മലയാളികൾക്ക് ഇത് എന്തുപറ്റി; സെൻറ്. ആഗ്നസ് കോളജിൻ്റെ പ്രിൻസിപ്പൽ സിസ്റ്റർ വെനിസ്സ ചോദിക്കുന്നു.
മലയാളികൾക്ക് ഇത് എന്തുപറ്റി. കോളജിൽ വന്ന് നേരിട്ട് അഡ്മിഷൻ എടുക്കുന്നതിന് പകരം അവർ മറ്റ് വല്ലവരുടെയും പുറകെ പോകുന്നത് എന്തിനാണ്? ചോദ്യം ചോദിക്കുന്നത് മറ്റാരുമല്ല. മംഗലാപുരത്തെ സെൻറ്. ആഗ്നസ് കോളജിൻ്റെ പ്രിൻസിപ്പൽ സിസ്റ്റർ വെനിസ്സയാണ് വളരെ പ്രസക്തമായ ഈ ചോദ്യം ചോദിക്കുന്നത്.
കോളജിനെ സംബന്ധിച്ച വിവരങ്ങളെല്ലാം വെബ്‌സൈറ്റിൽ ഉണ്ട്. ഓൺലൈനിൽ അപ്ലൈ ചെയ്യുകയും ചെയ്യാം. ഫീസ് സംബന്ധിച്ച വിവരങ്ങളും വെബ്സൈറ്റിൽ ഉണ്ട്. എന്തിനാണ് പിന്നെ കയ്യിലിരിക്കുന്ന കാശ് കൊടുത്ത് കടിക്കുന്ന പട്ടിയെ വാങ്ങുന്നത്.
ചോദ്യം വളരെ പ്രസക്തമാണ്. മലയാളികൾ കുരുക്കിൽ പെടാൻ ആഗ്രഹിക്കുന്നു. പലരും ചെന്ന് കയറി കെണിയിൽ പെടുന്നു. കോളജിൽ 25,000/- രൂപ ഫീസുള്ളിടത്ത് ഒരു ലക്ഷം രൂപ അധികം കൊടുത്ത് ഒരു ബന്ധവുമില്ലാത്ത ആളുകളെ കോളജ് അഡ്മിഷൻ ചുമതല ഏൽപ്പിക്കുന്ന മാതാപിതാക്കൾക്ക് എന്തോ കാര്യമായ തകരാറുണ്ട്. സിസ്റ്ററിനു ഇക്കാര്യത്തിൽ സംശയം ഒന്നുമില്ല.
ഭാഷയാണ് പ്രശ്നം എന്ന് പറഞ്ഞിട്ട് സിസ്റ്ററിനു അത് വിശ്വസിക്കാൻ കഴിയുന്നില്ല. ഭാഷയും പരിചയക്കുറവും മലയാളികൾക്ക് ഒരു തടസ്സം ആകാൻ വഴിയില്ല; സിസ്റ്റർ ഉറപ്പിച്ചു പറയുന്നു. ഇത് ഉത്തരവാദിത്ത കുറവുതന്നെ. അല്ലെങ്കിൽ എവിടെയോ എന്തോ തകരാറുണ്ട്. എന്തുതന്നെയായാലും ഇത് പരിഹരിച്ചേ മതിയാകൂ. സിസ്റ്റർ പറഞ്ഞു. മലയാളി സമൂഹം ഒരുമിച്ച് നിന്ന് എല്ലാവരെയും വിഡ്ഢികളാക്കുന്ന ഈ പരിപാടി അവസാനിപ്പിക്കണം.
മംഗലാപുരം സന്ദർശിക്കുന്ന മലയാളികളെ സെന്റ് ആഗ്നസ് കോളജ് സന്ദർശിക്കാൻ ക്ഷണിക്കുകയാണ് സി. വെനിസ്സ. കോളജിൽ വരൂ. ഞങ്ങളുമായി സംസാരിക്കൂ. എന്നിട്ട് നാട്ടിൽനിന്നും അഡ്മിഷനായി വരുന്നവരെ സഹായിക്കൂ. മംഗലാപുരത്തുള്ള മലയാളികളോടും സിസ്റ്ററിനു പറയാനുള്ളത് ഇത് തന്നെയാണ്. തട്ടിപ്പിന് ഇരയാകുന്നത് ഒരു പക്ഷെ നിങ്ങളുടെ ബന്ധുക്കൾ ആയിരിക്കില്ല. പക്ഷെ നാളെ അതിനുള്ള സാധ്യത തള്ളിക്കളയാനാകില്ല. സിസ്റ്റർ ഓർമിപ്പിക്കുന്നു.
സേവനം എപ്പോഴും സാമൂഹ്യ നന്മ ലക്‌ഷ്യം വച്ചുള്ളതാണ്. അത് അങ്ങനെ തന്നെ വേണം. അതിനു വലിയ തുക ഈടാക്കുന്നത് ശരിയല്ല. പലപ്പോഴും ഫീസിനേക്കാൾ കമ്മീഷൻ കൊടുക്കുന്ന മാതാപിതാക്കൾ നിങ്ങൾ മലയാളികൾക്കിടയിലുണ്ട്. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാസമ്പന്നരല്ലാത്ത വ്യക്തികൾക്ക് പോലും ഇത്തരം അബദ്ധങ്ങൾ പറ്റുന്നില്ല എന്നതാണ് സത്യം. കോളജ് ഇക്കാര്യങ്ങൾ അറിയുന്നതേയില്ല.
നിങ്ങൾക്ക് കോളേജുമായി സംസാരിക്കാൻ ഫോൺ വിളിക്കാം. കാമ്പസ്സിൽ വന്നാൽ ഇവിടെ മലയാളം അറിയുന്ന ധാരാളം അദ്ധ്യാപകരും ഉണ്ട്; സിസ്റ്റർ വെനിസ്സ പറഞ്ഞു. ഭാഷ മലയാളികൾക്ക് ഒരു തടസ്സം അല്ലെന്ന് സിസ്റ്റർ അപ്പോഴും തറപ്പിച്ചു പറയുന്നു. മടിയാണോ നിങ്ങളുടെ പണം നഷ്ടപ്പെടുത്തുന്ന വില്ലൻ? ഇതാണ് സിസ്റ്റർ വെനിസ്സ മലയാളികൾക്ക് മുൻപിൽ ഉയർത്തുന്ന ചോദ്യം.
Editor’s Note:
മുകളിലെ ചിത്രത്തിൽ ക്ലിക്ക് ചെയ്‌താൽ നിങ്ങൾക്ക് കോളജ് വെബ്സൈറ്റ് സന്ദർശിക്കാം. ആവശ്യമുള്ള വിവരങ്ങൾ എല്ലാം അവിടെയുണ്ട്.