ആരോ എഴുതിയ കഥയാണ് മലയാളികൾ എല്ലാവരും വായിക്കണം!

Posted on: July 12, 2021

1964ലാണ് ബിർള ഗ്രൂപ്പ് എന്ന മാർവാഡി കമ്പനി ആലപ്പുഴയിൽ ഒരു നൂൽ നൂൽക്കുന്ന സ്ഥാപനം തുടങ്ങുന്നത്.

തീരദേശമേഖലയിൽ സ്ഥലം വിലയ്ക്ക് വാങ്ങി, ഗുണനിലവാരമുള്ള വിദേശയന്ത്രങ്ങൾ ഇറക്കുമതി ചെയ്ത് മികച്ച രീതിയിൽ തന്നെ കമ്പനി പ്രവർത്തനം ആരംഭിച്ചു. ഐക്യകേരള രൂപീകരണശേഷം കേരളം വ്യവസായ സൗഹൃദമാക്കാൻ അന്ന് സംസ്ഥാന അധികാരികളും, സർക്കാർ സംവിധാനങ്ങളും ഒപ്പം നിൽക്കുന്ന സാഹചര്യമായിരുന്നു. തൊഴിലില്ലായ്മ അതിരൂക്ഷമായ ആലപ്പുഴ തീരദേശ ഗ്രാമങ്ങളിലെ ചെറുപ്പക്കാർക്ക് “കേരള സ്പിന്നേഴ്സ് “എന്ന പേരിൽ തുടങ്ങിയ ആ കമ്പനി വളരെ വലിയ ആശ്വാസമായിരുന്നു.

എഴുപതുകളുടെ തുടക്കം ആയപ്പോഴേക്കും പ്രദേശത്തിൻ്റെ മുഖമുദ്ര തന്നെ മാറ്റി മറിക്കുന്ന രീതിയിൽ കമ്പനിയിൽ വളർച്ചയും അനുബന്ധ വികസനവും വന്നു ചേർന്നു. യൂണിറ്റുകൾ പുതിയത് ഓരോ വർഷവും സ്ഥാപിക്കാൻ തുടങ്ങി. നിലവിലെ ജോലിക്കാർക്ക് ശമ്പളം ഇരട്ടിയാക്കുകയും ധാരാളം പുതിയ തൊഴിലാളികളെ പുതിയതായി ചേർക്കുകയും ചെയ്തു.

എഴുപതുകളുടെ അവസാനങ്ങളിൽ കമ്പനി ലാഭം പതിന്മടങ്ങായതോടെ ജില്ലയിലെ സർക്കാർ ജീവനക്കാരെക്കാൾ അധികം ശമ്പളവും ആനുകൂല്യങ്ങളും നൽകുന്ന വൻസ്ഥാപനം തന്നെയായി കേരള സ്പിന്നേഴ്സ് മാറി.

ഫിലിപ്സ്/മർഫി റേഡിയോ ഇല്ലാത്ത ഒറ്റ തൊഴിലാളി ഭവനം പോലുമുണ്ടായിരുന്നില്ല അന്ന്. തിരഞ്ഞെടുപ്പ് വാർത്തകൾ കേൾക്കുന്നതിനായി സ്പിന്നേഴ്സ് തൊഴിലാളിയുടെ വീട്ടുമുറ്റത്ത് പന്തല് കെട്ടി ആള് കൂടുമായിരുന്നു എന്ന് കേട്ടിട്ടുണ്ട്.

നല്ല അടച്ചുറപ്പുള്ള ഭിത്തി കെട്ടിയ, തെങ്ങിൻ പട്ടികയിൽ ഓട് മേഞ്ഞ, നല്ല മരഉരുപ്പടികളാൽ തീർത്ത ഫർണിച്ചറുകൾ ഉള്ള, നിത്യം സംഗീതം പൊഴിക്കുന്ന പാട്ട് പെട്ടിയുള്ള അതിസുന്ദര തൊഴിലാളി ഭവനങ്ങൾ നാട്ടു വഴികളിൽ അങ്ങും ഇങ്ങും ധാരാളമായി ഉയർന്നു വന്നു.

