ഉപ്പോളം വരുമോ ഉപ്പിലിട്ടത്? അമ്മച്ചിയുടെ ദൈവ വിശ്വാസം (Faith in God) ശിവ് കേരയുടെ ആത്മ വിശ്വാസം (self-confidence) ഇവ തമ്മിലുള്ള ഒരു താരതമ്യം | അനുഭവങ്ങൾ അനുഗ്രഹങ്ങൾ | ഗ്ലോബൽ ടി വി
അമ്മച്ചിയുമായി വർത്തമാനം പറയുന്നതിനിടയിൽ പെട്ടെന്ന് ഓർമ്മ വന്നതാണ് ശിവ് കേരയുടെ മുഖം.
അദ്ദേഹം പ്രശസ്തനായ വ്യക്തിയും ജീവിത വിജയത്തിന് വഴികാട്ടിയുമാണ്. അദ്ദേഹത്തിന്റെ യൂ ക്യാൻ വിൻ ( You Can Win) എന്ന പുസ്തകം ഒരു മുൻ നിര പുസ്തകമാണ്.
ശിവ് കേരയുടെ മോട്ടിവേഷൻ ക്ലാസ്സ് കേൾക്കുന്നതും അമ്മച്ചിയുടെയും കുടുംബത്തിൻ്റെയും അനുഭവകഥകൾ കേട്ടിരിക്കുന്നതും തമ്മിലുള്ള വ്യത്യാസമാണ് ഉപ്പോളം താരതമ്യത്തിൻ്റെ അന്തസത്ത.
ജീവിതാനുഭവങ്ങളിലേക്കും ദൈവാനുഗ്രഹങ്ങളിലേക്കും തിരിഞ്ഞുനോക്കുമ്പോൾ നമ്മുടെയെല്ലാം സന്തോഷം ഇരട്ടിക്കും. വർത്തമാനത്തിൻ്റെ മധുരം അതിമധുരമാകും.
മറുനാട്ടിൽ മക്കളെ വളർത്തിയ അമ്മമാരോട് നിങ്ങൾ അവരുടെ കുടുംബത്തിൻ്റെയും മുൻതലമുറയുടെയും ജീവിത അനുഭവങ്ങളെക്കുറിച്ചും വിജയ കഥകളെക്കുറിച്ചും ചോദിക്കണം. അപ്പോൾ നിങ്ങൾക്കും ഇതേ അനുഭവം ഉണ്ടാകും. നാട്ടിൽനിന്നു പണ്ട് പണ്ട് മറുനാടുകളിൽ കുടിയേറിയ അമ്മമാർ നമ്മുക്ക് ദൈവ വിശ്വാസത്തിൻ്റെ അനുഗ്രഹ കഥകൾ പറഞ്ഞുതരും. വിദേശത്തും മറുനാടുകളിലും കുടിയേറിയ അമ്മമാർക്കും ഇത്തരം നിരവധി കഥകൾ പറയാനുണ്ടാകും.
അന്ന് കാട്ടു ജന്തുക്കളോടും മാരകമായ രോഗങ്ങളോടും പൊരുതാൻ പ്രാർത്ഥന ആയുധമാക്കിയ അമ്മമാരുടെ സ്ഥാനത്ത് ഇന്നത്തെ അമ്മമാർ പൊരുതുന്നത് മറ്റ് പല സാമൂഹ്യ വിപത്തുകളോടുമാണ് എന്നതാണ് വ്യത്യാസം. പ്രാർത്ഥനയും പരിത്യാഗവും തന്നെയാണ് അന്നും ഇന്നും അമ്മമാരുടെ തുണയും അനുഗ്രഹവും. മക്കളുടെ കാര്യം വരുമ്പോൾ അമ്മമാർ ഏത് കടലിൻ്റെയും നാടുവിലേക്കിറങ്ങുകയും നീന്തി കയറുകയും ചെയ്യും.
കേൾക്കണോ പ്രിയ കൂട്ടരേ | അവർ രണ്ട് പേരും പറഞ്ഞ കഥ?
