His Stories | ഡോ. പി.കെ. എബ്രാഹമിനെ ഓർക്കുമ്പോൾ | ആദരപൂർവ്വം ഡി. പി. ജോസ് | മുൻ ഡെപ്യൂട്ടി ജനറൽ മാനേജർ | ദീപിക ന്യൂസ്പേപ്പർ | കണ്ണൂർ

Posted on: June 18, 2025

ഉദ്ഘാടനത്തോടനുബന്ധിച്ച് രാവും പകലും അബ്രഹാം സാർ കണ്ണൂർ ഓഫീസിൽ തന്നെയായിരുന്നു.

ഡി.പി. ജോസ്, സീനിയർ റസിഡന്റ് എഡിറ്റർ, +91 755 808 5501

43 വർഷങ്ങൾ! കണ്ണൂർ ജില്ലയിലെ പുലിക്കുരുമ്പ എന്ന മലയോര ഗ്രാമത്തിൽ നിന്ന് 1979 ൽ ദീപികയിലെത്തി, 2022 ൽ വിരമിക്കുമ്പോൾ ഒട്ടേറെ ഓർമ്മകളും കൂടെക്കൂട്ടിയാണ് ഞാൻ പടിയിറങ്ങിയത്. സുദീർഘമായ എൻ്റെ പത്രപ്രവർത്തന ജീവിതത്തെ പിന്തിരിഞ്ഞു നോക്കുമ്പോൾ അത്ഭുതം തോന്നുന്നു.

1979 ൽ ഫീൽഡ് ഓർഗനൈസർ ട്രയിനിയായി തുടങ്ങി 2022 ൽ ഡപ്യൂട്ടി ജനറൽ മാനേജരായി വിരമിച്ച നാൾവഴികൾ എനിക്കെന്നും വിലപ്പെട്ടതായിരുന്നു.

ദീപികയിലെ ഏറ്റവും ചെറിയ നിലയിൽ നിന്നും ജോലി ആരംഭിച്ച എന്നെ വളർത്തിയെടുത്തതിൽ സുപ്രധാന പങ്ക് വഹിച്ച ഡോ.പി. കെ ഏബ്രാഹം എന്ന മഹാ പ്രതിഭാശാലിയെ കുറിച്ച് കുറിക്കാൻ മാത്രം യോഗ്യത എനിക്കില്ല. എങ്കിലും ഞാനുമായി ബന്ധപ്പെട്ട ചില സംഭവങ്ങൾ ഇവിടെ കുറിക്കുകയാണ്.

ദീപികയുടെ മാനേജിംഗ് ഡയറക്ടർ ആൻഡ് മാനേജിങ് എഡിറ്റർ എന്ന നിലയിൽ മാധ്യമ ലോകത്തെ മാറ്റിമറിച്ച ഒരുവ്യക്തിയെക്കുറിച്ച് എഴുതാൻ പലരും ഉണ്ടാകും. എന്നാൽ എന്നെപ്പോലെ നിസ്സാരരായ പലരുടെയും വ്യക്തിത്വത്തെയും കഴിവുകളെയും കണ്ടെത്തി തേച്ചു മിനുക്കി സമൂഹത്തിന് കൊള്ളുന്ന വ്യക്തികൾ ആക്കി മാറ്റിയെടുത്ത ഡോക്ടർ പി കെ എബ്രഹാം എന്ന മനുഷ്യസ്നേഹിയെക്കുറിച്ച് എനിക്ക് എഴുതാനുള്ളത് മാത്രം ഇവിടെ കുറിക്കുകയാണ്.

ദീപികയിൽ നിന്നും രാഷ്ട്രദീപിക ലിമിറ്റഡ് എന്ന പബ്ലിക് ലിമിറ്റഡ് കമ്പനിയായപ്പോൾ അതിൻറെ മാനേജിങ് എഡിറ്ററും മാനേജിംഗ് ഡയറക്ടറുമായി ഡോ. പി. കെ. ഏബ്രഹാം വരുമ്പോൾ മാധ്യമ ലോകത്ത് മാത്രമല്ല നിരവധി വ്യക്തികളുടെ ജീവിതത്തിലും കുട്ടികളുടെ ജീവിതത്തിലും വലിയ മാറ്റങ്ങളാണ് അദ്ദേഹം വരുത്തിയത്.

