Headline

Bhoomi Karayunnu | Poem | ഭൂമി കരയുന്നു | കാവാലം നാരായണപ്പണിക്കർ | കാവാലം ശ്രീകുമാർ |

Posted on: June 25, 2021

കാവാലം നാരായണപ്പണിക്കർ നമ്മെ വിട്ടു പോയിട്ട്‌ ‌അഞ്ച്‌ വർഷം തികയുന്ന ദിവസമാണ്‌ ജൂൺ26.

മരണത്തിനു മുൻപ്‌ പറഞ്ഞിരുന്ന ഒരു കാര്യം മരണം ആഘോഷമാക്കണം എന്നതായിരുന്നു. അതിൻ പ്രകാരം എല്ലാവരും അഛന്റെ നാടൻ പാട്ടുകളും ഒക്കെ പാടിയായിരുന്നു 2016 ജൂൺ 26 നു അഛനു വിട ചൊല്ലിയത്‌ . നാടകവും,കവിതയും,നൃത്ത നാട്യങ്ങളും നാടക സംവാദങ്ങളും, ചർച്ചകളും ഒക്കെ ഇടകലർന്ന ഒരു സമ്പൂർണ്ണ കലാ ജീവിതമായിരുന്നു അഛന്റേത്‌.
ഇന്നും ഏറ്റവും പ്രസക്തമായ ഒന്നാണ്‌ പ്രകൃതി സംരക്ഷണം. ഭൂമിയെ ഇന്നും മലിനമാക്കുന്ന നമ്മൾ അതിന്റെ തിക്ത ഫലങ്ങൾ പ്രകൃതി ദുരന്തങ്ങളായും മറ്റും അനുഭവിച്ചു തുടങ്ങി. കവികൾ എല്ലാവരും ഈ വിഷയത്തിൽ ഉച്ചത്തിൽ പാടിയിട്ടും നമ്മൾ ഗൗനിച്ചതേയില്ലാ. പ്രകൃതി ഇടയ്ക്കിടെ തേങ്ങുന്നത്‌ നമ്മൾ ഇപ്പൊഴും കേൾക്കുന്നുണ്ടോ ?
“ഭൂമി കരയുന്നു” എന്ന കാവാലം കവിത ഇവിടെ പങ്കിടുന്നു.


കാവാലം ചിരസ്മരണ

ഇത് വയസ്സില്ലാപ്പെരുംകളിയാട്ടം…!

ഡോ.സഞ്ജീവൻ അഴീക്കോട്

മിഥുന പൗർണമി ചന്ദ്രൻ ദ്വിതീയ തിഥിയിലേക്ക് ഉദിച്ചുയരവേ ശാരദാംബിക പ്രസാദമായി വേപ്പിലമാരി സോപാനപ്പടിയിൽ ഉറഞ്ഞാടുകയാണ് …

അതെ ദ്രാവിഡ അനുഷ്ഠാനത്തനിമയുടെ സ്വാമിയാട്ടം…

കൈയ്യിൽ വേപ്പില കമ്പ് ആയുധമാക്കി ചൂട്ട വെളിച്ചത്തിൻ്റെ പ്രകാശത്തിൽ താളാത്മകമായി വെളിപ്പെട്ട് ഉറഞ്ഞാടി അരുൾ വാക്ക് ഉരിയാടുന്ന വേപ്പിലമാരി വെറിയാട്ട് തെയ് വം…

ഭക്തരുടെ വിശ്വാസ പ്രതിരോധകവചമാം തമിഴക ദ്രാവിഡാനുഷ്ഠാനം..

വേപ്പ് ആയുർവേദ പ്രതിരോധ ഔഷധം കൂടിയാണല്ലോ..

കൊറോണ മഹാമാരി പടർന്നു പിടിച്ച കാലഘട്ടത്തിൽ അന്തരീക്ഷ ശുദ്ധീകരണത്തിന് പ്രകൃതിയുടെ വരദാനമായ വേപ്പിന് ഏറെ പ്രസക്തിയുണ്ട്.

തനതു നാടക പ്രസ്ഥാനത്തിന് അടിത്തറയിട്ടു വളർത്തിയെടുത്ത്, ലോകമെങ്ങും ഭാരതീയനാട്യ ശാസ്ത്രപ്പെരുമയുടെ സർഗാത്മക
വസന്തച്ചാർത്തേകിയ, ഋഷിവര്യനായ ഗുരുനാഥൻ _
നാട്യ ശാസ്ത്ര കുലപതി പദ്മഭൂഷൺ കാവാലംനാരായണപണിക്കരുടെ ചിരസ്മരണയുടെ അഞ്ചാമാണ്ട് …

ഉത്തരായനത്തിൽ മേടത്തിലെ അത്തം നക്ഷത്രത്തിൽ 1928 മേയ് ഒന്നിന് കാവാലത്ത് ജനിച്ചു. 2016 ജൂൺ 26 ന് ഉത്തരായനത്തിലെ മിഥുനമാസത്തിൽ പൂരുരുട്ടാതി നക്ഷത്രത്തിൽ തൻ്റെ 88-ാം വയസ്സിൽ വിണ്ണരങ്ങിലേക്ക് യാത്രാമൊഴിചൊല്ലി.

ഗുരുനാഥൻ്റെ ആണ്ടു ബലി ഇക്കുറി ആര്യവേപ്പിൻ തൈ നട്ടു ശിഷ്യർ അനുഷ്ഠിക്കുകയാണ്..
അതെ തിരുവനന്തപുരം തൃക്കണ്ണാപുരത്ത് കാവാലം സോപാനം തിരുമുറ്റ വളപ്പിൽ സനാതന അനുഷ്ഠാനത്തനിമയിൽ ലളിതമായ ചടങ്ങിൽ ശിഷ്യരുടെ ശ്രദ്ധാഞ്ജലി..

കാവാലം വായ്ത്താരികൾ നിറഞ്ഞ അന്തരീക്ഷത്തിൽ
ആ വേപ്പിൻ തൈ തഴച്ചു വളരട്ടെ.

സംഗീസാഹിത്യ, ഗവേഷണ, കാവ്യ നാടക, നാട്യ കലാജീവിത
വിശുദ്ധിയുടെ കാല പ്രമാണതെളിമയായി വേപ്പ് ഇവിടെമാറുകയാണ്.

ഗുരുനാഥൻ്റെ സമർപ്പിത കർമ്മകാണ്ഡം സഹൃദയർക്കു പകർന്നു നല്കിയ ദിവ്യകലാ ഔഷധക്കൂട്ടിൻ വിശുദ്ധിയുടെ പ്രതീകമായി
വേപ്പ് മരംവളർന്നു പന്തലിക്കട്ടെ..

ഭാരതീയകലയുടെ മർമ്മ താളം തേടിയലഞ്ഞ കാവാലം ഗുരുനാഥൻ 1965-ൽ രൂപപ്പെടുത്തിയെടുത്ത ക്രിയാമണ്ഡലമാണ് സോപാനം കളരി.

സംഗീത, ”നാടക,നാട്യകലാ പഠനകളരിയായും ഗവേഷണ കേന്ദ്രമായും സോപാനം ഗുരുകുലം വളർന്നു വികസിച്ചു. ശിഷ്യഗണങ്ങൾക്ക് അമ്മയായി സഹധർമ്മചാരി ശാരദാമണിയമ്മയും
മക്കളായ കാവാലം ഹരികുമാറും കാവാലം ശ്രീകുമാറും പേരമക്കളും ബന്ധു ജനങ്ങളും ചേർന്ന് ആ ഗുരുകുലനാട്യശാലയെ വാത്സല്യത്തോടെ നെഞ്ചേറ്റി വളർത്തി.
അതെ
നാട്യാന്തം സോപാനം എന്ന നിലയിൽ കലാകാരന്മാർക്കിടയിൽ ലോകപ്രസിദ്ധമായി.

സോപാനത്തിൻ്റെ അകത്തും പുറത്തും ഇടത്തും വലത്തും അഷ്ടദിക്കുകളിലും ഊർജ്ജസ്വലതയോടെ ആചാര്യൻ ജീവിതാന്ത്യം വരെ നിറഞ്ഞാടി.
ജീവിതവും കർമ്മവും ഒന്നായി കണ്ട മനീഷി.
ആ സോപാന ജീവിതം അനുഭവിച്ചു തന്നെ അറിയണം.
കാവാലവും സോപാനവും രണ്ടല്ല. ഒന്നാണ്.
ഗുരുവും ശിഷ്യഗണങ്ങളും ചേർന്ന് സൃഷ്ടിച്ചെടുത്ത സോപാന ചേരുവ..
ഭാരതീയ കലയുടെ മൂലാധാരമായ. ആ ശക്തി ചൈതന്യം ഒരു മഹാപ്രസ്ഥാനമായി മാറി.

തലമുറ മാറ്റം

സോപാനത്തിൻ്റെ പിൻഗാമിയായി ഗുരുനാഥൻ
തൻ്റെ പേരമകൾ കല്യാണിയെയാണ് മനസ്സിൽ നിശ്ചയിച്ചത് ..
മൂത്ത മകൻ പരേതനായ കാവാലം ഹരികുമാറിൻ്റെ ഇളയ മകളാണ് കല്യാണി.
.സ്കൂളിൽ പഠിക്കുന്ന ഘട്ടം മുതലെ കല്യാണിയെ സോപാനത്തിൻ്റെ
ഭാവി സാരഥിയാക്കാൻ ആ ഗുരുനാഥൻ നിശ്ചയിച്ചിരുന്നുവെന്നു കരുതാം.
കളരിയിലെ
ദൈനംദിന കാര്യങ്ങളിൽ പങ്കെടുപ്പിച്ചു കല്യാണിയെ അവളറിയാതെ
അതിൻ്റെ ഭാഗമാക്കുകയായിരുന്നു. അപ്പൂപ്പൻ്റെ വലംകൈയായി
കല്യാണി വളർന്നു. സോപാനത്തിലെത്തുന്ന കലാ ഗവേഷകർക്കെല്ലാം കുഞ്ഞു കല്യാണിയെ അന്നുതൊട്ടേയറിയാം .. അതെ ദീർഘദർശിയായ മുത്തച്ഛൻ തൻ്റെ ഒസ്യത്തിൽ സോപാനത്തിൻ്റെ സാരഥിയായി
കല്യാണി കൃഷ്ണൻ്റെ പേര് എഴുതിവച്ചു.

മോഹിനിയാട്ട ചുവടുകൾ മെല്ലെ മെല്ലെ ഹൃദിസ്ഥമാക്കി
തൻ്റെ അപ്പൂപ്പൻ്റെ സോപാന ശൈലി
ആ കുട്ടി തൊട്ടറിഞ്ഞു.

ഗുരുനാഥനൊപ്പം പ്രിയശിഷ്യ
മോഹിനി വിനയനും കല്യാണിയെ സോപാനംനൃത്തശാലയിലേക്ക് പിന്നെ നയിച്ചു.

ഇംഗ്ലീഷ് ഭാഷാ സാഹിത്യത്തിൽ ബിരുദാനന്തരബിരുദം നേടിയ
ശേഷം അധ്യാപനവും
യുജിസി സ്കോളർഷിപ്പ് പരീക്ഷയും വിജയകരമായിപാസായി കലാഗവേഷണപ0നത്തിലേക്ക് കല്യാണി നീങ്ങവെയാണ്
കാവാലം ഗുരുനാഥൻ യാത്രാമൊഴിചൊല്ലിയത്

ഇളയമകൻ കാവാലം ശ്രീകുമാർ അച്ഛൻ്റെ സംഗീത വഴി തെരഞ്ഞെടുത്തപ്പോൾ
മൂത്ത മകൻ
ഹരികുമാർ നാടകവഴിയിലേക്ക് നീങ്ങി.
സോപാനത്തിനൊപ്പം സഞ്ചരിച്ച
ഹരികുമാറിൻ്റെ ആകസ്മിക വിയോഗത്തിലാണ്ട സോപാനത്തെ
കാവാലം ഗുരുനാഥൻ
തൻ്റെ സർഗശക്തി ചൈതന്യത്തിലൂടെ വീണ്ടെടുക്കുകയായിരുന്നു.

.അമ്മൂമ്മ
ശാരദാമണിയമ്മയുടെ അനുഗ്രഹാശിസ്സുകളും ശിഷ്യർക്കും സഹൃദയർക്കുമൊപ്പം ബാങ്ക് ഉദ്യോഗസ്ഥനും കലാകാരനുമായ ഭർത്താവ്
കൃഷ്ണ കുമാറിൻ്റെ പിന്തുണയും
അച്ഛൻ ഹരികുമാറിൻ്റെ സ്വപ്ന പദ്ധതികളും ഇളയച്ഛൻ ശ്രീകുമാറിൻ്റെ പ്രോത്സാഹനവും
സോപാന
സാരഥ്യം ഏറ്റെടുക്കുന്നതിനു കല്യാണിക്കു
വെളിച്ചം പകർന്നുവെന്നു പറയാം..

രാഷട്രീയ
അധികാര കസേരകളിൽ
തലമുറ മാറ്റ ചർച്ച നടക്കുന്ന സമകാലിക പശ്ചാത്തലത്തിൽ
ഗുരുനാഥൻ്റെ
ദീർഘവീക്ഷണം
ഏറെ പ്രസക്തമാണ്.

ഒന്നാം ശ്രാദ്ധ ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരത്തു നടത്തിയ
കാവാലം മഹോത്സവം അന്താരാഷ്ട്ര പ്രശസ്തി നേടി ചരിത്രം കുറിച്ചു.2017 ജൂൺ 25.26, 27 ദിവസങ്ങളിലായി നടന്ന
‘ചിരസ്മരണ
ഭാരതീയ കലാ- സാഹിത്യ- സംഗീത നാടക – നൃത്ത -.
ഗവേഷണ മേഖലകളിലെ പ്രതിഭകളുടെ
സംഗമ വേദിയായി ..
ആലപ്പുഴയിലും
കാവാലം ചാലയിൽ തറവാട്ടിലും,
കൊല്ലം, തൃശൂർ എന്നിവിടങ്ങളിലുമായി
കഴിഞ്ഞ
മൂന്നു വർഷങ്ങളിലായി നടത്തിയ
അനുസ്മരണ ചടങ്ങുകൾ
ഭാരതീയകലകളുടെ പെരുംകളിയാട്ടമായി
മാറി..
കൊറോണ മഹാമാരിബാധയിൽ അടച്ചുപൂട്ടൽ
കാരണം കഴിഞ്ഞ വർഷവും ഇക്കുറിയും
കാവാലം മഹോത്സവം – ചിരസ്മരണ നടത്താനാവാതെ
വന്നു

ഗുരുനാഥൻ രചിച്ച
തനതു നാടകങ്ങളും
സംസ്കൃത നാടകങ്ങളുടെ
ഭാഷ്യങ്ങളും
മോഹിനിയാട്ടത്തിൻ്റെ സോപാനം ശൈലിയുമാണ്
കാവാലം സോപാനം അന്താരാഷ്ട്ര തലത്തിൽ ഇപ്പോൾ പ്രധാനമായി
അവതരിപ്പിച്ചു കൊണ്ടിരിക്കുന്നത്.

മൂന്നാം തലമുറ

സോപാനത്തിൻ്റെ
സാരഥ്യം കല്യാണി കൃഷ്ണൻ ഏറ്റെടുത്തപ്പോൾ
മറ്റൊരു പരീക്ഷണം കൂടിയുണ്ടായി.
കാവാലം നാടകങ്ങൾ മൂന്നാം തലമുറയ്ക്ക് പകർന്നു നല്കുന്ന പരിശീലന കളരിയാണത്..
കാവാലം മഹോത്സവം
ചിരസ്മരണയുടെ
ഒന്നാം വേദിയിൽ തന്നെ അത് വിജയം കണ്ടു.

2017 മേയ് മാസത്തിലായിരുന്നു മൂന്നാം തലമുറ
പരിശീലന കളരി
നടന്നത്.
ഭാസൻ്റെ സംസ്കൃത നാടകമായ മധ്യമ വ്യായോഗമാണ്
പരിശീലനത്തിനായി ഏറ്റെടുത്തത്.

ഭരത് ഗോപിയും മോഹൻലാലും
നെടുമുടി വേണുവും ഭാരതി ശിവജിയും
കനക്റെലെയും മഞ്ജു വാരിയരും ജഗന്നാഥനും നടരാജൻ കൃഷ്ണൻകുട്ടി നായരും
ഗിരീഷ് സോപാനവും
മോഹിനി വിനയനുമടക്കം സർഗപ്രതിഭകൾ നിറഞ്ഞാടിയ
കാവാലം സോപാനം…

ഭരത് ഗോപിയും നെടുമുടിയും മോഹൻലാലും കലാധരനുമൊക്കെ ഉൾക്കൊള്ളുന്നതാണ്
ഒന്നാം തലമുറ.

ഗിരീഷ് സോപാനവും
മോഹിനി വിനയനും
മഞ്ജു വാരിയരും ഉൾപ്പെട്ട വരെ രണ്ടാം തലമുറയായും വിലയിരുത്താം.

അതു കഴിഞ്ഞിതാ മറ്റൊരു
തലമുറ കൂടി ..
മധ്യമ വ്യായോഗത്തിൻ്റെ അവതരണത്തിലൂടെ അവരത് സാക്ഷാത്കരിച്ചുവെന്നു പറയാം.

കീർത്തന കൃഷ്ണയും മണികണ്ഠനും രഘുനാഥനും
കോമളനും
പ്രവീണും ഷാരോണും സന്തോഷും വിനീതയും ചേർന്ന
സോപാനം മൂന്നാം തലമുറ കൂട്ടായ്മ
തിരുവനന്തപുരം
ടാഗോർ സെൻ്റിനറി ഹാളിൽ
നടന്ന കാവാലം മഹോത്സവത്തിൽ
നാടകം
അരങ്ങിലെത്തിച്ചു.

കാവാലത്തിൻ്റെ നാടകങ്ങളിലെ
എല്ലാ കഥാപാത്രങ്ങളെയും എല്ലാവരും പകർന്നാടുക എന്ന രീതിയിലാണ് ഇത്തരമൊരു
പരിശീലനം സോപാനത്തിൽ ഒരുക്കിയത്.

സാക്ഷിയായി നെടുമുടി

തൃക്കണ്ണാപുരത്തെ സോപാനത്തിൽ
നാടക പരിശീലന കളരി വീക്ഷിക്കാൻ നെടുമുടി വേണുവടക്കമുള്ള കാവാലം
ശിഷ്യരുടെ ആദ്യ തലമുറ മുൻ നിരയിൽ സ്ഥാനം പിടിച്ചിരുന്നു.

2017 മേയ് 27.
ഇടവമാസത്തിൽ
മകീര്യം നക്ഷത്രത്തിൽ വെളുത്ത പക്ഷദ്വീതിയചന്ദ്രൻ തെളിയവേ
ഗുരു പത്നിയും
സോപാനം ഡയറക്ടറുമായ ശാരദാമണിയമ്മ നാട്യാചാര്യൻ്റെ ഛായാചിത്രത്തിനു മുന്നിലെത്തി കൈകൂപ്പി .
പ്രാർഥനാനിരതയായി. ഒപ്പം ശിഷ്യരും.

വാഴത്തടയും കുരുത്തോലയും
കൊണ്ടു നിർമ്മിച്ച
വിളക്കു തട്ടിൽ ഗുരു പത്നി മൺചിരാത് തെളിച്ചു. അണിയറയ്ക്കു
മുമ്പിൽ അരങ്ങ് തെളിഞ്ഞു.
സോപാനത്തിൻ്റെ സാരഥിയും
ഗുരുനാഥൻ്റെ ചെറുമകളുമായ
കല്യാണി കൃഷ്ണൻ തിരുവരങ്ങിലെത്തി വണങ്ങി.
ഒപ്പം മോഹിനി വിനയനും.
മഹാകവിഭാസൻ്റെ സംസ്കൃതനാടകം
39 വർഷം മുമ്പ് അപ്പൂപ്പൻ ചൊല്ലി പഠിപ്പിച്ച ഘട്ടം അവർ അനുസ്മരിച്ചു.1978 ലാണ്
ഉജ്ജയനിയിലെ കാളിദാസ സമാരോഹിൽ ഭാസ നാടകമായ
മധ്യമ വ്യായോഗം അവതരിപ്പിക്കാനുള്ള പദ്ധതി സോപാനം ഏറ്റെടുത്തത്.
ഭാസ-കാളിദാസ നാടകങ്ങൾ ഉൾപ്പെടെ സംസ്കൃതനാടകങ്ങൾ അരങ്ങിലെത്തിക്കുന്നതിൻ്റെ നാന്ദിയായി കാവാലത്തിൻ്റെ രംഗഭാഷ്യം മാറി. സംസ്കൃത
ഭാഷയിലെ മിക്ക ക്ലാസിക് നാടകങ്ങൾക്കും
പിന്നീടു ഗുരുനാഥൻ്റെ രംഗഭാഷയിൽ
നവജീവൻ പകർന്നു. ഏറ്റവുമൊടുവിൽ ശാകുന്തളത്തിൻ്റെ
പുതിയ രംഗഭാഷ്യത്തിൽ മഞ്ജു വാരിയർ ശകുന്തളയായി പകർന്നാടിയതും ഓർക്കാം
എഴുപതോളം
നാടകങ്ങൾ എഴുതി.
അമ്പത് നാടകങ്ങൾ സംവിധാനം ചെയ്തു. തിരക്കഥകൾ, ഡോക്യുമെൻ്ററികൾ
സിനിമാ സംഗീതം, ലളിതഗാനങ്ങൾ, ചലച്ചിത്രഗാനങ്ങൾ, സോപാനസംഗീതം
കൂടാതെ കീർത്തനങ്ങളും പാട്ടുകളും
കവിതകളും ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ഗവേഷണ പOനങ്ങളും…. ലേഖനങ്ങളും..
നിരവധി ബാലസാഹിത്യ കൃതികളും …
ഗുരുനാഥൻ്റ സർഗപ്രതിഭയുടെ അനശ്വര സൃഷ്ടികളാണ്.
അതു കൂടാതെ
ശ്രീമദ് ഭാഗവതത്തിൻ്റെ വിവർത്തനം പൂർത്തിയാക്കിയ ശേഷമാണ്
ഗുരുനാഥൻ അരങ്ങൊഴിഞ്ഞത്.

മൂന്നാം തലമുറയിലെ മധ്യമൻ

മൂന്നാം തലമുറയുടെ പ്രാഥമിക ശിക്ഷണ സമാപന ചടങ്ങിലെ അരങ്ങിലാട്ടത്തിന്
കല്യാണിയും
മോഹിനി വിനയനും പശ്ചാത്തലമൊരുക്കി. ശിഷ്യരുടെ പൂർണ പിന്തുണയിൽകളരിയിലെ മൂന്നാം തലമുറ
മധ്യമ വ്യായോഗം കൈയ്യേൽക്കുന്നത് ഗുരുനാഥൻ അസ്പൃശ്യനായി വീക്ഷിക്കും
പോലെ തോന്നി..

രാക്ഷസിയായ
ഹിഡുംബി
തൻ്റെ വ്രതം അവസാനിപ്പിക്കാൻ മനുഷ്യമാംസം കൊണ്ടുവരാൻ
മകനായ ഘടോൽക്കചനെ നിയോഗിച്ച കഥ –
മഹാകവിഭാസൻ്റെ നാടകത്തിന് കാവാലം ശൈലിയുടെ പകർന്നാട്ടം..

കഥം മാതുരാജ്ഞേതി?

അമ്മയുടെ ആജ്ഞയെന്നോ?

ഭീമസേനൻ്റെ ആത്മഗതത്തിന് കാവാലത്തനിമയിൽ തെളിഞ്ഞ രംഗഭാഷ്യം അരങ്ങിലേക്ക് ..

“. മാതാകില മനുഷ്യാണാം
ദൈവതാനാം ച ദൈവതം
മാതുരാജ്ഞാപുരസ്കൃത്യ
വയമേതാം ദശാംഗതാ : “

മനുഷ്യർക്ക് അമ്മയാണ് ദൈവങ്ങളുടെയും ദൈവം .
അമ്മയുടെ ആജ്ഞ അനുസരിച്ചതാണല്ലോ പാണ്ഡവരായ ഞങ്ങൾക്ക് ഈ നില വരുത്തിയത്._
എന്ന ചിന്തയുമായി നടക്കുന്ന ഭീമസേനൻ …..

അതിന്നിടയിൽ
അമ്മയുടെ
വിശപ്പടക്കാൻ മനുഷ്യമാംസം തേടിയിറങ്ങിയ മകൻ ഘടോൽക്കചൻ ;
ബ്രാഹ്മണ മധ്യമനെ കൊണ്ടുപോകാൻ ഒരുങ്ങുമ്പോൾ പിതാവും
പാണ്ഡവ മധ്യമനുമായ ഭീമൻ അരങ്ങിൽ എത്തുന്നതാണ് രംഗം.

നാട്യധർമ്മിയിലൂടെ
ഈ നാടകീയ മുഹുർത്തത്തെ
കാവാലം തൻ്റെ
തനതു കലാസിദ്ധാന്ത
പ്രക്രിയയിലൂടെ ആവാഹിച്ച് രംഗ പാഠം നല്കുന്ന ഭാഗം ..

അമ്മ ഹിഡുംബിയുടെ ആജ്ഞ ശിരസാവഹിക്കേണ്ടി വരുമ്പോൾ മകൻ നേരിടുന്ന തടസങ്ങൾ
മാനസികാവസ്ഥ,,/ സംഘട്ടനം /
രാക്ഷസിയുടെ വിശപ്പു തീർക്കാൻ നിയോഗിക്കപ്പെട്ട ബ്രാഹ്മണ മധ്യമൻ്റെ അവസ്ഥ, /
അമ്മയുടെ ആജ്ഞ അനുസരിച്ചതുകൊണ്ട് ദുരവസ്ഥയിലായ പാണ്ഡവ മധ്യമനായ
ഭീമൻ്റെ ആ വരവ് / ബ്രാഹ്മണമധ്യമനു പകരം
തൻ്റെ മാംസം’ ഉപയോഗിച്ചോളൂ എന്നു പറയുന്ന ഭീമൻ/
ഒടുവിൽ തൻ്റെ അച്ഛനാണ് ഇയാളെന്ന് ഘടോൽക്കചൻ തിരിച്ചറിയുന്നത്.. ഇവരുടെ മാനസിക സംഘർഷത്തിലും ഗുണദോഷ വിചാരത്തിനുമൊടുവിൽ മാതുരാജ്ഞയുടെ ഗുണപ്രസാദം പ്രേക്ഷകരടക്കം അനുഭവിക്കുന്ന
മംഗളകരമായ പരിസമാപ്തി.

മാംസാഹാര ചിന്ത

ഈ രംഗ പാഠം
സഹൃദയന് പകരുന്ന സന്ദേശമെന്താണ്?

യഥാർത്ഥത്തിൽ ഹിഡുംബിക്ക്
വേണ്ടത് മനുഷ്യ മാംസമായിരുന്നുവോ?

തൻ്റെ കാമാതുര മനസ്സിൻ്റെ
വിശപ്പായിരുന്നു അടിസ്ഥാന പ്രശ്നം. അവിടെ തൻ്റെ പ്രിയതമനായ
ഭീമൻ്റെ ശരീര കടാക്ഷമാകുന്ന ആഹാരമല്ലേ
അവർ യഥാർത്ഥത്തിൽ അന്വേഷിച്ചത്?

അതിനുള്ള
മാധ്യമമായി മധ്യമൻ .. അപ്പോൾ ഈ നാടകത്തിൽ
മാംസം പ്രതീകവത്കരിക്കപ്പെടുകയാണ്.
മനുഷ്യമനസ്സിനെ
മാംസാഹാരം
എങ്ങനെയൊക്കെ സ്വാധീനിക്കുന്നു ..?

മഹാകവി ഭാസൻ്റെ ഹൃദയം
വായിച്ചറിഞ്ഞ
കാവാലം
സൃഷ്ടിച്ച സ്വതസിദ്ധമായരംഗഭാഷ്യം പകർന്നാട്ട മികവിൽ ആധുനിക സമൂഹത്തിനു പകർന്നു നല്കുന്നത് കലയുടെ സ്വതന്ത്രാവിഷ്കാര ചിന്ത തന്നെയാണ്.
ഭാസൻ്റെ സംസ്കൃത നാടകത്തിന് തനതു നാടക സംസ്കൃതിയിൽ
ഭാരതീയ നാട്യശാസ്ത്ര കല്പനകൾ സമഞ്ജസമാക്കി സ്വതന്ത്രമായ
ഒരു പുതു പാഠം രചിക്കുകയായിരുന്നു. വ്യക്തിയുടെ
ഭക്ഷണ സ്വാതന്ത്ര്യം പോലെ തന്നെ അതിപ്രധാനമാണ് കലാകാരൻ്റെ ആവിഷ്കാരസ്വാതന്ത്ര്യവും.
മൂലകൃതിയുടെ ഹൃദയതുടിപ്പ്
ഒട്ടും ചോരാതെ കലയുടെ
സാർവകാലിക പ്രസക്തി വിളിച്ചോതുകയായിരുന്നു കാവാലം.

രാഷ്ട്രതന്ത്രമാം ആഹാരവിചാരം

ഭാരതംഅടിയന്തരാവസ്ഥയിൽ നിന്ന് മോചിതമായ രാഷ്ട്രീയപശ്ചാത്തലത്തിലാണ് ഉജ്ജയിനിയിൽ 1978ൽ കാവാലം
നാടകം അരങ്ങേറിയത്.
സോപാനത്തിലെ
മൂന്നാം തലമുറ നാടകം കൈയേൽക്കുമ്പോൾ രാഷ്ട്രീയ ഭാരതത്തിൽ മാംസാഹാരം
ഒരു ചർച്ചയായ ഘട്ടം കൂടിയാണ്.
മാതൃ -പിതൃ -പുത്ര ബന്ധത്തിലൂടെ
ജീവിത രസതന്ത്രം ആവിഷ്ക്കരിക്കുന്ന മാധ്യമമായി
നാടകത്തിലെ
മാംസം / ആഹാരം/ മാറുകയാണ്.
അതെ കലയുടെ ആവിഷ്കാര
ശക്തിയിൽ നിന്ന് പ്രചോദനമുൾക്കൊള്ളുന്ന യോജകന്മാരാണ് രാജ്യത്തിനു വേണ്ടത്.
ജീവിതവും
രാഷ്ട്രതന്ത്രവും ആവിഷ്കരിക്കുന്ന സംസ്കൃത നാടകത്തെ
തൻ്റെ രംഗഭാഷ്യത്തിലൂടെ സാർവകാലിക പ്രസക്തമാക്കി
മാറ്റാൻ സാധിക്കുമെന്ന് കാവാലം തെളിയിച്ചു .
ഒരു കുടുംബത്തെ രക്ഷിക്കാൻ സ്വജീവൻ
നല്കാൻ തയ്യാറായ ഭീമസേനൻ്റെ തീരുമാനം രാഷ്ട്രതന്ത്രമാക്കി മാറ്റണമെന്ന് കലാകാരൻ ആഹ്വാനം ചെയ്യുകയാണ്.
അതെ വ്യക്തിയിൽ നിന്ന് രാഷ്ടത്തിലേക്കുള്ള വികാസം .
വ്യക്തി, –
കുടുംബം,, –
സമൂഹം, _
രാഷ്ട്രം –

ഒരു ഭരണാധികാരിക്കു വേണ്ടുന്ന വിവേകപൂർണമായ നേതൃപാടവം
ഒരു രാഷ്ട്രതന്ത്രമായി
കാവാലം നാടകത്തിൻ്റെ പകർന്നാട്ട രഹസ്യത്തിൽ കാണാം.
പാത്രാഭിനയം എന്ന പകർന്നാട്ടം എന്താണെന്ന് സഹൃദയർക്ക് നല്കുന്നതോടൊപ്പം ക്ഷേമരാഷ്ട്ര സങ്കല്പവും ഭരണതന്ത്രവും ഇവിടെ പറയാതെ പറഞ്ഞു വയ്ക്കുകയാണ്.

സോപാനം ആസ്ഥാന ഗായക കൂട്ടായ്മ
സാരഥി
അനിൽ കുമാർ പഴവീട് ,
കാവാലം സജീവൻ, ശ്രീകുമാർ തുടങ്ങി നിരവധി ശിഷ്യഗണങ്ങൾ
ചടങ്ങിന് സാക്ഷ്യം വഹിച്ചു.
ഗിരീഷ് സോപാനവും മോഹിനി വിനയനും
കിച്ചു ആര്യാടും
അണിയറയിൽ
മൂന്നാം തലമുറയ്ക്ക് മാർഗദർശകരായി.

നാടകത്തിനൊടുവിൽ നെടുമുടി വേണുവും കലാധരനും
ബിജു സോപാനവും മറ്റുമടങ്ങുന്ന
ശിഷ്യർ
സാക്ഷികളായി ഒപ്പം ഈ ലേഖകനുമുണ്ടായിരുന്നു.

സദസ്യർ
ഓരോരുത്തരായി അഭിപ്രായം
പറയുന്ന ചടങ്ങ്.

തികഞ്ഞ
ഔചിത്യ ദീക്ഷ പാലിച്ചുകൊണ്ടുള്ള രംഗഭാഷ്യം.
നാടകത്തിൻ്റെ
ക്രിയാ ബന്ധിത പ്രാമാണിക അരങ്ങേറ്റത്തിൽ
ദൃശ്യ ഘടകങ്ങളാണ് വിശദാംശങ്ങളുടെ സങ്കീർണതലം നല്കുന്നത്.
ഒരു വാക്ക് .
ഒരു നോക്ക്.
ഇളകിയാടൽ .
നിശ്ചലത
ഒക്കെ
ഇവിടെ അതിപ്രധാനമാണ്.
ഒരു ശബ്ദത്തിൽ
നിന്ന് അടുത്ത
ശബ്ദം വരും
വരെയുള്ള നിശ്ശബ്ദതയും നിർണായകം.
ഘടോൽക്കചൻ
വൃക്ഷം ഒടിച്ച് ഭീമനെ അടിക്കാൻ
ഓങ്ങുന്നതും
മായാ പാശത്താൽ ബന്ധിക്കുന്നതും
കാവാലം രംഗ പാoത്തിലൂടെ
തന്നെ അനുഭവിച്ചറിയണം..

സാധനയാണ് മർമ്മം

നെടുമുടി വേണു എഴുന്നേറ്റു
കലാകാരന്മാരെ അനുഗ്രഹിച്ചു.
“സാധനയിലൂടെയും സാധകത്തിലൂടെയും മാത്രമേ നടൻ്റെ
ചൈതന്യം പൂർണമായി കഥാപാത്രത്തിൽ പ്രകാശിക്കുകയുള്ളൂ.
ആ പകർന്നാട്ടത്തിന് നിരന്തര പരിശീലനമാണ് അത്യാവശ്യം – “നെടുമുടിശിഷ്യരെ ഓർമ്മിപ്പിച്ചു.
പടയണിയും
തെയ്യച്ചുവടും
ചാക്യാർ ശൈലിയും കൂടിയാട്ടവും
കഥകളിയും
തുള്ളലും സോപാന സംഗീതവും
നിറഞ്ഞ കേരളീയ താളപ്രപഞ്ചവും പ്രകൃതിയുമാണ് കാവാലത്തിൻ്റെ നാട്യശാല.
ആ നാട്യശാലയിൽ നിന്നാണ് കാവാലം
തൻ്റെ നാടക സങ്കേതം രൂപപ്പെടുത്തിയതെന്ന കാര്യം ഓർക്കണം.
കണ്ണും മനസ്സും
വാക്കും ശരീരവും
ഒന്നായി പകർന്നാടുന്ന നടനവൈഭവമാണ് പാത്രാഭിനയം. സാധനയാണ്
അതിൻ്റെ മർമ്മം.
അഭിനയത്തിൻ്റെ
ഓരോ യൂണിറ്റും
എടുത്ത് പരിശോധിച്ച് നിരന്തര സാധനയിലൂടെ
ക്രിയാ ശേഷി വർധിപ്പിക്കണം. – “
കാര്യമാത്ര
പ്രസക്തമായി
ചുരുങ്ങിയ വാക്കുകളിലൂടെ
നെടുമുടി വേണു പറഞ്ഞു. ശിഷ്യരുടെ നടനത്തിൽ സന്തോഷം പ്രകടിപ്പിച്ച് ഓരോരുത്തരെയും പ്രത്യേകം പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു.
സൂക്ഷ്മതല സ്പർശിയായ നിർദ്ദേശങ്ങൾ ചൂണ്ടിക്കാട്ടാൻ നെടുമുടിക്കൊപ്പം കലാധരനും പങ്കാളിയായി.

കലയുടെ സോപാനപ്പടി

“യഥാ നദീ നാം പ്രഭവ: സമുദ്രോ
യഥാ ഹുതീനാം
പ്രഭവോ ഹുതാശ:
യഥേന്ദ്രിയാണാം
പ്രഭവം മനോപി
തഥാ പ്രഭുർ നോ
ഭഗവാനുപേന്ദ്ര..”

നദിക്ക് സമുദ്രവും ഹോമത്തിന്
അഗ്നിയും ഇന്ദ്രിയങ്ങൾക്ക്
മനസ്സും എപ്രകാരം ആശ്രയമാകുന്നുവോ
അതുപോലെ
നമ്മുടെ ആശയകേന്ദ്രം ഭഗവാൻ നാരായണനാണെന്നു ചൊല്ലിക്കൊണ്ടാണ് മഹാകവിഭാസൻ്റെ
മധ്യമ വ്യായോഗത്തിന്നു തിരശീല വീഴുന്നത്.
അപ്രകാരം നൃത്തനാട്യാഭിനയക്കാരുടെ ആശയ കേന്ദ്രമായി കാവാലം നാരായണപണിക്കരുടെ സോപാനവും വിരാജിക്കുന്നു..

അമ്പത്തിരണ്ടു വർഷക്കാലമായി കാവാലം ഗുരുനാഥൻ ആചാര്യ സ്ഥാനം
വഹിച്ച സോപാനം ഭാരതീയ കലയ്ക്ക് ആത്മസമർപ്പണം
ചെയ്ത പ്രസ്ഥാനമാണ്. അതിനെ മുന്നോട്ടു നയിക്കാൻ ഗുരുകുല സമ്പ്രദായത്തിനൊപ്പം ആധുനിക സാങ്കേതിക വിദ്യയും മോഡേൺ എഡുക്കേഷനും മോഡേൺ തിയേറ്ററും ഒക്കെ സമന്വയിപ്പിച്ചു കൊണ്ട് പ്രഫഷണലിസത്തോടെ മുന്നേറാനുള്ള പദ്ധതിയാണ്
കല്യാണി കൃഷ്ണൻ്റെ നേതൃത്വത്തിലുള്ള ഭരണസമിതി ആവിഷ്ക്കരിച്ചിട്ടുള്ളത്.

ആത്മസമർപ്പണം

സോപാനത്തിൽ
എല്ലാ വിദ്യയും
എല്ലാവരും പ്രാപ്തമാക്കുക
എന്ന ലക്ഷ്യം നടപ്പാക്കുന്നത്
ഇതിൻ്റെ ഭാഗമാണ്. കഥാപാത്രങ്ങളെ
നടന്മാർ മാറി മാറി പകർന്നാട്വമ്പോൾ എല്ലാവർക്കും എല്ലാ കഥാപാത്രങ്ങളെയും അവതരിപ്പിക്കാനുള്ള ക്രിയാ ശേഷി വളർത്തിയെടുക്കാൻ പറ്റും.
അപ്പൂപ്പൻ്റെ ചൈതന്യവും അനുഗ്രഹാശിസ്സും ശിഷ്യരുടെ സമർപ്പണവും അമ്മൂമ്മയുടെ പ്രാർഥനാനിർഭരമായ കരസ്പർശവും സഹൃദയരുടെ പിന്തുണയും വെല്ലുവിളികളെ അതിജീവിക്കാനുള്ള കരുത്തായി
മാറിയെന്നു
കല്യാണി കൃഷ്ണൻ പറയുന്നു.

ഗുരുവിന് ആത്മാർപ്പണം ചെയ്ത ശിഷ്യരും ശിഷ്യർക്ക്
സമർപ്പിതമായ ഗുരുവുമാണ് സോപാനത്തിൻ്റെ ശക്തികേന്ദ്രം.
കേന്ദ്ര സാംസ്കാരിക വകുപ്പ് സോപാനം കലാകാരന്മാർക്ക് ചെറിയൊരു
ധനസഹായം നല്കുന്നുണ്ട്.
ആ സപ്പോർട്ട് ഗ്രാൻ്റ് കേവലം 6000 രൂപ മാതമാണ്
ഈ ഗ്രാൻ്റിലാണ് സോപാനം കലാകാരന്മാർ ലോക നാടകവേദി കീഴടക്കിയത് എന്നോർക്കണം.
ഈ ഗ്രാൻ്റ് ഒന്നിനും തികയില്ല.

ജീവിതം മുഴുവൻ കലാപഠനത്തിന് ആത്മസമർപ്പണം ചെയ്തവരാണവർ.

മലയാളക്കര അവഗണിച്ചില്ലേ?

കലാകാരന്മാരെ സംരക്ഷിക്കാനും ആദരിക്കാനും
അവരുടെ ജീവിത സുരക്ഷ ഉറപ്പുവരുത്താനും സഹൃദയരും ഭരണകൂടവും മുൻകൈ എടുക്കണം. ഭാരതീയ തനതു
നാട്യകലാ ശാലയാണ് തിരുവനന്തപുരം തൃക്കണ്ണാപുരത്തുള്ള കാവാലംസോപാനം.
ആചാര്യൻ്റെ നാടകങ്ങൾ ഗ്രീസിലും ഫ്രാൻസിലും ജർമ്മനിയിലും അമേരിക്കയിലും
ഏറെ ശ്രദ്ധിക്കപ്പെട്ടു. ലോക നാടകവേദി കാവാലത്തെ
നെഞ്ചേറ്റി …
പക്ഷേ,
ജീവിച്ചിരിക്കുമ്പോൾ
ആ ഗുരുശ്രേഷ്ഠനെ കേരളത്തിലെ ഒരു സർവകലാശാലയും ആദരിക്കാനോ
ഡി – ലിറ്റോ മറ്റു ബഹുമതികളോ
നല്കാനോ
മുന്നോട്ടു വന്നില്ല.
കേന്ദ്ര സർക്കാർ
പദ്മ ഭൂഷൺപുരസ്കാരം നല്കി ആദരിച്ചത് വിസ്മരിക്കുന്നില്ല.
അതോടൊപ്പം
രാജ്യത്തെ നിരവധി സംഘടനകളും സ്ഥാപനങ്ങളും
അവാർഡ് നല്കി ആദരിച്ചിട്ടുമുണ്ട്. ചിരസ്മരണയുടെ അഞ്ചാം വർഷത്തിൽ 2021 – ൽ
കേന്ദ്ര സംഗീത നാടക അക്കാദമി അവരുടെ ജേർണലായ സംഗീത് നാടക് പ്രത്യേക പതിപ്പ് ആസൂത്രണം ചെയ്യുന്നുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. ബറോഡ സർവകലാശാലയിലെ നാടക വിഭാഗം പ്രഫസറായ പ്രമോദ് ചവാൻ് ഗസ്റ്റ്
എഡിറ്ററായി
സംഗീത് നാടകിൻ്റെ മൂന്നുവോള്യങ്ങളായി കാവാലം ഗുരുനാഥൻ്റെ സർഗപ്രതിഭ അനാവരണം ചെയ്യുന്ന പഠന സമാഹാരം ഉടൻ തന്നെ പ്രസിദ്ധീകരിക്കും.

എന്നാൽ ഫൗണ്ടേഷനുകളും പ്രതിമകളും സ്മൃതിമണ്ഡപങ്ങളുമൊരുക്കി
രാഷട്രീയമായി
പരസ്പരം മത്സരിക്കുന്ന സാംസ്കാരിക കേരളം കാവാലം എന്ന നാട്യാചാര്യ നും അദ്ദേഹം സ്ഥാപിച്ച സോപാനത്തിനും
വേണ്ടി എന്തു ചെയ്തുവെന്ന് ആത്മപരിശോധന നടത്തേണ്ടിയിരിക്കുന്നു

യോജകൻ

ഭരണകൂടങ്ങൾ
ഉണരണം.
കലാകാരന്മാരേയും പണ്ഡിതന്മാരേയും മനസ്സിലാക്കാനും അവരുടെ കഴിവുകൾ തിരിച്ചറിയാനുമുള്ള
ഒരു യോജകൻ ഭരണകൂടത്തിലുണ്ടാകണം.
ഈയവസരത്തിൽ കാവാലം ഗുരുനാഥൻ സദാ ഉരുവിടുന്ന സുഭാഷിതമാണ്
ഓർമ്മ വരുന്നത്.

“അമന്ത്രം അക്ഷരം നാസ്തി
നാസ്തി മൂലം അനൗഷധം
അയോഗ്യ പുരുഷോ നാസ്തി
യോജക സ്തത്ര ദുർലഭ”

അർഥം:
മന്ത്രമില്ലാതെ ഒരു അക്ഷരവുമില്ല. ഔഷധമല്ലാത്തൊരു ചെടിയുമില്ല.
യോഗ്യനല്ലാത്തൊരു മനുഷ്യനുമില്ല.എന്നാൽ ദുർലഭമായത് ഇവയെ തിരിച്ചറിയാനുള്ള യോജകനാണ് ..

സോപാന കലാകാരന്മാർക്ക് സാമ്പത്തിക
കൈത്താങ്ങ്
നല്കി പ്രോത്സാഹിപ്പിക്കാൻ കേരളം വളരെ
വൈകിപ്പോയി.

കോവിദ് അടച്ചു
പൂട്ടൽ മാർഗനിർദേശമനുസരിച്ച്
സോപാനത്തിൽ നടക്കുന്ന ഗുരുനാഥൻ്റെ
ശ്രാദ്ധ ചടങ്ങിനിടെ
കലാകാരന്മാരുടെ
ജീവിത സുരക്ഷ പദ്ധതി കാര്യം
ഒരിക്കൽ കൂടി
കേന്ദ്ര-കേരള സർക്കാരുകളെ ഓർമ്മിപ്പിക്കട്ടെ

ഗുരുനാഥൻ്റെ പ്രിയശിഷ്യൻ കാവാലം സജീവൻ സ്ഥാപിച്ച കാവാലം സംഗീത വിദ്യാലയത്തിൻ്റെ ആഭിമുഖ്യത്തിൽ സോഷ്യൽ മീഡിയ കൂട്ടായ്മയിൽ അനുസ്മരണ ചടങ്ങും ജൂൺ 26 ന് വൈകീട്ട് ഒരുക്കിയിട്ടുണ്ട്.
ചടങ്ങിൽ നെടുമുടി വേണു മുഖ്യാതിഥിയാണ്.

സോപാന
തിരുമുറ്റ വളപ്പിൽവേപ്പിൻതൈ
നട്ടുപ്രാർഥന
നടത്തിയും
അനുസ്മരണ
ചടങ്ങു
സംഘടിപ്പിച്ചും
ശിഷ്യർ
ആണ്ടു ബലിയർപ്പിക്കുമ്പോൾ
അങ്ങകലെ
വിണ്ണരങ്ങിൽ
ഗുരുനാഥൻ്റെ വായ്ത്താരിയുടെ
പ്രതിധ്വനി..

“ഭൂതവും ഭാവിയും തമ്മിലിണക്കും
ഇതിഹയെ പഴഞ്ചനായിക്കരുതല്ലേ.
വയസ്സെണ്ണി വശംകെടും
പാഴ് വേലയല്ലിത്..
വയസ്സില്ലാപ്പെരും
കളിയാട്ട മാണേ… “

ഡോ.സഞ്ജീവൻ അഴീക്കോട്
1195 മിഥുനം 12
2021ജൂൺ 26

കാവാലം നാരായണപണിക്കരുടെ അഞ്ചാം ചരമവാർഷികത്തോടനുബന്ധിച്ച് തിരുവനന്തപുരം തൃക്കണ്ണാപുരം കാവാലം സോപാനത്തിൽ നടന്ന അനുസ്മരണ പ്രാർഥന
കാവാലം നാരായണപണിക്കർ
[ഫയൽ ചിത്രം ]
കാവാലം നാരായണപണിക്കർ തിരുവനന്തപുരം തൃക്കണ്ണാപുരത്തു സ്ഥാപിച്ച സോപാനം നാട്യശാല കവാടത്തിൽ.. ഫയൽ ചിത്രം
അഞ്ചാം സ്മരണ ദിനത്തിൽ കാവാലം സോപാന തിരുമുറ്റ വളപ്പിൽ ശിഷ്യർ
ആര്യവേപ്പിൻ തൈ നട്ടപ്പോൾ
കാവാലം നാരായണപണിക്കർ പേരമക്കളായ
നാരായണി കൃഷ്ണനും കല്യാണി കൃഷ്ണനുമൊപ്പം
[സോപാനം ഫയൽ ചിത്രം]

Leave a Reply

Your email address will not be published. Required fields are marked *