ബെൽബോട്ടം പാൻറും, കറുപ്പിച്ച ചുരുളൻഹിപ്പി മുടിയും, ചുണ്ടൻ വള്ളം കമഴ്ത്തിവെച്ച പോലെയുള്ള നീളൻ മീശയുമായി ഹെർക്കുലീസ് സൈക്കിളിൽ വിലസി നടക്കുന്ന ചെറുപ്പക്കാരായ ഉദ്യോഗസ്ഥർ. ഭർത്താവിൻ്റെ സൈക്കിളിൽ തൂക്കിയ അടുക്ക് ചോറ്റുപാത്രത്തിൻ്റെ കില കില ശബ്ദം കേൾക്കാൻ കാതോർത്തിരിക്കുന്ന വീട്ടമ്മമാർ. ജോലി കഴിഞ്ഞെത്തുന്ന അച്ഛൻ്റെ കൈയ്യിലെ പലഹാരപ്പൊതിയിൽ കണ്ണുംനട്ടിരിക്കുന്ന കുഞ്ഞിക്കുരുന്നുകൾ.

അങ്ങനെ ക്ഷയവും, വറുതിയുമില്ലാതെ സ്നേഹോഷ്മളമായ കുടുംബ ജീവിതവും, രാഗസാന്ദ്രമായ സുഹൃത് ബന്ധങ്ങളും, സുസ്മേര സുന്ദര ഗ്രാമ്യ ജീവിതവുമായി ആ നാട് മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു. പെട്ടെന്നാണ് ഒരു വാർത്ത കമ്പനിയാകെ പടർന്നത്. 5 % പോലും തൊഴിലാളി പ്രാതിനിധ്യം ഇല്ലാത്ത ഒരു കൂട്ടം വിപ്ലവകാരികൾ ബോണസ്സ് വർദ്ധനവിനായി സമരം തുടങ്ങിയിരിക്കുന്നു എന്ന്. നിലവിൽ 7.5 % ബോണസ് ലഭിക്കുന്നുണ്ട്. അടുത്ത വർഷം 8.5 ആക്കാമെന്ന് കമ്പനി പറഞ്ഞിട്ടുള്ളതും ആണ്. ഇപ്പോഴത്തെ സ്ഥിതിയിൽ സമീപത്ത് ഉള്ള മറ്റൊരു കമ്പനികളും ഇത്രയധികം ബോണസ് കൊടുക്കുന്നും ഇല്ല.

പക്ഷെ ഫാക്ടറി പരിസരം കലുഷിതമാണ്. കമാനങ്ങളും നിരത്തുകളും ചുവന്ന കൊടികളാൽ അലംകൃതമായിരിക്കുന്നു.

അടയ്ക്കാതൂണുകളിൽ കെട്ടിയ കോളാമ്പിയിൽ നിന്നും കാർക്കശ്യത്തിൻ്റെ താക്കീതുകളുമായി വിപ്ലവ ഗാനങ്ങൾ ഇടതടവില്ലാതെ ഒഴുകി. പുറത്ത് നിന്നും വന്ന താടിക്കാരായ നേതാക്കൻമാർ തൊഴിൽ അവകാശങ്ങളും തൊഴിൽ ചൂഷണങ്ങളും എണ്ണമിട്ട് ഇഴകീറി വിശദീകരിച്ചു. ഈ കമ്പനി കൊള്ളലാഭത്തിൽ ആണെന്നും, അതിന് ആനുപാതികമായി ബോണസ്സ് ഇവിടെ കിട്ടുന്നില്ലെന്നും അവർ പറഞ്ഞു.

ബോണസ്സ് ആരുടെയും ഔദാര്യമല്ലെന്നും, അത് തൊഴിലാളിയുടെ അവകാശമാണെന്നും അവർ പ്രസംഗിച്ചു.

ഓണത്തിന് ബോണസിനൊപ്പം വസ്ത്രവും സദ്യയും, ദീപാവലിക്കും ഹോളിക്കും മധുരപാക്കറ്റുകളും ഒക്കെ നൽകുന്നത് ബോണസ് വർദ്ധനവ് ചോദിക്കുന്നതിൽ നിന്നും മലയാളിയെ പിന്തിരിപ്പിക്കാനുള്ള മാർവാഡി ബുദ്ധിയാണെന്നവർ ആരോപിച്ചു. ജനങ്ങൾ അത് നിരാകരിച്ച് ഒറ്റക്കെട്ടായി കൂലി വർദ്ധനവിന് വേണ്ടി സമരം ചെയ്യണം എന്നൊക്കെ പറഞ്ഞതോടെ പലരുടെയും മനസ്സിൽ ചാഞ്ചാട്ടം തുടങ്ങി. ദിവസങ്ങൾക്കുള്ളിൽ 50 % തൊഴിലാളികളും സമരക്കാർക്ക് ഒപ്പമായി. പ്രൊഡക്ഷൻ സ്തംഭിക്കാൻ തുടങ്ങി.