ദീപികയുടെ കണ്ണൂർ യൂണിറ്റ് എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാനുള്ള ശ്രമത്തിനിട യിലാണ് എബ്രഹാം സാറുമായി കൂടുതൽ അടുത്ത ഇടപെടാൻ എനിക്ക് കഴിഞ്ഞത്.
കോട്ടയത്തും തൃശ്ശൂരുമായി നടക്കുന്ന പ്രതിമാസ മീറ്റിങ്ങുകൾ എൻ്റെയും ദീപികയിലെ സഹ പ്രവർത്തകരുടെയും ചിന്താഗതികളെ മാറ്റിമറിക്കുന്നതായിരുന്നു.ഒന്നും പഠിക്കാതെയും ചിന്തിക്കാതെയും കൃത്യമായി ഗൃഹപാഠം ചെയ്യാതെയും വെറും കയ്യോടെ ഏബ്രഹാം സാറിൻ്റെ മീറ്റിങ്ങിൽ പങ്കെടുക്കാൻ എല്ലാവർക്കും ഭയമായിരുന്നു.
ദീപികയെക്കുറിച്ചും ദീപികയിൽ “ഞാൻ നടത്തിയ പ്രവർത്തനങ്ങളെക്കുറിച്ചും” മാത്രം കൊണ്ട് മീറ്റിങ്ങിൽ പങ്കെടുക്കാൻ ആർക്കും കഴിയില്ല.

ലോകത്തിൽ നടക്കുന്ന എന്ത് കാര്യത്തെക്കുറിച്ചും ചോദ്യവും സംസാരവും ഉണ്ടാവും.
അതിനെല്ലാം മറുപടി പറയാൻ കഴിഞ്ഞില്ലെങ്കിൽ കുഴഞ്ഞതു തന്നെ! അതുകൊണ്ട് പഠിക്കാനുള്ള അനിവാര്യത കൂടിക്കൂടി വന്നു. നന്നായി വസ്ത്രം ധരിക്കാനും മാന്യമായി പെരുമാറാനും ഏബ്രഹാം സാർ ഓർമ്മപ്പെടുത്തി. അതിനായി ശകാരിക്കാനും അദ്ദേഹം മടിച്ചില്ല. അതുവരെ കണ്ണൂർ നിന്നും ഉലഞ്ഞ വസ്ത്രങ്ങളും ധരിച്ച് ചെന്ന ഞങ്ങൾ ഷൂവൊക്കെയിട്ട് എക്സിക്യൂട്ടിവ് സ്റ്റൈലിലല്ലാതെ പിന്നീടൊരിക്കലും സാറിൻ്റെ മീറ്റിങ്ങുകളിൽ ഞങ്ങളാരും പങ്കെടുത്തില്ല.

പിന്നീട് രാഷ്ട്രദീപിക കമ്പനിയുടെ ഷെയർ പിരിവിൻ്റെ കാലഘട്ടമായിരുന്നു.അതോടൊപ്പം തന്നെ കണ്ണൂർ യൂണിറ്റിന്റെ സ്ഥലം ഏറ്റെടുക്കൽ തുടങ്ങിയ കാര്യങ്ങളിൽ ഇടപെടാനുള്ള അവസരവും എനിക്കു കിട്ടി. ഇക്കാര്യങ്ങളിൽ പ്രൊജക്ട് ഓഫീസർ എന്ന നിലയിൽ ശ്രീ. സുനിൽ ഞാവള്ളിയാണ് നേതൃത്വം നൽകിയത്. സുനിലിനൊപ്പം നിന്ന് പ്രവർത്തിക്കാൻ എനിക്ക് അവസരം ലഭിച്ചു .രണ്ടുപേരും ഒന്നിച്ചു നിന്നത് കൊണ്ട് വലിയ നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിഞ്ഞു. അങ്ങനെയാണ് എബ്രഹാം സാറിന്റെ “കണ്ണിൽ ഞാനും പെട്ടത് ‘.