(അച്ചനും പിന്നീട് അദ്ദേഹത്തിൻ്റെ അമ്മയും പറഞ്ഞത് ഒരേ കഥകൾ)
ഒരുമിച്ചുള്ള യാത്രക്കിടയിൽ ടോമി മറ്റം അച്ചൻ കുറെ കഥകൾ പറഞ്ഞു. പിന്നീട് അദ്ദേഹത്തിൻ്റെ അമ്മയെ കണ്ടപ്പോൾ ഈ കഥകൾ അവർത്തിക്കപ്പെട്ടു. എത്രയോ ശക്തമായ അനുഭവ കഥകൾ ആയിരുന്നു ആ കഥകൾ എല്ലാം.
ദൈവവും ദൈവവിശ്വാസവും മാത്രം തുണയായിരുന്ന ബാല്യകാലം. കാര്യങ്ങളുടെ ഗൗരവം ഒരുപക്ഷെ അത്രയേറെ തിരിച്ചറിഞ്ഞില്ലെങ്കിലും അന്ന് കണ്ടതും അനുഭവിച്ചതുമായ അത്ഭുതങ്ങൾക്ക് കയ്യും കണക്കുമില്ല. ഇന്നും കാണുന്നതും അനുഭവിക്കുന്നതും അത്ഭുതങ്ങൾ തന്നെ.
പിള്ളക്കച്ചയിൽ പൊതിഞ്ഞ് യേശുവിന് സമർപ്പിക്കാനുള്ള കുഞ്ഞുമായി ‘അമ്മ യാത്രചെയ്യുന്ന രംഗം ആണ് ആദ്യം അച്ചന് ഓർമ്മയിൽ വന്നത്. കഥാരൂപത്തിൽ അദ്ദേഹം അവതരിപ്പിച്ചപ്പോൾ ഞങ്ങൾക്ക് ആ കാഴ്ച വലിയൊരു അനുഭവമായി മാറി. ദേഹം നിറയെ കരപ്പൻ ബാധിച്ചതിനാലാണ് ‘അമ്മ കുഞ്ഞിനെ കച്ചയിൽ പൊതിഞ്ഞു പിടിച്ചിരിക്കുന്നത്. എത്രയോ ദൂരം ബസ്സിൽ യാത്ര ചെയ്തുവേണം എത്തേണ്ടിടത്ത് എത്താൻ.
ഇടക്ക് എപ്പോഴോ കുഞ്ഞിനെ പൊതിഞ്ഞിരിക്കുന്ന തുണി അൽപ്പം നീങ്ങി കുഞ്ഞിൻ്റെ കാൽ മറ്റുള്ളവർക്ക് കാണാം എന്ന നിലയിൽ ആയി. മുച്ചിടമ്മ (അമ്മേ അത് മൂടിയിടൂ ) എന്ന നിർദ്ദേശം കേട്ടതേ അമ്മ വീണ്ടും തൻ്റെ കുഞ്ഞിനെ പൊതിഞ്ഞു പിടിച്ചു. അങ്ങിനെ എത്രയെത്ര അനുഭവങ്ങൾ. രോഗങ്ങൾ മാറിയ സമയം ബാല്യത്തിലെങ്ങും അച്ചന് ഓർമ്മയിലില്ല.
ശരീരം നിറഞ്ഞുനിന്നിരുന്ന ആ കഷ്ടപ്പാടുകൾ പിന്നീട് ശ്വാസം മുട്ടായി മാറി. സെമിനാരിയിൽ ചേർന്ന് കുറച്ചുകാലം കഴിഞ്ഞപ്പോൾ അതെല്ലാം മാറി. ഇന്ന് ദൈവം അന്നത്തെ കഷ്ടപ്പാടുകൾക്കെല്ലാം ഏറെ പ്രതിഫലം തന്നിരിക്കുന്നു. എല്ലാം ദൈവത്തിന്റെ കൃപാകടാക്ഷം.