മുതലാളിമാരായ നാൽവർ സഹോദരങ്ങൾക്ക് ഇത് എങ്ങനെ പരിഹരിക്കണം എന്ന് അറിയില്ലായിരുന്നു. ചെറിയ സമരങ്ങൾ ഒക്കെ ഇടയ്ക്കിടക്ക് ഉണ്ടാകുമെങ്കിലും, അതൊക്കെ അവരുടെ നേതാക്കൻമാരുമായി ചർച്ച ചെയ്ത് പരിഹരിക്കുമായിരുന്നു. പക്ഷേ ടേണോവറും ബാലൻസ് ഷീറ്റുമൊക്കെ പ്രസിദ്ധപ്പെടുത്തിയ കമ്പനി തന്നെ സ്തംഭിപ്പിക്കുന്നത് എന്തോ ദുഃസൂചനയോടെയുള്ള അട്ടിമറിയുടെ ലക്ഷണമായി അവർക്ക് തോന്നിത്തുടങ്ങി. പരിഹാരത്തിനായി ഗുജറാത്തിൽ നിന്നും ആർ എം സുറാന എന്ന വിശിഷ്ട വ്യക്തിയെ അവർ ചുമതലപ്പെടുത്തി. അദ്ദേഹം സമരക്കാരുമായി സംസാരിച്ചു. നിലവിലെ 7.5 % ബോണസ്സ് 27 % ആക്കി തരാം എന്ന് അറിയിച്ചപ്പോൾ സമരക്കാരൊക്കെയും സ്തബ്ദരായി.

കമ്പനി നല്ല പ്രൊഡക്ഷൻ ടൈമിലാണ് എന്നും, വളരെ വലിയ ഓർഡറുകൾ കെട്ടിക്കിടക്കുകയാണെന്നും, ദയവായി ഉൽപാദനം സ്തംഭിപ്പിക്കരുതെന്നും തൊഴിലാളികളോട് അഭ്യർത്ഥിച്ചു. പക്ഷേ വർഷാവർഷം 27 % ബോണസ്സ് എന്നത് വരുന്ന 5 വർഷത്തേയ്ക്ക് ആയിരിക്കുമെന്നും, ഇക്കണ്ട കാലയളവിൽ ഇനി വർദ്ധനവിനായി സമരം ചെയ്യില്ല എന്ന് ഉറപ്പ് എഴുതി നൽകിയാൽ മാത്രമേ ഇത് പ്രാബല്യത്തിൽ കൊണ്ടുവരൂ എന്നും കമ്പനി പ്രതിനിധി അറിയിച്ചു. വലതുപക്ഷ തൊഴിലാളി യൂണിയനുകൾ ചർച്ചയ്ക്ക് ശേഷം ഈ നിർദ്ദേശം അംഗീകരിച്ചു. എല്ലാ വർഷവും 27 % ബോണസ് കിട്ടും. അഞ്ച് വർഷത്തെയ്ക്ക് വർദ്ധനവ് പാടില്ല എന്നല്ലേ ഉള്ളൂ. തൊഴിലാളികൾക്ക് എന്ത് കൊണ്ടും സാമ്പത്തികമായി മെച്ചമുള്ള തീരുമാനം തന്നെ എന്നവർ വിലയിരുത്തി.

പക്ഷേ വിപ്ലവക്കാർ ഇത് തള്ളി. ഇത് തട്ടിപ്പാണെന്നു പറഞ്ഞു. അഞ്ച് വർഷം തൊഴിലാളിയെ ചങ്ങലയിൽ തളച്ചിട്ടാൻ നോക്കുകയാണ് കുത്തകകൾ എന്നവർ അലറി. കമ്പനിയും, വലതുപക്ഷ തൊഴിലാളി സംഘടനാ നേതാക്കളും തമ്മിൽ ഒത്തുകളിയാണ് എന്ന് വ്യാജ പ്രചരണം നടത്തി. ഇൻക്വിലാബുകൾ കൂടുതൽ കൂടുതൽ രൂക്ഷമായി മുഴങ്ങി. പക്ഷേ, അഫിഡവിറ്റ് സമർപ്പണത്തിൽ നിന്നും തരിമ്പും പിന്നോട്ടു പോകില്ല എന്ന നിലപാടിൽ കമ്പനിയും ഉറച്ച് നിന്നു.