വിശുദ്ധ മദർ തെരേസയുടെ കണ്ണൂർ സന്ദർശനം,സ്ത്രീ ശിബിരം , കർഷക സംഗമങ്ങൾ,രാഷ്ട്രദീപിക വാർത്ത കേന്ദ്രങ്ങളുടെ സ്ഥാനം കണ്ടെത്തൽ ,ഉദ്ഘാടനം തുടങ്ങിയ ഒരുപാട് ചടങ്ങുകൾ പങ്കാളിയാകാനുള്ള അവസരം ലഭിച്ചു.അത് വളർച്ചയുടെ കാലം ആയിരുന്നു. അബ്രഹാം സാർ അന്ന് സ്ത്രീ ശിബിരത്തിൽ പറഞ്ഞ കാര്യങ്ങളിൽ അധികം ഇന്നും ആർക്കും സ്ത്രീ വിമോചനത്തെക്കുറിച്ചോ, സ്ത്രീ ശാക്തീകരണത്തെക്കുറിച്ചോ പറയാനില്ല.

ഒരു കാര്യം തീരുമാനിച്ചാൽ അത് നടപ്പാക്കാതെ പിന്മാറില്ല എന്നുള്ളതാണ് അബ്രാഹാ സാറിൻറെ ഏറ്റവും വലിയ പ്രത്യേകത. മദർ തെരേസക്ക് സമ്മാനമായി ഒരു നില വിളക്ക് കൊടുക്കാനും ‘ദീപികക്ക് ഒരു ആശംസവാങ്ങാനും എബ്രഹാം സാറിൻറെ സഹായിയായി ഞങ്ങൾ എട്ടു മണിക്കൂറോളംകാത്തു നിന്നു.സാറിൻ്റെ മകൾ ഡിമ്പിളും കൂടെയുണ്ടായിരുന്നു. അതെന്റെ ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ അനുഭവവും അനുഗ്രഹവും ആയിരുന്നു, പിന്നീട് കണ്ണൂർ യൂണിറ്റിന്റെ ഉദ്ഘാടനവും മറ്റു ചടങ്ങുകളുമായിരുന്നു.

ഉദ്ഘാടനത്തോടനുബന്ധിച്ച് രാവും പകലും അബ്രഹാം സാർ കണ്ണൂർ ഓഫീസിൽ തന്നെയായിരുന്നു. എഡിറ്റോറിയൽ മുതൽ പത്രത്തിൽ ഡസ്പാച്ച് വരെയുള്ള എല്ലാ കാര്യങ്ങളും ഇടപെട്ടു, ശ്രദ്ധിച്ചു വേണ്ട, നിർദ്ദേശങ്ങൾ കൊടുത്തു കൊണ്ടിരുന്നു.

ആദ്യദിനം ഇരുപത്തയ്യായിരത്തി അഞ്ഞൂറ്റി ഇരുപത് എന്ന നമ്പർ ദീപിക പത്രം അച്ചടിച്ചപ്പോൾ അദ്ദേഹം എന്നെ അഭിനന്ദിക്കാനും മറന്നില്ല. പ്രിൻറ് ഓഡറും ഡെസ്പാച്ചിങ്ങും കഴിഞ്ഞപ്പോൾ എന്നോട് അദ്ദേഹം പറഞ്ഞു എടോ ഞാൻ ഉദ്ദേശിച്ച പോലെയല്ലല്ലോ താൻ. കാരണം എനിക്ക് മനസ്സിലായി.എന്നെക്കുറിച്ച് അത്ര നല്ല അഭിപ്രായമായിരുന്നില്ല പലരും പറഞ്ഞിരുന്നത്. പക്ഷേ എത്ര തിരക്കിനിടയിലും എന്നെ അഭിനന്ദിക്കാനും സമയം കണ്ടെത്തി എന്നത് എന്നെ അത്ഭുതപ്പെടുത്തി.

രാഷ്ട്രദീപിക സായാഹ്ന ദിനപത്രം കണ്ണൂരിന്റെ ഒരു പത്രമായി മാറിയിരുന്നു
രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും അടിക്കുന്ന പത്രം കണ്ണൂരിലെ വലിയൊരു സംഭവമായിരുന്നു. “രാവിലെ പലപത്രം വൈകുന്നേരം ഒരു പത്രം; രാഷ്ട്ര ദീപിക” എന്നതായിരുന്നു സാറിന്റെ ആശയം.അത് കണ്ണൂരിൽ ഒരു പരിധിവരെ നടപ്പായപ്പോൾ അബ്രഹാം സാർ നന്നായി സന്തോഷം പ്രകടിപ്പിച്ചു.കാര്യം പറയാനും കർഷകർക്കുവേണ്ടി ശബ്ദിക്കാനും അദ്ദേഹം ഒരിക്കലും മറന്നിരുന്നില്ല.