ഒരിക്കൽ അനുജന് വല്ലാത്ത പനി. എന്തൊക്കെ ചെയ്തിട്ടും പനി കുറയുന്നില്ല. കുഞ്ഞു വല്ലാതെ കരയാൻ തുടങ്ങി. കരയുന്ന കുഞ്ഞിനെ കയ്യിലെടുത്തു തന്നെയും കൂട്ടി പള്ളിലയിലേക്ക് പോയ അമ്മയുടെ വിശ്വാസം വളരെ ശക്തമായിരുന്നു. അന്നും ഇന്നും അക്കാര്യത്തിൽ തനിക്ക് പരിപൂർണ്ണ ഉറപ്പാണ്. ഞാൻ കളിച്ചുകൊണ്ടിരുന്നു. പ്രായം അതല്ലേ? ബുദ്ധിമുട്ടുകളും വിഷമങ്ങളും ഒരുവശത്ത് കിടക്കുമ്പോഴും കൊച്ചുകൊച്ചു സന്തോഷങ്ങൾ ഉത്സവങ്ങൾ ആക്കുന്നവരാണ് മനുഷ്യർ.
പറഞ്ഞതുപോലെ തന്നെ. പനി കൂടി. കരഞ്ഞു വിഷമിക്കുന്ന കുഞ്ഞിനേയും കൊണ്ട് പള്ളിയിൽ പ്രവേശിച്ച ‘അമ്മ കുറെ കഴിഞ്ഞപ്പോൾ പനിയെല്ലാം പോയി ശാന്തനായിരിക്കുന്ന അനുജനെയും കൊണ്ട് സന്തോഷമായി കടന്നുവരുന്നു. അമ്മ അങ്ങിനെയാണ്. പ്രാർത്ഥിച്ച് ഏത് കാര്യവും അമ്മ നേടിയെടുക്കും.
എല്ലാ മാസവും കുടുംബ സംഗമങ്ങൾ നിർദ്ദേശിച്ചത് ഗർവാസീസ് മററം അച്ചനാണ്.
- ജീവിത വിജയത്തിന് ആർച്ച് പ്രീസ്റ്റ് ഫാ. ഗർവാസീസ് മറ്റം അച്ചൻ്റെ ഒറ്റമൂലി
കുടുംബാംഗങ്ങൾ മാസത്തിൽ ഒത്തുകൂടി പ്രാർത്ഥിച്ച് ഒരുമിച്ച് ഭക്ഷണം കഴിച്ചശേഷം അവരവരുടെ വീടുകളിലേക്ക് മടങ്ങും. വാർഷിക കുടുംബ സംഗമം വലിയ ആഘോഷമാണ്. ഇടുവള്ളിയിൽ ആരംഭമിട്ട മാസ സംഗമവും വാർഷികാഘോഷവും കേരളത്തിലും മററം കുടുംബത്തിൻ്റെ പതിവായി മാറി. കഴിഞ്ഞ വർഷം കേരളത്തിൽ നടന്ന വാർഷികാഘോഷങ്ങളിൽ പങ്കെടുക്കാൻ അൻപത് പേരാണ് ഇടുവള്ളിയിൽ നിന്നും പോയത്.
കുടുംബാംഗങ്ങൾ കൂടിച്ചേരുമ്പോൾ ഉണ്ടാകുന്ന ഒത്തൊരുമയുടെ ശക്തി ഒന്ന് വേറെ തന്നെയാണ്. തൻ്റെ കുടുംബം ആഴത്തിൽ വേരുകളുള്ളതും എനിക്ക് ആവശ്യനേരത്ത് ആരൊക്കെയോ ഉണ്ട് എന്ന തോന്നലും നമ്മുക്ക് വലിയ ശക്തിയാണ്. കുട്ടികൾക്കും ചെറുപ്പക്കാർക്കും ഇതൊരു വലിയ അനുഗ്രഹമാണ്. എനിക്ക് ആരൊക്കെയോ ഉണ്ട് എന്നതും എൻ്റെ കുടുംബം ബഹുമാനിക്കപ്പെടുന്ന വ്യക്തികൾ ധാരാളം ഉള്ളതും എന്ന ചിന്ത നേർവഴിയിൽ ഉയർച്ചകൾ കീഴടക്കാൻ നമ്മെ സഹായിക്കും.