ഒടുക്കം സിരകളിൽ വിപ്ലവം മൂത്ത് സർ സീ പിയുടെ മൂക്ക് വെട്ടിയ സഖാവിൻ്റെ പൈതൃകത്തിൽപ്പെട്ട ഏതോ ഒരുവൻ മദ്ധ്യസ്ഥ ചർച്ചക്കെത്തിയ ആർഎം സുറാനയെ ആക്രമിച്ചു. ദേഹാസ്വാസ്ഥ്യം കൊണ്ട് അദ്ദേഹം കുഴഞ്ഞ് വീണു. അതോടെ സമരത്തിൻ്റെ ഗതിമാറി. യൂണിയനും മാനേജ്മെൻ്റും തമ്മിൽ നേർക്കുനേർ പോരാട്ടവും പോലീസ് കേസും കോടതി വ്യവഹാരവുമൊക്കെയായി.

കേവലം ഒരു മാസം കൊണ്ട് ഒത്തു തീർപ്പാവേണ്ട കേസ് ഗൂഢാലോചനയിൽ മാസങ്ങൾ നീണ്ടു. ഒരു വർഷത്തോളം കമ്പനി അടഞ്ഞ് കിടന്നു. ഓർഡറുകൾ നഷ്ടമായി. നിർമ്മിച്ച് വെച്ച വസ്തുക്കൾ കയറ്റുമതി ചെയ്യാൻ കഴിയാതെ നശിച്ചു. അടഞ്ഞു കിടന്ന സമയത്തെ വേതനം നൽകണം എന്ന ആവശ്യം ഉയർത്തി തൊഴിലാളികളെ കൊണ്ട് വേറെയും കേസ് കൊടുപ്പിച്ചു. വിപ്ലവ പകവീട്ടൽ അതിൻ്റെ സർവ്വസീമകളും ലംഘിച്ച് രാക്ഷസീയതയുടെ രൂക്ഷ ഭാവം എടുത്തു കഴിഞ്ഞിരുന്നു. സാമ്പത്തികമായി കൂപ്പുകുത്തിയ മാനേജ്മെൻറ് ഒടുക്കം അടിയറവ് പറഞ്ഞ് കിട്ടിയ വിലക്ക് കമ്പനി വിറ്റ് കണ്ണീരൊടെ നാട് വിട്ടു. ആരും ഏറ്റെടുക്കാതിരുന്ന കമ്പനി വർഷങ്ങളോളം കാട്‌ പിടിച്ചു കിടന്നു.. ഒടുവിൽ രാഷ്ട്രീയ സമ്മർദ്ദത്താൽ ഏതാനും വർഷങ്ങൾ മുമ്പ് ഈ കമ്പനി കേരള ടെക്സ്റ്റൈൽസ് വകുപ്പ് ഏറ്റെടുത്തു. ഇപ്പോൾ കേരളത്തിൻ്റെ നികുതിപണം കാർന്ന് തിന്നുന്ന വെള്ളാനകളെ തീറ്റിപ്പോറ്റാനായി നഷ്ടം സഹിച്ചും കമ്പനി ആയി തുടരുന്നു. ഇത് കേവലം ഒരു ഫാക്ടറിയുടെ മാത്രം കഥയാണ്. നൂറുകണക്കിന് കമ്പനികൾ ഇത്തരത്തിൽ ഇവിടെ പൂട്ടി പോയിട്ടുണ്ട്. നിക്ഷേപസൗഹൃദ സംസ്‌ഥാനങ്ങളെപ്പറ്റി പ്രതിപാദിക്കുന്ന വേള്‍ഡ്‌ ബാങ്കിന്റെ ഈസ്‌ ഓഫ്‌ ഡൂയിങ്‌ ബിസിനസ്‌ റിപ്പോര്‍ട്ട്‌ പ്രകാരം ഇന്ത്യയിലെ വ്യവസായ സൗഹൃദ സംസ്‌ഥാനപട്ടികയില്‍ കേരളത്തിൻ്റെ സ്ഥാനം എന്ത് കൊണ്ട് 28/29 ആയി എന്നതിൻ്റെ നേർസാക്ഷ്യമാണ് മുകളിൽ വിവരിച്ചത്. കേരളത്തിനു പിന്നിൽ ത്രിപുര മാത്രമേ ഉള്ളു.

കേരളത്തിന് 20,000 കോടി രൂപയുടെ നഷ്ടം കഴിഞ്ഞ ഇരുപത് വർഷത്തെ അടച്ച്പൂട്ടൽ കൊണ്ട് സംഭവിച്ചിട്ടുണ്ട്.

ഇനിയും തിരുത്തിയില്ലെങ്കിൽ സർവ്വനാശമായിരിക്കും ഫലം.

Leave a Reply

Your email address will not be published. Required fields are marked *