ഒരു ദിവസം ചെറുപുഴയ്ക്ക് അടുത്ത് പാടിയോട്ടു ചാലിൽ
ഒരു കർഷക ഓഫീസ് ഉദ്ഘാടനം ശേഷം ‘വൈകുന്നേരം ആയപ്പോൾ കാസർഗോഡേക്ക് യാത്രതിരിച്ചു.വഴിയറിയാവുന്ന ആളെന്ന നിലയിൽ എന്നെയും കൂടെ കൂട്ടി. യാത്രക്കിടയിൽ അദ്ദേഹം പറഞ്ഞു.നമുക്ക് പ്രസംഗിച്ചാൽ മാത്രം മതിയോ കേര കൃഷിക്കാർക്ക് വേണ്ടി എന്തെങ്കിലും ചെയ്യേണ്ടേ. എന്തെങ്കിലും പദ്ധതി യുണ്ടോ.ഒറ്റയടിക്ക് മറുപടി പറയാനുള്ള ധൈര്യം എനിക്കില്ലായിരുന്നു.എങ്കിലും ഞാൻ പറഞ്ഞു നമുക്കൊരു ജാഥ നടത്തിയാലോ.അഭിപ്രായം അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു.

ഇങ്ങനെ വെറുതെ പറയാതെ വിശദമായ ഒരു പദ്ധതി തയ്യാറാക്കി എനിക്ക് തരുക.നാളെ രാവിലെ എട്ടുമണിക്ക് മുമ്പ് ഞാൻ താമസിക്കുന്ന കാസർഗോഡ് സി പി സി ആർ ഐ ഗസ്റ്റ് ഹൗസിൽ എനിക്ക് തരണം’ഒട്ടും ഉറക്കമില്ലാത്ത രാത്രിയായിരുന്നു എനിക്കാ ദിനം.
ഞാൻ രാത്രിയിൽ മുഴുവൻ ആലോചിച്ച് ഒരു പരിപാടി തയ്യാറാക്കി. എത്ര
ആലോചിച്ചാലും കൊടുക്കുന്നതിനു മുമ്പ് ഒന്നുകൂടി ആലോചിക്കണം!അല്ലെങ്കിൽ വലിയ വില കൊടുക്കേണ്ടി വരും!

ഉറങ്ങാതിരുന്ന് തയ്യാറാക്കി. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ കേരപ്രചരണ ജാഥ നടത്തുക.അതിൻ്റെ ഉദ്ഘാടനം കാസർഗോഡ് ജില്ലയിൽ ആരംഭിക്കണം.
സമാപനത്തിൽ തിരുവനന്തപുരത്ത് കൃഷിമന്ത്രിയും മറ്റു പ്രമുഖ ഉദ്യോഗസ്ഥരും എംഎൽഎമാരും,മറ്റു പ്രധാന വ്യക്തികളും വേണം. രാജപുരത്ത് നിന്നു തുടങ്ങിയ കേര പ്രചാരണ ജാഥ കേരളത്തിൻ്റെ കാർഷിക ചരിത്രത്തിലെ വലിയ സംഭവമായി.

എത്ര കാലം കഴിഞ്ഞിരിക്കുന്നു. ദീപികയിൽ നിന്ന് പടിയിറങ്ങിയെങ്കിലും
പലരും മറന്നെങ്കിലും അദ്ദേഹം സ്ഥാപിച്ച കണ്ണൂർ യൂനിറ്റിൽ അദ്ദേഹത്തെ സ്രീകരിക്കാൻ എളിയവനായ എനിക്ക് വീണ്ടും അവസരം ലഭിച്ചു. അദ്ദേഹം മാക്ഫാസ്റ്റിൻ്റെ നേതൃത്വത്തിലിരിക്കുമ്പോൾ അവിടുത്തെ കുട്ടികളുമായി ഒരു ദിവസം അദ്ദേഹം കണ്ണൂർ ഓഫീസിലേക്ക് വരുന്നു.അവരുടെ പഠനയാത്രയുടെ ഭാഗമായിരുന്നുവത്. കണ്ണൂർ യൂണിറ്റിൽ അന്ന് പലർക്കും അദ്ദേഹത്തെ തിരിച്ചറിയാനായില്ല.അറിയുന്നവർ പലർക്കും അദ്ദേഹത്തെ സ്വീകരിക്കാൻ പേടി!കാരണം അദ്ദേഹത്തെ സ്വീകരിക്കുന്നത് അന്നത്തെ മാനേജ്മെന്റിന് ഇഷ്ടപ്പെടുമോ എന്ന പേടി. ഞാൻ കണ്ണൂർ യൂണിറ്റിന്റെ റസിഡൻ്റ് മാനേജരാണ് അന്ന്.

