ആ നീതി അന്വേഷിക്കുന്നുവെങ്കിൽ, ചോദ്യങ്ങൾ പെരുകുകയാണ്:

Posted on: June 7, 2021

കൂട്ടം തെറ്റിയ, ആഢ്യനല്ലാത്ത ഒരു ആട് ചോദിക്കുന്നതാവിത്: ‘പരിവർത്തിത ക്രിസ്ത്യൻ’ ഒരു ജാതിയോ മതമോ പക്ഷമോ?

‘സമ്പത്ത് ദൈവദാനം’, ‘സമ്പത്തിന് അവകാശം’ എന്നിങ്ങനെയെല്ലാം സമ്പത്തിന്റെ സമ്പാദനത്തെക്കുറിച്ചു മനംകുളിർപ്പിക്കുന്ന ക്രിസ്ത്യൻ പാഠങ്ങൾ. ആ പാഠങ്ങൾക്കിടയിലും സമൂഹനീതിയെക്കുറിച്ചു ഒരു വരി പറയാൻ മടിക്കുന്ന സൺഡേസ്‌കൂൾ പാഠാവലി.

അതു കണ്ട് എഴുതുന്ന, കർത്താവ് ഇല്ലാത്ത വാക്യങ്ങളാണ് ഇനി. കർത്താവിന്റെ സ്ഥാനത്ത് ഇഷ്ടംപോലെ ‘നമ്മൾ’ അല്ലെങ്കിൽ ‘നിങ്ങൾ’ എന്നു വച്ച് വായിക്കാം.

-ഭരണഘടന നിർമ്മാണ അസംബ്ലിയിൽ ചർച്ച നടക്കുമ്പോൾ, ഞങ്ങൾക്കു സംവരണം വേണ്ട, സ്‌കൂളും കോളജും നടത്താനുള്ള സ്വാതന്ത്ര്യം മതി എന്നു പറഞ്ഞു (പിന്നീട് ന്യൂനപക്ഷാവകാശം എന്നു പേരുവന്ന സ്വാതന്ത്ര്യം).

-വിദ്യാഭ്യാസപരമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കു മണ്ഡൽ സംവരണം വന്നപ്പോൾ, സംവരണം മെരിറ്റ് തകർക്കും എന്ന വാദത്തിന്റെകൂടെ കൂടി.

-സ്വാശ്രയ പ്രഫഷണൽ കോളജ് ബില്ലിൽ ദലിത്-പിന്നാക്ക വിഭാഗങ്ങൾക്കു സംവരണം നിർദ്ദേശിക്കപ്പെട്ടപ്പോൾ, അതു ന്യൂനപക്ഷസ്വാതന്ത്ര്യത്തിനു വിരുദ്ധമാണെന്നു വാദിച്ചു.

-പിന്നെപ്പിന്നെ (”മെരിറ്റ് തകർക്കുന്ന”) സംവരണവും വേണം, ന്യൂനപക്ഷ ക്ഷേമ പദ്ധതികളിൽ ജനസംഖ്യാനുപാതിക വിഹിതവും വേണം എന്നാവശ്യപ്പെട്ടു.

ന്യൂനപക്ഷ സ്വാതന്ത്ര്യം, അവകാശം, സാമ്പത്തിക സംവരണം, ജനസംഖ്യാനുപാതിക വിഹിതം എന്നിങ്ങനെ കൊടിക്കൂറകൾ മാറിമാറി ഉയർത്തുമ്പോൾ, എന്താണ് ഉള്ളിലിരിപ്പ്? കർത്താവിന്റെ സുവിശേഷമാണോ? ആ സുവിശേഷം സാമൂഹികനീതിയുടേതാണ് എന്ന് അങ്ങു വത്തിക്കാനിലെ സെർവറിലുള്ള രേഖകൾ access ചെയ്യാൻ പറ്റാത്തതാണോ?

ആ നീതി അന്വേഷിക്കുന്നുവെങ്കിൽ, ചോദ്യങ്ങൾ പെരുകുകയാണ്:

👉പ്രഫഷണൽ കോളജുകൾ പണിതപ്പോൾ, ദലിത് ക്രൈസ്തവ വിദ്യാർത്ഥികൾക്കു ജനസംഖ്യാനുപാതികമായിടത്തോളം സീറ്റ് എന്നതു പോട്ടെ, സംഭാവനത്തുക ഇല്ലാത്ത അവരിലൊരാൾക്ക് ഒരു സീറ്റെങ്കിലും മാറ്റിവയ്ക്കാമായിരുന്നില്ലേ?

👉ദലിത് ക്രൈസ്തവർ ദലിത് ഹിന്ദുക്കളെപ്പോലെ സാമൂഹികമായി പിന്നാക്കം നിർത്തപ്പെടുന്നവരാണെന്നതിനാൽ, ജാതിസംവരണം അവർക്കും അനുവദിക്കണമെന്നാവശ്യപ്പെട്ട് ആണ്ടിലൊരു ജസ്റ്റീസ് സൺഡേ ആചരിക്കും. അവർക്കുകൂടി അവകാശപ്പെട്ട സ്ഥാപനങ്ങളിൽ അവർക്കെന്തെങ്കിലും സംവരണം (ജോലിസംവരണം പോട്ടെ, സൗജന്യ ഹോസ്റ്റൽമുറി സൗകര്യമെങ്കിലും) ഏർപ്പെടുത്താമായിരുന്നില്ലേ?

