ആ യൂണിവേഴ്സിറ്റിയിൽ മാത്രം കിട്ടുന്നുണ്ട്.. കൂടുതലും മലയാളികയുടേതാണ്.. കൂടുതൽപ്പേരും രക്ഷപ്പെടില്ല, ബ്ലൂ കോളർ ജോലിയിൽ അവസാനിക്കും, എന്നാലും കാശുണ്ടാക്കുന്നുണ്ടാവും..!! “
എന്തിനാണ് ജീവിക്കാൻ മാർഗ്ഗമുള്ള നിങ്ങൾ ഇത്രയും പഠിച്ചിട്ട് ഈ നാടുപേക്ഷിച്ചു പോകുന്നത് എന്ന ചോദ്യത്തിനുള്ള കുട്ടികളുടെ ഉത്തരമാണ് നമ്മൾ ചിന്തിക്കേണ്ട വിഷയം…!!
അവർക്കിവിടെ ജീവിക്കാൻ താൽപ്പര്യമില്ല…
ഇവിടുത്തെ വിദ്യാഭ്യാസ സബ്രദായത്തെ അവർ വെറുക്കുന്നു…
റിസർവേഷൻ സമ്പ്രദായത്തെ അവർ വെറുക്കുന്നു… കാശും, സമയവും മുടക്കി അവർ നേടിയ ഡിഗ്രികൾക്കു മറ്റു സംസ്ഥാനങ്ങളിൽപ്പോലും
കീറക്കടലാസ്സിന്റെ വിലയില്ലെന്ന് അവർ മനസിലാക്കുന്നു… പഠിത്തം കഴിഞ്ഞാൽ ഒരു സർക്കാർ ജോലി കിട്ടാൻ കൈക്കൂലി കൊടുക്കണം…
15 കൊല്ലത്തെ ടാക്സ് ഒന്നിച്ചു കൊടുത്താലും നല്ലൊരു റോഡോ, പാലമോ പോലുമില്ല.. നികുതികൊടുക്കുന്നവന് പുല്ലുവിലയെയുള്ളൂ… മൂക്കുപൊത്താതെ കയറാൻ പറ്റിയ ഒരു പബ്ലിക് ടോയ്‌ലറ്റ് പോലുമില്ല…. മാലിന്യം കൊണ്ട് റോഡിലിറങ്ങാൻ പോലും വയ്യ..
അഴിമതിയിൽ മുങ്ങിക്കിടക്കുന്ന രാഷ്ട്രീയത്തെയും, രാഷ്ട്രീയക്കാരെയും അവർ വെറുക്കുന്നു… ഇവിടുത്തെ മതഭ്രാന്തിനെ അവർ വെറുക്കുന്നു… ഇവിടെ ജീവിക്കാൻ പറ്റിയ സ്ഥലമല്ലെന്ന് അവർ ഭയക്കുന്നു…
വെറുതെയിരുന്നാൽ പോലും മാസാമാസം ലക്ഷങ്ങൾ കയ്യിൽക്കിട്ടുന്ന സ്വന്തം കുടുംബ ബിസിനസ്സുകൾ മുന്നോട്ടു കൊണ്ടുപോകാൻ അവർക്കു ഭയമാണ്… കാരണം, സ്വന്തം കൈയിലെ കാശ് കൊടുത്തു ബിസിനസ് നടത്താൻ എന്തിനു രാഷ്‌ടീയക്കാർക്ക് സംഭാവന നൽകണം, എന്തിന് അവരുടെമുന്നിൽ ഓച്ഛാനിച്ചു നിൽക്കണം, സർക്കാർ ഓഫിസുകൾ കയറിയിറങ്ങി ചെരുപ്പ് തേയ്ക്കണം എന്നവർ ചോദിക്കുമ്പോൾ നമുക്ക് ഉത്തരം മുട്ടുന്നു…
സത്യസന്ധതയോടെ ജീവിക്കുന്നവർക്ക് ഇന്നാട്ടിൽ ജീവിക്കാൻ പറ്റില്ലെന്ന് അവർ ഉറച്ചു വിശ്വസിക്കുന്നു… ഇവിടെ മലദ്വാരത്തിൽ സ്വർണ്ണം കടത്തുന്നവനും,ഈന്തപ്പഴത്തിൽ സ്വർണ്ണം കടത്തുന്നവനും ഖുറാനിൽ ഡോളർ കടത്തുന്നവനും ടാക്സ് വെട്ടിക്കുന്നവനും, കഞ്ചാവും, തീവ്രവാദവും കച്ചവടം ചെയ്യുന്നവനും മാത്രമേ ജീവിക്കാൻ പറ്റൂ എന്നവർ കരുതുന്നു…!!