സാറിൻ്റെ കാലത്ത് ഉണ്ടാക്കിയെടുത്ത മുറിയും ഇരിപ്പിടവും. പ്രധാന കസേരയിൽ ഞാനിരിക്കുന്നു. ഞാൻ പുറത്തിറങ്ങി ചെന്ന് സാറിനെ സ്വീകരിച്ചു. റെഡിഡൻറ്റ് മാനേജരുടെ മുറിയിലേക്ക് വന്നു. അദ്ദേഹം എൻ്റെ മുമ്പിൽ ഒരു കസേരയിലിരുന്നു.
ഞാൻ എണീറ്റ് നിന്നു. ഇരിക്കണമോ എണീക്കണമോ എന്നറിയാതെ ഞാൻ കുഴങ്ങുന്നത് കണ്ട് അദ്ദേഹം പറഞ്ഞു. “താൻ അവിടെ ഇരിക്ക് തൻ്റെ കസേരയിൽ താൻ തന്നെ ഇരിക്കണം”. മറുപടി ഒന്നും പറയാതെ ഞാൻ എണീറ്റ് സാറിൻ്റെ കൈ പിടിച്ച് വണങ്ങി. ഞാൻ ഇരിക്കുന്ന റഡിഡൻറ്റ് മാനേജരുടെ കസേരയിൽ അദ്ദേഹത്തെ ഇരുത്തി.

സാറിന് ഇഷ്ടമുള്ള നെസ് കോഫിയും കൂടെ വന്നവർക്കെല്ലാം ചായയും പലഹാരങ്ങളും കൊടുത്തു. അദ്ദേഹത്തിൻ്റെ മുഖത്തെ സന്തോഷം എനിക്ക് കാണാനായി.
താൻ വളർത്തിയെടുത്തവർ ദീപികയിൽ ഉയരുന്നതു കണ്ടാണ് ഏബ്രഹാം സാറിന് സന്തോഷം. എനിക്കാകട്ടെ ഏറ്റവും സന്തോഷം നൽകിയ ഒരു കണ്ടുമുട്ടലായിരുന്നത്.

ദീപികയ്ക്ക് 100 രൂപയുടെ പിരിവിലാണ് തുടക്കം. എന്നാൽ ഭാവിയിൽ കാഞ്ഞങ്ങാട് കാസർഗോഡ് ഉള്ള ബിസിനസുകാർ ലക്ഷങ്ങളുടെ ഷെയർ ചോദിച്ചു വാങ്ങിയ കാഴ്ചയും ഞങ്ങളെ അത്ഭുതപ്പെടുത്തി. അത്തരം ആളുകളെ ദീപികയിലേക്ക് അടുപ്പിക്കുന്നതിൽ കാഞ്ഞങ്ങാട്ടെ മാമ്പള്ളി ഫിലിപ്പ് ചേട്ടനും.മറ്റുമൊക്കെ വഹിച്ച പങ്ക് ആർക്കും വിസ്മരിക്കാനാവില്ല.കാഞ്ഞങ്ങാട്ടെ അതിഞ്ഞാലുള്ള ഹാജിക്കയും കാസർകോട്ടെ ഹാജിക്കാന്മാരും ‘ശ്രീകണ്ഠപുരത്തെ കോളേജിൻ്റെ സ്ഥാപകൻ കെ എം വർഗീസും ഒക്കെ ദീപികയുടെ ശക്തമാക്കി.

