സാബു എന്നും നിഴലായി ജെസിക്കൊപ്പം നിന്നു. ആവോളം സ്‌നേഹവും കരുതലും നല്‍കി. വേദനപോലും ഒപ്പിയെടുക്കാന്‍ ശ്രമിച്ചു.

Posted on: March 26, 2021

By ഫ്രാങ്കോ ലൂയിസ്

അല്‍ഫോന്‍സ. ജെസിയെന്നാണു സാബു വിളിക്കാറുള്ളത്. ഞങ്ങളും അങ്ങനെ വിളിച്ചു. എല്ലാവരോടും സ്‌നേഹവും കരുതലുമുള്ള ജെസി. കേന്ദ്രീയ വിദ്യാലയത്തിലെ അധ്യാപികയായിരുന്നു.

രണ്ടു വര്‍ഷം മുമ്പ് ബില്‍ഡര്‍ എന്ന നിലയില്‍ സാബു എനിക്കു കുറേ സഹായങ്ങള്‍ ചെയ്തുതന്നു. എന്നും വിശേഷങ്ങള്‍ ചോദിക്കാറുള്ള സാബുവിന്റെ ശബ്ദം ഒന്നു രണ്ട് ആഴ്ചയായി കേട്ടില്ല. ഞാന്‍ വിളിച്ചപ്പോള്‍ വളരെ തിടുക്കത്തിലാണു മറുപടി തന്നത്. പന്തികേടു തോന്നി എന്താ പ്രശ്‌നമെന്നു ചോദിച്ചു.

‘ഞാന്‍ കുറച്ചു ദിവസമായി ആശുപത്രിയിലാണ്. ലേക് ഷോറിലാണ്. ജെസിക്കു സുഖമില്ല.’

മറുപടി കേട്ട് ഞാന്‍ അമ്പരന്നു. കാന്‍സറാണ്. കീമോതെറാപ്പി തുടങ്ങിയിരുന്നു. കീമോയുടെ ക്ഷീണവും അസ്വസ്ഥതകളുമുണ്ട്. ട്യൂമര്‍ ചുരുങ്ങുന്ന മുറയ്ക്ക് ശസ്ത്രക്രിയ ചെയ്ത് നീക്കം ചെയ്യാം. ആശ്വാസത്തിന്റേയും പ്രതീക്ഷയുടേയും വാക്കുകള്‍.

ആദ്യ ഡോസ് കീമോ കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ കുടുംബസമേതം കാണണമെന്ന് ആഗ്രഹിച്ചു. വരരുതെന്ന് സാബു വിലക്കി. അതിനു പല കാരണമുണ്ട്. അണുബാധ ഭീഷണി. വേദന. മുടിയെല്ലാം കൊഴിഞ്ഞുപോയിരിക്കുന്നു. ആരേയും അഭിമുഖീകരിക്കാന്‍ താല്‍പര്യമില്ല. രോഗിയെ മാനസികമായി തളര്‍ത്തുന്ന സംസാരങ്ങളുണ്ടാകുമോയെന്ന ശങ്കയുമുണ്ട്. അതിനാല്‍ ആരേയും കാണേണ്ടെന്നാണു നിലപാട്.

അവരുടെ വീട്ടില്‍ ഒരുപാട് അവസരങ്ങളില്‍ എനിക്കു വച്ചുവിളമ്പിത്തന്ന കൈകളാണത്. അതുപോലെ എന്റെ വീട്ടിലും അവര്‍ അതിഥികളല്ല. അത്രയും അടുപ്പമുണ്ട്.

അതുകൊണ്ട് സാബുവിന്റെ വിലക്കു കൂസാതെ ആ വീട്ടിലേക്കു പോയി. സാബുവുമായി സംസാരിച്ചു. അകത്തുള്ള മുറിയില്‍ വിശ്രമത്തിലായിരുന്ന ജെസി അല്‍പം കഴിഞ്ഞപ്പോഴേക്കും വന്നു. തലയില്‍ ഒരിഴ മുടിപോലുമില്ലായിരുന്നു. അതൊന്നും ഗൗനിക്കാതെ ആ മുഖത്തു പുഞ്ചിരി.

എന്തു വെല്ലുവിളിയേയും നേരിടാന്‍ സജ്ജമാണെന്ന ജെസിയുടെ മുഖഭാവം കണ്ടപ്പോഴേ എനിക്കു സമാധാനമായി. എന്തിനേയും നേരിട്ടേ തീരൂവെന്ന് ജെസിയും സാബുവും പറഞ്ഞപ്പോള്‍ എനിക്കും അതുതന്നെയാണു പറയാനുള്ളതെന്നായി ഞാന്‍.

പിന്നീട് ആറേഴു മാസം മുമ്പ് സാബു പറഞ്ഞു: രോഗം എങ്ങനെയോ ശ്വാസകോശത്തിലേക്കു പടര്‍ന്നു. മൂത്ത മകളുടെ വിവാഹാലോചന തുടങ്ങുകയാണ്. വിവാഹ മുഹൂര്‍ത്തത്തിനു സാക്ഷ്യമേകാന്‍ കഴിയുമെങ്കില്‍ നല്ലതല്ലേ.

മാട്രിമണി സൈറ്റില്‍ മകളുടെ ഫോട്ടോയും വിവരങ്ങളും ചേര്‍ത്തു. യോജ്യമായ ആലോചനകള്‍ തെരഞ്ഞുവരികയായിരുന്നു. വേദനയുടേയും അസ്വസ്ഥതകളുടേയും മധ്യേ അതിനു കഴിയുമായിരുന്നില്ല.

എളുപ്പത്തില്‍ സേര്‍ച്ചു ചെയ്യാന്‍ എന്താണു മാര്‍ഗം.

അറിയാവുന്ന വിദ്യകള്‍ ഞാന്‍ പങ്കുവച്ചു. പക്ഷേ, അധികം തെരയാന്‍ സാവകാശം ലഭിച്ചില്ല.

സാബു എന്നും നിഴലായി ജെസിക്കൊപ്പം നിന്നു. ആവോളം സ്‌നേഹവും കരുതലും നല്‍കി. വേദനപോലും ഒപ്പിയെടുക്കാന്‍ ശ്രമിച്ചു.

ഇന്നു രാവിലെ ആറിന് സാബുവിന്റെ ഫോണ്‍ വന്നപ്പോള്‍ ഇങ്ങനെയൊരു വിശേഷം കേള്‍ക്കേണ്ടി വരുമെന്നു കരുതിയില്ല.

ഒരു നാള്‍ നാമെല്ലാം പോകേണ്ടവര്‍തന്നെ. എങ്കിലും ഇഷ്ടമുള്ളവര്‍ പോകുമ്പോള്‍ വിഷമം, അല്ല, ഒരുതരം വിമ്മിഷ്ടമാണ്.

ഏറ്റവും മികച്ച ഫോട്ടോ ജേണലിസ്റ്റ്, ഒന്നാന്തരം ബില്‍ഡര്‍ എന്നതിലെല്ലാം ഉപരി നല്ല മനുഷ്യസ്‌നേഹി എന്ന നിലയിലാണ് 35 വര്‍ഷമായി സാബുവിനെ കാണുന്നത്.

പ്രിയപ്പെട്ട ജെസീ,
ഞങ്ങളുടെ മനസില്‍ ആ സ്‌നേഹം അണയാത്ത ജ്വാലയാണ്.
പ്രണാമം.

ഫ്രാങ്കോ ലൂയിസ്

Leave a Reply

Your email address will not be published. Required fields are marked *