വലിയ ഒരു ആശയമാണ് ഗർവാസീസ് അച്ചനിൽ നിന്നും നമ്മുക്ക് പഠിക്കാനുള്ളത്. ഇതിന് വലിയ മാനങ്ങൾ ഉണ്ട്. ഒറ്റപ്പെടലിൻ്റെ വേദന അറിഞ്ഞിട്ടുള്ളവർക്ക് അത് വേഗം മനസ്സിലാകും. കുടുംബക്കാർ ഒത്തുകൂടി സ്നേഹം പങ്കുവച്ച്, ഒരുമിച്ച് പ്രാർത്ഥിച്ച് , ഭക്ഷണം കഴിച്ച് വീടുകളിലേക്ക് മടങ്ങുമ്പോൾ വലിയൊരു സംഘബോധം നമ്മുക്ക് വഴികാട്ടിയായി തീരുന്ന വലിയ തത്വശാസ്ത്രമാണിത്.
തലമുറകളുടെ നേട്ടങ്ങളുടെ അടിത്തറയിൽ തങ്ങളുടെ നാളെകളുടെ സ്വപ്‌നങ്ങൾ പണിയണം എന്ന് ഇളം തലമുറയെ ഓർമ്മിപ്പിക്കാനും അച്ചൻ മറന്നില്ല. ഇന്നലെകളെ ഓർമ്മിക്കുക എന്നതും തലമുറകളെ മാനിക്കുക എന്നതും പാരമ്പര്യത്തിൻ്റെയും പരസ്പര്യത്തിൻ്റെയും അനുഗ്രഹമാണ്.
തലമുറകൾ കൈമാറുന്ന വിശ്വാസ ചൈതന്യം.
ഇടുവള്ളിയിൽ കുടിയേറിയതും അവിടെ പള്ളി പണിതതുമെല്ലാം വലിയ അനുഭവങ്ങൾ ആണ്. ചാച്ചൻ്റെ പേരിലായിരുന്നു പള്ളിയിരിക്കുന്ന സ്ഥലം അടുത്ത കാലം വരെ. അത് പള്ളി ട്രസ്റ്റിൻ്റെ പേരിലേക്ക് മാറ്റിയിട്ട് അധിക കാലം ആയില്ല. ഞങ്ങൾ മക്കൾ എല്ലാവരും ഒപ്പിടാൻ ഒരുമിച്ച് കൂടിയത് എല്ലാവരും ഓർക്കുന്നു.
വൈദികർ ചൊല്ലേണ്ട പ്രാർത്ഥനകൾ കൂദാശകളൊഴികെ എല്ലാം ചൊല്ലുന്നതിന് ചാച്ചന് അനുവാദം കൊടുത്തത് വള്ളോപ്പിള്ളി പിതാവാണ്. എത്രയോകാലങ്ങൾക്ക് ശേഷമാണ് ഒരു വൈദികൻ ഇടുവള്ളിയിൽ എത്തുന്നത്. ടോമി അച്ചൻ ഇത് പറയുമ്പോൾ സിസ്റ്റർ ലിസ മറ്റം മറ്റൊരു അനുഗ്രഹ കഥ പറയുകയുണ്ടായി.
അൾത്താരയിൽ വളരെക്കാലം വചനം പ്രഘോഷിക്കാൻ സിസ്റ്ററിന് സാധിച്ചതും വലിയൊരു അനുഗ്രഹമായിരുന്നു. അച്ചന് കന്നഡ അറിയാത്തതുകൊണ്ടാണ് ആ ദൗത്യം സിസ്റ്ററിനു ലഭിച്ചത്. ഒരു പതിറ്റാണ്ടു ഇത് തുടർന്നു. അച്ചൻ മലയാളത്തിൽ പ്രസംഗിക്കും. പിന്നീട് സിസ്റ്റർ കന്നഡയിൽ പ്രസംഗിക്കും. അച്ഛൻ്റെ പ്രസംഗം മുഴുവൻ കേട്ട ശേഷം അത് കന്നഡയിൽ അവതരിപ്പിക്കുക ഏറെ ശ്രമകരമായിരുന്നു. ദൈവം എല്ലാം ഭംഗിയായി നടത്തി. സിസ്റ്ററിൻ്റെ മുഖത്ത് തികഞ്ഞ സന്തോഷം.