പുതിയ തലമുറയ്ക്ക് വേണ്ടത് സമാധാനമാണ്… സ്വാതന്ത്ര്യമാണ്… വലിയ സ്വപ്‌നങ്ങൾ കാണാൻ പ്രേരിപ്പിക്കുന്ന ഭരണകൂടങ്ങളെയാണ്…
അന്തിമയങ്ങിയാൽ സ്വപ്നയുടെയും, സരിതയുടെയും, ദിലീപിന്റെയും പിന്നാലെ നടക്കുന്ന മാധ്യമങ്ങളെ അവർക്കു വെറുപ്പാണ്… നാല് വോട്ടിനുവേണ്ടി നാട്ടിൽ ജാതിമത ഭിന്നിപ്പുണ്ടാക്കുന്ന രാഷ്ട്രീയക്കാരെ അവർക്കു വെറുപ്പാണ്…!!
അവർ കേരളത്തെക്കാളും ഇഷ്ടപ്പെടുന്നു മറ്റു സംസ്ഥാനങ്ങളിൽ ജീവിക്കാൻ… ഒന്നോർത്താൽ കേരളത്തിൽ ബംഗാളികളുടെ അവസ്ഥയാണ് ഇന്ന് വിദേശരാജ്യങ്ങളിൽ മലയാളികൾക്ക്… എത്രയോ പ്രഗത്ഭരായ ഡോക്ട്രർമാരെയും, IT വിദഗ്ധരെയും, നേര്സുമാരെയും എന്നുവേണ്ട സമൂഹത്തിലെ എല്ലാ മേഖലകളിലും സ്വന്തം കയ്യൊപ്പ് പതിപ്പിച്ച മലയാളികൾ ഇന്ന് യൂറോപ്യൻ രാജ്യങ്ങളിൽ മുഴുവൻ നടന്നു പാത്രം കഴുകുകയോ അല്ലെങ്കിൽ മൂന്നാംകിട ജോലികൾ ചെയ്തു ജീവിതം തള്ളിനീക്കുന്നു.!!
പാത്രം കഴുകുന്നത് മോശം കാര്യമാണോ എന്ന് ചോദിച്ചാൽ അല്ലേയല്ല… പക്ഷേ, വിദേശത്തുപോയി പാത്രം കഴുകുന്ന ഓരോ എഞ്ചിനീയറെയും, MBA ക്കാരനെയുമൊക്കെ പഠിപ്പിക്കാൻ ഞാനും, നിങ്ങളും അടങ്ങുന്ന സമൂഹം വലിയൊരു തുക നികുതി കൊടുത്തിട്ടുണ്ട്… മാറിമാറി നാടുഭരിച്ചവർ അതിനുവേണ്ടി ലക്ഷക്കണക്കിന് കോടികൾ കടമെടുത്തിട്ടുണ്ട്… അത് നമ്മൾ മുടക്കിയത് പാത്രം കഴുകുന്ന ഒരു യുവതലമുറയെ വാർത്തെടുക്കാൻ വേണ്ടിയായിരുന്നൊ ?
പത്തു പതിനഞ്ചു കൊല്ലം പഠിച്ചിട്ടും, പഠിപ്പിച്ചിട്ടും, സ്വന്തം വിദ്യാഭ്യാസ യോഗ്യതക്കനുസരിച്ചുള്ള ഒരു ജോലിക്ക് അവരെ പ്രാപ്തരാക്കാൻ പറ്റുന്നില്ലെങ്കിൽ, ജീവിതത്തെപ്പറ്റി അവർക്കൊരു നല്ല കാഴ്ചപ്പാടുണ്ടാക്കി കൊടുക്കാൻ പറ്റുന്നില്ലെങ്കിൽ എന്തിനാണ് ഇങ്ങനെയൊരു വിദ്യാഭ്യാസ വകുപ്പിനെയും, പതിനായിരക്കണക്കിന് വിദ്യാഭ്യാസ സ്ഥാപനങ്ങളും, ലക്ഷക്കണക്കിന് അധ്യാപകരേയുമൊക്കെ നമ്മൾ തീറ്റിപ്പോറ്റുന്നത് ?
യുവാക്കളുടെ കൊഴിഞ്ഞുപോക്ക് കേരളത്തെ ഒരു വൃദ്ധസദനമാക്കും വൈകാതെ… ഇപ്പോൾത്തന്നെ നമ്മളറിയുന്ന ഒട്ടുമിക്ക കുടുംബങ്ങളിലും അച്ഛനമ്മമാർ തനിച്ചാണ്.. ലക്ഷക്കണക്കിന് വീടുകളിൽ ആള്താമസമില്ല… ജീവിക്കാൻ മാർഗ്ഗമുള്ള വീടുകളിൽപ്പോലും കുട്ടികൾക്കു താൽപ്പര്യം ഇല്ലാത്തതിനാൽ നാട്ടിലെ സ്വത്തുക്കൾ അന്യാധീനപ്പെട്ടു പോകുന്നു… വാർദ്ധക്യം മാതാപിതാക്കളെ സംബന്ധിച്ച് ഒരു പേടിസ്വപ്നമാകുന്നു… മോർച്ചറികളിൽ തണുത്തുവിറച്ചു മക്കളെയും കാത്തുകിടക്കുന്ന രക്ഷിതാക്കൾ വല്ലാത്തൊരു നൊമ്പരമാണ്… ബംഗാളികൾ മാത്രമാണ് പല വീടുകളുടെയും ആശ്രയം..!!
ഈ സാമൂഹിക വിപത്തിനെ തടയാൻ ഭരണകൂടം ഉണർന്നു പ്രവർത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
വിദേശത്തുനിന്നും കണ്ടെയ്നറിൽ കള്ളപ്പണം കൊണ്ടിറക്കി, സ്വർണ്ണം കടത്തി, കഞ്ചാവും, തീവ്രവാദവും നടത്തി ജീവിക്കുന്നവർ 20 വയസ്സാകുമ്പോഴേക്കും ലക്ഷങ്ങളുടെ വണ്ടിയും, മൊബൈലും ജീവിത സൗകര്യങ്ങളുമായി നടക്കുമ്പോൾ മറ്റു കുട്ടികൾക്കും അങ്ങനെ ജീവിക്കാൻ ആഗ്രഹം തോന്നുന്നു…
കഴിയാത്തവർ നിരാശരാകുന്നു,ചിലർ ആത്മഹത്യ ചെയ്യുന്നു. കാശും, പത്രാസുമാണ് ജീവിതവിജയത്തിന്റെ അളവുകോൽ എന്നൊരു പൊതുബോധം യുവാക്കളിൽ എവിടുന്നോ പിടിപെട്ടിരിക്കുന്നു…!!
ഇതൊക്കെ അഡ്രസ്സ് ചെയ്ത്, മൂല്യബോധമുള്ള, കുടുംബ ബന്ധങ്ങൾക്കു മുൻഗണന കൊടുക്കുന്ന, സാമൂഹിക ബോധമുള്ള ഒരു നല്ല തലമുറയെ വാർത്തെടുക്കാൻ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം അടിമുടി മാറ്റിയെ മതിയാവൂ…!!
ഇല്ലെങ്കിൽ കേരളത്തിൽ ബംഗാളികൾ എന്നപോലെ സാക്ഷരകേരളത്തിലെ മലയാളികൾ വിദേശങ്ങളിൽ മൂന്നാംകിട പൗരന്മാരായി ജീവിക്കേണ്ട ഗതികേടുണ്ടാവും..!! ചിന്തിക്കാൻ ശേഷിയുള്ള, പഠിപ്പുള്ളവർ വിമാനം കയറുമ്പോൾ നാളെ നാടിനെ നയിക്കാൻ ഇവിടെയവശേഷിക്കുന്നത് വെറും ഇസ്‌പേഡ് ഏഴാം കൂലികളും വയസ്സന്മാരും മാത്രമാകും..!! കടപ്പാടോടെ 👏👏