👉ഇടത്തും വലത്തും നടക്കുമുള്ള പാർട്ടികളോടും മുന്നണികളോടും ‘സ്വന്തം ജാതി’യെ സ്ഥാനാർത്ഥികളാക്കാൻ നിർദ്ദേശിക്കുമ്പോൾ ഒരിക്കലെങ്കിലും ഒരു ദലിത് ക്രൈസ്തവന്റെ പേര് പറയാമായിരുന്നില്ലേ?

👉പൗരോഹിത്യ ദൈവവിളി പ്രൊമോഷന് ആളും അർത്ഥവും വകയിരുത്തുമ്പോൾ, ദലിത് ക്രൈസ്തവരിൽനിന്നു പൗരോഹിത്യവിളി പ്രോത്സാഹിപ്പിക്കുവാൻ എന്തെങ്കിലും ചെയ്യണമെന്നു തോന്നാറുണ്ടോ? അധികമൊന്നും ചെയ്തില്ലെങ്കിൽത്തന്നെ, മനസ്സുകൊണ്ട് അതിനൊരു സമ്മതം കൊടുക്കത്തക്കവിധം മനോഭാവത്തിലെങ്കിലും മാറ്റത്തിനു തയ്യാറാവേണ്ടിയിരുന്നില്ലേ?

കർത്താവു വന്നുകഴിഞ്ഞു സാമൂഹികമാവട്ടെ, സാമ്പത്തികമാവട്ടെ, രാഷ്ട്രീയമാവട്ടെ, മതപരമാവട്ടെ, privileged minorities എന്നത് ഇന്ത്യയിലായാലും അഖിലലോകത്തായാലും ക്രമേണ പഴങ്കഥയാവുകയാണ്.

സാംസ്‌കാരിക പരിണാമ ക്ലോക്കിന്റെ കറക്കം അങ്ങനെയാണ്. അതിന്റെ സൂചികൾ പിറകോട്ടു നടത്താൻ വൃഥാ ശ്രമിക്കുകയല്ല, പ്രിവിലജ്‌സ് ഇല്ലാതാക്കിക്കൊണ്ടുള്ള ആ പരിണാമത്തെ നയിക്കുന്ന സാമൂഹികനീതിയുടെ സുവിശേഷത്തിലേക്കു മാനസാന്തരപ്പെടുക ആണു ഭംഗി. അപ്പോൾ നിങ്ങളും/നമ്മളും യഥാർത്ഥ പരിവർത്തിതർ ആവും. ഒറിജിനൽ ക്രിസ്ത്യൻസ്. ഒറിജിനൽ കൺവർട്ടഡ് ക്രിസ്ത്യൻസ്.
അതിനു പാഠാവലി പുതുക്കിയെഴുതണമെങ്കിൽ അല്പം സമയം ബാക്കിയുണ്ട്.

സോഷ്യൽ എൻജിനിയറിംഗ്


ജാതീയമായി മാത്രമല്ല വംശീയമായും വേർതിരിഞ്ഞ കേരളത്തിലെ സുറിയാനി (സൈറോ-മലബാർ) കത്തോലിക്കർ 2021 ജൂൺ നാലിലെ അസാധാരണ ഗസറ്റ് വിജ്ഞാപനപ്രകാരം ഇനി മൂന്നിനം:

  1. ദലിതർ, 2.ദലിതരല്ലാത്ത വടക്കർ, 3. തെക്കർ. (സർക്കാർ ലിസ്റ്റിലെ ക്രമനമ്പറുകൾ യഥാക്രമം 155, 163, 159. *തെക്കർ ‘വംശശുദ്ധി’ അവകാശപ്പെടുന്നവരാകയാൽ അവരിൽ ദലിതർ ഇല്ലെന്നു സൂചന). ‘പൊതുമലയാള’ത്തിൽ പരിചിതമായിട്ടില്ലാത്ത “സഭയും സമുദായവും” എന്ന കത്തോലിക്കാ മലയാള പ്രയോഗം ഇപ്പോൾ ക്ളിയറായി. ഈ സോഷ്യൽ എൻജിനിയറിംഗ് വഴി ദലിത് കത്തോലിക്കരെ “സംവരണേതര സമുദായം” (പിന്നാക്കേതരർ) എന്നാക്കി മാറ്റുന്നതിൽ ആഢ്യകത്തോലിക്കർ രഹസ്യവിജയം നേടിയ വാർത്ത വ്യസനസമേതം റിപ്പോർട്ട് ചെയ്യുന്നു.

ഇതോടെ പ്രാദേശിക വാർത്തകളും ജസ്റ്റിസ് സൺഡേയും കഴിഞ്ഞു.
ഇനി നിലയവിദ്വാന്മാർക്കു വീണ വായിക്കാം.
🎺

  • ജോസ് ടി

Leave a Reply

Your email address will not be published. Required fields are marked *