കണ്ണൂർ യൂണിറ്റ് തുടങ്ങുമ്പോൾ മാധ്യമ ലോകത്ത് പുതിയ സംഭവമായി ആയിരക്കണക്കിന് പ്രവർത്തകരെയാണ് അണിനിരത്തിയത്. നമ്മുടെ നാട്ടുകാർ വളരെ കുറവായിരുന്നു കോട്ടയത്തും മറ്റ് സ്ഥലങ്ങളും ഉണ്ടായിരുന്ന പ്രധാന വ്യക്തികളെ ഒക്കെ ടിവി കണ്ണൂർ യൂണിറ്റിലേക്ക് കൊണ്ടുവന്നു. എന്നാൽ അവർക്കൊന്നും മലബാറിൻ്റെ സ്ഥലകാലം പരിമിതികളും ഭാഷയും വേണ്ടത്ര വശം ഇല്ലാതിരുന്നതിനാൽ വല്ലാതെ വിഷമിച്ചു. എല്ലാത്തിനും തുടക്കം കുറിച്ച സുനിൽ ഞാവള്ളിയെ ഈ സമയത്ത് കോട്ടയത്തേക്ക് സ്ഥലം മാറ്റുകയും ചെയ്തു.

അതുകൊണ്ട് വല്ലാത്ത പ്രതിസന്ധിയാണ് അതിജീവിക്കേണ്ടി വന്നത്. കരണ്ട് കണക്ഷനും ഫോൺ കണക്ഷനും പോലും കിട്ടാതെ പത്രത്തിൻ്റെ ഉദ്ഘാടനവും എല്ലാം നിശ്ചയിക്കാനുള്ള ധൈര്യം ഡോക്ടർ പി കെ അബ്രഹാം കാണിച്ചു. അദ്ദേഹം എപ്പോഴും അങ്ങനെയായിരുന്നു ‘കാര്യം തീരുമാനിക്കുക പിന്നീട് നടപ്പാക്കുക. അതിൽ ഒരിക്കലും പാളിച്ച പറ്റിയിട്ടില്ല ആത്മധൈര്യവും ഇച്ഛാശക്തിയും ആയിരുന്നു അതിൻ്റെ കാരണം ‘

ഒരു പത്രം എന്നാൽ ഫ്രണ്ട് ചെയ്ത വായിക്കാനുള്ള ഒരു സാധനം മാത്രമല്ല ‘
പത്രം സാമൂഹ്യ മാറ്റത്തിന് നാടിൻറെ വികസനത്തിനും കാരണമാകണമെന്ന് അബ്രഹാം സാർ നിർബന്ധമായിരുന്നു ‘ അതുകൊണ്ടുതന്നെയാണ്
ഏറെ വിമർശനവും ഒക്കെ കേട്ടിട്ടും കേരപ്രചരണം യാതയും സ്ത്രീ ശിബിരവും
ബിസിനസ് ദീപിക വഴി പ്രമുഖരെ ആദരിക്കലും ഒക്കെ ആരംഭിച്ചത്.
മലയോഗങ്ങളുടെ വികസനത്തിന് ദീപിക ഒരു വഴികാട്ടിയും നാഴികല്ലും ആയെങ്കിൽ അതിൻ്റെ പ്രധാനകാരണം ഡോക്ടർ പി കെ അബ്രഹാം തന്നെയായിരുന്നു.

ദീപികയ്ക്ക് മലബാറിൻ്റെ മുഖവും ഭാഷയും ഉണ്ടാകാൻ കണ്ണൂരുകാരനായ ഡോക്ടർ പി കെ അബ്രഹാം നല്ലപോലെ ശ്രമിച്ചു. മലബാറിലെ പ്രമുഖ സാഹിത്യകാരന്മാരെയും ചരിത്രകാരന്മാരെയും എല്ലാം ഉൾപ്പെടുത്തി ദീപികക്ക് ഒരു എക്സ്പെർട്ട് ഫോറുമുണ്ടാക്കി. ദീപിക ബാലസത്യത്തിനു പോലും മലബാറിൻ്റെ മുഖം ഉണ്ടാക്കുന്നതിന് വേണ്ടി അദ്ദേഹം ആർ പ്രഭാകരൻ മാസ്റ്ററെ ദീപിക ബാലസഖ്യത്തിൻ്റെ പ്രവർത്തനം ഏൽപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *